ADVERTISEMENT

കോവിഡ് 19 നെ തുടര്‍ന്നുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് 2019-20 ലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് തീയതി ഇങ്ങനെ നീട്ടി നല്‍കുന്നത്. ഇനിയും റിട്ടേണ്‍ നല്‍കിയിട്ടില്ലാത്തവര്‍ അവസാന ദിവസത്തിനായി കാത്തിരിക്കാതെ ഉടന്‍ തന്നെ ഇതിനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ വലിയ പിഴയില്‍ നിന്ന് രക്ഷപ്പെടാം. പിഴ ഒഴിവാക്കാം എന്നുള്ളത് മാത്രമല്ല നികുതി ആനുകൂല്യം നഷ്ടമാകാതെ നിലനിര്‍ത്തുകയുമാകാം.

റിട്ടേണ്‍ നല്‍കേണ്ടതുണ്ടോ?

എന്നാല്‍ നികുതി വിധേയമായ തുകയില്‍ താഴെ വരുമാനം ലഭിക്കുന്നവര്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ടോ?  വാര്‍ഷിക വരുമാനം അടിസ്ഥാന കിഴിവായ 2.5 ലക്ഷത്തില്‍ താഴെയാണെങ്കില്‍ ആദായ നികുതി നല്‍കേണ്ടതില്ല എന്നാണ് ചട്ടം. എന്നാല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഒഴിവ് പരിധി 3 ലക്ഷം രൂപയാണ്. 60-80 വയസുകാര്‍ക്കാണ് ഈ ആനുകൂല്യം. 80 വയസിന് മുകളിലാണ് പ്രായമെങ്കില്‍ 5 ലക്ഷം രൂപ വരെ നികുതി ഒഴിവ് പരിധിയിലാണ്. അതുകൊണ്ട് വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കുറവാണെങ്കില്‍ റിട്ടേണ്‍ നല്‍കിയില്ലെങ്കിലും പ്രശ്‌നമുണ്ടാവില്ല.

ദോഷമില്ല, ഗുണമുണ്ട്

അതേസമയം ഇത്തരക്കാര്‍ വര്‍ഷാവര്‍ഷം ആദായ നികുതി റിട്ടേണ്‍ നല്‍കിയെന്നതുമൂലം പ്രത്യേകിച്ച് ദോഷമൊട്ടില്ലതാനും. ചില സാഹചര്യങ്ങളില്‍ ഇത് ഗുണകരമാകുകയും ചെയ്യും. ഉദാഹരണത്തിന് ഒരു ഭവന വായ്പ തരപ്പെടുത്താന്‍ ബാങ്കിനെ സമീപിക്കുകയാണെങ്കില്‍ മൂന്ന് വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍  ചോദിക്കാറുണ്ട്. സ്വയം തൊഴിലിലേര്‍പ്പെട്ടിരിക്കുന്നവരോ, കരാര്‍ ജോലി ചെയ്യുന്നവരോ, അല്ലെങ്കില്‍ മറ്റ് അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവരോ കൃത്യമായ വരുമാനത്തിന് തെളിവില്ലാത്തവരായിരിക്കും. ഇത്തരം ആളുകള്‍ സ്വയം ആധികാരികമായി വര്‍ഷാവര്‍ഷം വെളിപ്പെടുത്തുന്ന വരുമാനം ബാങ്കുകള്‍ വായ്പകാര്യത്തിന് പരിഗണിക്കാറുണ്ട്. തുടര്‍ച്ചയായി റിട്ടേണ്‍ നല്‍കിയത് വിദേശയാത്രയ്ക്കും മറ്റും വിസ അപേക്ഷ നല്‍കുമ്പോഴും  ഗുണം ചെയ്യും.

അതുപോലെ പലിശ, കമ്മീഷൻ, വാടക തുടങ്ങി നിങ്ങളുടെ ഏതെങ്കിലും വരുമാനത്തിൽ നിന്നും ടിഡിഎസ്  (സ്രോതസില്‍ നിന്നുള്ള നികുതി) പിടിച്ചിട്ടുണ്ടെങ്കിൽ അത് റീഫണ്ടായി നേടാനും  റിട്ടേൺ ഫയൽ ചെയ്താലേ സാധ്യമാകൂ

English Summary: Who will File Income Tax Return

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com