ADVERTISEMENT

എല്ലാ വർഷത്തേയും പോലെ നടപ്പു വർഷം നികുതി ഇളവിനായി നിക്ഷേപം ഒന്നും നടത്തിയിട്ടില്ല. ആകെ പിഎഫ് ഇനത്തിൽ പിടിച്ച തുക മാത്രം. 80 സി പ്രകാരം  നല്ലൊരു തുക നിക്ഷേപിച്ചില്ലെങ്കിൽ  ടിഡിഎസ് പിടിക്കും.  ബാക്കി പിന്നെ ശമ്പളമായി ഒന്നും  അടുത്തമാസം കൈയിൽ കിട്ടില്ല. നവീൻകുമാറിനെ (പേര് സാങ്കൽപികം) പോലെ ഇപ്പോൾ ഇത്തരം  കടുത്ത പ്രതിസന്ധി  നേരിടുന്നവർ ഏറെയാണ്. കാരണം കോവിഡ് മൂലമുള്ള  വരുമാനനഷ്ടം  തന്നെ.

നവീന്റെ കാര്യം തന്നെ എടുക്കാം.  ലോക്ഡൗണിനെ തുടർന്നു ഭാര്യയ്ക്ക് ശമ്പളത്തിൽ കുറവ് വന്നതോടെ  ജീവിതചെലവും  വായ്പകളുടെ  തിരിച്ചടവും എല്ലാം സ്വന്തം ശമ്പളത്തിൽ നിന്നും വേണ്ടി വന്നു. ഭവനവായ്പ ഭാര്യയുടെ  പേരിലായതിനാൽ അതിന്റെ നികുതി ഇളവുകൾ ക്ലെയിം ചെയ്യാനുമാകില്ല. 

എന്തു ചെയ്യുമെന്നറിയാതെ തല പുകയുമ്പോഴാണ് സാമ്പത്തിക വിദഗ്ധനായ സുഹൃത്ത്  മ്യൂച്വൽ ഫണ്ട് ടാക്സ് സേവിംങ് സ്കീമിൽ  ലോക് ഇൻ പിരീഡ് കഴിഞ്ഞ തുക എത്രയുണ്ടെന്ന് നോക്കാൻ പറഞ്ഞത്. അതെടുത്തു വീണ്ടും അതേ പദ്ധതിയിൽ നിക്ഷേപിക്കാമെന്ന് ഉപദേശിച്ചത്. 

പരിശോധിച്ചപ്പോൾ  മൂന്നു വർഷത്തെ ലോക് ഇൻ പിരീഡ് കഴിഞ്ഞ തുക ഒരു ലക്ഷത്തോളം രൂപ വരും. ഒട്ടും വൈകിയില്ല. അതു പിൻവലിക്കാനും തുക വീണ്ടും അതേ പദ്ധതിയിൽ തന്നെ പുനർനിക്ഷേപിക്കാനും അപേക്ഷ കൊടുത്തു. മൂന്നോ നാലോ ദിവസത്തിനുള്ളിൽ നിക്ഷേപം യാഥാർഥ്യമാകും.  അതോടെ  വലിയ തുകയുടെ ടിഡിഎസ് കട്ട് ഒഴിവാകും എന്ന ആശ്വസിക്കുകയാണ് നവീൻ. 

 എന്തുകൊണ്ട് ഇതു സാധ്യമാകുന്നു?  

80 സിയിൽ നികുതി ഇളവു കിട്ടുന്ന പല  നിക്ഷേപ പദ്ധതികൾ ഉണ്ടെങ്കിലും മൂന്നു വർഷം എന്ന ഏറ്റവും കുറഞ്ഞ ലോക് ഇൻ പീരിഡ് ആണ്  ഇഎൽഎസ്എസ്  എന്ന മ്യൂച്വൽ ഫണ്ട് പദ്ധതിയുടെ മികവ്.  അതേ സമയം ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ  അഞ്ചു വർഷത്തേയ്ക്കാണ്. ലൈഫ് പോളിസികൾ, പി എഫ്, പിപിഎഫ്  എന്നിവയിൽ  ഈ ലോക് ഇൻ കാലയളവ്  15- 20  വർഷം വരെ നീളാം.

ഓരോ വർഷവും നിക്ഷേപിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് ഈ കുറഞ്ഞ ലോക് ഇൻ പീരിഡ് ശരിയായി ഉപയോഗിച്ചാൽ മൂന്നു വർഷത്തിനു ശേഷം പുതുതായി നിക്ഷേപം നടത്താതെ തന്നെ 80  സിയിലെ ഇളവ് ഉറപ്പാക്കാം. ലോക് ഇൻ പീരീഡ് കഴിയുന്നതനുസരിച്ച് തുക പിൻവലിച്ച് പുനർനിക്ഷേപിക്കാം, നികുതി ഇളവ് ക്ലയിം ചെയ്യാം. 

ദീർഘകാല ലക്ഷ്യത്തോടെ  മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന തുക പിൻവലിച്ചാൽ ലക്ഷ്യം കൈവരിക്കാനാകാതെ പോകും എന്ന ആശങ്കയും ഇവിടെ വേണ്ട. മികച്ച നേട്ടം നൽകിക്കൊണ്ടിരിക്കുന്ന പദ്ധതിയാണെങ്കിൽ പിൻവലിക്കുന്ന തുക അതേ ഫണ്ടിൽ തന്നെ പുനർനിക്ഷേപിക്കാം. ഇനി കൂടുതൽ മെച്ചപ്പെട്ട ഫണ്ട് ലഭ്യമാണെങ്കിൽ തുക അതിലേയ്ക്ക് നിക്ഷേപിക്കാം. 80 സി നിക്ഷേപങ്ങളിൽ ഇതു മാത്രമല്ല ഇഎൽഎസ്എസിന്റെ മികവ്. ഏറ്റവും ഉയർന്ന വരുമാന സാധ്യതയുള്ള പദ്ധതിയും ഇവ തന്നെ. ബാങ്കിലും പോസ്റ്റ് ഓഫീസിലും  ലൈഫ് പോളിസിയിലും പിപിഎഫിലും ഒക്കെ  പരമാവധി ആറോ ഏഴോ കിട്ടുമ്പോൾ മികച്ച ഇഎൽഎസ്എസ് ആണെങ്കിൽ പത്തു ശതമാനം വാർഷിക നേട്ടം പ്രതീക്ഷിക്കാം. എങ്കിലും ഓഹരി അധിഷ്ഠിത നിക്ഷേപമായതിനാൽ എപ്പോഴും നഷ്ടസാധ്യതയും മുന്നിൽ കാണണം.

English Summary : Income Tax Benefits of ELSS 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com