പൊതുക്കടം: ബജറ്റിൽ കാഴ്ചപ്പാടു വേണം, ചെറുകിടക്കാരെ സർക്കാർ കാണാതെ പോകരുത്

HIGHLIGHTS
  • പൊതുക്കടം റവന്യു ചെലവിലേയ്ക്കു മാത്രം പോകുന്ന അവസ്ഥ മാറണം
1200-kerala-cm-pinarayi-vijayan
SHARE

പൊതുക്കടം ഉപയോഗിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാർ കൃത്യമായ കാഴ്ചപ്പാടു രൂപീകരിക്കേണ്ടതുണ്ട്. പൊതു കടം കൂടുന്നതുകൊണ്ട് ഒരു പ്രശ്നവുമില്ല. എന്നാലത് കൃത്യമായി റവന്യു ചെലവിലേയ്ക്കു മാത്രം പോകുന്ന അവസ്ഥയിൽ നിന്നു മാറ്റമുണ്ടാകണം. 67 ശതമാനം റവന്യു ചെലവിന് കടം വാങ്ങുന്നുണ്ടെങ്കിൽ അതു കുറച്ചു കൂടി താഴ്ത്തി 50, 54 ശതമാനത്തിലേയ്ക്കു കൊണ്ടു വരുന്നതിനുള്ള മുൻകൂട്ടിയുള്ള കാഴ്ചപ്പാടു രൂപീകരിക്കണം. അതു വളരെ പെട്ടെന്നു ചെയ്യാവുന്ന ഒന്നല്ല. അഞ്ചു മുതൽ പത്തു വർഷം വരെ എടുത്തു രൂപീകരിക്കേണ്ട ഒരു കാഴ്ചപ്പാടാണ്. അത് കൃത്യമായി വിലയിരുത്തുകയും പൊതുക്കടം ഉൽപാദനത്തിലേയ്ക്കും സമ്പത്ത് രൂപീകരണത്തിലേയ്ക്കും പോകുന്ന രീതിയിൽ വരുമാനം മെച്ചപ്പെടുത്തുകയും അതിലൂടെ വരുമാനം വർധിപ്പിച്ച് വായ്പാ തിരിച്ചടവ് നടത്തുന്നതിനുള്ള നിലപാട് എടുക്കുകയും ചെയ്യാമെങ്കിൽ ബജറ്റ് കുറച്ചു കൂടി സംസ്ഥാനത്തിനു ഗുണകരമായിരിക്കും. 

സർക്കാരിന്റെ ബജറ്റ് അവതരണ വേളയ്ക്കു മുമ്പായി നടക്കുന്ന ചർച്ചകളിൽ വിലയിരുത്തപ്പെടേണ്ടത് രണ്ടു കാര്യങ്ങളാണ്. സ്ഥിരമായി നമ്മൾ പിന്തുടർന്നു വന്ന ഫിനാൻഷ്യൽ മാനേജ്മെന്റ് എത്രത്തോളം വിജയകരമാക്കാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട് എന്നതാണ് ആദ്യത്തേത്. അനിതരസാധാരണമായ ഒരു സാഹചര്യം ഉണ്ടായപ്പോൾ അതിനെ എങ്ങനെ നേരിട്ടു, അതിജീവിക്കാൻ നമ്മൾ ബജറ്റിൽ എന്തു ചെയ്യും എന്നതാണ് അടുത്തത്. 

