ADVERTISEMENT

കൊവിഡ്‌ കാരണം ഈ വര്‍ഷത്തെ അക്ഷയ തൃതീയ സാധാരണ പോലെ ആയിരിക്കില്ല. എല്ലായിടത്തും അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ നിക്ഷേപകരില്‍ പലര്‍ക്കും ഈ വര്‍ഷം സ്വർണത്തിനായി കൂടുതല്‍ ചെലവഴിക്കാനും കഴിഞ്ഞേക്കില്ല. മാത്രമല്ല ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കടയിൽ പോയി സ്വർണം വാങ്ങാനുള്ള അവസരവും കുറവാണ്‌. എന്നിരുന്നാലും സ്വർണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ തന്നെ സ്വർണത്തില്‍ നിക്ഷേപിക്കാനുള്ള വഴികള്‍ ഇപ്പോള്‍ നിരവധിയുണ്ട്‌. വലിയ വില കൊടുത്ത്‌ സ്വർണം വാങ്ങുന്നതിന്‌ പകരം സ്വർണത്തില്‍ ചെറിയ തുകയുടെ നിക്ഷേപം നടത്താനുള്ള അവസരങ്ങളും ഉണ്ട്‌. ഡിജിറ്റല്‍ സ്വർണം ഇതിനായി പരിഗണിക്കാവുന്ന മികച്ച മാര്‍ഗമാണ്‌. വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും സ്‌റ്റോക്‌ ബ്രോക്കര്‍മാരും ഇന്ന്‌ ഡിജിറ്റല്‍ സ്വർണം വാഗ്‌ദാനം ചെയ്യുന്നുണ്ട്‌. അതിനാല്‍ ഇന്റര്‍നെറ്റും മൊബൈല്‍ ബാങ്കിങ്‌ സൗകര്യവും ഉണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും എവിടെ നിന്നും സ്വർണത്തില്‍ നിക്ഷേപിക്കാം. ഏതാനും ക്ലിക്കുകള്‍ മാത്രം മതി ഓണ്‍ലൈനായി സ്വർണ വാങ്ങുന്നതിന്‌.ഡിജിറ്റല്‍ സ്വർണത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ അറിയാം ഇക്കാര്യങ്ങള്‍

എവിടെ നിന്ന് വാങ്ങണം

നിലവില്‍ രാജ്യത്ത്‌ ഡിജിറ്റല്‍ സ്വർണം ലഭ്യമാക്കുന്നത്‌ എംഎടിസി-പിഎഎംപി ഇന്ത്യ, ഓഗ്യുമെന്റ് ഗോള്‍ഡ്‌, ഡിജിറ്റല്‍ ഗോള്‍ഡ്‌ ഇന്ത്യ(സേഫ്‌ ഗോള്‍ഡ്‌ ബ്രാന്‍ഡ്‌ ) എന്നീ മൂന്ന്‌ ട്രേഡിങ്‌ കമ്പനികള്‍ മാത്രമാണ്‌ . അതേസമയം, ഡിജിറ്റല്‍ സ്വർണം വാങ്ങുന്നതിനും വില്‍ക്കുന്നതിനും സഹായിക്കുന്ന നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉണ്ട്‌. വിവിധ നിക്ഷേപ ആപ്പുകളും വോലറ്റുകളും ഡിജിറ്റല്‍ സ്വർണം വാഗ്‌ദാനം ചെയ്യുന്നുണ്ട്‌. ഉദാഹരണത്തിന്‌, ഗൂഗിള്‍ പേ, പേടിഎം, ആമസോണ്‍ പോലുള്ള ഇ-വോലറ്റ്‌ പ്ലാറ്റഫോമുകള്‍. എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസ്‌, ബജാജ്‌ ഫിന്‍സെര്‍വ്‌, മോത്തിലാല്‍ ഓസ്വാള്‍ തുടങ്ങിയവ. നിങ്ങള്‍ ഡിജിറ്റല്‍ സ്വർണത്തില്‍ നിക്ഷേപം നടത്തി കഴിഞ്ഞാല്‍, ഈ ട്രേഡിങ്‌ കമ്പനികള്‍ നിക്ഷേപത്തിന്‌ തുല്യമായ ഭൗതിക സ്വർണം വാങ്ങുകയും നിങ്ങളുടെ പേരില്‍ സുരക്ഷിതമായ അറകളില്‍ സൂക്ഷിക്കുകയും ചെയ്യും. ഈ ആപ്പുകളും വെബ്‌സൈറ്റുകളും ട്രേഡിങ്‌ പ്ലാറ്റ്‌ഫോമിനും നിക്ഷേപകര്‍ക്കും ഇടയിലുള്ള ഇടനിലക്കാര്‍ മാത്രമാണ്‌.

∙ഏത്‌ സമയത്തും എവിടെ നിന്നും ഓണ്‍ലൈനായി ഡിജിറ്റല്‍ സ്വർണത്തില്‍ നിക്ഷേപം നടത്താം.

∙ഡിജിറ്റല്‍ സ്വർണം ഓണ്‍ലൈനായി വാങ്ങുന്നതു പോലെ വിപണി വിലയ്‌ക്ക്‌ അനുസരിച്ച്‌ യൂണിറ്റുകള്‍ ഓണ്‍ലൈനായി വില്‍ക്കുകയും ചെയ്യാം.

∙സ്വർണാഭരണങ്ങള്‍, നാണയങ്ങള്‍, സ്വർണ കട്ടി എന്നിവയ്‌ക്കായി നിങ്ങള്‍ക്ക്‌ ഡിജിറ്റല്‍  സ്വർണം കൈമാറ്റം ചെയ്യാം.

∙ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും ഡിജിറ്റല്‍ സ്വർണം വാങ്ങുന്നതിന്‌ മുമ്പ്‌ പരിശുദ്ധി, ഹാള്‍മാര്‍ക്കിങ്‌, റീഫണ്ട്‌ നയം, വെണ്ടര്‍ എന്നിവ എല്ലാം പരിശോധിച്ച്‌ ഉറപ്പ്‌ വരുത്തണം.

സുതാര്യത

∙ഓൺലൈനായതിനാല്‍ നിക്ഷേപകള്‍ക്ക്‌ തത്സമയ വിപണി നിരക്കില്‍ ഡിജിറ്റല്‍ ഗോള്‍ഡ്‌ വാങ്ങാന്‍ കഴിയും.

∙വിപണിയില്‍ സ്വർണ വിലയില്‍ ഉണ്ടാകുന്ന ഏതൊരു മാറ്റവും ഈ പ്ലാറ്റ്‌ഫോമുകളില്‍ ഉടനടി പ്രതിഫലിക്കും

നിര്‍മ്മാണ, വിതരണ ചാര്‍ജുകള്‍

ഡിജിറ്റല്‍ സ്വർണത്തിന്റെ ഏറ്റവും വലിയ ഗുണം മെയ്‌ക്കിങ്‌ ചാര്‍ജുകള്‍ ഈടാക്കുന്നില്ല എന്നതാണ്‌. അതായത്‌ വാങ്ങുന്ന സമയത്ത്‌ സ്വർണത്തിന്റെ വില മാത്രം നല്‍കിയാല്‍ മതിയാകും. എന്നാലും  നിക്ഷേപകന്‍ ഡിജിറ്റല്‍ സ്വർണം വില്‍ക്കാന്‍ തീരുമാനിക്കുമ്പോള്‍ ,  നിര്‍മ്മാണ വിതരണ ചാര്‍ജുകള്‍ ഈടാക്കാന്‍ സാധ്യതയുണ്ട്‌.

നികുതി

ഡിജിറ്റല്‍ സ്വർണം വാങ്ങുമ്പോള്‍ 3 ശതമാനം ജിഎസ്‌ടി ഈടാക്കും. ഭൗതിക സ്വർണം, ഗോള്‍ഡ്‌ മ്യൂച്വല്‍ ഫണ്ടുകള്‍, ഗോള്‍ഡ്‌ ഇടിഎഫുകള്‍ എന്നിവയുടേത്‌ പോലെ ഡിജിറ്റല്‍ സ്വർണത്തില്‍ നിന്നുള്ള നേട്ടങ്ങള്‍ക്കും നികുതി ചുമത്തും.

∙ഇത് ഓണ്‍ലൈന്‍ വായ്‌പകള്‍ക്ക്‌ ഈടായി നല്‍കാം.

∙വളരെ കുറഞ്ഞ തുകയ്‌ക്കും ഇങ്ങനെ നിക്ഷേപിക്കാം.

∙വളരെ വേഗത്തില്‍ വിറ്റുമാറാം. സ്വർണമായിട്ടും പണമായിട്ടും തിരിച്ചെടുക്കാം

English Summary: We can Buy Digital Gold from Home during this Akshaya Tritiya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com