വിലക്കയറ്റത്തിനൊപ്പം ഉല്‍പ്പാദന ഇടിവും, രാജ്യം ഭീതി ജനകമായ സ്റ്റാഗ്ഫ്‌ളേഷനിലേയ്ക്ക്

HIGHLIGHTS
  • വിലക്കയറ്റത്തോടൊപ്പം ഉല്‍പാദന രംഗം നിശ്ചലമാവുകയും ചെയ്താല്‍ പ്രത്യാഘാതം വലുതായിരിക്കും
1200-economy
SHARE

വിലക്കയറ്റത്തിന് സാമ്പത്തിക രംഗത്ത് വില്ലന്‍ വേഷമാണ്. സമ്പദ് വ്യവസ്ഥയില്‍ വില നിലവാരം വര്‍ധിക്കുന്നതിനെയാണ് വിലക്കയറ്റം എന്നു നിര്‍വചിക്കുന്നത്. വിലക്കയറ്റം വര്‍ധിക്കുമ്പോള്‍ കറന്‍സിയുടെ വാങ്ങല്‍ ശക്തി കുറയുകയാണു ചെയ്യുന്നത്. ലളിതമായി പറഞ്ഞാല്‍ അതേ പണം കൊണ്ട് വാങ്ങാവുന്ന സാധനങ്ങളുടെ എണ്ണം കുറയുന്നു. വിലക്കയറ്റത്തോടൊപ്പം ഉല്‍പാദന രംഗം നിശ്ചലമാവുക കൂടി ചെയ്താല്‍ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും. നാണയപ്പെരുപ്പത്തോടൊപ്പം ഉല്‍പാദന നിശ്ചലതകൂടി അനുഭവപ്പെടുന്ന ഈ സ്ഥിതി വിശേഷത്തെയാണ് സ്റ്റാഗ്ഫ്‌ളേഷന്‍ (Stagflation) എന്നു പറയുന്നത്. 

ഉപഭോഗത്തേയും നിക്ഷേപത്തേയും ബാധിക്കും

എഴുപതുകളുടെ മധ്യത്തില്‍ എണ്ണവിലയിലുണ്ടായ വര്‍ധന  പല സമ്പദ് വ്യവസ്ഥകളേയും സ്റ്റാഗ്ഫ്‌ളേഷന്റെ വഴിയിലെത്തിച്ചു. മൊത്തത്തിലുള്ള ഉല്‍പാദനം കുറയുമ്പോള്‍ സര്‍ക്കാരില്‍ നിന്നു പെട്ടെന്നുണ്ടാകുന്ന നയപരമായ പ്രതികരണം ധനനയത്തില്‍ ഇളവുകള്‍ അനുവദിക്കുക എന്നതായിരിക്കും. സമ്പദ്ഘടന വിലവര്‍ധന നേരിട്ടു കൊണ്ടിരിക്കുന്ന ഘട്ടമായതിനാല്‍ അയവുള്ള നിലപാടുകളും ഇളവുകളോടെയുള്ള ധനനയവും ചേര്‍ന്ന് വിലകളെ വീണ്ടും മുന്നോട്ടു തള്ളുന്നു. എന്നാല്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ കര്‍ശനമായ നടപടി റിസര്‍വ് ബാങ്ക് നടപ്പാക്കിയാല്‍  വായ്പാ ചിലവു വര്‍ധിക്കാന്‍ ഇടയാക്കുകയും ചെയ്യും. ഉപഭോഗത്തേയും നിക്ഷേപത്തേയും ഇതു ദോഷകരമായി ബാധിക്കും. സമ്പദ് ഘടനയിലെ മൊത്ത ഉല്‍പാദനത്തെ ഇതു താഴോട്ടു വലിക്കും. 

ഞെട്ടിപ്പിക്കുന്ന അവസ്ഥ

കോവിഡ് 19 കാരണമുള്ള സാമ്പത്തിക പ്രതിസന്ധി പ്രധാന സാമ്പത്തിക ശക്തികളെ വിലക്കയറ്റത്തോടൊപ്പം ഉല്‍പാദന നിശ്ചലതയും ചേര്‍ന്നുണ്ടാക്കുന്ന ഞെട്ടിപ്പിക്കുന്ന അവസ്ഥയിലേക്കു നയിക്കുമോ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. 2021 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ ജിഡിപി കണക്കുകള്‍ പുറത്തു വന്നതോടെ ഇന്ത്യയില്‍ ഈ ചര്‍ച്ച ശക്തിയാർജിച്ചിരിക്കുകയാണ്. ഈ കാലയളവില്‍ ഇന്ത്യന്‍ സമ്പദ്ഘടന 23.9 ശതമാനം സങ്കോചിക്കുകയുണ്ടായി. ജിഡിപിയുടെ പ്രധാന ചേരുവകളായ ഉപഭോഗ ഡിമാന്റും നിക്ഷേപ ഡിമാന്റും യഥാക്രമം 27, 47 ശതമാനം വീതം കുറഞ്ഞു. സങ്കോചം ആദ്യ പാദത്തിലെയത്ര തീവ്രമായിരിക്കില്ലെങ്കിലും രണ്ടാം പാദത്തിലും സാമ്പത്തിക സ്ഥിതി പ്രതികൂലമാകാനാണ് സാധ്യത. 

വര്‍ധിക്കുന്ന പണപ്പെരുപ്പ നിരക്ക്

ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തില്‍ കണക്കാക്കപ്പെടുന്ന പണപ്പെരുപ്പനിരക്ക്  ഉയര്‍ന്ന പരിധിയായ 6 ശതമാനമെന്നത് തുടര്‍ച്ചയായ അഞ്ചാം മാസവും മറികടന്നു. 2020 ഓഗസ്റ്റില്‍ 6.69 ശതമാനമാണിത്. ഉയരുന്ന ഈ നിരക്കിനു പ്രധാന കാരണം  ഭക്ഷ്യ സാധനങ്ങളുടെ വര്‍ധിക്കുന്ന വിലയാണ്. ഓഗസ്റ്റ് മാസം ഭക്ഷ്യ സാധനങ്ങള്‍ക്ക്  9 ശതമാനമാണ് വില കൂടിയത്. ഭക്ഷ്യ വസ്തുക്കള്‍ക്കും ഇന്ധനത്തിനുമുള്ള വില വര്‍ധന മാറ്റി നിര്‍ത്തിയാലും ആവശ്യം കുറഞ്ഞിട്ടും മറ്റു സാധനങ്ങള്‍ക്ക്  5.4 ശതമാനം വില വര്‍ധിച്ചു. വര്‍ധിക്കുന്ന പണപ്പെരുപ്പ നിരക്കും ജിഡിപിയുടെ സങ്കോചവും ചേര്‍ന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സ്റ്റാഗ്ഫ്‌ളേഷന്‍ ഭീതി ജനിപ്പിച്ചിരിക്കയാണ്. 

പെരുകുന്ന കോവിഡ് വെല്ലുവിളി 

എന്നാല്‍ 2020 ഓഗസ്റ്റില്‍ മൊത്ത വില സൂചിക 0.16 ശതമാനം വര്‍ധിക്കുന്നതിനു മുമ്പ് തുടര്‍ച്ചയായി നാലു മാസം പ്രതികൂല സ്ഥിതിയിലായിരുന്നു. 2020 ജനുവരിയില്‍ റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് 7.5 ശതമാനം എന്ന ഉയര്‍ന്ന നിലയിലായിരുന്നപ്പോള്‍ മൊത്ത പണപ്പെരുപ്പ നിരക്ക് 3.5 ശതമാനത്തില്‍ തന്നെ നിലകൊണ്ടു. ഇപ്പോഴത്തെ സ്ഥിതിയില്‍ ചില്ലറ വില്‍പന രംഗത്തു മാത്രമാണ് പണപ്പെരുപ്പം ഉണ്ടായിട്ടുള്ളത്. മൊത്ത വിലയില്‍ വര്‍ധന ഉണ്ടായിട്ടില്ല. ലോക് ഡൗണ്‍ കാരണം വിതരണ രംഗത്തുണ്ടായ പ്രശ്‌നങ്ങളാവാം ചില്ലറ വില്‍പന മേഖലയിലെ കാരണം. നിയന്ത്രണങ്ങളില്‍ അയവു വരുന്നതോടെ ഇത് മെച്ചപ്പെട്ടേക്കാം. എങ്കിലും പെരുകുന്ന കോവിഡ് വ്യാപനം വെല്ലുവിളി തന്നെയാണ്. 

വളര്‍ച്ചയും പണപ്പെരുപ്പവും ഒരുക്കുന്ന പ്രഹേളിക 

ഓഗസ്റ്റ് മാസത്തിലുണ്ടായ കനത്ത മഴ വിതരണത്തെ ബാധിച്ചതും മൊത്ത, ചില്ലറ നിലവാരങ്ങളില്‍ ഭക്ഷ്യ വില വര്‍ധിപ്പിക്കാനിടയാക്കിയിരിക്കാം. ഈ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ നടപടി എന്ന നിലയ്ക്ക് സര്‍ക്കാര്‍ ഉള്ളിയുടെ കയറ്റുമതി നിരോധിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളും കാലം തെറ്റിയുള്ള മഴയും പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ തടസം സൃഷ്ടിക്കുന്നുണ്ട്.  റിസര്‍വ് ബാങ്കിന്റെ നയപരമായ തീരുമാനം നിയന്ത്രിക്കുന്നത് പണപ്പെരുപ്പ നിരക്കാണു താനും. നമ്മുടെ സമ്പദ്ഘടന സ്റ്റാഗ്ഫ്‌ളേഷന്‍ പാതയിലെത്തി എന്നിപ്പോള്‍ പറയാന്‍ കഴിയില്ലെങ്കിലും വളര്‍ച്ചയും പണപ്പെരുപ്പവും ചേര്‍ന്നു സൃഷ്ടിക്കുന്ന പ്രഹേളിക രാജ്യത്ത് കൂടുതല്‍ മേല്‍ക്കൈ നേടിക്കൊണ്ടിരിക്കയാണ്.

ലേഖിക ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ സാമ്പത്തിക കാര്യ വിദഗ്ധയാണ്

English Summary : Country is going to Serious Stagflation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA