പരിഷ്‌കരണങ്ങളില്‍ ഊന്നിയുള്ള ബജറ്റാണ് വരേണ്ടത്

HIGHLIGHTS
PTI2_1_2020_000060A
SHARE

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സൂചിപ്പിച്ചതുപോലെ മുമ്പുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ഒരു ബജറ്റിനുള്ള പശ്ചാത്തലമാണ് സംജാതമായിട്ടുള്ളത്. പ്രതീക്ഷിച്ചതിനേക്കാള്‍ ഭേദപ്പെട്ട സാമ്പത്തിക വളര്‍ച്ചാ വീണ്ടെടുപ്പിലാണിപ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം. നേരത്തേ ഭയപ്പെട്ട  2021 സാമ്പത്തിക വര്‍ഷത്തിലെ 10 ശതമാനം ജിഡിപി സങ്കോചം  7 ശതമാനമായി കുറയാനാണ് സാധ്യത. 2022 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പ്രധാനമായും മൂന്നു കാര്യങ്ങളില്‍ ഊന്നിയാവണം തയാറാക്കേണ്ടത്-ആശ്വാസ നടപടികള്‍, സാമ്പത്തിക വളര്‍ച്ചാ വീണ്ടെടുപ്പ്, സാമ്പത്തിക പരിഷ്‌കരണങ്ങള്‍ എന്നിവയാണവ. 

ആശ്വാസ നടപടികള്‍

സാമ്പത്തിക രംഗം ത്വരിതമായ വീണ്ടെടുപ്പിന്റെ പാതയിലാണെങ്കിലും ഇടത്തരം, ചെറുകിട, സൂക്ഷ്്മ ബിസിനസ്  മേഖല ദുരിതത്തിലാണ് എന്ന വസ്തുത  ആശ്വാസ നടപടികള്‍ ആവശ്യപ്പെടുന്നുണ്ട്.  ഈ മേഖലയിലെ അടിയന്തര വായ്പാ പദ്ധതി (ECLGS) ഒരു വര്‍ഷത്തേക്കു കൂടി നീട്ടി നല്‍കണം. മാന്ദ്യത്തിന്റെ പിടിയിലായ ട്രാവല്‍, ടൂറിസം രംഗത്ത് സമയോചിതമായ ആശ്വാസ നടപടികള്‍ ആവശ്യമാണ്. കോവിഡിന്റെ വരവോടെ ഗ്രാമീണ മേഖലയേക്കാള്‍ തൊഴില്‍ നഷ്ടമുണ്ടായത് നഗരങ്ങളിലാണ്. തൊഴിലുറപ്പിന്  (MGNREGS) തുല്യമായൊരു നഗര പദ്ധതി നമുക്കില്ല. നഗരങ്ങളില്‍ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്നതിന് ഏറ്റവും പറ്റിയ മാര്‍ഗം നിര്‍മ്മാണ മേഖല സജീവമാക്കുകയാണ്. ബജറ്റില്‍ ഹൗസിംഗ്, നിര്‍മ്മാണ മേഖലകള്‍ക്ക്  കൂടുതല്‍ ആനുകൂല്യങ്ങള്‍ അനുവദിക്കണം.

വളര്‍ച്ചാ വീണ്ടെടുപ്പ്   

ഇപ്പോള്‍ നടക്കുന്ന വളര്‍ച്ചാ വീണ്ടെടുപ്പിന്റെ ഏറ്റവും ആകര്‍ഷകമായ വശം ധനപരമായ ജാഗ്രതയോടെയാണ് അതു നടപ്പാക്കിയത് എന്നതാണ്.വാക്‌സിനേഷന്‍, പാശ്ചാത്തല സൗകര്യ വികസനം, പൊതു മേഖലാ ബാങ്കുകള്‍ക്ക് മൂലധനം വര്‍ധിപ്പിക്കാനുള്ള ധനസഹായം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധയര്‍പ്പിച്ചുകൊണ്ടുള്ള ബൃഹത്തായ ഒരു ഉത്തേജക പദ്ധതിയുമായി മുന്നോട്ടു പോകാന്‍ ഇപ്പോള്‍ സര്‍ക്കാരിനു കഴിയും. വാക്‌സിനേഷനിലൂടെ രാജ്യത്ത് സാധാരണ നില തിരിച്ചുവരുമെന്നതിനാല്‍ അതിനായുള്ള ചിലവുകള്‍ വലിയ തോതില്‍ സാമ്പത്തിക  ഉത്തേജനം സൃഷ്ടിക്കും. 

പരിഷ്‌കരണ നടപടികള്‍

2022 സാമ്പത്തിക വര്‍ഷം ജിഡിപിയില്‍ 11 ശതമാനത്തോളം വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയുണ്ട്.  നാമമാത്ര ജിഡിപി വളര്‍ച്ച ഏകദേശം 16 ശതമാനമായിരിക്കും. എന്നാല്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് 2022 നപ്പുറം നില നില്‍ക്കണമെങ്കില്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ആവശ്യമാണ്. ഇന്ത്യയില്‍ പരിഷ്‌കരണം കൊണ്ടുവരിക എത്ര ദുഷ്‌കരമാണെന്ന് കര്‍ഷക പ്രക്ഷോഭം തെളിയിക്കുന്നു. പരിഷ്‌കരണ നടപടികളില്‍ ഉറച്ചു നില്‍ക്കുമെന്ന സന്ദേശം സര്‍ക്കാര്‍ നല്‍കുക തന്നെ വേണം. വികസിത രാജ്യങ്ങളില്‍ നിന്നുള്ള  വന്‍തോതിലുള്ള പണമൊഴുക്കും ചരിത്രത്തിലെ ഏറ്റവും താഴ്ന്ന പലിശ നിരക്കും സമൃദ്ധമായ പണ ലഭ്യതയും ഇന്ത്യയിലേക്ക് കൂടിയ തോതില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപം കൊണ്ടു വരുന്നുണ്ട്. പണമൊഴുക്കിന്റെ പിന്തുണയോടെ സജീവമായ വിപണിയില്‍ ഓഹരി വിറ്റഴിക്കല്‍ വളരെയെളുപ്പം സ്വീകരിക്കപ്പെടും. സ്വകാര്യവല്‍ക്കരണത്തിനുള്ള ഈ അനുകൂല കാലാവസ്ഥ ധനമന്ത്രി പ്രയോജനപ്പെടുത്തുകയാണു വേണ്ടത്.  

നിക്ഷേപം മുന്നോട്ടു കൊണ്ടു പോകാന്‍ കൂടുതല്‍ പരിഷ്‌കരണങ്ങള്‍ ആവശ്യമാണ്.  ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ഇപ്പോഴും പ്രയാസകരമായി തുടരുകയാണ്. കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി അനുവദിക്കുന്നതുകൊണ്ട്  മറ്റു ബിസിനസുകള്‍ കൂടുതല്‍ വൈദ്യുതി ചാര്‍ജ്ജ്  നല്‍കേണ്ടി വരുന്നു. ഇത് ഇവയുടെ മത്സര ശേഷിയെ വിപരീതമായി ബാധിക്കുന്നു. ഈ സ്ഥിതി മാറണം. 

നികുതി ഇളവുകള്‍ അഭിലഷണീയമല്ല 

സര്‍ക്കാരിന്റെ ധന സ്ഥിതി നികുതി ഇളവുകള്‍ അനുവദിക്കുന്നില്ല. നികുതി പരിഷ്‌കരണത്തിനു പറ്റിയ സമയമല്ല ഇപ്പോഴത്തേത്. നിലവിലുള്ള കോര്‍പറേറ്റ്്, വ്യക്തിഗത ആദായ നികുതി നിരക്കുകള്‍ തുടരണം. ഒറ്റത്തവണ കോവിഡ് നികുതി ഏര്‍പ്പെടുത്താനുള്ള പ്രലോഭനത്തെ ധനമന്ത്രി അതിജീവിക്കുക തന്നെ വേണം. ഓഹരികളിലെ മൂലധന നേട്ടങ്ങളിലും ലാഭവിഹിതങ്ങളിലുമുള്ള നികുതി ഇത്തവണ പരിഷ്‌കരിക്കേണ്ടതില്ല. 

ഈയിടെ നടത്തിയ ഒരു പത്ര സമ്മേളനത്തില്‍ ധനമന്ത്രി പറഞ്ഞു '' ആഗോള വളര്‍ച്ചയുടെ ചാലക ശക്തിയായി മാറാന്‍ നമുക്കു കഴിയും. ഇതിനായി ഇപ്പോള്‍ നമുക്കില്ലാത്ത കഴിവുകള്‍ നാം വളര്‍ത്തിയെടുക്കണം. ഇന്ത്യ സപ്‌ളൈ ചെയിനിന്റെ ഭാഗമായിത്തീരണം''.  ചൈനയില്‍ നിന്ന് അകന്നു കൊണ്ടിരിക്കുന്ന വ്യവസായങ്ങളില്‍ ശ്രദ്ധയര്‍പ്പിക്കേണ്ടത് ഭാവിയെ സംബന്ധിച്ച് പ്രധാനമാണ്. ഈ വലിയ മുന്നേറ്റത്തില്‍ നിന്ന് നേട്ടമുണ്ടാക്കുന്നതിന് ആഗോള സപ്‌ളൈ ചെയിനില്‍ പങ്കാളിയാകാനുള്ള കാര്യ ക്ഷമത നാം കൈവരിക്കേണ്ടിയിരിക്കുന്നു. 

ലേഖകൻ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA