സ്വര്‍ണ വില ഇടിഞ്ഞത് 10 ഗ്രാമിന് 10,000ത്തോളം,നിക്ഷേപകരെന്തു ചെയ്യണം?

HIGHLIGHTS
  • ഹ്രസ്വകാല നേട്ടം പ്രതീക്ഷിക്കുന്ന നിക്ഷേപകര്‍ കൂടുതൽ ജാഗ്രത കാണിക്കണം
Gold-ornament
SHARE

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് സ്വര്‍ണവില റെക്കോഡിലെത്തിയത്. 22 കാരറ്റിന്റെ പത്ത് ഗ്രാം സ്വര്‍ണത്തിന് അന്ന് വില 52,520 രൂപയിലെത്തി. കോവിഡിന്റെ പ്രതിസന്ധി മൂര്‍ച്ഛിച്ചിരുന്ന ആ നാളുകളില്‍ കൂടുതല്‍ ലാഭ പ്രതീക്ഷയോടെ അല്പമെങ്കിലും സ്വര്‍ണം വാങ്ങാന്‍ നിക്ഷേപകര്‍ തിരക്ക് കൂട്ടി. അതേ സ്വര്‍ണത്തിന്റെ വെള്ളിയാഴ്ചത്തെ വില 43,250 രൂപ. ഏഴു മാസം കൊണ്ട് കുറഞ്ഞത് 9,270 രൂപ. ഗ്രാമിന് 927 രൂപയുടെ കുറവ്. ഈ സാഹചര്യത്തില്‍ നിക്ഷേപം എന്നുള്ള നിലയ്ക്ക് മഞ്ഞലോഹത്തെ കാണുന്നവര്‍ എന്തു ചെയ്യണം?

ജാഗ്രത വേണം

ഈ മാസങ്ങളില്‍ പല കാരണങ്ങള്‍ കൊണ്ട് സ്വര്‍ണവില ചാഞ്ചാടി നില്‍ക്കുകയും പിന്നീട് കുറയുകയുമായിരുന്നു. ഡിസംബറില്‍ മാത്രമാണ് 4 ശതമാനം വില കൂടിയത്. മറ്റ് മാസങ്ങളില്‍ ഏറ്റക്കുറച്ചിലിനൊടുവില്‍ വില ഇടിയുകയായിരുന്നു.  ജനുവരിയില്‍ 2.12 ശതമാനം വില കുറഞ്ഞപ്പോള്‍ നവംമ്പറില്‍ 5.12 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. കോവിഡ് പ്രതിസന്ധി ശമനമില്ലാതെ നില്‍ക്കുമ്പോള്‍, മറ്റൊരു വ്യാപനത്തിന്റെ സൂചനകള്‍ വരുമ്പോള്‍, വാക്‌സിനേഷന്‍ റിസല്‍ട്ടിന് വേണ്ടി കാത്തിരിക്കുമ്പോള്‍ ഈ ചാഞ്ചാട്ടം തുടരാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ഹ്രസ്വകാല നേട്ടം പ്രതീക്ഷിച്ച് നിക്ഷേപകര്‍ ഈ വഴി സഞ്ചരിക്കേണ്ടതില്ലെന്നാണ് വിദഗ്ധ മതം. അവര്‍ കൂടുതല്‍ ജാഗ്രത കാണിക്കുന്നത് നല്ലതാണ്.

ദീര്‍ഘകാല നിക്ഷേപം

അതേ സമയം ദീര്‍ഘ കാല നിക്ഷേപം എന്ന ലക്ഷ്യവുമായി ഗോള്‍ഡ് ഇ ടി എഫ്, അതുപോലെ തന്നെ സോവറിന്‍ ഗോള്‍ഡ് ബോണ്ട് എന്നിവയില്‍ നിക്ഷേപിക്കാനുള്ള അവസരവുമാണ്. അമേരിക്കയിലെ പലിശനിരക്കില്‍ ഉണ്ടാകുന്ന വര്‍ധന സ്വര്‍ണത്തിന്റെ ഡിമാന്റില്‍ കുറവ് വരുത്തുകയും ഇത് വിലയില്‍ പ്രതിഫലിക്കുകയും ചെയ്യും. ജോ ബൈഡന്‍ സര്‍ക്കാരിന്റെ തിരക്കിട്ട വാക്‌സിനേഷന്‍ നടപടികളും കോവിഡ് പ്രതിസന്ധിയില്‍ നിന്ന് പെട്ടന്ന് കരകയറാനുള്ള ഉത്തേജക പദ്ധതിയും സ്വര്‍ണവിലയെ പ്രതികൂലമായി ബാധിക്കും. ബൈഡന്‍ ഭരണകൂടം ഇത്തരം നടപടികളുമായി മുന്നോട്ട് പോകുകയാണ്.

അനിശ്ചിതത്വം തുടരും

ആഗോളത്തലത്തില്‍ കോവിഡിന്റെ രണ്ടാം വരവ്, പുതിയ വകഭേദത്തിന്റെ ആക്രമണം, ആഗോള തലത്തിലുള്ള സമ്പദ് വ്യവസ്ഥകളുടെ തിരിച്ചു വരവ്, വാക്‌സിനേഷന്‍ ഫലപ്രാപ്തി എന്നിവയെല്ലാം തൊട്ടടുത്ത ഭാവിയില്‍ സ്വർണ വില നിര്‍ണയിക്കപ്പെടുന്ന പ്രധാന വിഷയങ്ങളാകും. ഈ അനിശ്ചിതത്വം പെട്ടെന്ന് മാറാന്‍ സാധ്യത ഇല്ലാത്തതിനാല്‍ ദീര്‍ഘകാല ലക്ഷ്യമുള്ളവര്‍ മാത്രം ഇപ്പോള്‍ നിക്ഷേപം നടത്തുന്നതാകും അഭികാമ്യം.

Englisg Summary : Gold Price Today in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA