സ്ത്രീകൾ എന്തിനു നിക്ഷേപിക്കണം?

HIGHLIGHTS
  • സ്വന്തമായൊരു വ്യക്തിത്വം കൂടിയാണ് സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട്
woman-1
SHARE

ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികളില്‍ മൂന്നിലൊന്നു പോലും വനിതകളുടെ പേരില്‍ വാങ്ങുന്നില്ല. സാമ്പത്തിക കാര്യങ്ങളില്‍ വനിതകള്‍ക്ക് എത്രത്തോളം കുറവു പ്രാധാന്യമാണു ലഭിക്കുന്നതെന്നാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. നിക്ഷേപവുമായി ബന്ധപ്പെട്ട ഏതു കാര്യം എടുത്താലും വനിതകളുടെ പ്രാതിനിധ്യം ഇതേ രീതിയില്‍ കുറവാണെന്നു കാണാം. സ്ത്രീശാക്തീകരണത്തെക്കുറിച്ച് ഏറെ ചര്‍ച്ച ചെയ്യുന്ന ഇക്കാലത്തു പോലും നിക്ഷേപ-സാമ്പത്തിക പദ്ധതികളുടെ രംഗത്തുള്ള സ്ത്രീകളുടെ ഈ പിന്നാക്കാവസ്ഥ ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്.

വനിതകള്‍ എന്തിനു വേണ്ടി നിക്ഷേപിക്കണം?

സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കും തുല്യതയിലേക്കും എത്താനുള്ള ഏക മാര്‍ഗം നിക്ഷേപമാണ്. സ്വന്തമായി വരുമാനമുള്ള വനിതകളിളേറെയും പിതാവിന്റേയോ ഭര്‍ത്താവിന്റേയോ കുട്ടികളുടേയോ പേരില്‍ നിക്ഷേപം നടത്തുകയെന്നതാണ് രീതി. ഇതു മാറി വരുമാനം ഉണ്ടാക്കുന്ന വ്യക്തി തന്നെ സമ്പാദ്യവും നിക്ഷേപവുമെല്ലാം കൈകാര്യം ചെയ്യുന്നതാണ് അഭികാമ്യം.

നിക്ഷേപ തീരുമാനം കൈക്കൊള്ളാനും വനിതകള്‍ക്കാവണം

വനിതകള്‍ക്ക് വരുമാനമുണ്ടെങ്കിലും നിക്ഷേപം നടത്തുമ്പോള്‍ തീരുമാനമെടുക്കുന്നത് പുരുഷന്‍മാരാണെന്നതാണ് പലപ്പോഴും കാണുന്നത്.  ഇക്കാര്യത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ഏതു മേഖലയില്‍ നിക്ഷേപം നടത്തണം, എത്ര തുക നിക്ഷേപിക്കണം, എത്ര കാലത്തേക്കു നിക്ഷേപിക്കണം എന്നതെല്ലാം ഓരോ വ്യക്തിയും സ്വന്തമായി തീരുമാനിക്കേണ്ടതാണ്. അവരവരുടെ വ്യക്തിഗത സവിശേഷതകള്‍ കണക്കിലെടുത്തു വേണം ഇക്കാര്യങ്ങള്‍ തീരുമാനിക്കാന്‍. കൂടെ ജോലി ചെയ്യുന്ന വ്യക്തിയായാലും സ്വന്തം കുടുംബാംഗമായാലും ഒരേ പ്രായക്കാരായാലും അവരുടെ സാമ്പത്തിക ആവശ്യങ്ങളും ലക്ഷ്യങ്ങളും വ്യത്യസ്തമായിരിക്കും. അതു കൊണ്ടു തന്നെ നിക്ഷേപ സംബന്ധിയായ തീരുമാനങ്ങള്‍ സ്വയം കൈക്കൊള്ളണം. ഇക്കാര്യത്തില്‍ മറ്റുള്ളവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കാമെങ്കിലും തീരുമാനം സ്വയം കൈക്കൊള്ളണം.

റിട്ടയര്‍മെന്റ് പ്ലാനിങ് വനിതകള്‍ക്കും 

ജീവിതത്തിന്റെ മറ്റു പല ഘട്ടങ്ങളിലും എന്നതു പോലെ റിട്ടയര്‍മെന്റിനു ശേഷമുള്ള കാര്യങ്ങളും ഭര്‍ത്താവിന്റേയോ മകന്റേയോ പിന്‍ബലത്തില്‍ മുന്നോട്ടു കൊണ്ടു പോകുകയെന്നതാണ് പല വനിതകളുടേയും രീതി. വരുമാനം ലഭിച്ചു തുടങ്ങുന്നതു മുതല്‍ തന്നെ റിട്ടയര്‍മെന്റ് പ്ലാനിങ് ആരംഭിക്കാന്‍ വനിതകളും തയ്യാറാവണം. ഇതുവഴി ദീര്‍ഘകാല നിക്ഷേപത്തിന്റെ നേട്ടവും ഉറപ്പാക്കാം. എത്ര കാലത്തേക്കു നിക്ഷേപിക്കണം, റിട്ടയര്‍മെന്റിനു ശേഷവും ഇപ്പോഴുള്ള ജീവിത ശൈലി തുടരാന്‍ എത്ര തുക വേണ്ടി വരും എന്നിവയെല്ലാം കണക്കാക്കി വേണം നിക്ഷേപം ആരംഭിക്കാന്‍. ഇവയെല്ലാം പണപ്പെരുപ്പം കൂടി കണക്കിലെടുത്തു വേണം തീരുമാനിക്കാന്‍.

വനിതകള്‍ക്കും പര്യാപ്തമായ ഇന്‍ഷൂറന്‍സ് വേണം

ഇന്‍ഷൂറന്‍സാണ് വനിതകള്‍ അവഗണിക്കുന്ന മറ്റൊരു മേഖല. അതേ വരുമാനമുള്ള പുരുഷന്‍മാര്‍ എടുക്കുന്നത്ര തുകയ്ക്കുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷ നേടാന്‍ പലപ്പോഴും വനിതകള്‍ തയ്യാറാകാറില്ല. ലൈഫ് ഇന്‍ഷൂറന്‍സ് ആയാലും ആരോഗ്യ ഇന്‍ഷൂറന്‍സ് ആയാലും ഇതു തന്നെയാണ് സ്ഥിതി. സാമ്പത്തിക ആസൂത്രണത്തില്‍ വലിയ പ്രാധാന്യമാണ് ഇന്‍ഷൂറന്‍സിനുള്ളത്. ഇതു കൂടി കണക്കിലെടുത്ത് പര്യാപ്തമായ കവറേജ് നേടാന്‍ വനിതകളും തയ്യാറാകുക തന്നെ വേണം.

വനിതകള്‍ക്കും സാമ്പത്തിക ലക്ഷ്യങ്ങള്‍ വേണം

സാമ്പത്തിക ആസൂത്രണമെന്നത് വനിതകള്‍ക്കു കൂടി തുല്യ പങ്കാളിത്തമുള്ളതായിരിക്കണം. തങ്ങള്‍ക്കും സ്വന്തമായ സാമ്പത്തിക ലക്ഷ്യങ്ങള്‍ ഉണ്ടെന്നത് അവര്‍ മനസിലാക്കണം. ഇതനുസരിച്ചുള്ള ആസൂത്രണവും നടക്കണം. ഓഹരികളുൾപ്പടെയുള്ളവ വനിതകള്‍ക്ക് അന്യമല്ല. ഇപ്പോൾ വീട്ടിലിരുന്നുകൊണ്ട് ഓഹരിയിൽ നിക്ഷേപിക്കാനുള്ള അവസരമുണ്ട്. ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ടിപ്പുകള്‍ക്കു പുറകെ പോകാതെ സ്വയം പഠിച്ച് വിശകലനം നടത്തി അനുയോജ്യമായ മേഖലകളിൽ നിക്ഷേപിക്കുകയാണെങ്കിൽ ഓഹരി നിക്ഷേപത്തിൽ നിന്നുള്ള നേട്ടങ്ങൾ സ്വന്തമാക്കാനാകും

സ്വര്‍ണനിക്ഷേപാവസരം  വനിതകള്‍ക്കും 

സ്വര്‍ണം വാങ്ങുന്നതില്‍ വനിതകള്‍ക്കു താല്‍പര്യമുണ്ടെങ്കിലും അതു നിക്ഷേപമായി പരിഗണിക്കുമ്പോള്‍ വനിതകള്‍ വളരെ പിന്നിലേക്കു പോകുകയാണ് പതിവ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മികച്ച രീതിയില്‍ ലളിതമായി സ്വര്‍ണ നിക്ഷേപം നടത്താന്‍ നിരവധി അവസരങ്ങളുണ്ട്. സ്വര്‍ണ ഇടിഎഫുകള്‍ മുതല്‍ സോവറിന്‍ ബോണ്ടുകള്‍ വരെ സ്വര്‍ണ അധിഷ്ഠിത നിക്ഷേപം നടത്താന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. നിക്ഷേപമായി സ്വര്‍ണത്തെ പരിഗണിക്കുമ്പോള്‍ ആഭരണങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ എന്തു നിലയ്ക്കും മികച്ചത് ഇവയാണ്. ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ പണിക്കൂലി, പണിക്കുറവ് തുടങ്ങിയ വിവിധ രീതികളില്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ ഇത്തരം നിക്ഷേപങ്ങള്‍ സഹായിക്കും. അവ ഡിജിറ്റല്‍ രീതിയില്‍ സാധ്യമാകുന്നതിനാല്‍ വീട്ടില്‍ നിന്നു പുറത്തിറങ്ങാതെ തന്നെ സ്വര്‍ണ നിക്ഷേപം നടത്താന്‍ ഇപ്പോള്‍ സാധ്യമാകും.

സേവിങ്സ് അക്കൗണ്ട് ഭര്‍ത്താവുമൊത്തുള്ള ജോയിന്റ് അക്കൗണ്ട് മാത്രമല്ല

സ്വന്തമായി വരുമാനമുള്ള പലരും ബാങ്ക് അക്കൗണ്ട് ആരംഭിക്കുമ്പോള്‍ അതു ഭര്‍ത്താവുമൊത്തുള്ള ജോയിന്റ് അക്കൗണ്ടായി തുടങ്ങുന്ന രീതിയുണ്ട്. ഇപ്പോള്‍ ഈ പ്രവണത കുറവുണ്ടെങ്കിലും പൂര്‍ണമായി മാറിയിട്ടില്ല. ജോയിന്റ് അക്കൗണ്ടുകള്‍ കൊണ്ട് നിരവധി ഉപയോഗങ്ങളുണ്ട്. പക്ഷേ, ഇത് സ്വന്തം അക്കൗണ്ടിനു പകരമാകില്ലെന്ന് ഓര്‍ക്കണം. സ്വന്തമായൊരു വ്യക്തിത്വം കൂടിയാണ് സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട്. ഇനി എസ്ബി അക്കൗണ്ട് സ്വന്തം പേരിലാണെങ്കിലും എഫ്ഡി അടക്കം മറ്റു നിക്ഷേപ മാര്‍ഗങ്ങള്‍ പരിഗണിക്കുമ്പോള്‍ അതു തന്റെ പേരില്‍ വേണ്ട എന്നു തീരുമാനിക്കുന്ന വനിതകളും ധാരാളമായുണ്ട്. ഈ പ്രവണതയും ഒഴിവാക്കേണ്ടതു തന്നെയാണ്.

അടിസ്ഥാന കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിക്ഷേപ രംഗത്തേക്കു കടക്കുന്നതിനു മുന്‍പ് അതുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ഇതിനായി വലിയ തോതിലുള്ള പഠനം ഒന്നും ആവശ്യമില്ല. തികച്ചും സ്വാഭാവികമായി തന്നെ മനസിലാക്കിയെടുക്കാവുന്തനേയുളളു. അതിനായുള്ള താല്‍പര്യവും ശ്രമവും നടത്തണമെന്നു മാത്രം. ഇന്റര്‍നെറ്റ് ബാങ്കിങ് ഉപയോഗിക്കാന്‍ പോലും ഭര്‍ത്താവിന്റേയോ മക്കളുടേയോ സഹായം തേടുന്ന പല ഉന്നത ഉദ്യോഗസ്ഥകളും ഇന്നുമുണ്ട്. ഇതില്‍ നിന്നെല്ലാം ആദ്യം മോചനം നേടിയിട്ടു വേണം സാമ്പത്തിക സമത്വത്തിലേക്കു കടക്കാന്‍.

English Summary : Women Need Financial Planning and Financial Independence

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA