ADVERTISEMENT

രണ്ടു നാള്‍ കഴിഞ്ഞാല്‍ മെയ് 14. അക്ഷയ തൃതീയ. അന്നു സ്വര്‍ണം വാങ്ങിയാല്‍ ഐശ്വര്യം നിങ്ങളെ  തേടി വരുമോ?

എത്ര ബുദ്ധിമുട്ടിയായാലും അല്‍പം പണം ഉണ്ടാക്കി വെച്ച് ഈ ദിവസത്തിനായി കാത്തിരുന്ന് കുറച്ചു സ്വര്‍ണമെങ്കിലും വാങ്ങുന്ന പതിവ് ഉത്തരേന്ത്യയില്‍ സാധാരണക്കാര്‍ക്കിടയില്‍ ഉണ്ട്്. കാരണം ആ ദിവസം സ്വര്‍ണം വാങ്ങിയാല്‍ അതു ഭാഗ്യം കൊണ്ടു വരും എന്ന വിശ്വാസം  തന്നെ.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ജ്വല്ലറികള്‍ നടത്തുന്ന ശക്തമായ  സെയില്‍സ് പ്രമോഷന്‍ കാരണം കേരളത്തിലും അക്ഷയ തൃതീയദിനത്തിൽ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണവും കൂടി വരികയാണ്. 

പക്ഷേ അക്ഷയ തൃതീയയ്ക്കു സ്വര്‍ണം വാങ്ങിയാല്‍ അതു നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും എന്നതില്‍ വല്ല യുക്തിയും ഉണ്ടോ?

അക്ഷയ തൃതീയ എന്ത്?

സമ്പത്തിന്റെ, ഐശ്വര്യത്തിന്റെ ഉത്സവമാണ് അക്ഷയ തൃതീയ. തൃതീയ എന്നാൽ മൂന്നാമത്തേത്. വൈശാഖമാസത്തിലെ മൂന്നാം നാൾ ആണ് അക്ഷയ തൃതീയയായി ആഘോഷിക്കുന്നത്. ഭൂമിയിൽ സൂര്യൻ ഏറ്റവും ഉജ്വലമായി ജ്വലിക്കുന്ന ദിവസം ആണിത്. കൃഷ്ണൻ കുചേലനു സമ്പത്തു നൽകിയ ദിവസം, പാഞ്ചാലിക്കു കൃഷ്ണൻ അക്ഷയപാത്രം നൽകിയ ദിവസം, ഗംഗാനദി സ്വർഗത്തിൽനിന്ന് ആദ്യമായി ഭൂമിയെ സ്പർശിച്ച ദിവസം എന്നിങ്ങനെ ഒട്ടേറെ വിശേഷങ്ങൾ ഹിന്ദുപുരാണങ്ങൾ ഐശ്വര്യവുമായി ബന്ധപ്പെടുത്തി ഈ ദിവസത്തിനു കൽപിച്ചു നൽകുന്നു. അക്ഷയ എന്നാൽ ഒരിക്കലും നശിക്കാത്തത് എന്നാണ്. അതുകൊണ്ടുതന്നെ അക്ഷയ തൃതീയയ്ക്ക് സ്വർണം വാങ്ങിയാൽ അത് ഒരിക്കലും നശിക്കില്ലെന്നും ഭാവിയിൽ ഐശ്വര്യം ഉറപ്പാക്കുമെന്നുമാണ് വിശ്വാസം. 

പഴഞ്ചൊല്ലിൽ പതിരില്ല

ഇത്തരം വിശ്വാസങ്ങൾ അന്ധവിശ്വാസങ്ങളാണെന്നു പറഞ്ഞു തള്ളിക്കളയാം. പക്ഷേ, പഴഞ്ചൊല്ലിൽ പതിരില്ല എന്നു പറയുന്നതു‌പോലെ വിശ്വാസങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ഇത്തരം ആചാരങ്ങളിലും ചില യുക്തികൾ ഉണ്ടാകും.

പണ്ടുകാലത്ത് മിച്ചം പിടിക്കുക, ഭാവിയിലേക്കായി നിക്ഷേപിക്കുക തുടങ്ങിയ ആശയങ്ങൾക്ക് പ്രസക്തിയൊന്നും ഉണ്ടായിരുന്നില്ല. അതിനുള്ള അവസരങ്ങളും കുറവായിരുന്നു. അൽപം പണം മിച്ചം വന്നാൽ സ്വർണമോ ഭൂമിയോ വാങ്ങുക എന്നതായിരുന്നു അന്നത്തെ രീതി.

കിട്ടുന്നതുകൊണ്ടു കഷ്ടിച്ചു ജീവിച്ചു‌പോന്ന ബഹു‌ഭൂരിപക്ഷം പേരിലും നാളേക്കായി അൽപം മിച്ചം പിടിക്കാനും സൂക്ഷിക്കാനും പ്രേരിപ്പിക്കുക എന്നതാണ് അക്ഷയതൃതീയയുമായി ബന്ധപ്പെട്ട് ഈ വിശ്വാസത്തിന്റെ ലക്ഷ്യം എന്നു പറയാം. 

ദാരിദ്ര്യത്തിൽ ജീവിക്കുന്നവർക്ക് നാളേക്കായി മാറ്റിവയ്ക്കുക എന്നത് ഒട്ടും പ്രായോഗികമായിരുന്നില്ല. എന്നാൽ, അക്ഷയതൃതീയയ്ക്ക് സ്വർണം വാങ്ങിയാൽ അത് ഇരട്ടിക്കും, ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരും എന്നൊക്കെയുള്ള വിശ്വാസവുമായി ബന്ധപ്പെടുത്തുന്നതോടെ മിക്കവരും എങ്ങനെയും അൽപം സ്വർണം വാങ്ങും. ഇതുവഴി നാളേക്കായി അൽപം മിച്ചം പിടിക്കാനും നിക്ഷേപിക്കാനും കഴിയുന്നു.

മഞ്ഞ‌ലോഹത്തിന്റെ മികവ്

എന്നാൽ, ശരിയായ നിക്ഷേപത്തിന്റെ പ്രാധാന്യം ആളുകൾ തിരിച്ചറിയുന്ന, വ്യത്യസ്തമായ ഒട്ടേറെ പദ്ധതികൾ വിപണിയിൽ ലഭ്യമായ ഇന്നത്തെ കാലത്ത്, അക്ഷയ തൃതീയയ്ക്കു സ്വർണം വാങ്ങൽ എന്ന വിശ്വാസത്തിന് എന്തു പ്രസക്തി എന്ന ചോദ്യം ഉയരുന്നുണ്ട്. പക്ഷേ, എത്രയൊക്കെ വ്യത്യസ്തമായ നിക്ഷേപ പദ്ധതികൾ ഉണ്ടെങ്കിലും ഇന്നും സ്വർണത്തിന്റെ പ്രസക്തി അൽപവും കുറഞ്ഞിട്ടില്ല. മറിച്ച്, അനിശ്ചിതത്വങ്ങളും ദുരന്തങ്ങളും വ്യാപകമായ സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ മഞ്ഞ‌ലോഹത്തിന്റെ മികവ് മറ്റൊരു ആസ്തിക്കും ഇല്ല എന്ന് കോവിഡ് കാലം നമ്മെ പഠിപ്പിച്ചു. സ്വർണം കൈവശമുണ്ടായിരുന്നവർക്കൊന്നും പണത്തിനായി ബുദ്ധിമുട്ടേണ്ടി വന്നില്ല. വിറ്റോ പണയം വച്ചോ കാര്യങ്ങൾ കാണാൻ കഴിഞ്ഞു. അതുകൊണ്ടു‌തന്നെ അക്ഷയതൃതീയയ്ക്കോ അല്ലാതെയോ സ്വർണം വാങ്ങുന്നതു നല്ലതാണ്. ഒരു വർഷം നിങ്ങൾ മൊത്തം നിക്ഷേപത്തിനായി നീക്കിവയ്ക്കുന്ന തുകയുടെ അഞ്ചു മുതൽ 15% വരെ ഇങ്ങനെ സ്വർണത്തിനായി മാറ്റിവയ്ക്കാം.

English Summary: Importance of Akshaya Tritiya and Gold Purchasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com