ADVERTISEMENT

ആദായ നികുതി നിയമം അനുസരിച്ച് ചില നിക്ഷേപങ്ങൾക്കു നികുതി വിധേയ വരുമാനത്തിൽനിന്ന് കിഴിവ് അനുവദിച്ചിട്ടുണ്ട്. 

∙നികുതി കിഴിവിനായുള്ള നിക്ഷേപങ്ങൾ സാമ്പത്തിക വർഷം അവസാനത്തിനകം നടത്തിയിരിക്കണം. വകുപ്പ് 80സി അനുസരിച്ച്, ഈ സാമ്പത്തിക വർഷാവസാനമായ ഈ മാസം 31 വരെ നടത്താവുന്ന പ്രധാന നിക്ഷേപങ്ങൾ താഴെപ്പറയുന്നു.

∙പിപിഎഫ് 

പബ്ലിക് പ്രോവിഡന്റ് ഫണ്ടിലെ (പിപിഎഫ്) നിക്ഷേപം, പലിശ, തിരികെ കിട്ടുന്ന തുക ഇവ മൂന്നും നികുതി വിമുക്തമാണ്. 500 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ പ്രതിവർഷം നിക്ഷേപിക്കാം. നിലവിലെ പലിശ 7.1%. നിക്ഷേപത്തിന്റെ കാലാവധി 15 വർഷമാണെങ്കിലും 5 വർഷത്തിനു ശേഷം ഭാഗികമായി പിൻവലിക്കാം. പോസ്റ്റ് ഓഫിസ്, ദേശസാൽകൃത ബാങ്കുകൾ, ആക്സിസ്, ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്കുകളിലും അക്കൗണ്ട് തുടങ്ങാം. 

∙ദേശീയ സമ്പാദ്യ പദ്ധതി 

നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി) നിക്ഷേപത്തിന് പരിധി ഇല്ലെങ്കിലും കുറഞ്ഞ കാലാവധി 5 വർഷമാണ്. നിലവിൽ 6.8 % ലഭിക്കുന്ന വാർഷിക പലിശ നികുതി വിധേയമാണ്. എന്നാൽ പലിശ പുനർനിക്ഷേപിച്ചതായി കണക്കാക്കി നികുതി കിഴിവു നേടാം. പോസ്റ്റ് ഓഫിസിൽ നിന്നാണ് എൻഎസ്‌സി വാങ്ങാവുന്നത്. നിക്ഷേപം തിരികെ ലഭിക്കുമ്പോൾ നികുതി ഇല്ല. കാലാവധിക്കുമുൻപ് സാധരണ ഗതിയിൽ പിൻവലിക്കാൻ പറ്റില്ല. 

∙യുലിപ് 

നിക്ഷേപവും ജീവൻരക്ഷ ഇൻഷുറൻസും ഒത്തുചേർന്നുള്ള പദ്ധതിയാണ് യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ (യൂലിപ്). പ്രീമിയം കിഴിച്ചുള്ള തുക നിക്ഷേപമാക്കും. നികുതിദായകൻ, ജീവിതപങ്കാളി, മക്കൾ (പ്രായപൂർത്തിയായവർ ഉൾപ്പെടെ) ഇവരുടെ പേരിൽ എടുക്കുന്ന യൂലിപ്പിന് നികുതി കിഴിവുണ്ട്. നിക്ഷേപത്തിന് പരിധി ഇല്ലെങ്കിലും കുറഞ്ഞ കാലാവധി 5 വർഷമാണ്. യൂണിറ്റ് ട്രസ്റ്റ്, എൽഐസി, സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ തുടങ്ങിയവർക്ക് യൂലിപ് ഉണ്ട്. 

∙സുകന്യ സമൃദ്ധി യോജന 

പെൺകുട്ടിയുടെ മാതാപിതാക്കൾക്കോ രക്ഷകർത്താക്കൾക്കോ ബാങ്കിലോ പോസ്റ്റ് ഓഫിസിലോ അക്കൗണ്ട് തുടങ്ങാം. അക്കൗണ്ട് തുടങ്ങുമ്പോൾ പെൺകുട്ടിക്ക് 10 വയസ്സു തികയാൻ പാടില്ല. അക്കൗണ്ട് തുടങ്ങി 15 വർഷത്തേക്ക് വർഷം തോറും ഒന്നര ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഒന്നര ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതി ഇളവ് ലഭിക്കും. പെൺകുട്ടിക്ക് 18 വയസ്സ് ആകുന്നതു വരെയോ അഥവാ പത്താം ക്ലാസ് പാസാക്കുന്നതു വരെയോ തുക പിൻവലിക്കാനാകില്ല. നിക്ഷേപത്തിന്റെ പലിശയ്ക്കും (നിലവിൽ 7.6%) പിൻവലിക്കുന്ന തുകയ്ക്കും നികുതി ഇല്ല. നിക്ഷേപത്തിന്റെ കാലാവധി 21 വർഷമാണ്.

∙5 വർഷത്തെ സ്ഥിരനിക്ഷേപം 

ബാങ്കുകളിലോ പോസ്റ്റ്ഓഫിസിലോ നികുതി കിഴിവിനായുള്ള 5 വർഷത്തെ സ്ഥിര നിക്ഷേപം തുടങ്ങാം. ഒന്നര ലക്ഷം വരെയുള്ള നിക്ഷേപത്തിന് നികുതി ഇളവ് ലഭിക്കും. പലിശയ്ക്ക് നികുതി കൊടുക്കണം. കാലാവധിക്കു മുൻപ് നിക്ഷേപം പിൻവലിക്കാനോ പണയപ്പെടുത്താനോ പറ്റില്ല. 60 വയസ്സ് തികഞ്ഞവർക്ക് ഉയർന്ന പലിശ ലഭിക്കും. 

∙പെൻഷൻ ഫണ്ടിലെ നിക്ഷേപം 

വിരമിക്കലിനു ശേഷമുള്ള ജീവിതം ഭദ്രമാക്കുന്നതിന് വേണ്ടി യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ(യുടിഐ)യുടെ റിട്ടയർമെന്റ് ബെനിഫിറ്റ് ഫണ്ട്, മ്യൂച്വൽ ഫണ്ടുകളുടെ റിട്ടയർമെന്റ് പെൻഷൻ ഫണ്ടുകളിൽ നിക്ഷേപിക്കാം. കുറത്ത കാലാവധി 5 വർഷമാണ്. ഇതിനുശേഷം 60 വയസ്സിനു മുൻപായി നിക്ഷേപം പിൻവലിച്ചാൽ നിശ്ചിത ശതമാനം കുറവ് ചെയ്യും. ഫണ്ടിലെ വരുമാനം നിശ്ചിതമല്ല. 

∙എൻപിഎസ് 

കേന്ദ്ര സർക്കാരിന്റെ ദേശിയ പെൻഷൻ പദ്ധതി (എൻപിഎസ്) 18 നും 65 നും ഇടയിൽ പ്രായമുള്ള വിദേശ ഇന്ത്യക്കാർ ഉൾപ്പെടെ എല്ലാ പൗരൻമാർക്കും ഒട്ടുമിക്ക സ്വകാര്യ പൊതു മേഖലാ ബാങ്കുകളിലും മുഖ്യ തപാൽ ഓഫിസുകളിലും അക്കൗണ്ട് തുടങ്ങാം. ശമ്പളക്കാർക്ക് ശമ്പളത്തിന്റെ 10%, അല്ലാത്തവർക്ക് മൊത്ത വരുമാനത്തിന്റെ 20% ആണു കിഴിവ്. ഒരു വർഷം ലഭിക്കാവുന്ന പരമാവധി കിഴിവ് രണ്ടു ലക്ഷം രൂപയാണ്. 80സി പ്രകാരം എൻപിഎസിനു മാത്രമായി 50000 രൂപ അധിക കിഴിവു ലഭിക്കും. നിക്ഷേപത്തിന് നികുതി കിഴിവ് നേടിയിട്ടുണ്ടങ്കിൽ പദ്ധതിയിൽനിന്നു കിട്ടുന്ന തുക ലഭിക്കുന്ന വർഷം നികുതി വിധേയമാണ്. എന്നാൽ നിബന്ധനകൾക്കു വിധേയമായി ഭാഗികമായി നികുതി കിഴിവു ലഭ്യമാണ്. 

∙മറ്റ് നിക്ഷേപങ്ങൾ

അംഗീകൃത ആന്വിറ്റി പദ്ധതിയിലെയും സൂപ്പർ ആനുവേഷൻ ഫണ്ടിലെയും നിക്ഷേപം, ഹഡ്കോയുടെയും ഭവന നിർമാണ ബോർഡുകളിലെയും പദ്ധതികളിലെ നിക്ഷേപം, വൈദ്യുതി ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള കമ്പനികളുടെ കടപ്പത്രങ്ങളിലും (ഡിബഞ്ചർ) ഓഹരികളിലുമുള്ള നിക്ഷേപം, ഇത്തരം മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം, നബാർഡിന്റെ ബോണ്ടിലെ നിക്ഷേപം, നാഷനൽ ഹൗസിങ് ബാങ്കിന്റെ ഭവന വായ്പാ പദ്ധതി (ഹോം ലോൺ അക്കൗണ്ട്സ് സ്കിം) ലെയും പെൻഷൻ ഫണ്ടിലുമുള്ള നിക്ഷേപം, സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീമിലെ നിക്ഷേപം തുടങ്ങിവയും 80സി യിലെ നികുതി ഇളവിനുള്ള നിക്ഷേപങ്ങളിൽ ഉൾപ്പെടും. 

∙പരമാവധി ഒന്നര ലക്ഷം രൂപ 

അനുവദനീയമായ നിക്ഷേപങ്ങളും ചെലവുകളും ഒറ്റയ്ക്കായോ കൂട്ടായി ചേർത്തോ പരമാവധി ഒന്നര ലക്ഷം രൂപ വരെയാണ് മൊത്തം വരുമാനത്തിൽ നിന്ന് വകുപ്പ് 80സി അനുസരിച്ചുള്ള കിഴിവ്. ഇതിനു പുറമെ എൻപിഎസിനു മാത്രം വകുപ്പ് 80സിസിഡി അനുസരിച്ച്‌ 50000 രൂപയുടെ അധിക കിഴിവ് ലഭിക്കും.

English Summary : Know More about Income Tax Saving Schemes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com