ഓഹരിയിലെ നഷ്ടത്തെ എങ്ങനെ ലാഭമാക്കി മാറ്റാം?

HIGHLIGHTS
  • തുടർ വർഷങ്ങളിലെ നേട്ടത്തിൽ നിന്നുപോലും തട്ടിക്കിഴിക്കുവാനാകും
Mkt-up
SHARE

ഓഹരികച്ചവടത്തിൽ നഷ്ടം നേരിട്ടാൽ മനസു മടുത്തു പെട്ടെന്ന് നിക്ഷേപവും, ഇടപാടുകളും നിർത്തുന്ന ഒരു പ്രവണത പരക്കെ കണ്ടുവരുന്നു. എന്നാൽ ഈ നഷ്ടത്തെ നേട്ടമാക്കി മാറ്റുവാൻ  സാധിച്ചാലോ? 

ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഓഹരിവിപണിയിലുണ്ടായ നഷ്ടത്തെ ആ വർഷത്തെ നേട്ടത്തിൽ നിന്ന് കുറച്ചു ബാക്കി തുകയ്ക്ക് മാത്രം നികുതി കൊടുക്കുന്ന രീതി നിലവിലുണ്ട്. ഓഹരിവിപണിയിലുണ്ടായ നഷ്ടത്തെ മറ്റു വരുമാന മാർഗങ്ങളിൽനിന്നും കുറയ്ക്കുവാൻ സാധിക്കുകയില്ല. ദീഘകാല മൂലധനനഷ്ടം (long term capital loss) ദീർഘകാല മൂലധനനേട്ടത്തിൽ (long term capital gain) നിന്നു മാത്രമേ കുറയ്ക്കുവാൻ സാധിക്കുകയുള്ളൂ. എന്നാൽ ഹ്രസ്വകാല മൂലധന നഷ്ടം (short term capital loss ) ഹ്രസ്വകാല മൂലധന നേട്ടത്തിൽനിന്നും, ദീർഘകാല മൂലധന നേട്ടത്തിൽ നിന്നും കുറയ്ക്കുവാൻ സാധിക്കും. ഒരു വർഷത്തെ നഷ്ടം ആ വര്‍ഷം തന്നെ നേട്ടത്തിൽനിന്നു കുറയ്ക്കുവാൻ സാധിച്ചില്ലെങ്കിൽ, പിന്നീടുള്ള വര്‍ഷങ്ങളിലെ നേട്ടത്തിൽ നിന്നുപോലും തട്ടിക്കിഴിക്കുവാൻ സാധിക്കും.

നികുതി നേട്ടം 

ഉദാഹരണത്തിന് 300,000  രൂപയുടെ നഷ്ടം ഒരു വർഷം ഓഹരിവിപണിയിൽ ഉണ്ടായെന്നിരിക്കട്ടെ; ആ വർഷത്തെ നേട്ടം 200,000  രൂപ മാത്രവും. എങ്കിൽ 200,000 രൂപ അതേ സാമ്പത്തിക വർഷം നികുതിയടയ്ക്കുമ്പോൾ തട്ടിക്കിഴിച്ചു നികുതിബാധ്യത ഒഴിവാക്കിയതിനുശേഷം, ബാക്കിയുള്ള 100000  രൂപയുടെ നഷ്ടം, പിന്നീടുള്ള എട്ടു വർഷങ്ങളിലെ ഓഹരിവിപണിയിലെ നേട്ടത്തിൽ നിന്നും കുറയ്ക്കുവാനുള്ള വ്യവസ്ഥയുണ്ട്. ഇത്തരത്തിൽ ഓഹരിവിപണിയിലെ നഷ്ടത്തെ, ഓഹരിവിപണിയിൽനിന്നുള്ള വരുമാനത്തിൽ നിന്ന് തന്നെ കുറച്ചു നികുതി ബാധ്യത കുറയ്ക്കുവാൻ സാധിക്കും. ഇവിടെ ഒരുകാര്യം ശ്രദ്ധിക്കേണ്ടത് ഒരു ലക്ഷം വരെയുള്ള ദീർഘകാല മൂലധന നേട്ടത്തിന് നികുതികൊടുക്കേണ്ടതില്ല എന്ന 2018 ലെ ബജറ്റ് പ്രസ്താവനയാണ്. ദീർഘകാല മൂലധന നേട്ടത്തിന് 10 ശതമാനം നികുതിയും, ഹ്രസ്വകാല മൂലധന നേട്ടത്തിന് 15ശതമാനം നികുതിയുമാണ് ഈടാക്കുന്നത്.

ഉചിതമായ തീരുമാനം വേണം

വില കുത്തനെ കുറയുന്ന ഓഹരികളും, തിരിച്ചു വില ഉയരുവാൻ സാധ്യതയില്ലാത്ത ഓഹരികളും ഇത്തരത്തിൽ Tax loss harvesting രീതിയിലൂടെ വിറ്റഴിച്ചു നികുതി നേട്ടം കൈവരിക്കുവാൻ സാധിക്കും. ഈ വർഷം മാർച്ച് 23ന് ആഗോള ഓഹരിവിപണികളെല്ലാം കുത്തനെ കുറഞ്ഞപ്പോൾ ഇന്ത്യയിലും വൻ വിൽപ്പന സമ്മർദ്ദം ഉണ്ടായി. അന്ന് നഷ്ടത്തിൽ ഓഹരി വിറ്റഴിച്ച പലർക്കും അതിനെ നികുതി ബാധ്യത കുറയ്ക്കുന്നതിന് ഉപയോഗപ്പെടുത്താനായി. ഓരോരുത്തരുടെയും നികുതി ബാധ്യത കൃത്യമായി മനസ്സിലാക്കിയതിനുശേഷം മാത്രം ഉചിതമായ തീരുമാനങ്ങളെടുത്തു  നഷ്ടത്തെപോലും ഇത്തരത്തിൽ നേട്ടമാക്കുവാൻ സാധിക്കും.

English Summary : How to Make Benefit from Share investment Loss

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA