പുതുശീലങ്ങളിലേക്ക് പ്രകാശം വിതറുന്ന ക്രിസ്മസ് ദീപങ്ങൾ

HIGHLIGHTS
  • അതിജീവനത്തിനായരംഭിച്ച ബിസിസന് മോഡല്‍ ഉപേക്ഷിക്കണോ?
stories-behind-christmas-carols
SHARE

നമ്മളാരും ഇതേവരെ നേരിട്ടിട്ടില്ലാത്ത ഒരു വലിയ പ്രതിസന്ധിക്കൊടുവിലാണ് ഇത്തവണ ക്രിസ്മസും പുതുവര്‍ഷവും വരുന്നത്. നീണ്ട ഒരു വര്‍ഷക്കാലത്തെ അരക്ഷിതാവസ്ഥയ്‌ക്കൊടുവില്‍ എത്തുന്ന ഈ നല്ലദിനങ്ങള്‍ അതുകൊണ്ട്തന്നെ എങ്ങും പരത്തുന്നത് പ്രത്യാശയുടെ പുതുവെളിച്ചം തന്നെ. വീടിനുമുകളില്‍ തെളിഞ്ഞുകത്തുന്ന ഓരോ നക്ഷത്ര വിളക്കിനും ഇതേവരെയില്ലാത്ത പ്രഭയാണ്. കോവിഡ് നമ്മുടെയൊക്കെ സാമ്പത്തികശീലത്തില്‍ വരുത്തിയ പൊളിച്ചെഴുത്തിനെ പ്രതിസന്ധി അകലുന്നതോടെ കൈവിടണോ. അതോ ഭാവിയില്‍ ഉണ്ടായേക്കാവുന്ന സമാന പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുതലും കാവലുമായി മാറ്റണോ. ഈ ക്രിസ്മസ് വേളയില്‍ അക്കാര്യത്തില്‍ കൂടി ഒരു തീരുമാനം എടുക്കണം മികച്ച സാമ്പത്തിക ഭാവി ആഗ്രഹിക്കുന്ന ഓരോരുത്തരും. കോവിഡ് കാലത്ത് ചില സുപ്രധാന തിരിഞ്ഞുനടത്തങ്ങള്‍ക്ക് നിര്‍ബന്ധിതരായല്ലോ നമ്മള്‍. അവയില്‍ പ്രധാനപ്പെട്ടതേതെന്നും അവയുടെ ഇനിയുള്ള പ്രസക്തിയെന്തെന്നും പരിശോധിക്കാം

1.ഷോപ്പിങ് വീട്ടുപരസിരത്ത് ആദ്യം, ശേഷം വീട്ടുമുറ്റത്ത്

വീട്ടില്‍ നിന്നിറങ്ങാന്‍ പറ്റാതിരുന്ന ദീര്‍ഘനാളുകള്‍. മാളുകള്‍ വിട്ട് വീട്ടുപരിസരത്തെ ചെറുകടകളെ എല്ലാത്തിനും ആശ്രയിച്ച കാലം. ഓണത്തിനുപോലും തുണിത്തരങ്ങളും വീട്ടുസാമാനങ്ങളും വീട്ടുമുറ്റത്ത് എത്തിച്ച ഓണ്‍ലൈന്‍ ഷോപ്പിങ് സ്ഥാപനങ്ങള്‍. മുല്ലപ്പൂ മുതല്‍ കോഴിയിറച്ചിവരെ ഡെലിവറി ബോയ്‌സ് കൊണ്ടുവന്നുതന്ന കാലം. ഇക്കാലയളവില്‍ നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ എന്താണ് മിസ് ചെയ്തത്. ഷോപ്പിങിലെ ഹരവും ത്രില്ലുമോ. അതെന്തായാലും പോക്കറ്റില്‍ നിന്ന് ചിലവായത് വളരെ കുറച്ചുമാത്രം. പഴയരീതിയേയും പുതിയ രീതിയേയും ഒന്നും താരതമ്യം ചെയ്യാന്‍ സമയമായില്ലേ? ഏതാണ് ഓരോരുത്തര്‍ക്കും മെച്ചമെന്ന് ഇനിയിപ്പോള്‍ എളുപ്പത്തില്‍ തീരുമാനിക്കാം. ചെറുകടകളോ മാളോ ഓണ്‍ലൈന്‍ സ്ഥാപനങ്ങളോ?

2. വരവും ചിലവും കൂട്ടിമുട്ടി കൊണ്ടേയിരുന്ന നാളുകള്‍

വരവും ചിലവും കൂട്ടിമുട്ടിക്കാന്‍ അല്‍ഭുത വിദ്യകളെന്തെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചു നടന്ന കാലം. വരവ് മൊത്തം നിലച്ചിട്ടും എങ്ങനെയാണ് ചിലവുകള്‍ എല്ലാം നടന്നത്? വരുമാനം വീണ്ടും വന്നു തുടങ്ങിയപ്പോള്‍ വീണ്ടും ബുദ്ധിമുട്ടു വന്നു തുടങ്ങുന്നതും കണ്ടു നാം. ഏതൊക്കെയായിരുന്നു അനാവശ്യ ചിലവുകള്‍ എന്ന് മനസിലായിട്ടുണ്ടാകുമല്ലോ. അതിലേക്ക് ഒരു തിരിച്ചുപോക്ക് വേണോ. ചില കാര്യങ്ങള്‍ ജീവിതത്തില്‍ നടന്നില്ലെങ്കില്‍ ഒരു ചുക്കും സംഭവിക്കില്ല എന്ന് ഇപ്പോള്‍ മനസിലായിട്ടുണ്ടാകുമല്ലോ. അപ്പോള്‍ ഭാവിയിലെ സാമ്പത്തികഭദ്രതയെ പിടിച്ചുലയ്ക്കുന്ന അത്തരം ചിലവുകള്‍, ശീലങ്ങളൊക്കെ ഈ ക്രിസ്മസ് രാവില്‍ നമുക്ക് ഉപേക്ഷിയ്ക്കാം. 

3. പെട്ടെന്ന് ജോലിയില്ലാതായാല്‍, വരുമാനം നിലച്ചുപോയാല്‍

ശമ്പളവരുമാനക്കാരായ ഇടത്തരക്കാരുടെ എന്നത്തെയും പേടിസ്വപ്‌നമാണ് ഇത്. അതിനും നാം സാക്ഷ്യം വഹിച്ചു. ഒരുവാതില്‍ അടയുമ്പോള്‍ നൂറുവാതിലുകള്‍ വേറെ തുറക്കപ്പെടുമെന്ന് പറയുന്നത് സത്യമാണ് എന്നും നാം മനസിലാക്കി. ടാക്‌സി ഓടിച്ചിരുന്നവര്‍ ഓട്ടമില്ലാതായതോടെ ഭാര്യയുണ്ടാക്കിയ അടുക്കള വിഭവങ്ങള്‍ സ്വന്തം കാറില്‍ കുത്തിനിറച്ചു. കാറിനെ ഒരു ചെറുബേക്കറിയാക്കി. റോഡരികില്‍ പാര്‍ക്ക് ചെയ്ത് വില്‍പ്പന നടത്തി വരുമാനമുണ്ടാക്കി. ഹോട്ടലുകള്‍ അടച്ചുപൂട്ടിയപ്പോള്‍ പാചകക്കാര്‍ കേക്കും കറികളും ഉണ്ടാക്കി വിറ്റു. ഹൗസ് ട്യൂഷന്‍ എടുത്തിരുന്നവര്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയും യൂട്യൂബ് ക്ലാസുകളിലൂടെയും വരുമാനം ഇരട്ടിയാക്കി. ഇപ്പോള്‍ പലതും സാധാരണ നിലയിലായി. നിന്നുപോയ പല പഴയ ജോലികളും തിരികെ വന്നു. അതിജീവനത്തിനായി തുടക്കമിട്ട ബിസിസന് മോഡല്‍ ഉപേക്ഷിച്ചുകളയണോ. അതോ തുടര്‍ന്നുപോണോ. ഈ പുതുവര്‍ഷത്തില്‍ അക്കാര്യത്തില്‍ കൂടി ഒരു ഉറച്ച തീരുമാനം എടുക്കാം.

