ADVERTISEMENT

ഇനിയും പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഒരു പക്ഷേ പിഴയൊടുക്കേണ്ടി വന്നേയ്ക്കാം. ഇരു കാര്‍ഡുകളും ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി സര്‍ക്കാര്‍ പല കുറി നീട്ടിയിരുന്നു. അവസാന തീരുമാനമനുസരിച്ച് ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അന്തിമ തീയതി 2021 മാര്‍ച്ച് 31 വരെയാണ്. പത്ത് തവണയോളം ഇതുവരെ തീയതി പല ഘട്ടങ്ങളിലായി നീട്ടി നല്‍കിയിട്ടുണ്ട്.

നേരത്തെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 വരെയായിരുന്നു ഇതിന് അനുവദിച്ചിരുന്ന സമയം. പിന്നീട് കോവിഡ് വൈറസ് ബാധ അനിയന്ത്രിതമാ യതോടെ ഇത് ജൂണ്‍ 31 വരെ നീട്ടിയിരുന്നു. ഇതാണ് പിന്നീട് 2021 മാര്‍ച്ച് 31 വരെ നീട്ടിയത്.

ഇനിയും ഏറെ ബാക്കി

രാജ്യത്ത് ഇനിയും ആധാറുമായി ബന്ധിപ്പിക്കാനുള്ള പാന്‍കാര്‍ഡുകളുടെ എണ്ണം 17 കോടിയാണ്. ആദായ നികുതി വകുപ്പിന്റെ കണക്കനുസരിച്ച് ഇതുവരെ 30.75 കോടി പാന്‍ കാര്‍ഡുകളാണ് കഴിഞ്ഞ ജനുവരി ഏഴു വരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളത്. പറഞ്ഞ തീയതിക്കകം ബന്ധിപ്പിക്കല്‍ നടന്നിട്ടില്ലെങ്കില്‍ അത്തരം പാന്‍ നമ്പറുകള്‍ തത്കാലത്തേയ്ക്ക് പ്രവര്‍ത്തന രഹിതമാകും. ഐ ടി ആക്ട് സെക്ഷന്‍ 272 ബി അനുസരിച്ച് 10,000 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റവുമാണിത്.

ഇടപാടുകള്‍ മുടങ്ങും

ഇങ്ങനെ കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ വാഹനങ്ങളുടെ വാങ്ങല്‍, വില്പന, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡീമാറ്റ് അക്കൗണ്ട് എന്നിവയടക്കം 18 സാമ്പത്തിക ഇടപാടുകള്‍ നടക്കാതാവും. പിന്നീട് എപ്പോഴാണോ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് അന്നു മുതല്‍ നിലവിലുണ്ടായിരുന്ന പാന്‍ നമ്പര്‍ പുനഃ സ്ഥാപിക്കപ്പെടും. അതോടെ ഈ സാമ്പത്തിക ഇടപാടുകള്‍ നടത്താനുമാകും.

വിവരങ്ങൾ ഒരുപോലെയാകണം

മുകളില്‍ പറഞ്ഞ തരത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനം നടത്തേണ്ടി വന്നാല്‍ അപ്പോള്‍ തന്നെ ലിങ്കിങ് നടപടികള്‍ പൂര്‍ത്തിയാക്കുകയും പാന്‍ നമ്പര്‍ പുനഃസ്ഥാപിച്ച് കിട്ടുകയും ചെയ്യും. അതായത് പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിലും പിന്നീട് ആവശ്യമെങ്കില്‍ ഇത് ചെയ്യാമെന്നര്‍ഥം. ഇരു കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് പാനിലും ആധാറിലും രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ ഒന്നായിരിക്കണം. പേര്, ജനനതീയതി,ലിംഗം ഇവ ഇരുകാര്‍ഡുകളിലും വ്യത്യസ്തമാകാന്‍ പാടില്ല. അങ്ങനെയെങ്കില്‍ അത് പരിഹരിക്കേണ്ടി വരും.

English Summary: Pan Aadhaar linking Last Date is March 31

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com