ADVERTISEMENT

2020– 21 സാമ്പത്തിക വർഷം  അവസാനിക്കുന്നത്  ഇന്ന്. ആദായ നികുതി സംബന്ധമായ  പല നടപടികളുടെയും  അവസാന തീയതിയാണിത്. നാളെ, പുതിയ വർഷം തുടങ്ങുമ്പോഴും  പലതുണ്ട് ശ്രദ്ധിക്കാൻ. 

ഇന്ന്

∙2020–21 സാമ്പത്തികവർഷത്തെ ആദായ നികുതി ഇളവു ലഭിക്കാൻ അർഹമായ നിക്ഷേപങ്ങളും ചെലവുകളും നടത്തേണ്ടുന്ന അവസാന തീയതി.

∙നികുതിയിളവു ബാധകമായ ലീവ് ട്രാവൽ കൺസഷൻ കാഷ് വൗച്ചർ സമർപ്പിക്കാൻ സർക്കാർ ജീവനക്കാർക്കുള്ള അവസാന തീയതി.

∙2019–20 വർഷത്തെ ആദായ നികുതി റിട്ടേണും (അസസ്മെന്റ് വർഷം 2020–21) തിരുത്തിയ റിട്ടേണും പിഴയില്ലാതെ സമർപ്പിക്കാനുള്ള അവസാന തീയതി.

∙ആധാറും ആദായനികുതി വകുപ്പ് നൽകിയിട്ടുള്ള പെർമനന്റ് അക്കൗണ്ട് നമ്പറും (പാൻ) ബന്ധിപ്പിക്കാനുള്ള അവസാന തീയതി. ഇതു ചെയ്തില്ലെങ്കിൽ പാൻ നാളെ മുതൽ അസാധുവാകും.

നാളെ

ആദായനികുതി

∙എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലെ (ഇപിഎഫ്) നിക്ഷേപം ഒരു വർഷം 2.5 ലക്ഷത്തിൽ കൂടുതലായാൽ അതിന്റെ പലിശയ്ക്ക് ആദായ നികുതി നൽകണമെന്ന വ്യവസ്ഥ നാളെ പ്രാബല്യത്തിലാകും.

∙2 വർഷമായി ആദായ നികുതി റിട്ടേൺ നൽകുന്നതു മുടക്കിയവരിൽനിന്ന്, ഇടപാടുകൾക്കു സ്രോതസ്സിൽ പിടിക്കുന്ന നികുതിയുടെ (ടിഡിഎസ്, ടിസിഎസ്) നിരക്ക് ഇരട്ടിയാകും.

∙പുതിയ സാമ്പത്തിക വർഷം മുതൽ, ഐടി റിട്ടേൺ ഫോമുകളിൽ കൂടുതൽ വിവരങ്ങൾ നികുതിവകുപ്പു തന്നെ രേഖപ്പെടുത്തും. നിലവിൽ, ശമ്പളം, മുൻകൂർ നികുതി തുടങ്ങിയ വിവരങ്ങളാണുള്ളത്. ഇനി മുതൽ മറ്റു വരുമാന സ്രോതസ്സുകളിൽനിന്നുള്ള വരുമാനവും ഉൾപ്പെടുത്തും.

പാസ് ബുക്ക്, ചെക് ബുക്ക്

∙ദേനാ ബാങ്ക്, വിജയാ ബാങ്ക്, കോർപറേഷൻ ബാങ്ക്, ആന്ധ്രാ ബാങ്ക്, സിൻഡിക്കറ്റ് ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക്, അലഹാബാദ് ബാങ്ക് എന്നീ 8 ബാങ്കുകൾ അക്കൗണ്ട് ഉടമകൾക്കു നൽകിയിട്ടുള്ള പാസ്ബുക്കിനും ചെക്ക് ബുക്കിനും നാളെ മുതൽ പ്രാബല്യമില്ല. ഈ ബാങ്കുകൾ ബാങ്ക് ഓഫ് ബറോഡ (ദേനാ, വിജയ), പഞ്ചാബ് നാഷനൽ ബാങ്ക് (ഓറിയന്റൽ, യുണൈറ്റഡ്), കാനറ ബാങ്ക് (സിൻഡിക്കറ്റ്), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (ആന്ധ്ര, കോർപറേഷൻ), ഇന്ത്യൻ ബാങ്ക് (അലഹാബാദ്) എന്നീ ബാങ്കുകളിൽ ലയിപ്പിച്ചതുകൊണ്ടാണ് ഈ മാറ്റം. ഈ അക്കൗണ്ടുടമകൾ, ഏതു ബാങ്ക് ശാഖയിലേക്കാണോ ലയിപ്പിക്കപ്പെട്ടത്, അവിടെനിന്ന് പുതിയ ചെക്ബുക്കും പാസ് ബുക്കും വാങ്ങണം. പുതിയ ഐഎഫ്എസ് കോഡ്, എംഐസിആർ കോഡ‍് എന്നിവ മനസ്സിലാക്കണം.

ശമ്പളത്തിന്റെ രൂപം മാറും

∙പാർലമെന്റ് പാസാക്കിക്കഴിഞ്ഞ പുതിയ തൊഴിൽനിയമങ്ങളുടെ (കോഡുകൾ) വിജ്ഞാപനം വന്നിട്ടില്ലെങ്കിലും, പുതിയ സാമ്പത്തികവർഷത്തുടക്കം മുതൽ പ്രാബല്യത്തിലാകുമെന്നാണു സൂചന. ഇതു നടപ്പായാൽ ശമ്പളഘടനയിൽ വലിയ മാറ്റമുണ്ടാകും. അടിസ്ഥാന ശമ്പളവും (ബേസിക്പേ) വിവിധ അലവൻസുകളും ചേർന്ന മൊത്തം ശമ്പളം എന്ന രീതിയിലാണു മാറ്റം. മൊത്ത ശമ്പളത്തിന്റെ 50% എങ്കിലും അടിസ്ഥാന ശമ്പളമായിരിക്കണം എന്നാണു പുതിയ ചട്ടം. അങ്ങനെയാകുമ്പോൾ അടിസ്ഥാനശമ്പളത്തിന്റെ നിശ്ചിതശതമാനം ആയി കണക്കാക്കുന്ന പിഎഫ് നിക്ഷേപം മുതലായവയിലേക്കുള്ള പ്രതിമാസ വിഹിതം കൂടും. കയ്യിൽ കിട്ടുന്ന ശമ്പളം കുറയുമെന്നർഥം. എന്നാൽ പിഎഫ് നിക്ഷേപവും ഗ്രാറ്റുവിറ്റിയും കൂടും എന്നതിനാൽ വിരമിക്കുമ്പോൾ കയ്യിൽ കിട്ടുന്ന തുക ഉയരും.

ജിഎസ്ടി ഇൻവോയ്സ് മാറ്റം

∙50 കോടിക്കു മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് വ്യാപാര ഇടപാടുകൾക്ക് നാളെ മുതൽ ഇ–ഇൻവോയ്സിങ് നിർബന്ധം. ഇൻവോയ്‌സിങ് ബാധകമായ വ്യാപാരികൾ നികുതി ബാധ്യതയുള്ള ചരക്കുകൾക്കും, സേവനങ്ങൾക്കും പുറമെ വ്യാപാരി നൽകുന്ന ക്രെഡിറ്റ്/ഡെബിറ്റ് നോട്ടുകൾക്കും ഇൻവോയ്‌സിങ് നടത്തണം. ചരക്കുനീക്കം നടത്തുന്നതിന് മുൻപുതന്നെ ഇൻവോയ്‌സ് തയാറാക്കണം. ഇതിനായി ജിഎസ്ടി കോമൺ പോർട്ടൽ വഴിയോ ഇൻവോയ്സ് റജിസ്ട്രേഷൻ പോർട്ടലായ https://einvoice1.gst.gov.in വഴിയോ ഇൻവോയ്സ് റജിസ്ട്രേഷനെടുക്കണം. ഇൻവോയ്‌സിങ് നടത്തിയില്ലെങ്കിൽ ചരക്കു സ്വീകരിക്കുന്നയാൾക്ക് ഇൻപുട് ടാക്സ് ക്രെഡിറ്റിന് അർഹത ലഭിക്കില്ല. സെസ് യൂണിറ്റുകൾ, ഇൻഷുറൻസ്, നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ അടക്കമുള്ള ബാങ്കിങ് മേഖല, ഗുഡ്സ് ട്രാൻസ്പോർട്ടിങ് ഏജൻസികൾ, പാസഞ്ചർ ട്രാൻസ്പോർട് സർവീസ്, മൾട്ടിപ്ലെക്സ് സിനിമ എന്നീ മേഖലകളെ ഇ- ഇൻവോയ്സിങ്ങിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പ്രതിമാസ ബിൽ, മാസവരിസംഖ്യ

∙ഫോൺ ബിൽ, റീചാർജ്, ഡിടിഎച്ച് റീചാർജ്, ഒടിടി മാസവരിസംഖ്യ തുടങ്ങിയ ഇനങ്ങളിൽ വരിക്കാരുടെ ബാങ്ക് അക്കൗണ്ടിൽനിന്നോ പേയ്മെന്റ് വോലറ്റുകളിൽനിന്നോ ക്രെഡിറ്റ് കാർഡുകളിൽനിന്നോ ‘ഓട്ടമാറ്റിക്’ ആയി പണമെടുക്കാവുന്ന രീതി ഇന്ന് അവസാനിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച മാർഗനിർദേശപ്രകാരം, ഇത്തരം അവസരങ്ങളിൽ പണമീടാക്കുന്നതിനു തൊട്ടുമുൻപത്തെ ദിവസമെങ്കിലും ഇടപാടുകാർക്ക് സന്ദേശമയച്ച് അനുവാദം വാങ്ങിയ ശേഷമേ ഇടപാടു പൂർത്തിയാക്കാവൂ. 5000 രൂപ വരെയുള്ള ബില്ലുകൾക്കാണിത്. അതിലും ഉയർന്ന ഇടപാടുകൾക്ക് വൺടൈം പാസ്‌വേഡ് (ഒടിപി) തന്നെ ഏർപ്പെടുത്തണം.

ഈ വ്യവസ്ഥ നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ധനസ്ഥാപനങ്ങളുടെ ആവശ്യം റിസർവ് ബാങ്ക് ഇന്നെങ്കിലും അനുവദിച്ചില്ലെങ്കിൽ നാളെ മുതൽ ഇത്തരം പണമടവുകളിൽ തടസ്സം നേരിട്ടേക്കാമെന്ന് ധനസ്ഥാപനങ്ങൾ പറയുന്നു. സാങ്കേതിക സംവിധാനം പൂർത്തിയാകാത്തതാണു കാരണം. അങ്ങനെയങ്കിൽ ഉപയോക്താക്കൾ സാധാരണ രീതിയിൽ ബില്ലടയ്ക്കേണ്ടിവരും.

English Summary : New Financil Year will Begin Tomorrow

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com