ADVERTISEMENT

മക്കള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക എന്നത് ജീവിതാഭിലാഷമായി കരുതുന്നവരാണ് ഇന്നു കേരളത്തിലെ മാതാപിതാക്കള്‍. അതേസമയം നേഴ്‌സറി തലം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള ചെലവുകള്‍ അനുദിനം കുതിച്ചുയരുന്നത് എല്ലാവര്‍ക്കും തലവേദനയാകുന്നു. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ക്കു പോലും താങ്ങാനാകുന്നില്ല ഇന്നത്തെ വിദ്യാഭ്യാസ ചെലവുകള്‍. പിന്നെ താഴെ തട്ടിലുള്ളവരുടെ കാര്യം പറയാനുമില്ല.

അതുകൊണ്ടു തന്നെ മികച്ച വിദ്യാഭ്യാസം കുറഞ്ഞ ചെലവില്‍ ഉറപ്പാക്കാനുള്ള മാര്‍ഗങ്ങള്‍ അറിയേണ്ടത് ഇന്നിന്റെ അത്യാവശ്യമാണ്. ചില കാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ച് അത് അനുസരിച്ചു മുന്നോട്ട് പോകുകയും ചില വസ്തുതകള്‍ മനസിലാക്കി ഉപയോഗപ്പെടുത്തുകയും ചെയ്താല്‍ താങ്ങാവുന്ന ചെലവില്‍ മക്കള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസവും അതുവഴി നല്ല ജോലിയും ഉറപ്പാക്കാന്‍ എല്ലാവര്‍ക്കും കഴിയും. അതിന് സഹായകമായ നിര്‍ദേശങ്ങളാണ് ഇവിടെ പറയുന്നത്.

1 മെരിറ്റാകണം സ്്റ്റാറ്റസ്, പേയ്‌മെന്റ് അല്ല

കുറച്ചുകാലം മുമ്പ് വരെ പണം കൊടുത്തു പഠിപ്പിക്കുന്ന രീതി  കേരളത്തില്‍ കുറവായിരുന്നു. പഠിച്ച് മികച്ച മാര്‍ക്കു വാങ്ങി ഇഷ്ടപ്പെട്ട  കോളേജില്‍ ആഗ്രഹിച്ച കോഴ്‌സിനു അഡ്മിഷന്‍ വാങ്ങുന്നതിലാണ് കുട്ടികളും മാതാപിതാക്കളും അഭിമാനിച്ചിരുന്നത്. സമ്പന്ന കുടുംബങ്ങളില്‍ പെട്ടവര്‍ പേയ്‌മെന്റ് സീറ്റില്‍  അഡ്മിഷന്‍ നേടിയാലും അക്കാര്യം പുറത്തു പറയില്ല, നാണക്കേടാണെന്ന ചിന്തയില്‍. അതുകൊണ്ടു തന്നെ പഠിക്കാന്‍ കഴിവുള്ളവര്‍ക്ക് താങ്ങാവുന്ന ഫീസില്‍  പഠിക്കാനും കഴിഞ്ഞിരുന്നു.

പക്ഷേ ഇന്നു് പണം കൊടുത്തു അഡ്മിഷന്‍ നേടുന്നതും വളരെ ഉയര്‍ന്ന ഫീസ് ഈടാക്കുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിക്കുന്നതും സ്റ്റാറ്റസ് സിംബലായി കാണുന്നവരുടെ എണ്ണം കൂടുതലാണ്. സമ്പന്നര്‍ പഠിക്കുന്ന സ്ഥാപനത്തില്‍ തങ്ങള്‍ക്ക് താങ്ങാവുന്നതിലും വലിയ ഫീസ് നല്‍കി മക്കളെ ചേര്‍ത്ത് കടക്കെണിയിലാകുന്ന ഇടത്തരക്കാര്‍ ഏറെയാണ്. നന്നായി പഠിച്ച് അഡ്മിഷന്‍ നേടാന്‍ ശ്രമിക്കുന്നില്ലെന്നു മാത്രമല്ല പണം കൊടുത്തു അതു നേടുന്നത്  ശരിയല്ല എന്ന ചിന്ത പോലും  ഇന്നു ആര്‍ക്കും ഇല്ല.  ഇവിടെ പണക്കാരനും പാവപ്പെട്ടവനും തമ്മില്‍ ഒരു വ്യത്യാസവുമില്ല.

ഈ ചിന്ത മാറ്റിയാല്‍ മക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ നല്ല വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ഇന്നു ബുദ്ധിമുട്ടില്ല. മാത്രമല്ല എല്ലാവരും അങ്ങനെ ചിന്തിച്ചാല്‍  കുതിച്ചുയരുന്ന വിദ്യാഭ്യാസ ചെലവുകള്‍ താനേ കുറയുകയും ചെയ്യും.

2  മക്കളെ പഠിക്കാന്‍ പഠിപ്പിക്കുക

ഇന്നത്തെ സിലബസൊന്നും പറഞ്ഞുകൊടുക്കാന്‍ ഞങ്ങള്‍ക്ക് അറിയില്ല, അറിഞ്ഞാല്‍ തന്നെ അതിനുള്ള സമയം ഇല്ല. അതുകൊണ്ട് ഫീസ് അല്‍പം ഉയര്‍ന്നാലും മികച്ച സ്ഥാപനത്തില്‍ പഠിപ്പിക്കുന്നു. ഏറ്റവും മികച്ച അധ്യാപകരെ ട്യൂഷനേര്‍പ്പെടുത്തും- ഇതാണ് ഇന്നത്തെ രീതി. ശരി, കുട്ടികളെ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് പ്രാപ്തിയുണ്ടാകില്ല. സമയവുമില്ല. പക്ഷേ കുട്ടിയുടെ പഠനത്തിനു മികച്ച അടിത്തറ ഇടാന്‍ ഏതു മാതാപിതാക്കള്‍ക്കും കഴിയും. നാലോ അഞ്ചോ വയസുള്ളപ്പോള്‍ തന്നെ  അക്ഷരങ്ങളും അക്കങ്ങളും വായനയും കണക്കുകൂട്ടലും ഒരു കളിപോലെ രസകരമായി അവരെ പഠിപ്പിക്കുക. അത് പഠനം ആസ്വാദ്യകരമാക്കാനും ഭാവി പഠനത്തിനു മികച്ച അടിത്തറ ഉറപ്പാക്കാനും കഴിയും. അതിനു വലിയ വിദ്യാഭ്യാസമോ കൂടുതല്‍ സമയോ ആവശ്യമില്ല. അതായത് അവരെ പഠിക്കാന്‍ പഠിപ്പിക്കുക. അതും രസകരമായി.  നന്നായി വായിക്കാനും എഴുതാനും കണക്കിന്റേയും സയന്‍സിന്റേയും അടിസ്ഥാന പാഠങ്ങള്‍ കുഞ്ഞിലേ ആസ്വദിക്കാന്‍ പഠിപ്പിച്ചാല്‍ ഒരു ശരാശരി കുട്ടിക്കു പോലും ജീവിതത്തില്‍ ഒരിക്കലും പഠനം ബുദ്ധിമുട്ടാകില്ല. ഇത്രയൂം കാര്യങ്ങള്‍ തുടക്കത്തില്‍ ചെയ്യാന്‍ നിങ്ങള്‍ക്കു കഴിഞ്ഞാല്‍ പിന്നെ മക്കള്‍ സ്വയം പഠിച്ചോളും. അതിനു ട്യൂഷനോ വന്‍ ഫീസു വാങ്ങുന്ന സ്‌കൂളുകളോ ആവശ്യമില്ല.

3 കുട്ടികളുടെ ഇഷ്ടം, നിങ്ങളുടേതല്ല

ഇന്നു മിക്ക കുട്ടികളും ഉന്നത വിദ്യാഭ്യാസം നേടുന്നത് സ്വന്തം ഇഷ്ടത്തിനല്ല. മറിച്ച് മാതാപിതാക്കളുടെ ആഗ്രഹത്തിനു അനുസരിച്ചാണ്.എക്‌സാം പാസാകാതെ ഓരോ വര്‍ഷവും സപ്ലികളുടെ എണ്ണം വര്‍ധിച്ചുവരുന്നതും രണ്ടു മൂന്നു വര്‍ഷം പഠിച്ച കോഴ്‌സ് ഉപേക്ഷിച്ച് മറ്റൊന്നിനു ചേരുന്നവരും കൂടി വരുന്നത് അതുകൊണ്ടാണ്. കുട്ടിയുടെ കഴിവും അഭിരുചിയും മനസിലാക്കി അതനുസരിച്ചുള്ള ഉന്നത പഠനത്തിനു മാതാപിതാക്കള്‍ വഴിയൊരുക്കിയാല്‍ സ്വാഭാവികമായും തീരാവുന്ന പ്രശ്‌നമാണിത്.  മാത്രമല്ല ഇഷ്ടത്തിനു പഠിച്ചാല്‍ മികച്ച വിജയം നേടാനും അതനുസരിച്ച് തൊഴില്‍ കണ്ടെത്താനും ഇന്നു വ്യത്യസ്തമായ മികച്ച അവസരങ്ങളുണ്ട് എന്നതു കൂടി മാതാപിതാക്കള്‍ അറിയണം. എന്‍ജിനിയറിംങും മെഡിസിനും എംബിഎയും മാത്രമല്ല നല്ല കോഴ്‌സുകള്‍. മാത്രമല്ല കഴിവോ താല്‍പ്പര്യമോ ഇല്ലാത്തവര്‍ കൂടി പഠിക്കാന്‍ തുടങ്ങിയതോടെ ഇത്തരം കോഴ്‌സുകളുടെ തൊഴില്‍ സാധ്യതയും ഗണ്യമായി കുറഞ്ഞു എന്ന യാഥാര്‍ത്ഥ്യവും തിരിച്ചറിയണം. എന്‍ജിനീയറിംങ് പാസായവര്‍ക്ക് ബാങ്ക് അടക്കമുള്ള അവസരങ്ങള്‍ എങ്കിലും കിട്ടുന്നു. ലക്ഷങ്ങളും കോടികളും മുടക്കി എംബിബിഎസ് പാസായിട്ട്  രാപകല്‍ ഡ്യൂട്ടി ചെയ്താലും മാസം 10,000 രൂപ  നേടാനാകാതെ വിഷമിക്കുന്നവര്‍ ഉണ്ട്.അതിനാല്‍ കുട്ടിയുടെ അഭിരുചി അനുസരിച്ചുള്ള നല്ല കോഴ്‌സുകള്‍ കണ്ടെത്തി അതില്‍ ചേര്‍ക്കുക.

4 സര്‍ക്കാര്‍ സംവിധാനങ്ങള്‍

ഇന്നു വളരെ കുറഞ്ഞ ചെലവില്‍ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാന്‍ കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളുടെ സംവിധാനങ്ങളുണ്ട്. കേരളത്തിലെ  സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇടക്കാലത്ത് നഷ്ടപ്പെട്ട മികവു ഇതിനകം തിരിച്ചു പിടിച്ചിട്ടുണ്ട്. ഏതു സ്വകാര്യസ്ഥാപനത്തിലുള്ളതിലും മികച്ച അധ്യാപകര്‍ ഇവിടെയുണ്ട്. കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ, സൈനിക സ്‌കൂളുകളും ഏതു സാധാരണക്കാരനും  താങ്ങാവുന്ന ചെലവില്‍ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഇതു ശരിയാണ്. പ്രവേശന പരീക്ഷകളില്‍ ഏറ്റവും ഉയര്‍ന്ന റാങ്കു നേടിയാല്‍  എന്‍ജിയറിങ് – മെഡിക്കല്‍ പഠനം  രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനത്തില്‍ തന്നെ ആകാം. അവിടുത്തെ ചെലവും താങ്ങാനാകാത്തതാണെങ്കില്‍ വിവിധതരം സ്‌കോളര്‍ഷിപ്പുകളുണ്ട്. വളരെ കുറഞ്ഞ ചെലവില്‍ വിദ്യാഭ്യാസ വായ്പയും കിട്ടും.

5  സ്‌കോളര്‍ഷിപ്പുകള്‍

ഇന്നു പഠനത്തില്‍ മികവു കാട്ടുന്നവര്‍ക്കു മാത്രമല്ല  ന്യൂനപക്ഷങ്ങള്‍ക്കും വിവിധ സമുദായങ്ങള്‍ക്കും  വരുമാനം കുറഞ്ഞവര്‍ക്കും വിവിധ തരം സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. സ്‌കൂള്‍ തലം മുതല്‍ റിസര്‍ച്ച് തലം വരെ വ്യത്യസ്തങ്ങളായ ഒട്ടേറേ സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. അതില്‍ നിങ്ങളുടെ കുട്ടിക്ക് ലഭ്യമാക്കാവുന്ന സ്‌കോളര്‍ഷിപ്പുകളെ കുറിച്ച്  മുന്‍കൂട്ടി മനസിലാക്കുക. എങ്കിലത് നേടാന്‍ മുന്‍കൂട്ടി തയ്യാറെടുക്കാം. അപ്പോൾ സമയത്ത് അപേക്ഷിക്കാനും നേടിയെടുക്കാനും കഴിയും  

6  വിദ്യാഭ്യാസ വായ്പ

എന്തൊക്കെ പറഞ്ഞാലും എത്ര മിടുക്കന്‍മാരായാലും  ഇഷ്ടപ്പെട്ട കോഴ്‌സിനു വരുന്ന വിവിധ തരം ചെലവുകള്‍ താങ്ങാന്‍ പലപ്പോഴും  പല മാതാപിതാക്കള്‍ക്കും കഴിയാറില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ സഹായത്തിനു വിദ്യാഭ്യാസ വായ്പകളുണ്ട്. അംഗീകൃത കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക്  7.5 ലക്ഷം രൂപ വരെയുള്ള വായ്പ യാതൊരു വിധ ഈടോ മാര്‍ജിന്‍ തുകയോ പരിഗണിക്കാതെ നല്‍കണമെന്നു  ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഉത്തരവുണ്ട്.  ഏതെങ്കിലും കാരണവശാല്‍ ബാങ്കുകള്‍ വായ്പ നിരസിച്ചാല്‍ പരാതി നൽകി അത് നേടിയെടുക്കാനുള്ള സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.  ഐഐടി അടക്കമുള്ള രാജ്യത്തെ അഭിമാന സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന മിടുക്കര്‍ക്ക് വളരെ കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കുന്ന പ്രത്യേക പദ്ധതികള്‍ മിക്ക ബാങ്കുകള്‍ക്കുമുണ്ട്.

7 പഠനത്തോടൊപ്പം ജോലി

25-30 വയസു വരെ മാതാപിതാക്കളുടെ ചെലവില്‍ പഠിക്കുക എന്നതാണ് ഇന്നും നാട്ടിലെ രീതി. എന്നാല്‍ ഇതു നാണക്കേടായി കരുതുകയും അടിസ്ഥാന വിദ്യാഭ്യാസത്തിനു ശേഷം എന്തെങ്കിലും  ഒരു ജോലി ചെയ്തുകൊണ്ട്  ഇഷ്ടമുള്ള  രീതിയില്‍ ഉന്നത വിദ്യാഭ്യാസം നേടുകയും ചെയ്യുന്നതാണ് വിദേശരാജ്യങ്ങളിലെ രീതി. എന്തിനും ഏതിനും പാശ്ചാത്യ രാജ്യങ്ങളെ അനുകരിക്കുന്ന കേരളീയര്‍ ഇക്കാര്യത്തില്‍ എന്തുകൊണ്ട് അതു ചെയ്യുന്നില്ല. മക്കളെ  എന്തുകൊണ്ട് അതിനു പ്രേരിപ്പിക്കുന്നില്ല. അതിനു  പുതുതലമുറ തയാറായാല്‍ ഉന്നത വിദ്യാഭ്യാസ ചെലവുകള്‍ ഒരു കുടുംബത്തിനും ബാധ്യതയാകില്ല

English Summary : Seven Tips to Ensure Best Education for Your Kid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com