ADVERTISEMENT

പുതിയ സാമ്പത്തിക വര്‍ഷം ഓഹരി വിപണിയുടെ  പ്രകടനം എങ്ങനെയായിരിക്കും? സമ്പദ് വ്യവസ്ഥക്ക് പോയ വര്‍ഷം വേദന നിറഞ്ഞതായിരുന്നുവെങ്കിലും ഓഹരി വിപണിയ്ക്ക് നേട്ടത്തിന്റെ വര്‍ഷമായിരുന്നു. 2021 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി ഏകദേശം 8 ശതമാനം സങ്കോചിച്ചുവെങ്കിലും നിഫ്റ്റി 71 ശതമാനം നേട്ടം രേഖപ്പടുത്തി. കഴിഞ്ഞ 11 വര്‍ഷത്തെ ഏറ്റവും മികച്ച നേട്ടമാണിത്. നിഫ്റ്റി ഇടത്തരം, ചെറുകിട ഓഹരികള്‍ സൂചികകള്‍ യഥാക്രമം 103 ശതമാനം, 126 ശതമാനം എന്നീ ക്രമത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചു. എന്നാല്‍ ഈ തരംഗം ഇങ്ങനെ തുടരുമെന്ന് പ്രതീക്ഷിക്കരുത്. 

വിപരീത ചലനങ്ങള്‍

2022 സാമ്പത്തിക വര്‍ഷം 11.5 ശതമാനത്തോളം ജിഡിപി വളര്‍ച്ചയുമായി ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥ ആകാനാണിട.  ഡിമാന്റ് വര്‍ധനയും താഴ്ന്ന പലിശ നിരക്കും ഉയർന്ന കോര്‍പറേറ്റ് ലാഭവും ഇതിനു കാരണമാകാറുണ്ട്. നിഫ്റ്റിയുടെ നേട്ടം 30 ശതമാനത്തിനു മുകളിലേക്കു പോകാം. ഈ  തിരിച്ചു വരവു സംഭവിച്ചാല്‍ വിപണിയിലെ ഉത്സാഹം നിലനില്‍ക്കുകയും നിക്ഷേപകര്‍ക്ക് നേട്ടം ഉറപ്പാക്കുകയും ചെയ്യും. എന്നാല്‍ മഹാമാരിയുടെ രണ്ടാം വരവു പോലെയുള്ള വിപരീത ചലനങ്ങള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പടുത്തുിയേക്കും. ഇത്തരമൊരു സാഹചര്യത്തില്‍ 2022 സാമ്പത്തിക വര്‍ഷത്തെ വിപണി നേട്ടം ദുര്‍ബലമായേക്കാന്‍ ചെറിയ സാധ്യതയുണ്ട്.   

യുഎസ് ബോണ്ട് വരുമാനം

ആഗോള തലത്തില്‍ ഓഹരി വിപണികളിലെ വലിയ ആശങ്ക യുഎസ്  ബോണ്ട് വരുമാനം ഉയരുന്നതാണ്. യുഎസിന്റെ 10 വര്‍ഷ ബോണ്ട് പ്രാധാന്യമുള്ള സൂചികയാണ്. ആഗോള ഓഹരി, ബോണ്ട്, കറന്‍സി വിപണികളില്‍ ചലനങ്ങളുണ്ടാക്കാന്‍ ഇതിനു കഴിയും. ഈയിടെ യുഎസ് 10 വര്‍ഷ ബോണ്ട് വരുമാനത്തിൽ  കുതിപ്പുണ്ടായിട്ടുണ്ട് : 2020 ഓഗസ്റ്റില്‍ 0.5 ശതമാനമായിരുന്നത്  2021 മാര്‍ച്ച് ഒടുവില്‍ 1.74 ശതമാനമായി വര്‍ധിച്ചു. യുഎസ് 10 വര്‍ഷ ബോണ്ട് യീല്‍ഡ് 2 ശതമാനത്തിനു മുകളിലേക്കു പോയാല്‍ ലോക ഓഹരി വിപണികളില്‍ വിറ്റഴിക്കലുണ്ടായേക്കാം. ഇന്ത്യയേയും ഇതു ബാധിക്കും. എന്നാല്‍ ഐടി പോലെയുള്ള കയറ്റുമതി മേഖലകളില്‍ ഇതിന്റെ പ്രത്യാഘാതം തീരെ കുറവായിരിക്കും. കാരണം മൂലധന ഒഴുക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ രൂപയ്ക്കുണ്ടാകുന്ന വിലയിടിവ് ഐടി മേഖലയ്ക്ക് ഗുണകരമാണ്. ഇത്തരം ഘട്ടങ്ങളില്‍ ഐടി ഓഹരികള്‍ക്ക് പ്രാമുഖ്യം വര്‍ധിപ്പിച്ച്  പോര്‍ട്‌ഫോളിയോ അഴിച്ചു പണിയുന്നത് നന്നായിരിക്കും. 

മാറ്റം വരുന്നുണ്ടോ?

ആഗോള ഓഹരി വിപണികളെ ഏറ്റവും ശക്തമായി പിന്തുണയ്ക്കുന്ന ഘടകമാണ് യുഎസ് കേന്ദ്ര ബാങ്കിന്റെ ഉദാര പണ നയവും 2023 വരെ പലിശ നിരക്ക് 0 മുതല്‍ 0.25 ശതമാനത്തില്‍ നില നിര്‍ത്താനുള്ള തീരുമാനവും. ഈ പ്രഖ്യാപിത നിലപാടില്‍ മാറ്റം വരുന്നുണ്ടോ എന്നു നിക്ഷേപകര്‍ നിരീക്ഷിക്കണം. 

പ്രതികൂല സംഭവ വികാസങ്ങളൊന്നുമുണ്ടായില്ലെങ്കിലും 2022 സാമ്പത്തിക വര്‍ഷം വിപണിയില്‍ വലിയ നേട്ടം  ഉണ്ടാകാനിടയില്ല. വാല്വേഷന്‍  കൂടുതലായതും ( 2022 സാമ്പത്തിക വര്‍ഷത്തേക്കു കണക്കാക്കിയിട്ടുള്ള പിഇ അനുപാതം ഇപ്പോള്‍ 20 നു മുകളലാണ്) ഇനിയും വില കൂടിയാല്‍ വിപണി അപകട സാധ്യതയേറുമെന്നതുമാണ് കാരണം.

തയാറായിരിക്കണം

2022 സാമ്പത്തികവര്‍ഷത്തില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ നേരിടാന്‍  നിക്ഷേപകര്‍ തയാറായിരിക്കണം. 12 മുതല്‍ 15 ശതമാനം വരെയുള്ള ഭേദപ്പെട്ട നേട്ടം മാത്രം പ്രതീക്ഷിക്കുക,. ഈ അവസ്ഥയില്‍ നിന്ന് ലാഭമുണ്ടാക്കാനും നഷ്ടം കുറയ്ക്കാനും പോര്‍ട് ഫോളിയോകള്‍ സജ്ജമാക്കുക.  സ്വകാര്യ മേഖലാ ബാങ്കിംഗ്് /  ധനകാര്യ സ്ഥാപനങ്ങള്‍, ഐടി, ഫാര്‍മ, കെമിക്കല്‍സ്, ലോഹങ്ങള്‍, സിമെന്റ്, ചില എഫ്എംസിജി വിഭാഗങ്ങള്‍ എന്നിവയ്ക്ക് 2022 സാമ്പത്തിക വര്‍ഷവും മികച്ച പ്രകടനം നടത്താന്‍ സാധിക്കും.

ലേഖകൻ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ്

English Summary : Be Prepare for Market Fluctuation in New Financial Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com