ഇനി രണ്ടു ദിവസം കൂടി, ഐടിആര്‍ സ്ഥിരീകരിച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും

HIGHLIGHTS
  • അവസാന തീയതി സെപ്‌റ്റംബര്‍ 30
tax-time
SHARE

ആദായ നികുതി റിട്ടേണ്‍ സ്ഥിരീകരിക്കുന്നതിനുള്ള അവസാന സമയ പരിധിയും അവസാനിക്കാറായി സെപ്‌റ്റംബര്‍ 30നകം ഇ-റിട്ടേണ്‍ വെരിഫൈ ചെയ്യാത്തവര്‍ പിഴ നല്‍കേണ്ടി വരും. കോവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്‌ ആദായ നികുതി റിട്ടേണുകളുടെ (ഐടിആര്‍) ഇ-വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതില്‍ നികുതി ദായകര്‍ക്ക്‌ ഇളവ്‌ നല്‍കിയിരുന്നു. 2014-15 മുതല്‍ 2018-19 വരെയുള്ള അഞ്ച്‌ സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ സ്ഥിരീകരിക്കാന്‍ കഴിയാതിരുന്നവര്‍ക്ക്‌ സെപ്‌റ്റംബര്‍ 30 വരെ സമയം നീട്ടി നല്‍കി. ഈ സമയപരിധിക്കുള്ളില്‍ റിട്ടേണ്‍ സ്ഥിരീകരിച്ചാല്‍ അത്‌ അനുവദനീയമായ സമയത്തിനുള്ളില്‍ സ്ഥിരീകരിച്ചതായാണ്‌ കണക്കാക്കുക. അതേസമയം വൈകി സമര്‍പ്പിച്ച റിട്ടേണുകള്‍ക്ക്‌ ഈ ആനുകൂല്യം ലഭ്യമാകില്ല.

120 ദിവസം

സാധാരണ രീതിയില്‍ റിട്ടേണ്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്‌താല്‍ 120 ദിവസത്തിനുള്ളില്‍ നികുതി ദായകന്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം. അനുവദനീയമായ സമയത്തിനുള്ളില്‍ ഐടിആര്‍ വെരിഫൈ ചെയ്‌തില്ലെങ്കില്‍ ഐടിആര്‍ ഫയല്‍ ചെയ്‌തതായി കണക്കാക്കില്ല. ഐടിആര്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കില്‍ ആദായ നികുതി വകുപ്പ്‌ റീഫണ്ട്‌ ലഭ്യമാക്കില്ല. മാത്രമല്ല വരുമാനത്തിന്റെ റിട്ടേണ്‍ സമര്‍പ്പിക്കാത്തതിന്‌ ആദായ നികുതി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം നിയമ നടപടികളും പിഴയും നികുതി ദായകര്‍ നേരിടേണ്ടി വരും. എന്നാല്‍, മഹാമാരി കണക്കിലെടുത്ത്‌ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്‌ ഈ വര്‍ഷം ഐടിആര്‍ വെരിഫിക്കേഷനുള്ള സമയപരിധി സെപ്‌റ്റംബര്‍ 30 വരെ നീട്ടി നല്‍കി. ഇ-റിട്ടേണ്‍ സമര്‍പ്പിച്ചിട്ടും റിട്ടേണ്‍ സ്ഥിരീകരിക്കാന്‍ കഴിയാത്തവര്‍ക്ക്‌ ഒരു അവസരം കൂടി നല്‍കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഈ നീക്കം.

ഐടിആര്‍ ഓഫ്‌ലൈനായിട്ടാണ്‌ സമര്‍പ്പിക്കുന്നത്‌ എങ്കില്‍ റിട്ടേണ്‍ നേരിട്ട്‌്‌ സമര്‍പ്പിക്കുന്നതോടെ ഫയലിങ്‌ നടപടികള്‍ പൂര്‍ത്തിയാകും.

∙അതേ സമയം ഐടിആര്‍ ഇ-ഫയലിങില്‍ , റിട്ടേണ്‍ സമര്‍പ്പിച്ച്‌ 120 ദിവസത്തിനുള്ളില്‍ ഓണ്‍ലൈനായി റിട്ടേണ്‍ വെരിഫൈ ചെയ്‌തിരിക്കണം എന്നത്‌ നിര്‍ബന്ധമാണ്‌. ഐടിഐര്‍- വിയുടെ പകര്‍പ്പ്‌ ഒപ്പിട്ട്‌ നികുതി വകുപ്പില്‍ സമര്‍പ്പിക്കുന്നതിലൂടെയും അതല്ലെങ്കില്‍ ഒടിപി വഴിയുള്ള ഇ-വെരിഫിക്കേഷനിലൂടെയും റിട്ടേണ്‍ വെരിഫൈ ചെയ്യാം.