 സങ്കീർണ പ്രക്രിയ

ഈ ബജറ്റിന്റെ സാഹചര്യത്തിൽ നമ്മൾ പ്രത്യേകിച്ച് മനസിലാക്കേണ്ട ഒരു കാര്യം കോവിഡിന്റെ കാലത്തിൽ ലോകം മുഴുവൻ പ്രതിസന്ധിയിലാണ്. കേരളത്തിനു മാത്രമുള്ള ഒരു പ്രതിസന്ധിയായി കാണാനാവില്ല. ഇന്ത്യയിലും അതു തന്നെയാണ്. കേരളം വരുമാനം കുറഞ്ഞു നിൽക്കുകയും ചെലവ് കൂടി നിൽക്കുകയും ചെയ്യുന്ന ഒരു സംസ്ഥാനം എന്ന നിലയിൽ, വരുമാന ഉറവിടങ്ങൾ പരിമിതപ്പെട്ടു നിൽക്കുമ്പോൾ ഫിനാൻഷ്യൽ മാനേജ്മെന്റ് എന്നത് വളരെ സങ്കീർണമായ ഒരു പ്രക്രിയയാണ്. ഇത് ധനകാര്യ വിദഗ്ധർ പറയും പോലെ കേവലം ഒരു വരുമാനം – ചെലവ് മാനേജ്മെന്റിന്റെ മാത്രം പ്രശ്നമായി കാണാനാവില്ല. അതിനപ്പുറം ഉൽപാദന മേഖലയെ സജീവമാക്കുന്നതിൽ വന്നിട്ടുള്ള വീഴ്ചകളാണ് കാണേണ്ടത്. ഉദാഹരണമായി 1970 കൾ മുതൽ എടുത്താൽ അപ്പോൾ മുതൽ കാണുകയും 80കളിൽ രൂക്ഷമാകുകയും ചെയ്ത സാമ്പത്തിക വികസന പ്രതിസന്ധി നമുക്ക് ഉണ്ടായിട്ടുണ്ട്. പിന്നെയങ്ങോട്ട് സാമ്പത്തിക വികസനം വളരെ കുറഞ്ഞ നിലയിലായിരുന്നു. പല സാഹചര്യത്തിൽ ഒരു ശതമാനം വളർച്ച മാത്രം നേടിയിട്ടുള്ള സാഹചര്യമുണ്ടായിട്ടുണ്ട്. 

ഉൽപാദന മേഖല

കാർഷിക വ്യവസായിക മേഖലയ്ക്ക് ഊന്നൽതുടർന്ന് 87, 88കളിലാണ് ഒരു മാറ്റമുണ്ടായിട്ടുള്ളത്. അങ്ങനെ വന്നപ്പോൾ ഉൽപാദന മേഖലയിൽ, പ്രത്യേകിച്ച് കാർഷിക വ്യാവസായിക മേഖലയിൽ ഉണർവ് വരുത്താൻ സാധിച്ചിട്ടില്ല. വികസനത്തിൽ ഘടനാപരമായ മാറ്റമുണ്ടാക്കിക്കൊണ്ട് സേവന മേഖലയിൽ കൂടുതൽ ഊന്നൽ നൽകുന്ന ഒരു പ്രത്യേകതയുണ്ടായി. തുടർന്നും ചെയ്യേണ്ടിയിരുന്നത് കാർഷിക വ്യവസായിക മേഖലയ്ക്ക് ഊന്നൽ നൽകുക എന്നതായിരുന്നു. അതുണ്ടായില്ല. എന്നാൽ കഴിഞ്ഞ വർഷത്തെ സാമ്പത്തിക അവലോകനത്തിലാണ് ചെറിയൊരു പ്രകാശം കാണാനായത്. അതിൽ നിർമാണ മേഖലയ്ക്ക് ഗുണപരമായ ഒരു മാറ്റം ഉണ്ടാകുന്നു എന്ന ധ്വനി അതിലുണ്ടായിരുന്നു. അതു കഴിഞ്ഞ് പ്രളയ സാഹചര്യമുണ്ടായി, ഒപ്പം കോവിഡ് പ്രതിസന്ധിയും. അതുകൊണ്ടുതന്നെ ഉൽപാദന മേഖലയ്ക്ക് ഗുണമുണ്ടായിട്ടില്ല എന്നു വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം അവതരിപ്പിച്ച സാമ്പത്തിക സർവേ.

എംഎസ്എംഇ മേഖല നന്നായി ശ്രദ്ധിക്കേണ്ട സാഹചര്യമാണ്. വ്യാവസായിക മേഖലയിൽ മാത്രമല്ല, സേവന മേഖലയിൽ വരുന്ന വ്യാപാരം, ഹോട്ടൽ ആൻഡ് റസ്റ്ററന്റ്സ് മേഖലയിലെല്ലാം എംഎസ്എംഇ യൂണിറ്റുകൾ കാണാം. ഇതിൽ 98 ശതമാനവും സൂക്ഷ്മ സംരംഭങ്ങളാണ്. ഇവയുടെ പ്രവർത്തന മൂലധനത്തെയും പ്രവർത്തനത്തെയും പ്രതികൂലമായി ബാധിച്ചത് വലിയ പ്രശ്നങ്ങളുണ്ടാക്കി. വരുന്ന ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അവിടെയാണ്. കേവലം വരുമാനം, ചെലവ് എന്ന പ്രക്രിയയെ പരിഗണിക്കണമെങ്കിലും അതിനേക്കാൾ പതിൻമടങ്ങ് ശ്രദ്ധ പുലർത്തേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ എംഎസ്എംഇ മേഖലയുടെ പുനരുദ്ധാരണത്തിനും വളർച്ചയ്ക്കും വേണ്ടിയാണ്.

യുവാക്കളെ ആകർഷിക്കണം

ഇതിന് രണ്ടു രീതിയിൽ തന്ത്രങ്ങൾ പിന്തുടരേണ്ടതുണ്ട്. യുവാക്കളെ ഇതിലേയ്ക്ക് എങ്ങനെ കൂടുതൽ ആകർഷിക്കാം, തിരിച്ചു വരുന്ന പ്രവാസികളെ എങ്ങനെ ഈ മേഖലയിലേയ്ക്ക് കൊണ്ടുവരാം എന്നതിൽ ശ്രദ്ധ വേണം. ഇതിൽ ധനമന്ത്രി വിജയിച്ചാൽ വരുമാനം വർധിക്കുന്നതിനും സാമ്പദ്‍വ്യവസ്ഥയ്ക്ക് മുന്നോട്ടു പോകുന്നതിനുമാകും. ഇതോടെ സർക്കാർ വരുമാനങ്ങളും മെച്ചപ്പെടും. ഇത്തരത്തിൽ ജിഎസ്ടി വരുമാനം വർധിപ്പിക്കുന്നതിലൂടെ ജിഎസ്ടി വിഹിതം വർധിപ്പിക്കാനുമാകും. ഈ രീതിയിൽ ഒരു ശ്രമം വേണം. സർക്കാരിന് പോരായ്മ പറ്റിയ, ശ്രദ്ധിക്കേണ്ടതായ ഒരു മേഖലയും ഇതു തന്നെയാണെന്നു തോന്നുന്നു. കേരളത്തിൽ ജിഎസ്ടി നടപ്പാക്കിയ ശേഷം കേരളത്തിന്റെ ജിഎസ്ടി റവന്യൂ വിഹിതം കുറഞ്ഞു പോയിട്ടുണ്ട്. 

നികുതിയേതര വരുമാനം വർധിപ്പിക്കണം

നേരത്തെ ഉണ്ടായിരുന്ന വിൽപന നികുതി ഉദ്യോഗസ്ഥർ എല്ലാം ജിഎസ്ടി വിങ്ങിലേയ്ക്കു വന്നത് വൈകിയാണ് അവരെ ജിഎസ്ടി റവന്യു കലക്ഷനിൽ കൂടുതലായി വിന്യസിക്കുന്നതിനും വൈകിപ്പോയി. കഴിഞ്ഞ ബജറ്റിൽ ആ ചിന്തയുണ്ടായിരുന്നെങ്കിലും പ്രായോഗികതലത്തിലെത്തിച്ച് നേട്ടമുണ്ടാക്കുന്നതിന് എത്രത്തോളം സാധിച്ചു എന്നതിൽ സംശയമുണ്ട്. ഒരു വശത്ത് വരുമാനം മെച്ചപ്പെടുത്താനുള്ള മാർഗം തേടണം. ഇതിനു പുറമേ നികുതിയേതര വരുമാനം വർധിപ്പിക്കുന്നതിനുള്ള ശ്രമവുമുണ്ടാകണം. മറിച്ച് ആസ്തികൾ കൂടുതലായി സൃഷ്ടിക്കപ്പെട്ട് പ്രധാന സെക്ടറുകളായ റീട്ടെയിൽ, ട്രേഡ്, മാനുഫാക്ചറിങ്, ടൂറിസം തുടങ്ങിയവയുടെ എല്ലാം വികസിപ്പിക്കുന്നതിന് ഇടപെടലുകൾ വേണം. 

