ഭാര്യയുടെ വരുമാനത്തിനും ഭര്‍ത്താവ് നികുതി നല്‍കേണ്ടതെപ്പോള്‍

HIGHLIGHTS
  • ഭാര്യയ്ക്ക് കിട്ടുന്ന പ്രതിഫലത്തിനും വരും ഭര്‍ത്താവിന് നികുതി ബാധ്യത
tax-money
SHARE

ഏതൊക്കെ സാഹചര്യത്തിലാണ് ഭര്‍ത്താവിന്റെ വരുമാനത്തിന്റെ കൂടെ ഭാര്യയുടെ വരുമാനവും ചേര്‍ത്ത് നികുതി ചുമത്തുന്നത്. സ്വത്ത് കൈമാറ്റം ചെയ്യുമ്പോള്‍ എങ്ങനെയാണ് നികുതി ബാധ്യത. ഭാര്യയ്ക്ക് കിട്ടുന്ന പ്രതിഫലത്തിനും ഭര്‍ത്താവിന് നികുതി ബാധ്യത വരുമോ. ഓഹരിയും ഡിബഞ്ചറുമൊക്കെ ഭാര്യയുടെ പേരിലാക്കിയാല്‍ നികുതി ലാഭിക്കാന്‍ പറ്റുമോ? ഇനി ഭാര്യയ്ക്ക് കുറച്ചു പണം കൊടുത്തു എന്നു കരുതുക. ഭാര്യ അതുപയോഗിച്ച് ഓഹരിയോ ഡിബഞ്ചറോ വാങ്ങിയെന്നും കരുതുക. ഇതില്‍ നിന്നുണ്ടാകുന്ന വരുമാനത്തിന് ഭര്‍ത്താവ് നികുതി നല്‍കേണ്ടി വരുമോ. പലതരത്തിലുള്ള സംശയങ്ങളാണ് ഇതുസംബന്ധിച്ച് ഉള്ളത്.

ചിലപ്പോഴൊക്കെ ഭര്‍ത്താവിന്റെ വരുമാനത്തിന്റെ കൂടെ ഭാര്യയുടെ വരുമാനം കൂടി ചേര്‍ത്ത് നികുതി ചുമത്തും. സാധാരണഗതിയില്‍ നികുതി ചുമത്താനായി നികുതിദായകന്റെ വരുമാനം മാത്രമാണ് കണക്കിലെടുക്കുക.എന്നാല്‍ ചില പ്രത്യേക സാഹചര്യത്തില്‍ മറ്റുള്ളവരുടെ വരുമാനം കൂടി ചേര്‍ത്ത് കണക്കാക്കും. ഇതിനാണ് ക്ലബ്ബിങ് ഓഫ് ഇന്‍കം എന്നുപറയുന്നത്. മൈനറായ മക്കളുടെ വരുമാനവും ഇതേപോലെ ചിലപ്പോള്‍ ചേര്‍ക്കാറുണ്ട്. വകുപ്പ് 60 മുതല്‍ 64 വരെയുള്ള ഭാഗത്ത് ഇക്കാര്യം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഒരാള്‍ ഒരു ആസ്തിയില്‍ നിന്നുള്ള വരുമാനം ആസ്തിയുടെ ഉടമസ്ഥത കൈമാറ്റം ചെയ്യാതെ മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്താല്‍ വരുമാനം കൈമാറ്റം ചെയ്യുന്ന ആള്‍ക്ക് നികുതി ബാധ്യത വരും. ഉദാഹരണത്തിന് വീട് വാടകയ്ക്ക് നല്‍കിയതില്‍ നിന്ന് ലഭിച്ച വാടക വരുമാനം വീടിന്റെ ഉടമസ്ഥത കൈമാറ്റം ചെയ്യാതെ മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്താല്‍ വീട് ആരുടെ പേരിലാണോ ഉള്ളത് അയാള്‍ക്ക് നികുതി ബാധ്യത വരും.ഭാര്യയ്ക്ക് കിട്ടുന്ന പ്രതിഫലത്തിനും വരും ഭര്‍ത്താവിന് നികുതി ബാധ്യത. എങ്ങനെയെന്നല്ലേ. പറയാം

അടുത്ത ബന്ധുക്കളുടെ വരുമാനവും

നികുതി ദായകന്റെ ഭാര്യയ്ക്ക് ലഭിക്കുന്ന പ്രതിഫലം നികുതിദായകന്റെ വരുമാനത്തിന്റെ കൂടെ ക്ലബ് ചെയ്യുന്ന സാഹചര്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. വകുപ്പ് 64 (1) ല്‍ നിഷ്‌കര്‍ഷിക്കുന്ന പ്രത്യേക സാഹചര്യങ്ങളില്‍ ഭാര്യയുടെ പ്രതിഫലം ഭര്‍ത്താവിന്റെ വരുമാനത്തിന്റെ കൂടെ ക്ലബ് ചെയ്യും. ഭര്‍ത്താവിന് നിര്‍ണായകമായ പങ്കാളിത്തമുള്ള സ്ഥാപനത്തില്‍ ഭാര്യ ജോലിക്കാരിയാണെങ്കില്‍ ഭാര്യയ്ക്ക് ലഭിക്കുന്ന പ്രതിഫലം ഭര്‍ത്താവിന്റെ ശമ്പളത്തിന്റെ കൂടെ ക്ലബ് ചെയ്യും. നികുതി ദായകന് തനിച്ചോ ബന്ധുക്കളുമായി  ചേര്‍ന്നോ ഒരു കമ്പനിയില്‍ 20 ശതമാനത്തില്‍ കൂടുതല്‍ ഓഹരി പങ്കാളിത്തമുണ്ടെങ്കില്‍ ആ കമ്പനിയില്‍ അയാള്‍ക്ക് നിര്‍ണായകമായ പങ്കാളിത്തമുള്ളതായി കണക്കാക്കാം. കമ്പനിയിതര സ്ഥാപനങ്ങളിലാണെങ്കില്‍ 20 ശതമാനം ലാഭം ലഭിക്കുന്നുണ്ടെങ്കില്‍ അത്തരം സ്ഥാപനങ്ങളെയും ഇതേ രീതിയില്‍ കണക്കാക്കും. ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് ജിവിത പങ്കാളിക്ക് ലഭിക്കുന്ന പ്രതിഫലം ക്ലബ് ചെയ്യും. ജീവിത പങ്കാളിയുടെ പ്രതിഫലം മാത്രമല്ല, സഹോദരി, സഹോദരന്‍, പാരമ്പര്യ അവകാശി തുടങ്ങിയവര്‍ ജോലിചെയ്യുന്നുണ്ടെങ്കില്‍ അവരുടെ വരുമാനവും ക്ലബ്ബിങ്ങിനു വിധേയമാക്കും. എന്നാല്‍ മതിയായ യോഗ്യതകളുണ്ടെങ്കിലോ ഇത്തരം യോഗ്യതകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് നിയമനമെങ്കിലോ ഇതേപോലെ പ്രതിഫലം ക്ലബ് ചെയ്യില്ല. നിയമനത്തിന് നീതീകരണം ഉണ്ടായിരിക്കണം.

ഭാര്യയുടെ പേരിലേക്ക് ആസ്തി മാറ്റിയാലും രക്ഷയില്ല.

ഭാര്യയുടെ പേരിലേക്ക് ആസ്തി സമ്മാനം എന്ന പോലെ മാറ്റിയാലും ആ ആസ്തിയില്‍ നി്ന്നുണ്ടാകുന്ന വരുമാനം ഭര്‍ത്താവിന്റെ വരുമാനത്തിന്റെ കൂടെ ക്ലബ്ചെയ്യും. ഒാഹരി കടപ്പത്രം പോലുള്ള നിക്ഷേപങ്ങള്‍ ഭാര്യയുടെ പേരിലേക്ക് മാറ്റി എന്നുകരുതുക. ഇത്തരം ഓഹരിയില്‍ നിന്നോ ഡിബഞ്ചറില്‍ നിന്നോ ഉണ്ടാകുന്ന വരുമാനം ഭര്‍ത്താവിന്റെ വരുമാനത്തിന്റെ കൂടെ ക്ലബ് ചെയ്യും. ഇനി ഭാര്യയ്ക്ക് കുറച്ചു പണം കൊടുത്തു എന്നുകരുതുക. ഭാര്യ അതുപയോഗിച്ച് ഓഹരിയോ ഡിബഞ്ചറോ വാങ്ങിയെന്നും കരുതുക. ഇതില്‍ നിന്നുണ്ടാകുന്ന വരുമാനവും ഭര്‍ത്താവിന്റെ വരുമാനത്തിന്റെ കൂടെ ക്ലബ്ചെയ്യും. ഉടമ്പടിപ്രകാരമാണ് ആസ്തികള്‍ കൈമാറ്റം ചെയ്യപ്പെടുന്നതെങ്കില്‍ ക്ലബ്ബിങ് ഒഴിവാകും. വിവാഹത്തിനുമുമ്പാണ് ആസ്തികള്‍ കൈമാറ്റ ചെയ്യപ്പെട്ടതെങ്കില്‍ വിവാഹത്തിനുശേഷവും ക്ലബിങ് ഉണ്ടാകില്ല. ഇത്തരം വരുമാനം മകന്റെ ഭാര്യയ്ക്ക് കൈമാറ്റം ചെയ്താലും ക്ലബിങ് ഒഴിവാകില്ല. മൈനറായ മക്കളുടെ വരുമാനവും ക്ലബ് ചെയ്യപ്പെടും.

(ഇ മെയ്ല്‍ jayakumarkk8@gmail.com)

English Summary - WHen Husband will Pay Income Tax for Wife's Income

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA