ADVERTISEMENT

കോടീശ്വരാനാകുക എന്ന സ്വപ്‌നം  ഭൂരിപക്ഷത്തിനും ഉണ്ട്. പക്ഷേ അതിനുള്ള മാര്‍ഗം അറിയില്ല എന്നതാണ് പ്രശ്‌നം. ആര്‍ക്കും കോടീശ്വനാകാനുള്ള ഒരു വഴിയാണ്  അച്ചടക്കത്തോടെയുള്ള നിക്ഷേപം.

കിട്ടുന്നതില്‍ നിന്നും ഒരു വിഹിതം അച്ചടക്കതോടെ എല്ലാ മാസവും കൃത്യമായി നിക്ഷേപിച്ചാല്‍ അതു സാധ്യമാണ്. അതിനുള്ള ഒരു ഫോര്‍മുല ആണ് ഇവിടെ വിശദീകരിക്കുന്നത്. 15x15x15 എന്നു വളരെ സിമ്പിളാണ് ഈ ഫോര്‍മുല. പക്ഷേ വിശദീകരണം  കേട്ടു കഴിയുമ്പോള്‍ ഇത് നടപ്പാക്കാനാകുമോ എന്നു  മിക്കവര്‍ക്കും സംശയം തോന്നും. പക്ഷെ ജോലി ചെയ്ത് ന്യായമായ വരുമാനം നേടുന്ന ആര്‍ക്കും ഒന്നു മനസ്സു വെച്ചാല്‍ സാധ്യമാക്കാവുന്നതേ ഉള്ളൂ

എന്താണ് 15x15x15 ഫോർമുല?

ആദ്യം എന്താണ് ഈ മാര്‍ഗം എന്നു വിശദമാക്കാം. 15000 രൂപ വീതം നിക്ഷേപം നടത്തണം. അതു 15 വര്‍ഷം മുടങ്ങാതെ മാസം നിക്ഷേപിക്കണം. അതും 15% വാര്‍ഷിക നേട്ടം തരുന്ന പദ്ധതിയില്‍.  അതാണ് 15x15x15 എന്ന ഫോര്‍മുല. അതായത് 15% നേട്ടം കിട്ടുന്ന പദ്ധതിയില്‍ മാസം15000 രൂപ വീതം 15 വര്‍ഷം തുടര്‍ച്ചയായി നിക്ഷേപം നടത്തണം.

ഇവിടെ മാസം 15000 രൂപ വെച്ച് 15 വര്‍ഷം കൊണ്ട് നിങ്ങള്‍ മൊത്തം നിക്ഷേപിക്കുന്നത്  27 ലക്ഷം രൂപയാണ്. 15% നിരക്കിലാണെങ്കില്‍ ഇത്രയും കാലം കഴിയുമ്പോള്‍ 10,027,600 രൂപയോളം കിട്ടും. അതായത് 27 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 73 ലക്ഷത്തോളം രൂപ അധികമായി കിട്ടും.

സാധ്യമാകുമോ?

ഇതില്‍ 15000 രൂപ മാസം നിക്ഷേപിക്കാനാകുമോ 15 വര്‍ഷം കാലയളവില്‍ ഇതു സാധ്യമാണോ എന്നത് നിക്ഷേപകന്റ പ്രായം, മാസവരുമാനം, കുടുംബത്തിന്റെ സാഹചര്യം എന്നിവ അനുസരിച്ചു വ്യത്യാസപ്പെടും. എന്നാല്‍  കാര്യങ്ങളെല്ലാം  എങ്ങനേയും മാനേജ് ചെയ്ത് മാസം 15000 രൂപ വീതം നിക്ഷേപിക്കാന്‍  പലരും തയ്യാറായേക്കും. പക്ഷേ ഇന്നത്തെ സാഹചര്യത്തില്‍ 15% വാര്‍ഷിക പലിശ  എവിടെ കിട്ടും? അതാണ് വലിയ പ്രശ്‌നം. പ്രത്യേകിച്ച് ബാങ്ക്- പോസ്റ്റ് ഓഫീസ്  സ്ഥിരനിക്ഷേപത്തിനു ഏഴു ശതമാനം എന്നതു തന്നെ കിട്ടാത്ത ഇന്നത്തെ സാഹചര്യത്തില്‍.

കൂട്ടുപലിശയെന്ന അല്‍ഭുതം

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊന്നു കൂടിയുണ്ട്. 15% എന്നത് സാദാ പലിശ അഥവാ സിമ്പിള്‍ ഇന്ററസ്റ്റ് അല്ല. മറിച്ച് കൂട്ടു പലിശയാണ്. ലോകത്തെ എട്ടാമത്തെ അല്‍ഭുതം എന്ന്  ആല്‍ബര്‍ട്ട് ഐസ്‌ററീന്‍ വിശേഷിപ്പിച്ച കൂട്ടുപലിശ!!

അതായത് 15% കൂട്ടു പലിശ അതും 15 വര്‍ഷത്തേയ്ക്ക് കിട്ടുന്ന പദ്ധതി ഏതാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.

ഇത്രയും കാലം ഇത്രയും പലിശ സ്ഥിരമായി കിട്ടുമെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല. എങ്കിലും അതിനുള്ള സാധ്യത മ്യൂച്വല്‍ ഫണ്ടിലുണ്ട്. മികച്ച കമ്പനികളുടെ മികച്ച ഇക്വിറ്റി ഫണ്ടുകള്‍ അതിനുള്ള അവസരം നിങ്ങള്‍ക്കു മുന്നില്‍ തുറന്നിടുന്നു. മാസം തോറും നിശ്ചിത തുക നിക്ഷേപിക്കാന്‍ കഴിയുന്ന എസ്‌ഐപി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്‌റ്പ്ലാന്‍) വഴി നിക്ഷേപിക്കാനുള്ള അവസരവും മ്്യൂച്വല്‍ ഫണ്ടിലുണ്ട്. അതു വഴി അച്ചടക്കത്തോടെ എല്ലാ മാസവും നിക്ഷേപം ഉറപ്പാക്കാം. ഒപ്പം വിപണിയിലെ ചാഞ്ചാട്ടത്തില്‍ നിന്നും നേട്ടം ഉണ്ടാക്കുന്ന റുപി കോസ്റ്റ് ആവറേജിങിന്റെ ഗുണവും കൂട്ടുപലിശയ്ക്ക് ഒപ്പം ഉറപ്പാക്കാം. അതും നിങ്ങളുടെ നേട്ട സാധ്യത കൂടുതല്‍ ആകര്‍ഷകമാക്കും.

15% ത്തിലധികം നേട്ടം നല്‍കുന്ന 15 മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ച് നാളെ വായിക്കാം

English Summary : How to Become Crorepati

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com