ടൂറിസം മുരടിച്ചു കിടക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വരുന്ന ബജറ്റിൽ ടൂറിസത്തിന് സഹായമാകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറിയൊരു വളർച്ചയുടെ പാതയിലുള്ള ടൂറിസത്തെ ഉത്തേജിപ്പിക്കുന്നതിന് അത് അനിവാര്യമാണുതാനും. ഈ മേഖലയിൽ തന്നെയുള്ള എംഎസ്എംഇകളെ പരിപോഷിപ്പിക്കുന്നതിനു സഹായ പദ്ധതിയുണ്ടാകുമെന്ന പ്രതീക്ഷ വച്ചു പുലർത്തുന്നുണ്ട്. 

പ്രവാസികളുടെ പുനരധിവാസം

പ്രവാസികളുടെ കാര്യത്തിൽ അവരെ പുനരധിവസിപ്പിക്കുന്നതിനുള്ള, തൊഴിലുകളിലേയ്ക്കു തിരിച്ചു കൊണ്ടു വരുന്ന  പരിപാടികൾ വേണ്ടി വരും. ഉദാഹരണത്തിന് കായികാധ്വാനം വേണ്ട തൊഴിലുകളിൽ ആളുകളുടെ കുറവുണ്ട്. അതിനെ പലപ്പോഴും ഇതര സംസ്ഥാനക്കാരെക്കൊണ്ടാണ് നമ്മൾ സാധിക്കുന്നത്. അവരിലും കുറെ പേർ തിരിച്ചു പോയതുകൊണ്ട് അവരുടെ കുറവുമുണ്ട്. എന്നാൽ തൊഴിൽ രംഗം കൂടുതൽ സജീവമാകുന്നതോടെ ഇവിടെ ഒഴിവുകളുണ്ടാകും. ഇതു മുൻകൂട്ടി കണ്ട് ഇവിടെ വിദേശത്തു നിന്നു തിരിച്ചു വരുന്നവരെ ഈ രംഗത്തേയ്ക്ക് നോർക്കവഴിയൊ മറ്റൊ ആകർഷിക്കുന്ന നല്ല നിർദേശങ്ങൾ മുന്നോട്ടു വച്ചാൽ  അത് സമ്പദ് വ്യവസ്ഥയ്ക്ക് ആക്കം കൂട്ടും. 

കാർഷിക മേഖലയിൽ നെല്ലുൽപാദനം പെട്ടെന്ന് തിരിച്ചു വരില്ലെങ്കിലും പൊക്കാളി കൃഷിയും മറ്റും മെച്ചപ്പെട്ടു വരുന്നുണ്ട്. അതിന് ആക്കം കൂട്ടുന്നതിനു വേണ്ട നടപടി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണം. തിരിച്ചു വരവിന്റെ പാതയിലുള്ള ഒന്നാണ് പച്ചക്കറി കൃഷി. അതിൽ തന്നെ ഓർഗാനിക് കൃഷിക്ക് സർക്കാർ കൂടുതൽ മുന്തിയ പരിഗണന നൽകിയിട്ടുണ്ട്. അത് കുറച്ചു കൂടി മെച്ചപ്പെടുത്തി, സുഭിക്ഷ കേരളം പോലെയുള്ള പദ്ധതികൾക്കു വേണ്ടി പ്രഖ്യാപനങ്ങളുണ്ടായാൽ നേട്ടമുണ്ടാക്കാനാകും.

ഉൽപാദന, നിർമാണ, റിയൽ എസ്റ്റേറ്റ് സെക്ടറുകളിലെല്ലാം പ്രശ്നങ്ങളുണ്ട്. ഇതിന് ഒരു ഉണർവുണ്ടാകാൻ ദേശീയ തലത്തിലുള്ള പല പ്രശ്നങ്ങളും പരിഹരിക്കപ്പെടേണ്ടതുണ്ട്. അതുകൊണ്ടു കേന്ദ്ര ബജറ്റു കൂടി വരുന്നതോടു കൂടി ഒരു ഉണർവ് ഉണ്ടാകും. സമ്പദ് വ്യവസ്ഥയ്ക്കും മെച്ചമുണ്ടാകും

സാമ്പത്തിക വിദഗ്ധനാണ് ലേഖകൻ

English Summary : Kerala Budget Today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA