ബോണ്ട് വരുമാനം ഉയരുന്നു; ഓഹരി വിപണിക്ക് ആശങ്ക

HIGHLIGHTS
  • ബോണ്ട് വരുമാനം ഉയരുമ്പോൾ ഓഹരി വിപണികൾ താഴുന്നതാണ് പൊതു പ്രവണത
mkt-sad
SHARE

ലോകത്തൊട്ടാകെയും യുഎസിൽ പ്രത്യേകിച്ചും  ഓഹരി വിപണി ആകെ അങ്കലാപ്പിലാണ്. ബോണ്ട് വിപണിയിൽ വരുമാനം ഉയരുന്നതാണ് കാരണം.

കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ബോണ്ട് വരുമാന തോതിലെ വർധനയുടെ ചുവടുപിടിച്ച് ആഗോള വിപണികൾ കനത്ത വിൽപന സമ്മർദത്തിലായി. യുഎസിൽ ടെക്നോളജി ഓഹരികൾ വ്യാപാരം ചെയ്യപ്പെടുന്ന നാസ്ഡാക് എക്സചേഞ്ചിൽ സൂചിക കഴിഞ്ഞ വർഷാവസാനത്തേതിലും താഴേയ്ക്കു പോയി. കഴിഞ്ഞ വർഷം 80 ശതമാനം കുതിപ്പുകണ്ട ടെസ്‌ല ഓഹരി വില ഈ വർഷം തുടക്കം മുതൽ ഇതുവരെ 30 ശതമാനം ഇടിവാണു കാണിച്ചത്. ആമസോൺ ഓഹരി 12 ശതമാനം നഷ്ടം നേരിട്ടു. യുഎസിൽ ഫെഡറൽ ബോണ്ടുകളുടെയും ഇന്ത്യയിൽ സർക്കാർ കടപ്പത്രങ്ങളുടെയും വരുമാനം തുടരെ ഉയരുന്നു. ഇത് ഓഹരി വിപണിയെ അനാകർഷകമാക്കുന്നു.

ബോണ്ട് വരുമാനം– ഓഹരി വിപണി

ബോണ്ട് വരുമാനം ഉയരുമ്പോൾ ഓഹരി വിപണി താഴുമെന്നത് കാലാകാലങ്ങളായി കാണുന്ന പ്രവണതയാണ്. ഉദാഹരണത്തിന് 2012 നു ശേഷമുള്ള 5 വർഷക്കാലയളവ് എടുത്താൽ ഇന്ത്യയിൽ 10 വർഷ സർക്കാർ ബോണ്ടിലെ വരുമാനം 17 ശതമാനം ഇടിവു കാണിച്ചു. ഇക്കാലയളവിൽ നിഫ്റ്റി സൂചിക 82 ശതമാനം കണ്ട് ഉയർന്നു.

യുഎസിൽ ട്രഷറി ബോണ്ട് വരുമാനം 2016ൽ ഡോണൾഡ് ട്രംപ് അധികാരത്തിൽ എത്തിയതിനു ശേഷമുള്ള ഏറ്റവും ഉർന്ന നിരക്കിലാണ്. കഴിഞ്ഞ ആഴ്ച 10 വർഷ ട്രഷറി ബോണ്ട് 1.6 ശതമാനം വരുമാന തോത് കാണിച്ചു. വർഷാരംഭത്തിൽ തോത് 0.92ശതമാനമായിരുന്നു. ഇന്ത്യയിൽ 10 വർഷ സർക്കാർ കടപ്പത്ര വരുമാനം 6.18 ശതമാനം നിരക്കിലേക്ക് ഉയർന്നു.

എന്താണ് ബോണ്ട്

സർക്കാരുകൾ പണം സമാഹരിക്കാൻ പുറത്തിറക്കുന്ന കടപ്പത്രങ്ങളാണ് രാജ്യന്തര ബോണ്ട് വിപണിയിൽ സിംഹഭാഗവും. ഇതിൽതന്നെ യുഎസ് സർക്കാരിന്റെ ഡോളർ ബോണ്ടുകളാണ് ഏറ്റവും മുന്നിൽ. 21 ട്രില്യൻ ഡോളറിലേറെ വരുന്ന യുഎസ് ട്രഷറി ബോണ്ട്പുറത്തിറക്കിയിട്ടുണ്ട്.

ബോണ്ട് വരുമാനം

ബോണ്ടിന്റെ പലിശ നിരക്ക് കാലാവധി തീരും വരെ ഏതാണ്ട് തുല്യമായിരിക്കും. എന്നാൽ ഈ കടപ്പ‌ത്രം വ്യാപാരം ചെയ്യപ്പെടുമ്പോൾ നിക്ഷേപകനു ലഭിക്കുന്ന നേട്ടമാണ് ബോണ്ട് വരുമാനം. പലിശ നിരക്കിലുള്ള മാറ്റവും സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥയും അനുസരിച്ച് ഈ നേട്ടം വ്യത്യാസപ്പെടും. പലിശ നിരക്ക് ഉയരുമ്പോൾ ബോണ്ട് വരുമാനം താഴും.

സുരക്ഷിത നിക്ഷേപമായ ബോണ്ടിലെ നേട്ടത്തെ കവച്ചുവയ്ക്കുന്ന നേട്ടം ലഭിക്കാൻ സാഹചര്യമുള്ളപ്പോഴാണ് ഓഹരി വിപണിയിലേക്ക് പണമൊഴുകുന്നത്. ബോണ്ട് വരുമാനം ഉയരുകയെന്നാൽ ഈ അന്തരം കുറയുന്ന സാഹചര്യം എന്നർഥം. ബോണ്ട് നിരക്ക് ഉയർന്നാൽ പണം ബോണ്ട് വിപണിയിലേക്ക് ഒഴുകും. നിക്ഷേപകരും ധനകാര്യ സ്ഥാപനങ്ങളും റിസ്ക് കൂടിയ ഓഹരി വിപണിയെ കൈവിടും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA