ADVERTISEMENT

പുതിയ സാമ്പത്തിക വര്‍ഷം നാളെ തുടങ്ങും. ആദായ നികുതിയുമായി ബന്ധപ്പെട്ട ചില മാറ്റങ്ങള്‍ നാളെ പ്രാബല്യത്തിൽ വരും. ഈ മാറ്റങ്ങള്‍ അറിഞ്ഞിരിക്കുന്നത് നികുതി നടപടികൾ കൂടുതൽ എളുപ്പമാക്കും. 

ജീവനക്കാർക്ക് 

ഇതു വരെ ഒരു ജീവനക്കാരന് എംപ്ലോയീസ് പ്രൊവി‍ഡന്റ് ഫണ്ടിൽ നിന്നു ലഭിച്ചിരുന്ന തുക നികുതി രഹിതമായിരുന്നുവെങ്കില്‍ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 5 ലക്ഷം രൂപയില്‍ കൂടുതലുളള പി എഫ് വിഹിതത്തിന് ലഭിക്കുന്ന വരുമാനത്തിന് നികുതി ഉണ്ടാകും. വാര്‍ഷിക ശമ്പളം കൂടുതലുള്ളവര്‍ക്കാണ് ഇത് ബാധകമാവുക. കുറഞ്ഞ ശമ്പള വരുമാനക്കാർക്ക് ഇത് ബാധകമാകില്ല. തന്നെയുമല്ല നികുതി ഈടാക്കിയാലും 80 സിയുടെ പരിധിയിൽ വരുന്നതിനാലും ആകർഷകമായ പലിശ ലഭിക്കുമെന്നതിനാലും നിക്ഷേപകർക്കിടയിലെ പ്രിയപ്പെട്ട നിക്ഷേപമായി പിഎഫ് തന്നെ തുടരാനാണ് സാധ്യത. അതേ സമയം നികുതി രഹിത നിക്ഷേപമായ പബ്ലിക് പ്രൊവി‍ഡന്റ്ഫണ്ടും ആകർഷകമായ നേട്ടം നൽകും.

ജീവനക്കാർക്ക് കഴിഞ്ഞ  ഒക്ടോബറിൽ പ്രഖ്യാപിച്ച അവധിക്കാല യാത്രാ ആനുകൂല്യത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും. 

മുതിർന്ന പൗരന്മാർക്ക്

ധനമന്ത്രി നിര്‍മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചതനുസരിച്ച് 75 വയസു കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട. പെന്‍ഷന്‍ വരുമാനവും പെൻഷൻ അക്കൗണ്ടിൽ നിന്നുള്ള പലിശ വരുമാനവും മാത്രമുള്ളവര്‍ക്കാണ് ഈ ആനുകൂല്യമെന്നോർക്കുക. അതേസമയം ബാങ്ക് അക്കൗണ്ടിൽ നിന്നുൾപ്പടെ ഏതെങ്കിലും തരത്തിലുള്ള വരുമാനമുള്ളവർ റിട്ടേൺ ഫയൽ ചെയ്യേണ്ടിവരും.

റിട്ടേൺ നൽകാത്തവർ

റിട്ടണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് കടുത്ത നടപടിയാണ് 2021 ലെ ബജറ്റ് നിര്‍ദേശിക്കുന്നത്. റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഉയര്‍ന്ന ടി ഡി എസ് (ഉറവിടത്തിൽ നിന്ന് പിടിക്കുന്ന നികുതി) നല്‍കേണ്ടി വരും. രണ്ട് വര്‍ഷം ഇങ്ങനെ തുടര്‍ച്ചയായി റിട്ടേണ്‍ നല്‍കാത്തവരില്‍ നിന്നും ഇരട്ടി ടി ഡി എസ് പിടിക്കും.

നികുതിദായകർക്ക്

ഓഹരി, ബാങ്ക്-പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങള്‍ തുടങ്ങിയവയില്‍ നിന്നുള്ള വരുമാനങ്ങള്‍ കൂടി മുന്‍കൂട്ടി ഉള്‍പ്പെടുത്തിയാവും ഇനി മുതല്‍ ഐടിആര്‍ ഫോമുകള്‍ ലഭിക്കുക. ഇതുവരെ നികുതിദായകന്റെ വിവരങ്ങളും ശമ്പള, ടിഡിഎസ് വിവരങ്ങളും മാത്രമാണ് ഫോമുകളില്‍ ഉണ്ടായിരുന്നത്. നികുതിദായകന് ആശയകുഴപ്പം ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് വിശദീകരണമെങ്കിലും നികുതി വല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് ഇത്. അതുകൊണ്ടു തന്നെ നികുതി ദായകർ ബാങ്ക് സ്റ്റേറ്റ്മെന്റും മറ്റ് വരുമാന മാർഗങ്ങളും തമ്മിൽ ഒത്തു നോക്കുന്നത് നന്നായിരിക്കും.

English Summary: Know These Financial Changes before New Financial Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com