31 വരെയുള്ള ചെലവുകൾക്ക് ഈ വർഷം നികുതി കിഴിവ്

HIGHLIGHTS
  • കിഴിവ് വേണ്ടെങ്കിൽ കുറഞ്ഞ നികുതി നിരക്ക് തിരഞ്ഞെടുക്കാം
tax-time-1
SHARE

ഇൻകംടാക്സ് കുറയ്ക്കാൻ ഏതൊക്കെ ചെലവുകൾക്കാണ് നികുതി കിഴിവു ലഭിക്കുക? കിഴിവു തേടിയില്ലെങ്കിൽ നികുതി ബാധ്യത കുറയുമോ?

A- ആദായ നികുതി നിയമം അനുസരിച്ച് ചില ചെലവുകൾക്ക് നികുതി വിധേയ വരുമാനത്തിൽ നിന്ന് കിഴിവ് അനുവദിച്ചിട്ടുണ്ട്. കിഴിവൊന്നും വേണ്ടെന്നുവെച്ചാൽ കുറഞ്ഞ നികുതി നിരക്ക് തിരഞ്ഞെടുക്കാവുന്നതാണ്. 

∙ചെലവിനുള്ള കിഴിവ് 

നികുതി ബാധ്യത കുറയ്ക്കാനുള്ള ചെലവുകൾ സാമ്പത്തിക വർഷം അവസാനത്തിനകം നടത്തിയിരിക്കണം. നികുതി നിയമത്തിലെ അധ്യായം 6എ അനുസരിച്ച് നികുതി കിഴിവിനായി ഈ മാസം 31 വരെ നടത്താവുന്ന പ്രധാന ചെലവുകൾ ഇവിടെ പറയുന്നു. 

നികുതിദായകൻ, ജീവിതപങ്കാളി, മക്കൾ (പ്രായപൂർത്തിയായവർ ഉൾപ്പെടെ) തുടങ്ങിയവരുടെ പേരിൽ എടുക്കുന്ന ലൈഫ് ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം (ഇൻഷുറൻസ് തുകയുടെ 10% വരെ), ഏതെങ്കിലും രണ്ടു മക്കളുടെ മുഴുവൻ സമയ വിദ്യാഭ്യാസത്തിനായി പ്ലേ സ്‌കൂൾ ഉൾപ്പെടെയുള്ള സ്കൂൾ, കോളേജ്, യൂണിവേഴ്സിറ്റി, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് നൽകുന്ന ഫീസ് (സംഭാവനയും വികസന ഫണ്ടും ഒഴികെ), ഭവന വായ്പയുടെ മുതലിന്റെ തിരിച്ചടവ് മുതലായവയ്ക്ക് വകുപ്പ് 80 സി അനുസരിച്ച് നികുതി കിഴിവുണ്ട്. 

∙പരമാവധി ഒന്നര ലക്ഷം രൂപ: 

അനുവദനീയമായ നിക്ഷേപങ്ങളും ചെലവുകളും ഒറ്റയ്ക്കായോ കൂട്ടായി ചേർത്തോ പരമാവധി ഒന്നര ലക്ഷം രൂപ വരെയാണ് മൊത്തം വരുമാനത്തിൽനിന്ന് വകുപ്പ് 80സി അനുസരിച്ചുള്ള കിഴിവ്. 

∙മെഡിക്കൽ ഇൻഷുറൻസ് 5,000 രൂപ വരെ കിഴിവ്: ‌

തന്റെയോ ജീവിത പങ്കാളിയുടെയോ ആശ്രയിച്ചു ജീവിക്കുന്ന മക്കളുടെയോ ചികിത്സയ്ക്കായുള്ള ഇൻഷുറൻസ് പോളിസിയുടെ പ്രീമിയത്തിന് 25,000 രൂപ വരെ മൊത്ത വരുമാനത്തിൽനിന്നു കിഴിവു ലഭിക്കും. ഇതിന് പുറമെ മാതാപിതാക്കളുടെ പോളിസിയിൽ നികുതിദായകൻ അടയ്ക്കുന്ന പ്രീമിയത്തിന് മറ്റൊരു 25,000 രൂപ കൂടി കിഴിവു ലഭിക്കും. മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ തദ്ദേശീയരായ (റസിഡന്റ്) മുതിർന്ന പൗരനാണെങ്കിൽ ഈ കിഴിവ് 50,000 രൂപ വരെയാണ്. 

എന്നാൽ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത മുതിർന്ന പൗരന്മാരായ മാതാപിതാക്കളുടെ ചികിത്സയ്ക്കായി ചെലവാക്കുന്ന തുകയ്ക്ക് പരമാവധി 50,000 രൂപ വരെ കിഴിവ് ലഭിക്കും.

ലൈഫ്ഇൻഷുറൻസ് പ്രീമിയത്തിൽ നിന്നു വ്യത്യസ്തമായി, മെഡിക്കൽ ഇൻഷുറൻസ് പ്രീമിയവും അഥവാ മാതാപിതാക്കളുടെ ചികിത്സാച്ചെലവും നികുതിദായകന്റെ നികുതിബാധ്യതയുള്ള വരുമാനത്തിൽ നിന്ന് പണമല്ലാതെയുള്ള മാർഗത്തിലൂടെ കൊടുത്തിരിക്കണം. എന്നാൽ പ്രിവന്റീവ് ഹെൽത്ത് ചെക്കപ്പിനുള്ള 5000 രൂപ വരെ പണമായി നൽകാം. 

∙വിദ്യാഭ്യാസ വായ്‌പയുടെ പലിശ:

നികുതിദായകൻ തന്റെയോ ജീവിതപങ്കാളിയുടെയോ മക്കളുടെയോ ഉന്നത വിദ്യാഭ്യാസത്തിനായി (സീനിയർ സെക്കൻഡറി പരീക്ഷയ്ക്കു ശേഷം) ബാങ്കിൽനിന്നോ നിർദിഷ്ട ധനകാര്യ ജീവകാരുണ്യ സ്ഥാപനങ്ങളിൽനിന്നോ എടുത്ത വായ്പയുടെ പലിശയ്ക്കു പരിധിയില്ലാതെ മൊത്തവരുമാനത്തിൽ നിന്ന് കിഴിവു ലഭിക്കും. നികുതിദായകന്റെ നികുതി വിധേയ വരുമാനത്തിൽനിന്ന് അടയ്ക്കുന്ന പലിശയ്ക്കു മാത്രം അടവു തുടങ്ങിയ വർഷം ഉൾപ്പെടെ 8 വർഷത്തേക്കാണ് കിഴിവ്. 

∙മറ്റ് ഇളവുകൾ:

ഭവന വായ്പയുടെ പലിശ (വകുപ്പ് 24 ബി), നിർദിഷ്ട സംഭാവനകൾ (വകുപ്പ് 80 ജി), തന്നെ ആശ്രയിച്ചു ജീവിക്കുന്ന നിർദിഷ്ട വൈകല്യമുള്ള വ്യക്തിയുടെ ചികിത്സാച്ചെലവ് (വകുപ്പ് 80ഡിഡി), തന്റെയോ ആശ്രയിച്ചു ജീവിക്കുന്നവരുടെയോ ക്യാൻസർ, വൃക്ക രോഗം, പാർക്കിൻസൺസ് തുടങ്ങി നിർദിഷ്ട രോഗങ്ങളുടെ ചികിത്സച്ചെലവ് (വകുപ്പ് 80 ഡിഡിബി), സ്വന്തമായി വീട് ഇല്ലാത്ത സ്ഥലത്തുള്ള വാടക (വകുപ്പ് 80 ജിജി), പോസ്റ്റ് ഓഫിസിലെയും ബാങ്കുകളിലെയും സേവിങ്സ് അക്കൗണ്ടിലെ 10000 രൂപ വരെയുള്ള പലിശയും (വകുപ്പ് 80 ടിടിഎ), 60 വയസ്സു തികഞ്ഞവർക്ക് 50000 രൂപ വരെയുള്ള പലിശയും (വകുപ്പ് 80 ടിടിബി), ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം തുടങ്ങി നിർദിഷ്ട വൈകല്യങ്ങൾ ഉള്ളവർക്ക് (വകുപ്പ് 80 യു) തുടങ്ങിയവയ്ക്ക് മൊത്ത വരുമാനത്തിൽ നിന്ന് വ്യവസ്ഥകൾക്ക് വിധേയമായി നിശ്ചിത തുക കിഴിക്കാവുന്നതാണ്.

∙കിഴിവ് ലഭിക്കണമെന്നുണ്ടെങ്കിൽ നിക്ഷേപങ്ങളും ചെലവുകളും ഈ മാസം 31നകം നടത്തിയിരിക്കണം. 

∙നികുതിയിൽനിന്ന് റിബേറ്റ്:

ഇന്ത്യയിൽ താമസിക്കുന്ന(റസിഡന്റ്) വ്യക്തികൾക്ക് അവരുടെ നികുതി വിധേയ വരുമാനം 5 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ അടയ്ക്കേണ്ട നികുതി അഥവാ 12,500 രൂപ ഇതിലേതാണോ കുറവ് അത് റിബേറ്റ് ആയി നികുതിയിൽനിന്നു തട്ടിക്കിഴിക്കാം (വകുപ്പ് 87 എ). 

ഇളവുകൾ വേണ്ടെങ്കിൽ കുറഞ്ഞ നിരക്ക്

മേൽപറഞ്ഞ ഇളവുകൾ ഒന്നും വേണ്ടെന്നുവച്ച് കുറഞ്ഞ നിരക്കിലുള്ള നികുതി തിരഞ്ഞെടുക്കാനുള്ള അവസരം നികുതിദായകന് ഉണ്ട്. അപ്പോൾ ശമ്പളക്കാരാണെങ്കിൽ സ്റ്റാൻഡേഡ് ഡിഡക്‌ഷൻ ഉൾപ്പെടെ ഒരു കിഴിവും തേടാനാവില്ല. നികുതിദായകർ കിഴിവുകൾ വേണ്ടെന്നുവച്ചുള്ള കുറഞ്ഞ നിരക്കാണോ കിഴിവ് തേടിയുള്ള സാധാരണ നിരക്കാണോ നികുതി ബാധ്യതയിൽ കുറവു വരുന്നത് എന്നുനോക്കി വേണം ഇത് തിരഞ്ഞെടുക്കാൻ.

പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റാണ് ലേഖകൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA