ADVERTISEMENT

പുതിയതായി നല്ലൊരു  വീട് നിർമ്മിച്ചാലും ചിലപ്പോൾ പെട്ടന്നുതന്നെ പുതുക്കി പണിയേണ്ടി വരും. കാലേകൂട്ടി കാണാൻ കഴിയാത്ത സംഭവവികാസങ്ങൾ സംജാതമാകുമ്പോൾ ആരുടെ മുന്നിലും മറ്റു മാർഗങ്ങളുണ്ടാവില്ല. ആകസ്മികമായി കേരളത്തിൽ ഉണ്ടായിട്ടുള്ള പ്രകൃതി ക്ഷോഭങ്ങൾ ഇത്തരം പുനർ വിചിന്തനത്തിനു വഴി തെളിയിച്ചിട്ടുണ്ട്. ഇതു തന്നെയാണ് ഈ വർഷത്തെ ബജറ്റിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. 2021-22 വർഷത്തേക്കായി  സാമാന്യം   ഭേദപ്പെട്ട ബജറ്റാണ് മുൻ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. എന്നാൽ പുതിയ സാഹചര്യങ്ങളിൽ അതിൽ ചില കൂട്ടിച്ചേർക്കലോ, കിഴിക്കലോ ആവശ്യമുണ്ട്. ഇതു തന്നെയാണു പുതിയ ധനമന്ത്രിയുടെ മുന്നിലുള്ള വലിയ വെല്ലുവിളിയും. പുതിയ സാഹചര്യങ്ങൾ എന്തൊക്കെയാണെന്നും അവയെ മുൻഗണനാ ക്രമത്തിൽ എങ്ങനെ ബഡ്ജറ്റിൽ സമീപിക്കണമെന്നും നോക്കാം.

ആരോഗ്യ രംഗം 

ആരോഗ്യ മേഖലയിൽ സർക്കാർ നടത്തുന്ന ചെലവ്, ബജറ്റ് തുകയുടെ ആറു ശതമാനത്തോളം വരും. ഇത് ദേശിയ ശരാശരിയേക്കാൾ  കൂടുതലാണ്. എന്നാൽ, ഇന്നു നാം കോവിഡ് ഉയർത്തുന്ന പുതിയ വെല്ലുവിളികളെ നേരിടുന്നു. തിരെഞ്ഞെടുപ്പിനു ശേഷമാണു കേരളത്തിൽ കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ചത്. ഇപ്പോഴും അതിൽ നിന്നു മോചനം നേടിയിട്ടില്ല. ഇപ്പോഴത്തെ തരംഗത്തെ നേരിടാൻ ഇനിയും സമയമെടുക്കും. ഇവിടംകൊണ്ടും അവസാനിക്കില്ല. ഈ വർഷം തന്നെ മൂന്നാം തരംഗവും ഉണ്ടാകുമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇതിനായി കൂടുതൽ ആളും അർഥവും വേണ്ടി വരും. നമ്മുടെ ആരോഗ്യ രംഗം കരുതലോടെ നീങ്ങിയേ മതിയാകൂ. മെച്ചപ്പെട്ട ആരോഗ്യ സംവിധാനമാണ് നമ്മുടേതെന്നും മികച്ച ആരോഗ്യ മാതൃകകൾ കാഴ്ചവച്ചവരാണെന്നും ഉള്ള ഊറ്റം കൊള്ളലിനു വൈറസിന്റെ മുന്നിൽ വിലയുണ്ടാകില്ല, വേണ്ടും വണ്ണം  കരുതലോടെ സമീപിച്ചില്ലെങ്കിൽ. സർക്കാരിന്റെ മുൻകാല പ്രവർത്തന പാരമ്പര്യവും ആരോഗ്യ സംവിധാനത്തിന്റെ മികവും കണക്കിലെടുക്കുമ്പോൾ ശരിയായ സമീപനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. ആരോഗ്യമേഖലയ്ക്കു കൂടുതൽ തുക വകയിരുത്തിയുള്ള  പ്രഖ്യാപനം തീർച്ചയായും ഉണ്ടാകും.

തീരദേശ മേഖല

കോവിഡിന്റെ രണ്ടാം തരംഗം നേരിടുന്ന സാഹചര്യത്തിൽ തന്നെ സംസ്ഥാനം അഭിമുഖീകരിക്കേണ്ടി വന്ന മറ്റൊരു പ്രതിസന്ധിയാണ് തീരദേശമേഖലയാകെ ദുരിതത്തിലാഴ്ത്തിയ കടലാക്രമണം. അപ്രതീക്ഷിതമായുണ്ടായ ന്യുന മർദവും ചൂഴലിക്കാറ്റുമാണു കടലാക്രമണത്തിന്റെ ഇപ്പോൾ ചൂണ്ടി കാണിക്കാവുന്ന കാരണങ്ങൾ. എന്നാൽ യഥാർത്ഥ കാരണങ്ങൾ അതിനും മേലെയാണ്. കാലാവസ്ഥ വ്യതിയാനം, തീരദേശങ്ങളിൽ നടത്തുന്ന വികലമായ വികസന പ്രവർത്തനങ്ങൾ എന്നിവയെ മാറ്റി നിർത്തി കടലാക്രമണത്തെ വിശകലനം ചെയ്യാൻ കഴിയില്ല. തൽഫലമായി ധാരാളം പ്രശ്നങ്ങൾ  പരിഹരിക്കേണ്ടതായി  വരുന്നു. അടിയന്തിരമായി കടലാക്രമണം മൂലം വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസമാണ് ബഡ്ജറ്റിൽ ഇടം പിടിക്കേണ്ട നടപടി. കടലാക്രമണം കൊണ്ട് അനേക തൊഴിൽ ദിനങ്ങൾ നഷ്ട്ടപെട്ട മത്സ്യ തൊഴിലാളികളുടെ സമാശ്വാസത്തിനായി എന്ത് പാക്കേജായിരിക്കും ധനമന്ത്രി അവതരിപ്പിക്കുകയെന്ന ജിജ്ഞാസയോടെയാണ് തീരദേശം ബഡ്ജറ്റിനെ ഉറ്റുനോക്കുന്നത്. 

മുഖ്യമന്ത്രി, നിയമസഭയിൽ പ്രഖ്യാപിച്ചതിനനുസരിച്ചു, അഞ്ചു വർഷം കൊണ്ട്  കടലാക്രമണം ശാശ്വതമായി   പരിഹരിക്കാനുള്ള തുടക്കമെന്ന നിലയിൽ കാര്യമായ തുക ബഡ്ജറ്റിൽ വക മാറ്റുമെന്നതിൽ സംശയമില്ല. 11 ലക്ഷത്തിലധികം മസ്യത്തൊഴിലാളികളുള്ള കേരളത്തിൽ ഭൂരിഭാഗവും തീരദേശത്താണ് ഉപജീവനം നടത്തുന്നത്. 5000 കോടി രൂപയിലധികം കയറ്റുമതി നടത്തുന്ന വളരെ പ്രധാനപ്പെട്ട മേഖലയെന്ന നിലയിൽ ബജറ്റിൽ തീരദേശ മേഖലക്ക് അർഹമായ സ്ഥാനം ഇനിയും നൽകേണ്ടിയിരിക്കുന്നു. ഇതു ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്നു.

സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്കായുള്ള പാക്കേജ്

കേരള സമ്പദ്‍വ്യവസ്ഥയിൽ നിർണായക സ്‌ഥാനം  വഹിക്കുന്നവരാണ് സൂക്ഷ്മ-ചെറുകിട സംഭരംഭങ്ങൾ. 2018-19 ലെ എംഎസ്എംഇ റിപ്പോർട്ടു പ്രകാരം, 23.79 ലക്ഷം എംഎസ്എംഇ സംഭരംങ്ങളാണ് കേരളത്തിൽ ഉള്ളത്. അതിൽ 23.58 ലക്ഷവും സൂക്ഷ്മ സംഭരംങ്ങളാണ്. 44.64 ലക്ഷം ആളുകൾ ഈ മേഖലയെ ആശ്രയിച്ചു പണിയെടുക്കുന്നു. ഇത്രയധികം പ്രാധാന്യമുള്ള ഈ മേഖല വ്യാവസായിക മേഖലയിൽ മാത്രമല്ല ,വ്യാപാര മേഖലയിലും വ്യാപിച്ചു കിടക്കുന്നു.

2018 ലെ പ്രളയ കാലം തൊട്ടു ഈ സംഭരംഭങ്ങൾ കടുത്ത പ്രയാസത്തിലാണ്. കോവിഡ് കാലം അവരെ കടക്കെണിയിൽ തള്ളിവിടുകയും പ്രവർത്തന മൂലധനം ശുഷ്ര്കിക്കുകയും ചെയ്തു. മുന്നോട്ടുള്ള അവരുടെ പ്രയാണം ദുഷ്കരമായ സാഹചര്യത്തിലാണ് പുതിയ ബജറ്റിന്റെ വരവ്. വളരെ പ്രതീക്ഷയോടെയാണ്  ഈ മേഖലയിലെ സംഭരംഭകർ ബജറ്റിനെ ഉറ്റു നോക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം  വ്യാപാര മേഖല വളരെ ശക്തമായതിനാൽ, ഈ മേഖലയിലെ സൂക്ഷ്മ -ചെറുകിട സംഭരംഭങ്ങൾക്കായി പ്രത്യേക പരിപാടികൾ ബജറ്റിലുണ്ടാകുമെന്നു കരുതുന്നു.

ടൂറിസം

സംസ്ഥാനം വരുമാനത്തിന്റെ പത്തു ശതമാനം സംഭാവന ചെയ്യുന്ന മറ്റൊരു മേഖലയായ ടൂറിസx 2018ലെ പ്രളയം മുതൽ നിശ്ചലാവസ്ഥയിലാണ്. ഈ മേഖലയെ ആശ്രയിക്കുന്നവരുടെ തൊഴിൽ പൂർണമായി നഷ്ടപ്പെട്ടുവെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. മറുവശത്തു സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന സംഭരകർ ധനമന്ത്രിയുടെ ഉറക്കം കെടുത്തുന്നുണ്ടാവാം. ഹൗസ് ബോട്ട് ഉടമകൾ, ഓപ്പറേറ്റർമാർ, ഗൈഡുകൾ തുടങ്ങിയവരുടെ വരുമാനം നിലച്ചിട്ടു നാളുകൾ ഏറെയായി. ഈ മേഖലയുടെ തിരിച്ചു വരവ് എളുപ്പമാക്കാനുള്ള നിർദേശങ്ങളായിരിക്കും ബഡ്ജറ്റിൽ പ്രധാനമായും ഉണ്ടാവുക. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായ പാക്കേജ് ഈ മേഖലയിൽ ആശ്രയിക്കുന്ന കുറഞ്ഞ വരുമാനകാർക്കായി പ്രഖ്യാപിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഉൽപാദന മേഖല, തൊഴിലവസരങ്ങൾ

കാർഷിക - വ്യവസായ മേഖലകളെയാണ് ഇവിടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ , കഴിഞ്ഞ ബജറ്റിലെ നിർദേശങ്ങൾ ആവർത്തിക്കാനാണ് സാധ്യത. സുരക്ഷാ കേരളം പദ്ധതി, പച്ചക്കറി കൃഷി, വ്യവസായ ഇടനാഴി, ഫർമാ പാർക്കുകൾ, ഐ.ടി. ഹബ്ബുകൾ, അർധ അതിവേഗ പാത എന്നിവ ബജറ്റിൽ ഇടം പിടിക്കും. സ്റ്റാർട്ട് -അപ്പുകൾ പ്രോത്സാഹിപ്പിക്കുന്ന പതിവു തന്ത്രം കൂടുതൽ പ്രാധാന്യം കൊടുത്തു തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന സമീപനം ബഡ്ജറ്റിൽ തുടരും. ഇതിനായി ബയോ-ടെക്നോളജി  മേഖലക്കും ബഡ്ജറ്റിൽ പ്രാധാന്യം പ്രതീക്ഷിക്കാം. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള സർക്കാരിന്റെ  കിഫ്ബിയോടുള്ള ആശ്രയം തുടർന്നും ഉണ്ടാകും.

ക്ഷേമ പദ്ധതികൾ 

സാമ്പത്തിക വികസനവും - ക്ഷേമവും ശരിയായ അളവിൽ കോർത്തിണക്കിക്കൊണ്ടു പോകുന്ന രീതിയാണ് മുൻ ധനമന്ത്രി സ്വീകരിച്ചിരുന്നത്. സർക്കാരിന്റെ കാഴ്ചപ്പാടും മറ്റൊന്നല്ല. പുതിയ ധന മന്ത്രിയും അതിൽ വെള്ളം ചേർക്കാൻ ഇടയില്ല. ക്ഷേമ പദ്ധതികൾക്കുള്ള തുകകൾ സാധാരണ രീതിയിൽ വകയിരുത്തുമെന്നതിൽ സംശയമില്ല. ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2500 രൂപയാക്കുമെന്ന തിരെഞ്ഞെടുപ്പു വാഗ്ദാനം അഞ്ചു വർഷം കൊണ്ട് പാലിച്ചാൽ മതിയാകുമെന്നതിനാൽ ക്ഷേമ പെൻഷനിലെ വർധനവ് അടുത്ത വർഷത്തേക്കു നീട്ടി വയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതേ സമയം സെപ്റ്റംബറോ ഒക്ടോബറോ മുതൽ 200 രൂപയുടെ വർധന ക്ഷേമ പെൻഷനിൽ നടത്തുമെന്ന പ്രഖ്യാപനത്തിനും നല്ല സാധ്യതയുണ്ട്. ലൈഫ് പദ്ധതി കൂടുതൽ വ്യാപകമാകുന്ന പ്രഖ്യാപനവും സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങൾക്കായുള്ള കർമപദ്ധതികളും ബഡ്ജറ്റിന്റെ സവിശേഷതയായിരിക്കും. പുതിയ ക്ഷേമ പദ്ധതികളുടെ ആവശ്യം പല കോണുകളിൽ നിന്നുണ്ടെങ്കിലും, അത്തരം പ്രഖ്യാപനങ്ങൾക്കു സാധ്യത വളരെ കുറവാണ്.

വരവു - ചെലവ് - പൊതുകടം 

ബജറ്റിന്റെ സത്ത, വരവ്-ചെലവ് കണക്കുകളും തൽഫലമായുണ്ടാകുന്ന പൊതു കടവുമാണ്. ഇക്കാര്യത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല. ചെലവ്, വരവിനേക്കാൾ കൂടിയ സാമ്പ്രദായിക ബജറ്റ് തന്നെയായിരിക്കും ഇത്തവണയും ഉണ്ടാവുക. സ്വാഭാവികമായും പൊതുകടത്തിലും ചെറിയ വർധന പ്രതീക്ഷിക്കാം. വരവു വർധിപ്പിക്കാനുള്ള പൊടിക്കൈ പ്രയോഗങ്ങൾക്കു ധനമന്ത്രി മുതിർന്നേക്കാം. നികുതി വരുമാനം വർധിപ്പിക്കാനുള്ള സാധ്യത പ്രത്യക്ഷത്തിൽ വിരളമാണെങ്കിലും  ഭരണ യന്ത്രത്തിന്റെ മികവു മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളിലൂടെ ജിഎസ്ടി അടവ് ഉയർത്തി കേന്ദ്രത്തിൽ നിന്നുള്ള വിഹിതം വർധിപ്പിക്കാനുള്ള ശ്രമം ബജറ്റിൽ ഉണ്ടാകും. അതു പോലെ നികുതിയേതര വരുമാനത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്താനുള്ള ശ്രമവും ഉണ്ടാകും. 

കോവിഡ് കാലത്തു , മാസ്ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും ചെയ്തിരുന്നതിന്റെ ഫലമായി കോടി കണക്കിനു രൂപ ഖജനാവിൽ പിഴയായി എത്തുകയുണ്ടായി. ഇതൊരു അപ്രതീക്ഷിത വരുമാനമായിരുന്നു. നിയമങ്ങൾ ലംഘിക്കുകയും ചട്ടങ്ങൾ പാലിക്കാതിരിക്കുന്നതിന്റെയും ഫലമായി കിട്ടാവുന്ന പിഴ വളരെ വലുതാണ്. മറ്റു നികുതിയേതര വരുമാന മാർഗങ്ങളുടെ സ്രോതസും കണ്ടെത്തണം. എല്ലാത്തിലും ഉപരിയായി അനാവശ്യ ചെലവുകൾ നിയന്ത്രിക്കുകയെന്നതാണ്. ഇക്കാര്യത്തിൽ എന്തെങ്കിലും നിർദേശങ്ങൾ ബഡ്ജറ്റിന്റെ അകത്താളുകളിൽ ഉണ്ടാവുമെന്നു കരുതാൻ ബുദ്ധിമുട്ടാണ്.

ചെലവ്, വരവിനേക്കാൾ കൂടുമ്പോൾ പൊതുകടം ഉണ്ടാകും.അടുത്തകാലത്തായി നാം വളരെയധികം ചർച്ചക്ക് വിധേയമാക്കിയ വസ്തുതയാണ് പൊതുകടം.അത്യപൂർവ്വകമായ ഇന്നത്തെ സാഹചര്യത്തിൽ പൊതുകടം കുറക്കുക എന്നത് അസാധ്യമാണ്. അതൊട്ടു നല്ല ധനശാത്രവും അല്ല. ആഭ്യന്തര  വരുമാനത്തിന്റെ എത്ര ശതമാനം വരെ പോകാമെന്ന ശക്തമായ നിർദേശം നമ്മുടെ മുന്നിലുള്ളതുകൊണ്ടു പൊതുകടത്തെ വല്ലാതെ ഭയപ്പെടേണ്ടതില്ല. പരിധി ലംഘിക്കാതിരിക്കാനുള്ള ശ്രദ്ധ പുലർത്തുകയും വേണം. കോവിഡ് സൃഷ്ടിക്കുന്ന സവിശേഷ സാഹചര്യത്തിൽ അതിൽ പോലും ചെറിയ തോതിലുള്ള അയവാകാമെന്നതാണ് പൊതു അഭിപ്രായം.

പ്രമുഖ സാമ്പത്തിക വിിദഗ്ധനാണ് ലേഖകൻ

English Summary: Kerala Budget Expectation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com