∙ഐടിആര്‍ ഓണ്‍ലൈനായി വൈരിഫൈ ചെയ്യുന്നതിന്‌ ബാങ്ക്‌ അക്കൗണ്ട്‌ നമ്പര്‍ ഉപയോഗിച്ച്‌ ഇ-ഫയലിങ്‌ പോര്‍ട്ടല്‍ ലോഗ്‌ ഇന്‍ ചെയ്യുക, ബാങ്ക്‌ അക്കൗണ്ട്‌ നമ്പര്‍ മുന്‍കൂറായി സാധുത വരുത്തുക

∙ഇ-വെരിഫൈ ലിങ്കില്‍ പോവുക, അക്‌നോളജ്‌ നമ്പര്‍ കൊടുക്കുക. ബാങ്ക്‌ അക്കൗണ്ട്‌ നമ്പര്‍ ഉപയോഗിച്ച്‌ ഇ-വെരിഫൈ ചെയ്യുന്നതിനുള്ള ഓപ്‌ഷന്‍ തിരഞ്ഞെടുക്കുക . നിങ്ങളുടെ രജിസ്‌റ്റര്‍ ചെയ്‌ത മൊബൈല്‍ നമ്പറിലേക്ക്‌ ഇവിസി ഇലക്ട്രോണിക്‌ വെരിഫിക്കേഷന്‍ കോഡ്‌ ) ലഭിക്കും.

∙റിട്ടേണ്‍ വെരിഫൈ ചെയ്യുന്നതിന്‌ ഈ കോഡ്‌ പോര്‍ട്ടലില്‍ കൊടുക്കുക. ആധാര്‍ അധിഷ്‌ഠിത ഒടിപി ഉപയോഗിച്ച് incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റിലേക്ക്‌ ലോഗ്‌ ഇന്‍ ചെയ്യുക .

∙ഇടത്‌ വശത്തായുള്ള മെനുവില്‍ കാണുന്ന ഇ- വെരിഫൈ റിട്ടേണ്‍ എന്നതില്‍ ക്ലിക്‌ ചെയ്യുക .

∙ആധാര്‍ ഒടിപി ഉപയോഗിച്ച്‌ വെരിഫൈ ചെയ്യുക എന്ന ഓപ്‌ഷന്‍ തിരഞ്ഞെടുക്കുക ( ആധാറും പാനും തമ്മില്‍ ഇതിനകം ബാധിപ്പിച്ചിട്ടുണ്ടെങ്കില്‍ മാത്രം. )

∙രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക്‌ ഒടിപി എത്തും.

∙നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്‌ ഒടിപി പോര്‍ട്ടലില്‍ നല്‍കുക.

നെറ്റ്‌ ബാങ്കിങ്‌ വഴി

നിങ്ങളുടെ ബാങ്കിന്‌ ഇ-വെരിഫിക്കേഷന്‍ സൗകര്യം ലഭ്യമാക്കുന്നതിന്‌ ആദായ നികുതി വകുപ്പിന്റെ അംഗീകാരമുള്ളതാണെങ്കില്‍ നെറ്റ്‌ ബാങ്കിങ്ങിലൂടെ വെരിഫൈ ചെയ്യാം. അതിനായി നെറ്റ്‌ ബാങ്കിങ്‌ ലോഗിന്‍ ചെയ്‌ത്‌ ഇ- വെരിഫൈ എന്നതില്‍ ക്ലിക്‌ ചെയ്യുക. അപ്പോള്‍ നിങ്ങളെ ഇ-ഫയലിങ്‌ പോര്‍ട്ടലിലേക്ക്‌ നയിക്കും. അതില്‍ മൈ അക്കൗണ്ട്‌ ഓപ്‌്‌ഷനില്‍ ക്ലിക്‌ ചെയ്യുക. രജസ്‌ട്രര്‍ ചെയ്‌തിട്ടുള്ള മൊബൈല്‍ നമ്പരിലേക്ക്‌ ഒരു ഇവിസി എത്തും. ഇത്‌ ഉപയോഗിച്ച്‌ റിട്ടേണ്‍ വെരിഫൈ ചെയ്യാം.

English Summary : How to Do ITR Verification Online

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA