എടി1 ബോണ്ടിലെ നിക്ഷേപം : ഈ മുംബൈ മലയാളിയ്ക്ക് ആവിയായത് 30 ലക്ഷം രൂപ

HIGHLIGHTS
  • യെസ് ബാങ്കിന്റെ എടി1 ബോണ്ടെന്ന സൂപ്പർ എഫ്ഡിയിൽ ചെറുകിടക്കാർക്ക് നഷ്ടമായത് 8415 കോടി
money-drain
SHARE

ഏത് സാമ്പത്തിക പ്രതിസന്ധി വന്നാലും അതിനെയെല്ലാം നേരിടാനാകണം എന്ന ലക്ഷ്യത്തോടെയാണ് ഈ മുംബൈ മലയാളി 2016 ൽ യെസ് ബാങ്കിന്റെ അഡീഷണൽ ടയർ 1 (Additional tier 1) ബോണ്ടിൽ 30 ലക്ഷം രൂപ നിക്ഷേപിച്ചത്. ഈ സമ്പാദ്യമത്രയും കേവലം നാല് വർഷങ്ങള്‍ക്കിപ്പുറം മുഴുവനായും നഷ്ടപ്പെട്ടേക്കുമെന്ന് നേരിയ ഭയം പോലും അന്നദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തെ പോലെ നിരവധി ചെറുകിട നിക്ഷേപകർ തങ്ങളുടെ സമ്പാദ്യം യെസ് ബാങ്ക് AT1 ബോണ്ടിൽ നിക്ഷേപിച്ച് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ചെറുകിട നിക്ഷേപകരുടേതുൾപ്പെടെ 8415 കോടി രൂപയാണ് നഷ്ടം. 

എന്താണ് AT 1 ബോണ്ട്? 

ദീർഘകാല മൂലധന സമാഹരണത്തിനായി ബാങ്കുകൾ പുറപ്പെടുവിക്കുന്ന   ഒന്നാണ്   AT1( അഡീഷണൽ ടയർ 1 ബോണ്ട്).മറ്റ് ബോണ്ടുകളേക്കാൾ  ഉയർന്ന പലിശയുണ്ട്. പക്ഷേ  അപകടസാധ്യത വളരെ കൂടുതലാണിവക്ക്. അതിനു മൂന്നു കാരണങ്ങളുണ്ട്.  

1.  ഈ ബോണ്ടിന് കാലാവധി ഇല്ല.  ബോണ്ട് ബാങ്കിന് മടക്കി നൽകി  മൂലധനം തിരികെ വാങ്ങാനുള്ള അവകാശം ഇവ നിക്ഷേപകനു നൽകുന്നില്ല. നിശ്ചിത കാലയളവിന് ശേഷം  ബാങ്കിനു മടക്കി വാങ്ങാമെങ്കിലും  അതൊരു ബാധ്യതയല്ല. 

2. ഈ ബോണ്ടിൽ ഒരു നിശ്ചിതകാലത്തേക്ക് പലിശ നൽകുന്നത് നിർത്തി വയ്ക്കാനും മുഖവില കുറയ്ക്കുവാനും ബാങ്കുകൾക്ക് സാധിക്കും.

3. ബോണ്ട് പുറപ്പെടുവിച്ച ബാങ്കിന്റെ നില മോശമായാൽ  കുടിശികയുള്ള AT1 ബോണ്ടുകളെല്ലാം റദ്ദ് ചെയ്യാൻ റിസർവ് ബാങ്കിന് ആവശ്യപ്പെടാം. 

യെസ് ബാങ്കിൽ സംഭവിച്ചത് 

“സൂപ്പർ എഫ്.ഡി”, ഉയർന്ന വരുമാനം ലഭിക്കുന്ന സ്ഥിരനിക്ഷേപം എന്നെല്ലാമായിരുന്നു വാഗ്ദാനങ്ങൾ. എന്നാൽ ഈ ആരോപണത്തെ യെസ് ബാങ്ക് തള്ളിക്കളയുന്നു.  ഇത്  ഓരോ മാസത്തേയും ടാർജറ്റ് തികയ്ക്കാൻ  ബാങ്കിന്റെ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവുകളും റിലേഷൻഷിപ് മാനേജർമാരും പറഞ്ഞ കള്ളമാകാനും സാധ്യതയുണ്ട്. അറുന്നൂറോളം ചെറുനിക്ഷേപകർക്കാണ് പണം നഷ്ടമായത്. 

യെസ് ബാങ്ക് AT 1 ബോണ്ടുകൾ റദ്ദ് ചെയ്തത് ചട്ടപ്രകാരം തന്നെയാണെന്ന് ആർബിഐ അറിയിക്കുന്നു. ആഗോള അംഗീകാരമുള്ള ബേസൽ 3 നോംസ് (Basel III Norms) പ്രകാരമാണ് ഈ നീക്കം. ബാങ്കും നിക്ഷേപകനും തമ്മിലുള്ള കരാറിൽ ഇത്തരം സാധ്യതളെ കുറിച്ച്  പ്രതിപാദിച്ചിട്ടുണ്ടെന്നും ആർബിഐ പറയുന്നു. പണം നഷ്ടമായവരിൽ ഏറെ പേർക്കും മറ്റ്‌ നിക്ഷേപങ്ങൾ നാമമാത്രമാണെന്നതാണ്  ഖേദകരം. നിക്ഷേപ വൈവിധ്യവത്കരണത്തിന് എത്ര പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കുന്ന സംഭവമാണിത്. 

നിക്ഷേപ തന്ത്രം 

ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഇക്രയുടെ (ICRA) കണക്കു പ്രകാരം 94000 കോടി രൂപയുടെ AT 1 ബോണ്ടുകൾ വിവിധ ബാങ്കുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇവ അതിസങ്കീർണ്ണവും അപകടസാധ്യത ഏറിയതുമായ നിക്ഷേപ ഉപകരണമാണ്. ചെറുനിക്ഷേപകർ ഇവയിൽ നിന്നും അകലം പാലിക്കുകയാണ് വേണ്ടത്. 

അധികനേട്ടത്തിനായി വലിയ അപകടസാധ്യതയുള്ള നിക്ഷേപങ്ങൾക്ക്  പിറകേ പോകുന്നവർക്ക് മുന്നറിയിപ്പ് നൽകുന്നതു കൂടിയാണ്  യെസ് ബാങ്ക് AT1 ബോണ്ട് നിക്ഷേപകരുടെ അനുഭവം. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന നിയമയുദ്ധം ഇന്ത്യയിലെ AT 1 ബോണ്ട് വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

ലേഖകൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഗവേഷകനാണ് 

English Summary : Details about AT1 Bonds

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA