ADVERTISEMENT

കോവിഡ് വ്യാപനത്തെ തുടർന്ന് മാറുന്ന ലോക ക്രമത്തിന് അനുസൃതമായി നമ്മുടെ നിക്ഷേപ ചിന്താഗതിയും മാറേണ്ടിയിരിക്കുന്നു. കാരണം ആഗോളതലത്തിൽ സമ്പദ്വ്യവസ്ഥയുടെ വളർച്ചയെ ഗുണപരമായി സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകം നിക്ഷേപമാണ്. നിലവിലെ ഉപഭോഗത്തിനായി അല്ലാതെ, ഭാവിയിൽ കൂടുതൽ സമ്പത്ത് സൃഷ്ടിക്കുവാനായി ഏന്തെങ്കിലും വാങ്ങി സൂക്ഷിക്കുന്നതിനെ നിക്ഷേപം എന്നു പറയാം. നിലവിലെ സാഹചര്യത്തിൽ നമുക്കു നേട്ടമുണ്ടാക്കുന്ന നിക്ഷേപ മേഖലകൾ ഏതൊക്കെയാണ് എന്നു പരിശോധിക്കാം 

1 സ്വർണം

സ്വർണത്തിന്റെ സാമ്പത്തിക മൂല്യവും നിക്ഷേപ സാധ്യതകളും വിപുലമാണെന്നതിനാൽ സ്വർണത്തിലുള്ള നിക്ഷേപം ഈ സമയത്ത് ഏറ്റവും മികച്ചതാണ്. സമീപകാലങ്ങളിൽ ഓഹരി വിപണിയിൽ ഉണ്ടായ തകർച്ചയും റിയൽ എസ്റ്റേറ്റ് മേഖലയിൽ കാണുന്ന മാന്ദ്യവും മൂലം വളരെയധികം പേർ സുരക്ഷിത നിക്ഷേപം എന്നനിലയിൽ സ്വർണത്തിലേക്ക് മാറുന്നു. അതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ വിലവർധന. ഓഹരിയും റിയൽ എസ്റ്റേറ്റും നല്ല രീതിയിൽ തിരിച്ചുവന്നുവെന്നിരിക്കട്ടെ. അതോടെ  ഇപ്പോൾ സ്വർണം വാങ്ങിയവരിൽ നല്ലൊരു ഭാഗം അത് വിറ്റ് ഓഹരിയിലേക്കും റിയൽ എസ്റ്റേറ്റിലേക്കും ചുവട് മാറും. അതോടെ സ്വർണത്തിന് താൽപ്പര്യം കുറഞ്ഞേക്കാം. ഡോളറിനെതിരെ  രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും സ്വർണവിലയെ സ്വാധീനിക്കും.

രാജ്യത്ത് സ്വർണ്ണ ഉപഭോഗവും ഇറക്കുമതിയും കുറച്ചു കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ  ഗവൺമെന്റ് അവതരിപ്പിച്ച ഗോർഡ് ബോണ്ടിലേയ്ക്ക്  കൂടുതൽ പേർ  ആകൃഷ്ടരാകുന്നുണ്ട്.  ഇന്ത്യയിൽ സ്വർണ്ണത്തിന്റെ നിക്ഷേപസാധ്യതകൾ വളരുന്നു. എന്നതിന്റെ തെളിവാണിത്.  സ്വർണ്ണ ബോണ്ടിൽ ഒരു സാമ്പത്തിക വർഷം ഒരു നിക്ഷേപകനു ഒരു ഗ്രാം മുതൽ നാല് കിലോ വരെ മൂല്യമുള്ള ഗോൾഡ് ബോണ്ട് വാങ്ങാം. ബാങ്ക് ,സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷൻ ഓഫ് ഇൻഡ്യ,  പോസ്റ്റോഫീസ്, ഓഹരിവിപണി എന്നിവിടങ്ങളിൽ നിന്നെല്ലാം ഇവ  വാങ്ങാവുന്നതാണ്. സ്വർണത്തിന്റെ  വില വർധനയ്ക്കൊപ്പം നികുതിയില്ലാതെ 2.5 ശതമാനം പലിശ കൂടി  ലഭിക്കുമെന്നതാണ് ബോണ്ടിന്റെ മേന്മ. കാലാവധി എട്ടു വർഷം ആണെങ്കിലും അഞ്ചുവർഷത്തിനുശേഷം വിറ്റഴിക്കാൻ ഓപ്ഷൻ ഉണ്ട്. കാലാവധിക്കു ശേഷം  അപ്പോഴത്തെ സ്വർണ വിലയുടെ അടിസ്ഥാനത്തിൽ  ബോണ്ടിനെ  പണമാക്കിമാറ്റാം. 1925 മാർച്ച് 31ന് ഒരു പവന്റെ വില 13 രൂപ 75 പൈസയായിരുന്നു. ഇന്നത്  ബഹുദൂരം മുന്നോട്ടുപോയി 2020ൽ  42,000 രൂപ വരെ എത്തി.  മുൻവർഷത്തേക്കാൾ  2020ൽ സ്വർണാഭരണ വിൽപ്പനയിൽ വൻ ഇടിവ് ഉണ്ടായെങ്കിലും ഇത് സ്വർണ വില വർദ്ധനവിനെ ബാധിച്ചില്ല എന്നുകൂടി  ഓർക്കണം. 

2 ഓഹരി

ഇന്ത്യൻ  സമ്പദ്വ്യവസ്ഥയുടെ വളർച്ചയിൽ ഓഹരി  വിപണി  സുപ്രധാന പങ്കു വഹിക്കുന്നു. ഇതു  വിപണിയിൽ നിക്ഷേപകർക്ക് കൂടുതൽ പ്രചോദനം നൽകുന്ന ഘടകമാണ്.  ഓരോ നിക്ഷേപകനും അധികവരുമാനം ലക്ഷ്യമാക്കിയാണ്  വിപണിയിൽ എത്തുന്നത്. ശരിയായ നിക്ഷേപം ദീർഘകാലാടിസ്ഥാനത്തിൽ ഉയർന്ന വരുമാനം നേടിത്തരുമെന്നതിൽ  സംശയമില്ല.  മികച്ചതും ശരിയായതുമായ ഓഹരികളിൽ നിക്ഷേപിക്കുക എന്നതാണ് നേട്ടത്തെ  സ്വാധീനിക്കുന്ന പരമപ്രധാന ഘടകം.  ഒരു കമ്പനിയുടെ സാമ്പത്തിക നില കൃത്യമായി വിലയിരുത്തി  മാത്രമേ നിക്ഷേപത്തിനായി ആ ഓഹരി തെരെഞ്ഞെടുക്കാവൂ. 

വെല്ലുവിളി നേരിടുന്ന ഈ സമയത്ത്, സാമ്പത്തിക വളർച്ച പിന്നോക്കം പോകുമ്പോൾ ഓരോ ഓഹരി  നിക്ഷേപകന്റെയും നിക്ഷേപ മൂല്യത്തിൽ ഇടിവുണ്ടാകുക സ്വഭാവികം. പക്ഷേ  ദീർഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങൾ ആത്യന്തികമായി വരുമാനനേട്ടത്തിലേയ്ക്ക് എത്തിച്ചേരും. ഓഹരിനിക്ഷേപത്തിനു  വലിയ സാധ്യതകൾ  ഉണ്ടെങ്കിലും  രാജ്യത്തെ മൊത്തം ജനസംഖ്യയുടെ   1.5 ശതമാനമേ ഒാഹരിയിൽ  നേരിട്ട് നിക്ഷേപിക്കുന്നുള്ളൂ. ഓഹരി വിപണിയിലേക്ക് കൂടുതൽ പേർ എത്തിയാൽ  അത് സമ്പദ് വ്യവസ്ഥക്ക് കരുത്ത് പകരുക തന്നെ ചെയ്യും. 

3 ക്രിപ്റ്റോ കറൻസി

ബ്ലോക്ക്ചെയിൻ സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുക്കുന്ന ക്രിപ്റ്റോ കറൻസി ഭാവിയിൽ, കുറഞ്ഞകാലം കൊണ്ട് കൂടുതൽ നേട്ടം നൽകുന്നതും  സുരക്ഷിതവുമായ നിക്ഷേപ മാർഗ്ഗമായി മാറുമെന്നു വിലയിരുത്താം .ഇന്ന് നിക്ഷേപകർ കാണിക്കുന്ന താല്പര്യം വിലയിരുത്തിയാൽ ക്രിപ്റ്റോ കറൻസി വ്യാപാരം സമീപഭാവിയിൽ ലോകത്തിലെ ഏറ്റവും സ്വീകാര്യതയുള്ള  നിക്ഷേപരീതിയായി മാറുമെന്നും  കരുതാം. എന്നിരുന്നാലും ഇനിയും കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്. അമേരിക്കൻ  ഫെഡറൽ കോടതിയുടെ 24–07–2020 ലെ വിധി   ക്രിപ്റ്റോ കറൻസിയിലൂടെ ഭാവി വളർച്ചയിലേക്ക് വിരൽ ചൂണ്ടുന്ന ഒന്നാണ്.  ഫെഡറൽ കോടതി ചീഫ് ജഡ്ജി ബെറീൽ എ യുടെ ജഡ്ജ്മെന്റിൽ, ബീറ്റ് കോയിൻ പണത്തിന്റെ ഒരു രൂപമാണെന്നു പൊതുവേ വിലയിരുത്തുന്നതായി പറഞ്ഞിട്ടുണ്ട്. കൈമാറ്റത്തിനുള്ള മാധ്യമമോ , പണമടയ്ക്കൽ രീതിയോ  അല്ലെങ്കിൽ മൂല്യത്തിന്റെ സംഭരണമോ ഒക്കെ ആയി ബീറ്റ് കോയിൻ നിർവചിക്കപ്പെട്ടിരിക്കുന്നു. ഫെഡറൽ നിയമപ്രകാരം മണിലെന്റിംഗ് സംബന്ധിച്ച ഒരു കേസിന്റെ പശ്ചാത്തലത്തിലായിരുന്നു  ബീറ്റ് കോയിൻ പണമായി നിർവ്വചിക്കാനുള്ള കോടതിയുടെ തീരുമാനം. ഇതെല്ലാം വിരൽ ചൂണ്ടുന്നത് ക്രിപ്റ്റോ കറൻസിയുടെ വൻ ഭാവി സാധ്യതയിലേക്കാണ്

ലേഖകൻ രാമപുരം മാർ അഗസ്റ്റ്യനോസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറാണ്( അഭിപ്രായങ്ങൾ വ്യക്തിപരം)

English Summary : Future Ready Investment Options

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com