ADVERTISEMENT

സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 80 സി വിഭാഗത്തില്‍ ഇളവു ലഭിക്കാനായി ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതി എന്ന ഇഎല്‍എസ്എസ് വിഭാഗത്തിലെ മ്യൂചല്‍ ഫണ്ടുകളില്‍ തിരക്കിട്ടു നിക്ഷേപിക്കുന്നത് പലരുടേയും രീതിയാണല്ലോ. 80 സി ആനുകൂല്യം ലഭിക്കുന്ന നിക്ഷേപ പദ്ധതികളില്‍ ഏറ്റവും നേട്ടം നല്‍കുന്നവയില്‍ ഒന്നാണ് ഇഎല്‍എസ്എസ് എന്നതില്‍ സംശയമില്ല. പക്ഷേ, അവയില്‍ നിക്ഷേപിക്കും മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

എന്തിനു വേണ്ടിയാണു നിക്ഷേപിക്കുന്നത്?

ഏതു നിക്ഷേപം നടത്തുമ്പോഴും അതിനൊരു സാമ്പത്തിക ലക്ഷ്യം വേണം. ഈ നിക്ഷേപം കൊണ്ട് എന്താണു നിങ്ങള്‍ ലക്ഷ്യമിടുന്നത്? അതിന് അനുയോജ്യമായ നേട്ടം ഇവിടെ നിന്നു ലഭിക്കുമോ? എത്ര കാലത്തേക്കാണ് ഈ നിക്ഷേപം തുടങ്ങിയ ലളിതമായ ചോദ്യങ്ങള്‍ക്കെങ്കിലും ഉത്തരം തേടിയ ശേഷമാകണം നിക്ഷേപം നടത്താന്‍. നിങ്ങളുടെ ലക്ഷ്യത്തിന് അനുസരിച്ചുള്ള തുകയാകണം നിക്ഷേപിക്കേണ്ടത്. ഇതിലൂടെ ലഭിക്കുന്ന നികുതി ആനുകൂല്യങ്ങള്‍ പരിഗണിക്കുമ്പോഴും പ്രാഥമിക പരിഗണന നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിനു തന്നെയായിരിക്കണം.

എത്ര കാലത്തേക്കാണ് നിക്ഷേപിക്കേണ്ടത്?

ആദായ നികുതി ആനുകൂല്യം ലഭിക്കുന്ന പദ്ധതികളില്‍ താരതമ്യേന കുറഞ്ഞ മൂന്നു വര്‍ഷമെന്ന ലോക്ക് ഇന്‍ കാലാവധിയാണ് ഇഎല്‍എസ്എസ് നിക്ഷേപങ്ങള്‍ക്കുള്ളത്. എന്നാല്‍ അതു കൊണ്ടു മാത്രം നിക്ഷേപ കാലാവധി മൂന്നു വര്‍ഷമെന്നു നിശ്ചയിക്കേണ്ട. കുറഞ്ഞതു മൂന്നു വര്‍ഷമെങ്കിലും കഴിഞ്ഞേ ഇഎല്‍എസ്എസ് നിക്ഷേപങ്ങള്‍ പിന്‍വലിക്കാവു എന്നേയുള്ളു. മൂന്നു വര്‍ഷത്തിനു ശേഷം നിക്ഷേപം തുടരരുതെന്ന വ്യവസ്ഥകളൊന്നും ഇവിടെയില്ല. അതു കൊണ്ടു തന്നെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായ ഒരു കാലാവധി മുന്‍കൂട്ടി മനസില്‍ കണ്ട ശേഷമായിരിക്കണം ഇഎല്‍എസ്എസ് നിക്ഷേപങ്ങള്‍ക്കായി ഇറങ്ങിത്തിരിക്കുവാന്‍.

ഗ്രോത്ത് വേണോ ഡിവിഡന്റ് വേണോ?

ഇഎല്‍എസ്എസ് നിക്ഷേപം നടത്തുമ്പോള്‍ മറ്റു മ്യൂചല്‍ ഫണ്ട് പദ്ധതികള്‍ പോലെ ലാഭ വിഹിതം പുനര്‍നിക്ഷേപം നടത്തുന്ന രീതി തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. അതില്‍ ഒരു പ്രശ്നം അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ ലാഭവിഹിതം പദ്ധതിയില്‍ തന്നെ നിക്ഷേപിക്കുമ്പോള്‍ ആ നിക്ഷേപത്തിനും മൂന്നു വര്‍ഷത്തെ ലോക്ക് ഇന്‍ കാലാവധി ബാധകമാകും. അതിനാല്‍ ആദ്യ നിക്ഷേപ തുക പിന്‍വലിക്കാൻ അര്‍ഹമാകുന്ന അതേ വേളയില്‍ ലാഭവിഹിതം ഉപയോഗിച്ചു വാങ്ങിയ യൂണിറ്റുകള്‍ പണമാക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഗ്രോത്ത് രീതിയിലെ നിക്ഷേപ പദ്ധതി തെരഞ്ഞെടുത്താല്‍ ഈ പ്രശ്നം ഒഴിവാക്കുകയും എല്ലാ തുകയും ഒരുമിച്ചു പിന്‍വലിക്കുകയും ചെയ്യാം.

ഒരാള്‍ക്ക് എത്ര ഇഎല്‍എസ്എസ് പദ്ധതികള്‍ വേണം?

ഓരോ സാമ്പത്തിക വര്‍ഷത്തിന്റേയും അവസാന സമയത്ത് ഏതെങ്കിലും ഒരു ഇഎല്‍എസ്എസ് പദ്ധതിയില്‍ നിക്ഷേപിക്കുകയെന്നതാണല്ലോ പലരുടേയും രീതി. വിവിധ തലങ്ങളില്‍ നിന്നു ലഭിക്കുന്ന ഉപദേശങ്ങളും ഇതിനിടെ സ്വാധീനിച്ചേക്കാം. ഇവയുടെയെല്ലാം ഫലമായി വിവിധ ഇഎല്‍എസ്എസ് പദ്ധതികളില്‍ നിക്ഷേപം നടത്തുന്നത് അവ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയാണു ചെയ്യുക. ഒന്നോ രണ്ടോ മ്യൂചല്‍ ഫണ്ടുകളുടെ പദ്ധതികള്‍ മാത്രം തെരഞ്ഞെടുക്കുന്നതാണ് അനുയോജ്യം. അല്ലെങ്കില്‍ അതിരു കടന്ന വൈവിധ്യവല്‍ക്കരണത്തിലേക്കും അതിന്റെ ഫലമായി നിക്ഷേപത്തില്‍ നിന്നുള്ള നേട്ടം കുറയുന്നതിലേക്കും കാര്യങ്ങള്‍ ചെന്നെത്തും.

എസ്ഐപി ഏറ്റവും മികച്ച രീതി

നികുതി ആനുകൂല്യങ്ങള്‍ ലക്ഷ്യമിട്ടു നടത്തുന്ന ഇഎല്‍എസ്എസ് പദ്ധതികളിലും ഒറ്റയടിക്കു നിക്ഷേപം നടത്തുന്നതിനേക്കാള്‍ മികച്ചത് എസ്ഐപി രീതി സ്വീകരിക്കുന്നതാണ്. വിപണിയുടെ വിവിധ ഘട്ടങ്ങളിലെ നേട്ടം സ്വന്തമാക്കാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടമുണ്ടാക്കാനും ഇതു സഹായിക്കും. ഓരോ സാമ്പത്തിക വര്‍ഷത്തിലും പുതുതായി നിക്ഷേപ പദ്ധതികള്‍ തയ്യാറാക്കേണ്ട ബുദ്ധിമുട്ടും ഇതിലൂടെ ഒഴിവാക്കാം.

വിലയിരുത്തല്‍ ഏറെ പ്രധാനപ്പെട്ടത്

ഇഎല്‍എസ്എസ് നിക്ഷേപങ്ങള്‍ നടത്തിയാലും അതിന്റെ പ്രകടനം സ്ഥിരമായ ഇടവേളകളില്‍ വിലയിരുത്തിക്കൊണ്ടിരിക്കണം. മൂന്നു വര്‍ഷം കഴിഞ്ഞേ പിന്‍വലിക്കാനാവു എന്നത് അതിനു മുന്‍പു പദ്ധതിയെ വിലയിരുത്തുന്നതിന് തടസമല്ല. എസ്ഐപി നിക്ഷേപമാണെങ്കില്‍ പദ്ധതിയുടെ പ്രകടനം മോശമാണെങ്കില്‍ ഇടയ്ക്കു വെച്ചു നിര്‍ത്തി പുതിയ പദ്ധതി തെരഞ്ഞെടുക്കുന്നതിനെ കുറിച്ചും ആലോചിക്കാം.

English Summary: Know These Things behore Investing in ELSS

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com