നിക്ഷേപത്തിന് നിധി നൽകും 10 ശതമാനം പലിശ

HIGHLIGHTS
  • അംഗങ്ങൾക്കു മാത്രമേ നിക്ഷേപിക്കാനും പണം പിന്‍വലിക്കാനും സാധിക്കൂ
money-1200
SHARE

കൈയിലുള്ള  പണം എങ്ങനെ സുരക്ഷിതമായി നിക്ഷേപിച്ച് നേട്ടമുണ്ടാക്കാം എന്നാണ് മിക്കവരുടെയും ചിന്ത. നിക്ഷേപത്തിന് മികച്ച വരുമാനം നൽകുന്നവയാണ് നിധി കമ്പനികൾ. മിനിസ്ട്രി ഓഫ് കോ–ഓപ്പറേറ്റീവ് അഫയേഴ്സിനു കീഴിൽ കമ്പനി ആക്ട് 2013 അനുസരിച്ച് റജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന പബ്ലിക് ലിമിറ്റഡ് കമ്പനികളാണ് നിധി ലിമിറ്റഡ് കമ്പനികൾ. 2014 ലെ നിധി റൂൾസ് ഇവയ്ക്കു ബാധകമാണ്. 

ഇവയുടെ പേരിന്റെ അവസാന ഭാഗത്ത് ‘നിധി ലിമിറ്റഡ്’ എന്നു ചേർക്കണമെന്നു നിയമത്തിൽ വ്യവസ്ഥയുണ്ട്. കേരളത്തിൽ ഇത്തരത്തിലുള്ള ഒട്ടേറെ കമ്പനികൾ പ്രവർത്തിക്കുന്നു.

ഇതൊരു പബ്ലിക് ലിമിറ്റഡ് കമ്പനിയാണ്. അതുപോലെ ആർബിഐ നിയമങ്ങൾ ബാധകവുമാണ്. അതുകൊണ്ടുതന്നെ നിക്ഷേപ സുരക്ഷയുടെ കാര്യത്തിൽ സ്വകാര്യസ്ഥാപനങ്ങളുടെ അത്രയും പേടി വേണ്ട. എങ്കിലും സുരക്ഷ, ലിക്വിഡിറ്റി, റിട്ടേൺ എന്നിവ കൃത്യമായി അന്വേഷിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപം നടത്തുക. മൂന്നു ഡയറക്ടർമാർ, 7 മെംബേഴ്സ്, 5 ലക്ഷം രൂപയുടെ ഓഹരി മൂലധനം എന്നിവ ഉണ്ടെങ്കിൽ നിയമവിധേയമായി നിധി ലിമിറ്റഡ് കമ്പനികൾ ആരംഭിക്കാം. തുടങ്ങി ഒരു വർഷത്തിനകം തന്നെ 200 അംഗങ്ങളെ ചേർത്തിരിക്കണമെന്നു വ്യവസ്ഥയുണ്ട്. ഓഹരികൾ വാങ്ങിയ ഷെയർ ഹോൾഡർമാരാകണം ഈ അംഗങ്ങൾ. 

അംഗങ്ങൾക്കു മാത്രം

അംഗങ്ങളിൽനിന്നു മാത്രം നിക്ഷേപം സ്വീകരിക്കുകയും അവർക്കു മാത്രം വായ്പ കൊടുക്കുകയും ചെയ്യുന്നുവെന്നതാണ് നിധി ലിമിറ്റഡ് കമ്പനികളുടെ പ്രത്യേകത. ഈട് വാങ്ങിയുള്ള വായ്പകൾ മാത്രമേ ഇവർ നൽകുന്നുള്ളൂ. നിക്ഷേപമായി സ്വീകരിക്കുന്ന തുകയുടെ 10 ശതമാനം ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽ നിക്ഷേപിക്കണമെന്നും വ്യവസ്ഥയുണ്ട്. 

18 വയസ്സു കഴിഞ്ഞവർക്ക് 10 ഓഹരികളെങ്കിലും വാങ്ങി നിധി കമ്പനിയിൽ അംഗത്വമെടുക്കാം. 

നിയമമനുസരിച്ച് പരമാവധി 12.5 ശതമാനം വരെ പലിശ നൽകാമെങ്കിലും ശരാശരി 10 ശതമാനം വരെ പലിശ നിധി കമ്പനികൾ സ്ഥിരനിക്ഷേപങ്ങൾക്ക് നൽകുന്നു. മുതിർന്ന പൗരന്മാർക്ക് അര ശതമാനം പലിശ കൂടുതൽ ലഭിക്കാം. ആറു മാസം മുതൽ ഒരു വർഷം വരെ 8 ശതമാനവും 1–5 വർഷം 9 ശതമാനവും ഭേദപ്പെട്ട നിരക്കാണ്. ഒരു നിധി കമ്പനിയുടെ പലിശ നിരക്ക് അല്ല മറ്റൊരിടത്ത്. അതുകൊണ്ട് പലയിടത്തും അന്വേഷിച്ച് നിബന്ധനകൾ മനസ്സിലാക്കി പലിശ നിരക്ക്, മാനേജ്മെന്റ് തുടങ്ങിയവ വിലയിരുത്തി മാത്രം നിക്ഷേപിക്കുക.

സ്ഥിരനിക്ഷേപം  തുടങ്ങും മുൻപ് 

∙നിധി ലിമിറ്റഡ് കമ്പനികളിൽ 6 മാസം മുതൽ പരമാവധി 5 വർഷം വരെ സ്ഥിരനിക്ഷേപം സാധ്യമാണ്.

∙നിക്ഷേപിച്ച ആദ്യ മൂന്നു മാസത്തിനുള്ളിൽ തുക തിരിച്ചെടുക്കാനാവില്ല.

∙മൂന്നു മുതൽ 6 മാസം വരെ കാലയളവിൽ പിൻവലിച്ചാൽ ഒരു രൂപ പോലും പലിശയും കിട്ടില്ല.

∙6 മാസം മുതൽ 5 വർഷത്തിനുള്ളിൽ പിൻവലിച്ചാൽ ആനുപാതികമായാണ് പലിശയിൽ കുറവു വരുന്നത്.

∙നിക്ഷേപകന്റെ മരണം മൂലമാണ് പിൻവലിക്കുന്നതെങ്കിൽ മേൽപറഞ്ഞ റിഡക്ഷനും ഉണ്ടാകില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA