ADVERTISEMENT

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതി ആനുകൂല്യം ലഭിക്കുന്ന പദ്ധതികളില്‍ നിക്ഷേപിക്കുവാന്‍ ഇനി അവശേഷിക്കുന്നത് വെറും ഒരാഴ്ച കൂടി മാത്രം. മാര്‍ച്ച് 31-നകം നിക്ഷേപത്തിനായി പെട്ടെന്ന് എങ്ങനെ തയാറെടുക്കണമെന്ന് നോക്കാം. 

പിഎഫിന് ഇനി അവസരമില്ല

നിലവില്‍ ആദായ നികുതി ആനുകൂല്യം ലഭിക്കുന്ന പദ്ധതികളില്‍ ഏറ്റവും ഉയര്‍ന്ന ഉറപ്പായ വരുമാനം ലഭിക്കുന്ന പദ്ധതികളിലൊന്നാണ് പ്രോവിഡന്റ് ഫണ്ട് നിക്ഷേപം. അതിലുള്ള ഒന്നര ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് 80 സി പ്രകാരമുള്ള ആനുകൂല്യം ലഭിക്കും. എന്നാല്‍ ഈ പരിധിയിലെത്താത്ത  ജീവനക്കാര്‍ക്ക് പിഎഫ് വിഹിതം വര്‍ധിപ്പിക്കാന്‍ ഓഫിസില്‍ അപേക്ഷ നല്‍കി നിക്ഷേപം നടത്തുകയെന്നത് ഇനി പ്രായോഗികമായി ബുദ്ധിമുട്ടാണ്. സാധാരണ നിലയില്‍ ശമ്പള ബില്‍ തയ്യാറാക്കുമ്പോഴാണ് പിഎഫ് നിക്ഷേപവും നടത്തുന്നതെന്നതിനാല്‍ ഇക്കാര്യം അവസാന ഘട്ടത്തില്‍ ചിന്തിക്കാതിരിക്കുകയാണ് അനുയോജ്യം. 

ഇഎല്‍എസ്എസ് പരിഗണിക്കാം

ആദായ നികുതിയിളവു ലഭിക്കുന്ന പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ വരുമാന സാധ്യതയുള്ള ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതികള്‍ (ഇഎല്‍എസ്എസ്) മാര്‍ച്ച് 31 വരെ പരിഗണിക്കാവുന്ന മാര്‍ഗമാണ്. 80 സി പ്രകാരം ഒന്നര ലക്ഷം രൂപ വരെ ആദായ നികുതി ഇളവ് ഇഎല്‍എസ്എസ് വഴി ലഭിക്കും. ഓണ്‍ലൈനായി ഏതാനും മിനിറ്റുകള്‍ക്കകം നിക്ഷേപം നടത്താം. മിക്കവാറും ബാങ്കുകളുടെ ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനം വഴിയും നിക്ഷേപം നടത്താനാവും. വിവിധ മ്യൂചല്‍ ഫണ്ട് കമ്പനികള്‍ക്കുള്ള വിപുലമായ ഏജന്‍സി ശൃംഖല വഴിയും വളരെ എളുപ്പം നിക്ഷേപം നടത്താനാവും. ചെക്കു നല്‍കിയാണ് നിക്ഷേപം നടത്തുന്നതെങ്കില്‍ അത് മാര്‍ച്ച് 31-ന് മുന്‍പ് നിങ്ങളുടെ അക്കൗണ്ടില്‍ നിന്നു പിന്‍വലിക്കപ്പെട്ടു എന്ന് ഉറപ്പാക്കണം. അല്ലെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ കണക്കിലായിരിക്കും ഉള്‍പ്പെടുത്തുക. 

വിദ്യാഭ്യാസ വായ്പകള്‍ക്കും നികുതി ആനുകൂല്യം

വിദ്യാഭ്യാസ വായ്പകള്‍ക്കുള്ള 80 ഇ പ്രകാരമുള്ള ആനുകൂല്യവും ട്യൂഷന്‍ ഫീസിനുള്ള 80 സി ആനുകൂല്യവും പ്രയോജനപ്പെടുത്തും വിധം പണമടക്കല്‍ നടത്താനും ശ്രദ്ധിക്കണം. ഇവയെല്ലാം മാര്‍ച്ച് 31-ന് മുന്‍പു ചെയ്യാന്‍ ശ്രദ്ധ പുലര്‍ത്തണം. 80 സി പ്രകാരം എല്ലാ ഇനത്തിലും കൂടി ഒന്നര ലക്ഷം രൂപയുടെ ഇളവു മാത്രമേ ലഭിക്കു എന്നതും ഓര്‍ത്തിരിക്കണം. 

ഇന്‍ഷൂറന്‍സും പരിഗണിക്കാം

ഏറ്റവും ജനപ്രിയമായ 80 സി ആനുകൂല്യങ്ങളില്‍ ഒന്നര ലക്ഷം രൂപ വരെയേ പരമാവധി ഇളവു ലഭിക്കു എന്നു പറഞ്ഞല്ലോ. ഇങ്ങനെ ലഭിക്കുന്ന ഒന്നര ലക്ഷം രൂപയുടെ ആനുകൂല്യങ്ങളില്‍ ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയവും ഉള്‍പ്പെടും. മാര്‍ച്ച് 31-ന് മുന്‍പ് പുതിയ പോളിസികള്‍ എടുക്കുകയാണെങ്കില്‍ ഇത്തരത്തില്‍ ആനുകൂല്യം നേടാം. ഇതിനു പുറമെ ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയത്തിന് 80 ഡി പ്രകാരമുള്ള ഇളവുകളും ലഭിക്കും. അതും മാര്‍ച്ച് 31-ന് മുന്‍പ് ആരംഭിക്കുന്നതിലൂടെ ആനുകൂല്യം നേടാം. എന്‍പിഎസ് നിക്ഷേപങ്ങള്‍ക്കുള്ള 50,000 രൂപയുടെ അധിക നികുതി ഇളവാണ് ആലോചിക്കാവുന്ന മറ്റൊരു മേഖല.

ഏതു രീതിയിലാണ് നികുതി കണക്കാക്കേണ്ടത്

നിക്ഷേപങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്ന പഴയ രീതിയിലെ നികുതി നിര്‍ണയമാണോ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത കുറഞ്ഞ നിരക്കിലുള്ള പുതിയ രീതിയിലെ നികുതി നിര്‍ണയമാണോ തെരഞ്ഞെടുക്കേണ്ടതെന്ന് ആദ്യം തീരുമാനിക്കണം. അതിനു ശേഷമായിരിക്കണം ആദായ നികുതി ആനുകൂല്യങ്ങള്‍ക്കായി നിക്ഷേപിക്കുന്ന കാര്യം ആലോചിക്കേണ്ടത്. 

ഇപ്പോള്‍ ഏറെ വൈകി

ആദായ നികുതി ആസൂത്രണം എന്നത് സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ചെയ്യേണ്ട ഒന്നല്ല. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ വരുമാനവും നികുതി ബാധ്യതയും സംബന്ധിച്ച കണക്കു കൂട്ടലുകള്‍ നടത്തി ആനുകൂല്യങ്ങള്‍ ലഭിക്കുന്ന അനുയോജ്യമായ പദ്ധതികളില്‍ നിക്ഷേപിച്ചു തുടങ്ങണം.  ഇത്തരം നടപടികളൊന്നും ഇതുവരെ നടത്തിയിട്ടില്ലെങ്കില്‍ അവസാന നിമിഷം നിക്ഷേപിച്ചും നികുതി ആനുകൂല്യങ്ങള്‍ സ്വന്തമാക്കാം. ഇതു പക്ഷേ, അത്ര നല്ലൊരു നീക്കമല്ല. 

തിടുക്കത്തിലെ നിക്ഷേപം തെറ്റായ തീരുമാനങ്ങളിലേക്കു നയിക്കും

ഏതു നിക്ഷേപമായാലും വ്യക്തിഗത സാഹചര്യങ്ങള്‍ പരിഗണിച്ചും നിക്ഷേപ പദ്ധതിയുടെ സവിശേഷതകള്‍ വിലയിരുത്തിയും വേണം നടത്താന്‍. നികുതി ആനുകൂല്യത്തിനായി മാര്‍ച്ച് 31-ന് മുന്‍പ് തിടുക്കത്തില്‍ നിക്ഷേപിക്കുന്നത് പലപ്പോഴും വിലയിരുത്തുന്നതിനുള്ള സമയം ഇല്ലാതാക്കും. ഇതുമൂലം തെറ്റായ തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള സാധ്യതകളും ഏറും. സ്വന്തം സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കനുസരിച്ചു മാത്രം വേണം നിക്ഷേപം എന്ന പൊതു തത്വം ലംഘിക്കുന്നതിനും ഇതിടയാക്കായേക്കാം. ഇതെല്ലാം പരിഗണിച്ച് അടുത്ത തവണയെങ്കിലും ആദായ നികുതി ആസൂത്രണം സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ ആരംഭിക്കണം.

English  Summary: A Last Minute Plan for Income Tax Planning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com