2021 ല്‍ പണി പാളുമോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്ന കെണികള്‍

HIGHLIGHTS
  • ഇപ്പോഴത്തെ പ്രതിസന്ധി മുതലെടുക്കാന്‍ കെണിയൊരുക്കി കാത്തിരിക്കുകയാണ് ചിലര്‍
2021-1
SHARE

ഏതു പ്രതിസന്ധി വന്നാലും ഓ ഇതൊക്കെ എത്ര കണ്ടതാണ് എന്നതായിരുന്നു ഇതുവരെയുള്ള നമ്മുടെ മട്ട്. എന്നാല്‍ ഇപ്പോള്‍ പണി പാളിയല്ലോ എന്ന വിചാരത്തിലാണ് എല്ലാവരും. രാരീരം പാടിയുറക്കാന്‍ ആരുമില്ലല്ലോ എന്നതിന്റെ നിരാശ ഒരുവശത്ത്. എല്ലാ തിരിച്ചടികളെയും അതിജീവിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകണം എന്ന കടുത്ത വാശി മറുവശത്ത്. ഇതിനിടയില്‍ തുറിച്ചുനോക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍. കണ്ണടച്ചാല്‍ ഉറക്കം വരുന്നില്ല. വാട്‌സാപില്‍ ആരുമില്ല. മുറിയില്‍ തനിച്ചാണ്. കൂട്ടില്ല. വെള്ളം കുടിക്കാന്‍ ഒടുക്കത്തെ ദാഹം. കതകൊന്നു തുറക്കാന്‍ പേടി. എന്തൊരുവിധി. ഇനിയെന്തുചെയ്യും. ഇതുവരെ ഇല്ലാതിരുന്ന മനോവിചാരങ്ങളുമായാണ് നാമെല്ലാം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. കോവിഡ്, പ്രളയം, ചുഴലിക്കാറ്റ്, ഷിഗെല്ല..ദുരന്തങ്ങള്‍ ഏറ്റുവാങ്ങാന്‍ മനുഷ്യജീവിതം പിന്നെയും ബാക്കി. ദുരന്തങ്ങള്‍ പുത്തരിയല്ലെങ്കിലും അതിങ്ങനെ കിം..കിം.കിം എന്നമട്ടില്‍ ഒന്നിനുപുറകെ ഒന്നായി ഒരൊറ്റ കലണ്ടര്‍ വര്‍ഷത്തില്‍ വന്നുനിറയുന്നത് ഇതാദ്യം.

കരകയറ്റം എപ്പോൾ

ഭാവിയെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥയും കടുത്ത സാമ്പത്തിക പിരിമുറുക്കങ്ങളും ഇക്കാലയളവില്‍ ഏറെക്കുറെ എല്ലാവരും ഒരുമിച്ച് അനുഭവിച്ചു. ആകെയുള്ള ആശ്വാസം ഇതെനിക്ക് മാത്രമുള്ളതല്ലല്ലോ, എല്ലാവര്‍ക്കും ഇങ്ങനെ തന്നെയാണല്ലോ എന്നതായിരുന്നു. എന്നാല്‍ ഇപ്പോൾ ആ ആശ്വസവും ഇല്ലാതായിരിക്കുന്നു. കാരണം ഈ പ്രതിസന്ധിയില്‍ നിന്നുള്ള കരകയറ്റം എല്ലാവര്‍ക്കും ഒരേപോലെ സാധിക്കുന്നില്ല. ചിലര്‍ ഇപ്പോഴും പ്രതിസന്ധിയില്‍ തുടരുന്നു. മറ്റുചിലര്‍ കരകയറാന്‍ നടത്തുന്ന ശ്രമങ്ങള്‍ പാഴാകുന്നു. ചുരുക്കം ചിലര്‍ക്ക് മാത്രം പഴയ പ്രതാപകാലത്തേക്ക് മടങ്ങിയെത്താന്‍ കഴിയുന്നു. തൊഴില്‍ നഷ്ടപ്പട്ടവരില്‍ ഭൂരിഭാഗവും ഇപ്പോഴും തൊഴില്‍ രഹിതരായി തുടരുന്നു. നഷ്ടപ്പെട്ട ബിസിനസ് വീണ്ടെടുക്കാനാവാതെ ഉഴലുന്നവരും അനവധി. പണം, വരുമാനം, ലാഭം എന്നിവ എങ്ങനെയും നേടണം, വീണ്ടെടുക്കണം എന്ന ആഗ്രഹം നിലനില്‍പ്പിനായി അനിവാര്യമാകുകയാണ് ഭൂരിഭാഗത്തിനും. ഈ അവസരം മുതലെടുക്കാന്‍ കെണിയൊരുക്കി കാത്തിരിക്കുകയാണ് ചിലര്‍. അതിനെതിരെയുള്ള ജാഗ്രതയാണ് 2021ല്‍ എല്ലാവര്‍ക്കും വേണ്ടത്. ഏതൊക്കെ സാമ്പത്തിക കെണികളാണ് 2021ല്‍ വ്യാപകമാകാന്‍ സാധ്യതയുള്ളതെന്ന് പരിശോധിക്കാം.

1.വായ്പ കെണി

ഈ കെണിയില്‍ ഇപ്പോള്‍ തന്നെ പലരും വീണുകഴിഞ്ഞു. ഇന്‍സ്റ്റന്റ് വായ്പ. അതും മൊബൈല്‍ ആപ് വഴി. ആരുടെ അടുത്തും പോകേണ്ട. ചിലപ്പോള്‍ അപേക്ഷ പോലും നല്‍കേണ്ടിവരില്ല. അക്കൗണ്ടില്‍ പണം വന്നുനിറയും. എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നം എന്ന് പറയുമായിരുന്നു കോവിഡിന് മുമ്പുള്ള കാലത്ത്. എന്നാല്‍ ഇപ്പോള്‍ അത് യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഇങ്ങനെ വായ്പ എടുത്തവര്‍ ഇപ്പോള്‍ അതിന്റെ ഊരാക്കുടുക്കില്‍ പെട്ട് നട്ടം തിരിയുകയാണ്. നിങ്ങളുടെ വായ്പ അനുവദിച്ചിരിക്കുന്നു. പണം അക്കൗണ്ടിലെത്താന്‍ ഈ ലിങ്കില്‍ ഒന്ന് ക്ലിക്ക് ചെയ്താല്‍ മാത്രം മതി എന്ന മട്ടിലുള്ള മെസേജുകള്‍ വന്ന് നിറയുകയാണ്. വായ്പ നല്‍കുക എന്നത് ലോകത്ത് ഏറ്റവും റിസ്‌ക് പിടിച്ച പണിയാണ്. ആരും എപ്പോള്‍ വേണമെങ്കിലും സാമ്പത്തികമായി തകര്‍ന്ന് പോകാന്‍ എല്ലാ സാധ്യതയുമുള്ള ഈ കോവിഡ് കാലത്ത് പ്രത്യേകിച്ചും. വലിയ സാമ്പത്തിക അടിത്തറയുള്ളവര്‍ക്ക് പോലും ബാങ്കുകള്‍ വായ്പ നല്‍കാന്‍ മടിക്കുന്ന ഈ കാലത്താണ് ഏതാനും സര്‍ട്ടിഫിക്കറ്റുകളുടെ മാത്രം പിന്‍ബലത്തില്‍ ഇന്‍സ്റ്റന്റ് വായ്പ നല്‍കാന്‍ ചിലര്‍ മുന്നോട്ടുവന്നിരിക്കുന്നത്. അവര്‍ പക്ഷേ ഈടായി എടുക്കുന്നത് നമ്മുടെ സ്വകാര്യതയാണ് എന്നകാര്യം നാമെല്ലാം മറന്നുപോകുന്നു. ആ സ്വകാര്യതയില്‍ വിലപേശി വായ്പ തന്നതിന്റെ നാലിരട്ടി ഈടാക്കാന്‍ വലയൊരുക്കി കാത്തിരിക്കുന്ന ഇന്‍സ്റ്റന്റ് വായ്പ കെണിയില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കണം.

2. ലാഭക്കെണി

ഏറെക്കുറെ എല്ലാ നിക്ഷേപമാര്‍ഗങ്ങളിലും നിന്നുള്ള ലാഭം വളരെ കുറഞ്ഞകാലം. കൂടുതല്‍ ലാഭമുള്ള നിക്ഷേപമാര്‍ഗങ്ങള്‍ ഏതെങ്കിലുമുണ്ടോ എന്ന് ആത്മാര്‍ത്ഥമായും എല്ലാവരും ആഗ്രഹിച്ചുപോകുന്ന കാലം. വലിയ ലാഭം കുറഞ്ഞ സമയത്തിനുള്ളില്‍ വാദ്ഗാനം ചെയ്യുന്ന നിക്ഷേപ പദ്ധതികളുമായി തട്ടിപ്പുകാര്‍ രംഗത്തിറങ്ങാന്‍ ഏറ്റവും സാധ്യതയുള്ള കാലമാണ് ഇത്. പിന്നീട് പശ്ചാത്തപിക്കാന്‍ പാകത്തില്‍ എല്ലാവരും ഉള്ളതെല്ലാം വിറ്റുപെറുക്കി ഇത്തരം സ്‌കീമില്‍ നിക്ഷേപിച്ചുപോകും. സാഹചര്യം അതാണ്. ഒരുവര്‍ഷമായി നഷ്ടങ്ങളുടെ കഥമാത്രമല്ലേ കേള്‍ക്കാനുള്ളൂ. പക്ഷേ  നിക്ഷേപിക്കാന്‍ പണം മുടക്കുന്നവര്‍ ഒരിക്കലും മറക്കരുതാത്ത ഒരു കാര്യമുണ്ട്. മുതല്‍ ഒട്ടും  നഷ്ടപ്പെടാതെ കിട്ടാന്‍ സാധ്യതയുള്ള  ഏറ്റവും കൂടുതല്‍ ലാഭം എത്രയാണ് ഇന്ത്യയില്‍ എന്നറിയാമോ. ബാങ്ക് പലിശനിരക്ക്. അതില്‍ കൂടുതല്‍ വേണമെങ്കില്‍ അതിനനുസരിച്ച് റിസ്‌ക് എടുക്കണം എന്നുമാത്രം. ഏറ്റവും വലിയ സാമ്പത്തിക അടിത്തറയുള്ള ബാങ്കാണ് നിക്ഷേപത്തിന് ഏറ്റവും കുറവ് പലിശ നല്‍കുക. കാരണം അവര്‍ക്ക് നിങ്ങളുടെ പണം അത്ര ആവശ്യമില്ല. സാമ്പത്തിക അടിത്തറ ദുര്‍ബലമാകുന്നതിന് അനുസരിച്ച് കൂടുതല്‍ പണം വേണ്ടിവരും. അപ്പോള്‍ അവര്‍ കൂടുതല്‍ പലശ നല്‍കി നിങ്ങളെ ആകര്‍ഷിക്കും. ഏഴ് ശതമാനം മാത്രം  ബാങ്ക് പലിശ ഉള്ളപ്പോള്‍ 25–30 ശതമാനം പലിശ ഒരു സ്ഥാപനം നല്‍കാം എന്നുപറയുമ്പോള്‍ ഓര്‍ക്കുക അതിന്റെ സാമ്പത്തിക അടിത്തറ എത്ര ദുര്‍ബലമായിരിക്കുമെന്ന്.

3. മാജിക് ഫോര്‍മുലകള്‍

പണം കായ്ക്കുന്ന മാജിക് ഫോര്‍മുലകളുമായി വൈവിധ്യമാര്‍ന്ന ബിസിനസ് മോഡലുകളും പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്. കൃഷി, ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍, കോവിഡ് പ്രതിരോധ ഔഷധം തുടങ്ങി ഉല്‍പ്പന്നവും സേവനവും എന്തുമാകാം. ഇക്കൂട്ടത്തില്‍ നല്ലതും ചീത്തയുമുണ്ടാകാം. നല്ലത് കണ്ടെത്താന്‍ കഴിഞ്ഞാല്‍ മാത്രം മുന്നോട്ടുപോകാം. നല്ലതായിരിക്കില്ല നിങ്ങളെ തേടിവരിക. നല്ലതിനെ നിങ്ങള്‍ തേടി കണ്ടുപിടിക്കണം. അതിനല്‍പ്പം മിനക്കെടണം.

4. കാര്യമാകുന്ന ഓണ്‍ലൈന്‍ കളികള്‍

പണിപാളാതിരിക്കാന്‍, സമയം കൊല്ലാന്‍ തുടങ്ങുന്നതാണ് ഓണ്‍ലൈന്‍ കളികള്‍. ഒടുവില്‍ അത് കാര്യമാകും. ആദ്യമാദ്യം നല്ല ലാഭം കിട്ടിത്തുടങ്ങും. അപ്പോള്‍ ഹരം കയറും. പിന്നെ ഉള്ളതെല്ലാം വെച്ച് കളിക്കും. എല്ലാം നഷ്ടപ്പെട്ടാല്‍ വാശി കൂടും. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാന്‍. അപ്പോള്‍ കടം വാങ്ങിയും കളി തുടങ്ങും. ഒടുവില്‍ എന്തു സംഭവിക്കുമെന്നറിയാന്‍ ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ മാത്രം മതി. 

കെണികള്‍ മാത്രമല്ല 2021 മുന്നോട്ടുവയ്ക്കുന്നത്. ഒരു വലിയ പ്രതിസന്ധിക്കുശേഷമുള്ള സമയത്ത് തുറക്കപ്പെടുന്നത് അവസരങ്ങളുടെ വലിയ വാതായനമാണ്. ബിസിനസ് ആയാലും തൊഴില്‍ ആയാലും മനസുവെച്ചാല്‍ നഷ്ടപ്പെട്ടതെല്ലാം നേടിയെടുക്കാനുള്ള അവസരങ്ങള്‍ നിരവധിയുണ്ട്. സമീപനത്തിലും മനോഭാവത്തിലും അല്‍പ്പം മാറ്റം വരുത്തി മുന്നിലെ വെല്ലുവിളികളെ പോലും അവസരമാക്കി നേട്ടമുണ്ടാക്കുന്നവരുടെ വര്‍ഷം കൂടി ആയിരിക്കും 2021. 

(പേഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍. ഇ മെയ്ല്‍ jayakumarkk8@gmail.com)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA