ആ പണമെല്ലാം എങ്ങോട്ടു പോയി? പലിശ നിരക്കിനിയും കുറയുമോ

HIGHLIGHTS
  • പലിശ നിരക്കുകള്‍ ഇനി താഴോട്ടു പോകാനിടയില്ല, നിക്ഷേപിക്കേണ്ടത് ഹ്രസ്വകാല കടപ്പത്രങ്ങളില്‍
INDIA-ECONOMY-CURRENCY
Photo: SAM PANTHAKY / AFP
SHARE

2008 ലെ മാന്ദ്യത്തിന് ശേഷം സാമ്പത്തിക രംഗത്തനുഭവപ്പെട്ട അതിശയകരമായൊരു കാര്യം വികസിത രാജ്യങ്ങളില്‍ വിലക്കയറ്റം ഉണ്ടായില്ല എന്നതാണ്.  ഉദാര പണനയത്തിന്റെ ഭാഗമായി വന്‍തോതില്‍ പണമൊഴുക്കിയിട്ടും 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി വിലക്കയറ്റം  സൃഷ്ടിച്ചില്ല. അതുപോലെ കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് മുമ്പെങ്ങുമില്ലാത്തവിധമാണ് ലോകത്തിലെ പ്രമുഖ കേന്ദ്ര ബാങ്കുകള്‍ ഒരേ സമയത്തു  വന്‍തോതില്‍ നോട്ടടിക്കലും പണമൊഴുക്കലും നടത്തിയത്. എന്നിട്ടും വികസിത വിപണികളിലെ വിലക്കയറ്റം ലക്ഷ്യത്തേക്കാള്‍  താഴെയായിരുന്നു.

പണമുണ്ടാക്കിയിട്ടും വിലക്കയറ്റമുണ്ടാക്കാതിരുന്നതെന്തുകൊണ്ട്?

ഇതിന് പ്രധാനമായും മൂന്നു കാരണങ്ങളുണ്ട്.  ഒന്നാമതായി , വന്‍തോതില്‍ സാധനങ്ങള്‍ ഉല്‍പാദിപ്പിച്ച് കുറഞ്ഞ ചിലവില്‍ കയറ്റി അയച്ചുകൊണ്ട് ചൈന ലോകത്തിന്റെ നിര്‍മ്മാണശാലയായി ഉയര്‍ന്നത്. രണ്ടാമതായി, ഇ കോമേഴ്‌സ് ഭീമന്മാര്‍ ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ഇടങ്ങളില്‍ നിന്ന് ഉല്‍പന്നങ്ങള്‍ ശേഖരിച്ച് ചെറിയ ലാഭം മാത്രമെടുത്ത് ഫലപ്രദമായ ആധുനിക വിതരണശൃംഖലകളുപയോഗിച്ചു നടത്തുന്ന വില്‍പന. മൂന്നാമതായി, വികസിത രാജ്യങ്ങളില്‍ മുതിര്‍ന്ന പൗരന്മാരുടെ അനുപാതം ഗണ്യമായി വര്‍ധിച്ചത് മൊത്തം ഡിമാന്റിനെ ഗണ്യമായി ബാധിച്ചു.  ഈ മൂന്നു ഘടകങ്ങളാണ് വന്‍തോതില്‍ പണമൊഴുകിയിട്ടും വിലക്കയറ്റം വര്‍ധിക്കുന്നതിനെ തടയുന്നത്. ഈ വന്‍തോതിലുള്ള പണമൊഴുക്കും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കുമാണ് ആഗോള ഓഹരി വിപണികളിലെ കുതിപ്പിനുള്ള പ്രധാന കാരണം.

പണപ്പെരുപ്പം തിരിച്ചു വന്നേക്കും

സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിനായി ബൈഡന്‍ ഭരണകൂടം 1.9 ലക്ഷം കോടി ഡോളറിന്റെ വന്‍ സാമ്പത്തിക ഉത്തേജക പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഇത്ര വലിയൊരു സാമ്പത്തിക ഉത്തേജക പദ്ധതി ആഗോള സാമ്പത്തിക ചരിത്രത്തില്‍ നാളിതുവരെ ഉണ്ടായിട്ടില്ല. ഇതിന് വിലക്കയറ്റം സൃഷ്ടിക്കാനുള്ള കെല്‍പ്പുണ്ട്. യുഎസില്‍ ബോണ്ട് വരുമാനത്തില്‍ കുത്തനെയുണ്ടായ വര്‍ധന പണപ്പെരുപ്പത്തിന്റെ കാര്യത്തില്‍ വിപണിക്കുള്ള ആശങ്കയാണു പ്രതിഫലിപ്പിക്കുന്നത്. യുഎസിലെ 10 വര്‍ഷ ബോണ്ടിന്റെ നേട്ടം ഇപ്പോള്‍ 1.7 ശതമാനത്തിനു മുകളിലാണ്. 2020 ഓഗസ്റ്റിലെ 0.5 ശതമാനത്തില്‍ നിന്ന് വളരെ ഉയരത്തിലാണിത്.

ഇന്ത്യയിലും കുറയാനിടയില്ല

ഉപഭോക്തൃ വില സൂചികയിലേയും  മൊത്തവില സൂചികയിലേയും വിലക്കയറ്റം  ഇന്ത്യയില്‍ വര്‍ധിച്ചുകൊണ്ടിരിക്കയാണ്. ജനുവരിയിലെ 4.1 ശതമാനത്തില്‍ നിന്നും ഉപഭോക്തൃ സൂചികാ വിലക്കയറ്റം ഫെബ്രുവരിയില്‍ 5.03 ആയി ഉയര്‍ന്നിരിക്കുന്നു. മൊത്തവില സുചികാ വിലക്കയറ്റമാകട്ടെ ജനുവരിയിലെ 2.03 ശതമാനത്തില്‍ നിന്നും ഫെബ്രുവരിയില്‍ ഇരട്ടിയായി വര്‍ധിച്ച്  4.17 ശതമാനമായിത്തീര്‍ന്നിരിക്കുന്നു. കൂടിയ ഇന്ധന, ഭക്ഷ്യ വിലകളാണ് വിലക്കയറ്റം വര്‍ധിപ്പിക്കുന്നത്.

പലിശ നിരക്കും കുറഞ്ഞേക്കില്ല

കേന്ദ്ര ബാങ്ക്  ഇനിയും പലിശ നിരക്കു കുറയ്ക്കാനുള്ള സാധ്യത ഇപ്പോഴില്ല. പലിശ നിരക്കുകള്‍ 2021ൽ ഈ നിലയിൽ തുടരുകയും പിന്നീട് വര്‍ധിക്കുകയും ചെയ്യാനാണിട. സമ്പദ് വ്യവസ്ഥ ശക്തമായി തിരിച്ചു വരികയും (2022 സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ചാ നിരക്ക് 11.5 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്) പെട്രോളിയം തുടങ്ങിയ ഉല്‍പന്നങ്ങളുടെ വിലകള്‍ ദൃഢമാവുകയും ചെയ്യുന്നതോടെ 2022 ആദ്യം ആര്‍ബിഐ പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കും. ചുരുക്കത്തില്‍ പലിശ നിരക്കുകള്‍  ഇനി താഴോട്ടു പോകാനിടയില്ല. 2022 ആദ്യത്തോടെ പലിശ നിരക്കുകള്‍ പതുക്കെ ഉയരാന്‍ ഇടയുണ്ട്.  

ഹ്രസ്വകാല കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുക

പലിശ നിരക്കുകള്‍ കുറയുമ്പോള്‍ ബോണ്ട് വിലകള്‍ കൂടുകയും നിക്ഷേപകര്‍ക്ക് നല്ല നേട്ടം ഉണ്ടാവുകയും ചെയ്യും. നിരക്കുകള്‍ വര്‍ധിക്കുമ്പോഴാകട്ടെ നേരെ എതിരാണ് സംഭവിക്കുക. അതിനാല്‍ കടപ്പത്ര നിക്ഷേപകര്‍ ഹ്രസ്വകാല ഫണ്ടുകള്‍ തെരഞ്ഞെടുക്കണം. പലിശ നിരക്കുകള്‍  വര്‍ധിക്കുമ്പോള്‍ ദീര്‍ഘകാല കടപ്പത്രങ്ങളെയപേക്ഷിച്ച് ഹ്രസ്വകാല കടപ്പത്രങ്ങളുടെ  വിലകള്‍ ആനുപാതികമായി കുറയില്ല. മാത്രമല്ല, ഹ്രസ്വകാല കടപ്പത്ര ഫണ്ട് മാനേജര്‍മാര്‍ക്ക് കടപ്പത്രങ്ങള്‍ വിറ്റ്  ഉയര്‍ന്ന  നിരക്കുള്ള  പുതിയ കടപ്പത്രങ്ങളില്‍ പുനര്‍ നിക്ഷേപം നടത്താനും  കഴിയും. കടപ്പത്ര നിക്ഷേപകര്‍  ദീര്‍ഘകാല ഫണ്ടുകളില്‍ നിന്ന്  ഹ്രസ്വകാല ഫണ്ടുകളിലേക്ക്  അഥവാ ഡൈനാമിക് ബോണ്ട് ഫണ്ടുകളിലേക്കു മാറാനുള്ള സമയം ഇതാണ്.

ലേഖകൻ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ആണ്

English Summary : Interest Rates will Increase or Not?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്കൂട്ടറിൽ കറങ്ങുന്ന റിയോ; കൗതുകമായി പ്രസാദിന്റെ തത്ത

MORE VIDEOS
FROM ONMANORAMA