4. കൂട്ടായി നിന്നത് ഏതു നിക്ഷേപം

ശ്വാസം നിലയ്ക്കും പോലെ വരുമാനം നിലച്ചുപോയപ്പോള്‍ കരൂതലായത് നിങ്ങള്‍ നേരത്തെ നടത്തിയ ഏതു നിക്ഷേപമാണ്. ഓഹരിയോ മ്യൂച്വല്‍ ഫണ്ടോ സ്വര്‍ണമോ ബാങ്ക് നിക്ഷേപമോ ചിട്ടിയോ ? ഇതിലേതെങ്കിലുമൊന്നോ അതോ എല്ലാമോ. അതോ തുണയായി നില്‍ക്കാന്‍ ഇവയില്‍ ഒന്നില്‍ പോലും നിങ്ങള്‍ നിക്ഷേപിച്ചിട്ടേയില്ലായിരുന്നോ. എവിടെയെങ്കിലും കുറച്ച് പണം നിക്ഷേപിച്ചിരുന്നു എങ്കില്‍ ഈ ആപത്തുകാലത്ത് തുണയായി മാറുമെന്ന് മനസിലായിട്ടുണ്ടാകുമല്ലോ. എങ്കില്‍ കാര്യങ്ങള്‍ ശരിയായി വരുന്ന ഈ പുതുവര്‍ഷത്തില്‍ അതിന് തുടക്കമിടാം.

5. ഐ ലവ് മൈസെല്‍ഫ്

ഒരു മനുഷ്യന്‍ അവന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് അവനവനെത്തന്നെയാണ് എന്ന് പറയാറുണ്ടല്ലോ. അതുകഴിഞ്ഞേ മറ്റാരുമുള്ളൂ. എന്നാല്‍ ഈ കോവിഡ് കാലം അതിന് മാറ്റം വരുത്തിയിട്ടുണ്ടാകുമല്ലോ. ചുറ്റുമള്ളവര്‍ നിങ്ങള്‍ക്ക് നല്‍കിയ കരുതലും സ്‌നേഹവും ഒരു പക്ഷേ ഇപ്പോഴാകും നമുക്കോരോരുത്തര്‍ക്കും മനസിലായിട്ടുണ്ടാകുക. എന്താണ് അത് നിങ്ങളെ പഠിപ്പിച്ച പുതിയ പാഠം. ജീവിതം പതിയെ പഴയതു പോലെയാകുമ്പോള്‍ കിട്ടിയ സ്‌നഹത്തെയും പരിചരണത്തെയും ഊര്‍ജമാക്കി മാറ്റുക.

6. സംരക്ഷണം വേണ്ടേ

കോവിഡ് പ്രതിരോധ കവചത്തിനായി ഇന്‍ഷുറന്‍സ് വാങ്ങാന്‍ മല്‍സരമായിരുന്നല്ലോ. ടേം ഇന്‍ഷുറന്‍സ് എടുത്താല്‍ കോവിഡ് മരണത്തിന് കവറേജ് കിട്ടുമോ എന്നതായിരുന്നല്ലോ വലിയ സംശയം. രോഗവ്യാപനത്തിന്റെ തീവ്രത കുറയുന്നു. കോവിഡ് വാക്‌സിന്‍ എത്തുവാന്‍ പോകുന്നു. ഇനി ഒന്നും പേടിക്കേണ്ട എന്ന നിലയിലായിരിക്കുന്നു പലരും. പേടിയൊഴിയുമ്പോള്‍ ഇന്‍ഷുറന്‍സിനെ കയ്യൊഴിയുകയും പേടിവരുമ്പേള്‍ വീണ്ടും പുണരുകയും ചെയ്യുന്ന ശീലം ഒഴിവാക്കാം. ശുദ്ധമായ കവറേജ് നല്‍കുന്ന പരമ്പരാഗത പോളിസികളെ വഴിയില്‍ ഉപേക്ഷിക്കേണ്ട.

അങ്ങനെ കോവിഡ് കാലത്ത് കണ്ടതും കോവിഡ് കാണിച്ചുതന്നതുമെല്ലാം ഒന്നുകൂടി വിശകലനം ചെയ്യാം. ജീവിതകാലം മുഴുവന്‍ പിന്തുടരേണ്ട നിരവധി സാമ്പത്തിക ശീലങ്ങള്‍ അത് വെളിവാക്കും. അവയില്‍ ശരിയെന്നും യുക്തമെന്നും തോന്നുന്നത് തുടരാം എന്ന തീരുമാനം ഈ ക്രിസ്മസ് നാളുകളില്‍ എടുക്കം.

(ലേഖകന്റെ ഇ മെയ്ല്‍ jayakumarkk8@gmail.com)

English Summary : Financial Planning During X Mas New Year Days

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA