ADVERTISEMENT

മൂന്നു ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യമെന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടേയും  മൂലധന വിപണിയുടെയും  ചരിത്രത്തില്‍  സുപ്രധാന നാഴികക്കല്ലാണ്. രാജ്യം സ്വാതന്ത്ര്യം നേടി 70 വര്‍ഷം പിന്നിട്ട് 2007 മെയ് മാസത്തിലാണ് ഒരു ട്രില്യണ്‍ വിപണി മൂല്യം  ഉണ്ടായത്. 10 വര്‍ഷം കഴിഞ്ഞ്  2017ല്‍ ഇത് ഇരട്ടിയാവുകയും 2021 മെയ്മാസത്തില്‍ 3 ട്രില്യണ്‍ ഡോളര്‍ ആയിത്തീരുകയും ചെയ്തു. നിലവിലെ സാഹചര്യങ്ങളില്‍ 5 ട്രില്യണ്‍ ഡോളര്‍ ജിഡിപി എന്ന ലക്ഷ്യം കൈവരിക്കാന്‍ സാധാരണ നിലയില്‍ 2028-29 വരെ കാത്തിരിക്കേണ്ടിവരും. എന്നാല്‍ 5 ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യം അതിനു മുമ്പേ കൈവരിക്കാനുള്ള സാധ്യത മുന്നിലുണ്ട്. എന്തുകൊണ്ട്? ഓഹരി വിപണിയിലെ പ്രവചനങ്ങള്‍ ദുഷ്‌കരവും ഹൃസ്വകാലയളവില്‍ പാളിപ്പോകാന്‍ ഇടയുള്ളതുമാണ്. അതിനാല്‍ പ്രവചനങ്ങള്‍ക്കു മുതിരാതെ ചില പ്രവണതകളും സാധ്യതകളുമാണിവിടെ രേഖപ്പെടുത്തുന്നത്. 

തിരുത്തല്‍ ഉണ്ടാകാം

ഇന്ത്യയുടെ വിപണി മൂല്യം 1 ട്രില്യണ്‍, 2 ട്രില്യണ്‍, 3 ട്രില്യണ്‍ എന്നീ നാഴികക്കല്ലുകള്‍ പിന്നിട്ടപ്പോഴെല്ലാം  വിപണി മൂല്യവും ജിഡിപിയും തമ്മിലുള്ള അനുപാതം 1 ല്‍ അധികമായി.  ഈ നിര്‍ണായക അനുപാതം 1 ല്‍ അധികമാവുമ്പോഴെല്ലാം വിപണിയില്‍ തിരുത്തലിനു സാധ്യതയുണ്ടെന്നാണ് പല വിപണി വിദഗ്ധരും കരുതുന്നത്. കാരണം വിപണി മൂല്യ-ജിഡിപി അനുപാതം ഒന്നിലധികമാവുന്നത്  അതിരു കവിഞ്ഞ ഓഹരി വില നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. മറ്റു മൂല്യ നിര്‍ണയ അളവുകോലുകളായ പിഇ അനുപാതം,  വില-ബുക്ക്  വാല്യു അനുപാതം  എന്നിവയും വളരെ ഉയര്‍ന്ന വില നിലവാരത്തെ സൂചിപ്പിക്കുന്നു. അതുകൊണ്ട് വിപണിയില്‍ എപ്പോള്‍ വേണമെങ്കിലും ശക്തമായ തിരുത്തല്‍ ഉണ്ടാവാം.  ഇത്തരത്തില്‍ ഉണ്ടാവാനിടയുള്ള  തിരുത്തലിനു കാരണമായേക്കാവുന്ന രണ്ടു കാര്യങ്ങള്‍ ചക്രവാളത്തില്‍ ദൃശ്യമാണ് : ഒന്ന്, യുഎസിലുണ്ടായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റം ബോണ്ട് യീല്‍ഡില്‍ കുതിപ്പുസൃഷ്ടിച്ച് ആഗോള തലത്തില്‍ ഓഹരി വിപണിയില്‍ വിറ്റഴിക്കലിലേക്കു നയിച്ചേക്കാം. രണ്ട്, മഹാമാരിയുടെ രണ്ടാം തരംഗവും അതുകഴിഞ്ഞുണ്ടായേക്കാവുന്ന മൂന്നാം തരംഗവും സാമ്പത്തിക രംഗത്തുണ്ടാക്കാവുന്ന പ്രതീക്ഷിച്ചിക്കുന്നതിലും കവിഞ്ഞ നാശ നഷ്ടങ്ങള്‍. 

നരേന്ദ്ര മോദിയുടെ സ്വപ്നം

മോശമായ  ഈ സാഹചര്യം സംജാതമാകണമെന്നില്ല. കോവിഡ് കെര്‍വ് താഴ്ത്തുന്നതില്‍ ഇന്ത്യ വിജയിക്കുന്നുണ്ട്. തന്മൂലം  സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വൈകാതെ പുനരാരംഭിക്കാന്‍ സാധിച്ചാല്‍ സമ്പദ് വ്യവസ്ഥ ശക്തമായി തിരിച്ചു വരും. ഇതിനൊപ്പം യുഎസിലെ നാണയപ്പെരുപ്പം കുറയുകയും ചെയ്താല്‍ വിപണി ശക്തമായി തുടരും. 2024 ഓടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 5 ട്രില്യണ്‍ ഡോളറിലെത്തുമെന്ന തന്റെ സ്വപ്‌നം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെക്കുകയുണ്ടായി. മഹാമാരി ഈ ലക്ഷ്യ സാക്ഷാത്കാരം കൂടുതല്‍ വിദൂരമാക്കിയിട്ടുണ്ട്. 2022 മാര്‍ച്ചില്‍ മാത്രമേ മഹാമാരിക്കു മുമ്പുള്ള അവസ്ഥയിലേക്കു സമ്പദ് വ്യവസ്ഥ തിരിച്ചെത്തുകയുള്ളു. അങ്ങനെ വരുമ്പോള്‍ എങ്ങനെ 5 ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യം എളുപ്പത്തില്‍ കൈവരിക്കാന്‍ കഴിയുക.?

വിപണി മൂല്യം

ഇന്ത്യയുടെ കോര്‍പറേറ്റ് ലാഭവും ജിഡിപിയും തമ്മിലുള്ള അനുപാതം ഇപ്പോള്‍ ഏകദേശം രണ്ടു ശതമാനം മാത്രമാണ്. ദീര്‍ഘകാല ശരാശരി 5.6 ശതമാനം എന്നതില്‍ നിന്ന് കുത്തനെ താഴോട്ടു പോയി. മഹാമാരി ഒഴിയുന്നതോടെ ഉണ്ടാകാനിടയുള്ള സാമ്പത്തിക കുതിപ്പില്‍ ഈ അനുപാതം സാധാരണ നിലയിലാകും. കമ്പനികളുടെ  ലാഭത്തില്‍ ഗണ്യമായ  വളര്‍ച്ചയുണ്ടാക്കാന്‍ ഇതു വഴിതെളിക്കും. കൂടാതെ കോര്‍പറേറ്റ് ലാഭത്തിന്റെ പ്രധാനമായ ഒരു ഭാഗം ഐടി, ലോഹങ്ങള്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍, ഫാര്‍മ എന്നീ മേഖലകളില്‍ നിന്നാണ്. ഈ മേഖലകളുടെ പ്രകടനം ആഗോള സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആഗോള സമ്പദ് വ്യവസ്ഥ ശക്തമായ തിരിച്ചുവരവു നടത്തിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഈ മേഖലകളുടെ ഭാവി ശോഭനമാണ്.  വലിയ തോതില്‍ ഉണ്ടായേക്കാവുന്ന ചാഞ്ചാട്ടങ്ങള്‍ക്കിടയിലും  ജിഡിപിയും വിപണി മൂല്യവും  തമ്മിലുള്ള മത്സരത്തില്‍ വിപണി മൂല്യം മുന്നില്‍ കടക്കുമെന്നാണ് കരുതേണ്ടത്. 

സാധ്യതാ പട്ടിക

വിപണി മൂല്യം 5 ട്രില്യണ്‍ ഡോളര്‍ മറികടക്കുമ്പോള്‍ ഉണ്ടാകുന്ന കോര്‍പറേറ്റ് ലാഭത്തിലാണ് നിക്ഷേപകര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.  ഇന്ത്യയുടെ കോര്‍പറേറ്റ് ലാഭത്തിന്റെ 80 ശതമാനവും ഇപ്പോള്‍ വരുന്നത് പ്രമുഖമായ 20 മുന്‍നിര കമ്പനികളില്‍ നിന്നാണ്. 1991ല്‍ ഇത്   14 ശതമാനം മാത്രമായിരുന്നു.  ഈ 20 മുന്‍നിര കമ്പനികളില്‍ നിക്ഷേപിക്കുവാന്‍ ശ്രദ്ധിക്കുക.  മുന്‍നിരയിലെ 20ല്‍ പെടുന്ന ചില പൊതുമേഖലാ സ്ഥാപനങ്ങള്‍ 5 ട്രില്യണ്‍ വിപണി മൂല്യത്തിലേക്കുള്ള കുതിപ്പല്‍ പിന്തള്ളപ്പെട്ടേക്കാം. നിഫ്റ്റി 20നും 50നും ഇടയിലുള്ള ചില കമ്പനികള്‍ മികച്ച 20ലേക്കു കടക്കുകയും ചെയ്യും. ആ പട്ടികയിലേക്കു പുതുതായി വരാനിടയുള്ള കമ്പനികള്‍ കണ്ടെത്തുക  എന്നതാണ് വെല്ലുവിളി. മുന്‍നിര പെയിന്റ് കമ്പനി, ചില സ്വകാര്യ ബാങ്കുകള്‍, മുന്‍നിര ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍, ടെലികോം, ചില കണ്‍സ്യൂമര്‍ ഉല്‍പന്ന കമ്പനികള്‍ എന്നിവയെല്ലാം സാധ്യതാ പട്ടികയിലുണ്ട്.  എന്നാല്‍ കറുത്ത കുതിരകള്‍ ഉയരാനിടയുള്ളത്  ഇടത്തരം- ചെറുകിട മേഖലയില്‍ നിന്നാണ്. മ്യൂച്വല്‍ഫണ്ട് എസ്‌ഐപികളിലൂടെ ഈ മേഖലയിലെ അവസരം പ്രയോജനപ്പെടുത്താനാണ് നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടത്.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com