ഇപ്പോൾ റജിസ്റ്റർ ചെയ്താൽ നിങ്ങളുടെ പിഎഫ് വിഹിതം രണ്ട് വർഷത്തേയ്ക്ക് സർക്കാർ അടയ്ക്കും

HIGHLIGHTS
  • പി എഫ് വിഹിതത്തില്‍ വലിയൊരു തുക ലാഭിക്കാനുള്ള അവസരം ജുൺ 30 വരെയാണ്
family-7
SHARE

കേന്ദ്രസർക്കാർ ആരംഭിച്ച ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗര്‍ യോജന(ABRY) യ്ക്കു കീഴില്‍ പുതിയ തൊഴിലാളികളുടെയും കോവിഡ് പ്രതിസന്ധിയില്‍ നഷ്ടപ്പെട്ട ജോലിയില്‍ വീണ്ടും നിയമനം ലഭിച്ച തൊഴിലാളികളുടെയും പി എഫ് വിഹിതം സര്‍ക്കാര്‍ അടയ്ക്കും. കഴിഞ്ഞ സെപ്റ്റംബറിൽ 1000-ല്‍ കുറവ് തൊഴിലാളികള്‍ ഉണ്ടായിരുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും വിഹിതമാണ് ഇങ്ങനെ സര്‍ക്കാര്‍ അടയ്ക്കുക. ഇതിൽ റജിസ്റ്റർ ചെയ്യാനുള്ള അവസരം ജൂൺ 30 വരെയാണ്. എന്നു റജിസ്റ്റർ ചെയ്യുന്നോ പിന്നീടുള്ള രണ്ടു വർഷത്തേയ്ക്കാണ് സർക്കാർ വിഹിതമടയ്ക്കുക. തൊഴിലാളികളുടെ വേതനത്തിന്റെ 24 ശതമാനം ആയിരിക്കും ഇ പി എഫ് വിഹിതമായി സര്‍ക്കാര്‍ നല്‍കുക. തൊഴിലാളികളുടെ എണ്ണം സെപ്റ്റംബറിനു ശേഷം വര്‍ധിച്ച സ്ഥാപനങ്ങള്‍ക്കും ഈ ആനുകൂല്യത്തിന്  അര്‍ഹതയുണ്ട്. സെപ്റ്റംബര്‍ 2020നു 1000ല്‍ കൂടുതല്‍ തൊഴിലാളികള്‍ ഉണ്ടായിരുന്ന സ്ഥാപനങ്ങളില്‍ ആണെങ്കില്‍ തൊഴിലാളികളുടെ വിഹിതം മാത്രമേ സര്‍ക്കാര്‍ വഹിക്കുകയുള്ളൂ.

തൊഴിലുടമകൾ

ഈ പദ്ധതിക്കു കീഴില്‍ തൊഴിലുടമകളെ രണ്ടായി വിഭജിച്ചിരിക്കുന്നു-50 തൊഴിലാളികളില്‍ കുറവുള്ളവരും 50 തൊഴിലാളികളില്‍ കൂടുതല്‍ ഉള്ളവരും. ഈ പദ്ധതിക്കു കീഴില്‍ യോഗ്യത നേടുവാന്‍ 50ൽ താഴെ തൊഴിലാളികള്‍ ഉള്ള തൊഴിലുടമകള്‍ കുറഞ്ഞത് 15000-ല്‍ താഴെ ശമ്പളമുള്ള രണ്ടു പുതിയ തൊഴിലാളികളെക്കൂടി ജോലിക്കെടുത്തിട്ടുണ്ടായിരിക്കണം. അതായത് 2021 ജൂണ്‍ ആകുമ്പോഴേക്കും രണ്ടു പുതിയ പ്രൊവിഡന്റ് ഫണ്ട് അംഗങ്ങളെ എങ്കിലും സൃഷ്ടിച്ചിട്ടുണ്ടായിരിക്കണം. സെപ്റ്റംബറിലെ തൊഴിലാളികളുടെ എണ്ണത്തില്‍ കുറവുണ്ടാകുകയുമരുത്. അതേ സമയം, ഈ പദ്ധതിക്കു കീഴില്‍ യോഗ്യത നേടുവാന്‍ 50ല്‍ കൂടുതല്‍ തൊഴിലാളികള്‍ ഉള്ള തൊഴിലുടമകള്‍ കുറഞ്ഞത് 15000 രൂപയില്‍ കുറവ് വേതനമുള്ള അഞ്ചു പുതിയ തൊഴിലാളികളെയെങ്കിലും ജോലിക്കെടുത്തിട്ടുണ്ടാകണം.

പദ്ധതിയില്‍ തൊഴിലാളികള്‍ക്ക് വേണ്ട യോഗ്യതകള്‍

• തൊഴിലാളികള്‍ 01.10.2020നും 30.06.2021നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ആയിരിക്കണം. റജിസ്റ്റര്‍ ചെയ്താല്‍ 24 മാസത്തേക്ക് തൊഴിലാളിയുടെ ഇ പി എഫ് വിഹിതം അടയ്ക്കേണ്ടതില്ല.

• തൊഴിലാളികളുടെ വേതനം 15000 രൂപയില്‍ കൂടുതലാകാന്‍ പാടില്ല. പിന്നീട് വേതനം 15000നു മുകളിലാക്കി വര്‍ദ്ധിപ്പിച്ചാലും അവര്‍  ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്തവരാകും.

• കഴിഞ്ഞ ഒക്ടോബറിനു മുമ്പ് ഇ പി എഫ് നമ്പര്‍ ഉണ്ടായിരുന്നിരിക്കരുത്.

• ഇ പി എഫ് നമ്പറുള്ളവരെ ഈ പദ്ധതിക്കു കീഴില്‍ ചേര്‍ക്കണമെങ്കില്‍ അവര്‍ 01.03.2020 നും 30.09.2020നുമിടയില്‍ ജോലി നഷ്ടപ്പെട്ടവരും പിന്നീട് ജോലി വീണ്ടും ലഭിച്ചവരും ആയിരിക്കണം.

പുതിയതായി റജിസ്ട്രേഷൻ എടുക്കുന്ന സ്ഥാപനങ്ങൾക്കും ഇതു ബാധകം ആണ് . 

ഗ്രേറ്റ് ലീപ്പിന്റെ ബിസിനസ് സ്്ട്രാറ്റജിസ്റ്റാണ് ലേഖകൻ മൊബൈൽ: 85940 12228

English Summary: Government will pay EPF Contribution of Employees till June 30

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA