ADVERTISEMENT

വ്യക്തികള്‍ നിക്ഷേപം ആരംഭിക്കാന്‍ അനുകൂലമായ കാലം എത്താന്‍ കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനോരമ ഓണ്‍ലൈനും ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മ്യൂചല്‍ ഫണ്ടും ചേര്‍ന്നു സംഘടിപ്പിച്ച സ്മാർട്ട് ഇൻവെസ്റ്റർ വെബിനാറില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. നിക്ഷേപം നടത്തുന്ന സ്വഭാവമാണ് ആദ്യം വളര്‍ത്തിയെടുക്കേണ്ടത്. അതിലൂടെ സമ്പത്തു സൃഷ്ടിക്കുവാനും ഉദ്ദേശിക്കുന്ന സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുവാനും സാധിക്കുമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കി.

തിരഞ്ഞെടുക്കാൻ നിരവധി ഫണ്ടുകൾ

എല്ലാ ലക്ഷ്യങ്ങള്‍ക്കും ഒരേ ഇനം മ്യൂചല്‍ ഫണ്ട് പദ്ധതികള്‍ തന്നെ പ്രയോജനപ്പെടുത്താനാവില്ലെന്ന് ഫിനാന്‍ഷ്യല്‍ ട്രെയിനര്‍ മനോജ് ടി നീലകണ്ഠന്‍ പറഞ്ഞു. പൊതുവെ കണക്കാക്കുമ്പോള്‍ മ്യൂചല്‍ ഫണ്ട് പദ്ധതികളെ അഞ്ചു വിഭാഗമായി തരംതിരിക്കാം. ഇവയില്‍ നിന്ന് വ്യക്തിഗത ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി തെരഞ്ഞെടുപ്പു നടത്തണം. ഇങ്ങനെ ഏതു വിഭാഗത്തില്‍ നിക്ഷേപം നടത്തണമെന്ന ധാരണയുണ്ടാക്കി കഴിഞ്ഞാല്‍ ആ വിഭാഗത്തിലെ ഏതു പദ്ധതി വേണമെന്നും ഉപവിഭാഗങ്ങളില്‍ ഏതു വേണമെന്നും തീരുമാനിക്കാമെന്നും മനോജ് ചൂണ്ടിക്കാട്ടി. മ്യൂചല്‍ ഫണ്ട് അടക്കം എല്ലാ നിക്ഷേപങ്ങളിലും നഷ്ടസാധ്യതയുണ്ടെന്നതു കൂടി മനസിലാക്കി വേണം നിക്ഷേപങ്ങള്‍ നടത്താനെന്നും അദ്ദേഹം പറഞ്ഞു. ഓഹരി വിപണി ഇപ്പോള്‍ ഇത്ര ഉയര്‍ന്നു നില്‍ക്കുന്നു എന്നത് കണക്കാക്കേണ്ടതില്ല. തുടര്‍ച്ചയായി നിക്ഷേപിച്ചു കൊണ്ടിരിക്കുന്നതാവണം ഇവിടെ സ്വീകരിക്കേണ്ട തന്ത്രം. ദീര്‍ഘകാലത്തില്‍ നേട്ടമുണ്ടാക്കാനാവുമോ എന്നതായിരിക്കണം ശ്രദ്ധിക്കേണ്ടത്. അതിനായി ഏതെങ്കിലും ഒരു മേഖലയെ മാത്രം ആശ്രയിക്കാതെ വൈവിധ്യവല്‍ക്കരിച്ച നിക്ഷേപ രീതിയാവണം പിന്തുടരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എസ്‌ഐപി തുടരാം 

പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഓണ്‍ലൈന്‍ നിക്ഷേപം ലളിതമായി ആരംഭിക്കാവുന്നതാണെന്ന് വെബിനാറില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി സാമ്പത്തിക വിദഗ്ദ്ധനായ കെ വി സജേഷ് ചൂണ്ടിക്കാട്ടി. വിപണിയുടെ വിവിധ ഘട്ടങ്ങളില്‍ എസ്‌ഐപി തുടരുന്നതാണ് മികച്ച രീതിയെന്നും അദ്ദേഹം വ്യക്തമാക്കി. ദീര്‍ഘകാല നിക്ഷേപകരാണെന്ന് അവകാശപ്പെടുന്ന പലരും ഹ്രസ്വകാല ചാഞ്ചാട്ടങ്ങള്‍ കണക്കിലെടുത്തു നീക്കങ്ങള്‍ നടത്തുന്നത് പലപ്പോഴും കാണാറുണ്ട്. ഇത് ഒഴിവാക്കി വൈവിധ്യവല്‍ക്കരിച്ച നിക്ഷേപവുമായി ദീര്‍ഘകാലത്തേക്കു തുടരുന്നതാവും നേട്ടം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.

വിവിധ പദ്ധതികളില്‍ നിന്നു മറ്റു പദ്ധതികളിലേക്കു മാറുമ്പോള്‍ അതിനുള്ള ചെലവിനെ കുറിച്ച് വലിയ തോതില്‍ ആശങ്കപ്പെടേണ്ടതില്ല എന്ന് മനോജ് നീലകണ്ഠന്‍ ചോദ്യങ്ങള്‍ക്കു മറുപടിയായി ചൂണ്ടിക്കാട്ടി.

ആസ്തികള്‍ വകയിരുത്തുന്നതിൽ വേണം ശ്രദ്ധ

വൈവിധ്യവല്‍ക്കരണം നടത്തുമ്പോള്‍ ആസ്തികള്‍ വകയിരുത്തുന്നതിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതെന്നും കൂടുതല്‍ പദ്ധതികളില്‍ നിക്ഷേപിക്കുകയല്ല ചെയ്യേണ്ടതെന്നും സജേഷ് ചൂണ്ടിക്കാട്ടി. ചെറിയ നിക്ഷേപങ്ങളാണെങ്കില്‍ ഒരു പദ്ധതി കൊണ്ടു മാത്രം മുന്നോട്ടു പോകാവുന്നതാണ്. അതിലും ഉയര്‍ന്ന തുകകളിലേക്കു പോകുമ്പോള്‍ രണ്ടോ മൂന്നോ പദ്ധതികള്‍ കൊണ്ട് ലക്ഷ്യം നേടാനാവും. വൈവിധ്യവല്‍ക്കരണത്തിന്റെ പേരില്‍ ഒരു പരിധി കടന്ന് നിരവധി പദ്ധതികളിലേക്ക് പോകുന്നത് ഗുണകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ നിയന്ത്രണങ്ങള്‍ക്കു വിധേയമായി വിദേശ ഓഹരികളില്‍ നേരിട്ടു നിക്ഷേപിക്കുന്ന പദ്ധതികള്‍ ഇന്നു ലഭ്യമാണെന്നും അവ പ്രയോജനപ്പെടുത്താവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി ജി സുജ മോഡറേറ്ററായി.

English Summary : Develop Smart Investment Habit First

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com