ADVERTISEMENT

കോവിഡിൽ നിരവധി പേരാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. ഇവരില്‍ പലരും കുടുംബത്തിലെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നവരുമായിരിക്കാം. ഇവരുടെ അപ്രതീക്ഷിത വിയോഗമുണ്ടാക്കിയ തകർച്ചയ്ക്കു പുറമെയാണ് കുടുംബം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി. ഇത് തരണം ചെയ്യുക കുടുംബത്തിലെ ബാക്കിയുള്ളവരുടെ ഉത്തരവാദിത്തമാണ്. ഈ സാഹചര്യങ്ങളിൽ നിക്ഷേപം, സ്വത്തുക്കള്‍ എന്നിവ സംബന്ധിച്ച് ഏറെ ആശയക്കുഴപ്പങ്ങളും ഉണ്ടാകാറുണ്ട്. നാം കൈകാര്യം ചെയ്ത നിക്ഷേപങ്ങള്‍ അവശ്യ സമയത്ത് ഉപകാരപ്പെടുന്നുണ്ടോ എന്നതും പ്രധാനമാണ്. സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നവര്‍ ഇതു സംബന്ധിച്ച് വേണ്ടപ്പെട്ടവരെ നേരത്തെ തന്നെ അറിയിക്കുക വളരെ പ്രധാനമാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ നാം എന്തു ചെയ്യണം? അതിനായി ചില കാര്യങ്ങള്‍ ഇതാ: 

ലിസ്റ്റ് ഉണ്ടാകണം

ജീവിതം ക്ഷണികമാണ് എന്ന യാഥാർത്ഥ്യമാണ് മഹാമാരികള്‍ വീണ്ടും തെളിയിക്കുന്നത്. എത്ര സമ്പാദ്യമുണ്ടെങ്കില്‍ പോലും പലപ്പോഴും ആശുപത്രി ചികിത്സക്കു പോലും ഈ സമ്പാദ്യം ഉപകാരപ്പെടാതെ പോകാറുണ്ട്. നിക്ഷേപകരുടെ 83,000 കോടി രൂപയാണ് വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി നിഷ്‌ക്രിയമായി കിടക്കുന്നത് എന്നത് ഇതിന്റെ തെളിവാണ്. ഈ സാഹചര്യത്തില്‍ വളരെ ശ്രദ്ധിക്കേണ്ട ഒന്നാണ് നമ്മുടെ നിക്ഷേപം സംബന്ധിച്ച് ഒരു ലിസ്റ്റ് ഉണ്ടാക്കുക എന്നത്. 

വിവരം കൈമാറണം

ഇങ്ങനെയൊരു ലിസ്റ്റ് സൂക്ഷിക്കുകയാണെങ്കില്‍ അത് നിക്ഷേപം എപ്പോൾ വേണമെങ്കിലും ഉപകാരപ്പെടുന്ന രീതിയില്‍ പരിപാലിക്കാനാകും. അതുപോലെ പ്രധാനമാണ് നമുക്ക് വിശ്വാസമുള്ളവര്‍ക്ക് ഇത് സംബന്ധിച്ച് വിവരം കൈമാറുക എന്നതും. കോവിഡ് പോലെയുള്ള രോഗങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ജീവന്‍ അപഹരിക്കാന്‍ സാധ്യതയുള്ളതിനാല്‍ നാം രഹസ്യമായി സൂക്ഷിക്കുന്നതാണെങ്കില്‍ പോലും ഈ സമ്പാദ്യ, നിക്ഷേപ വിവരങ്ങള്‍ കുടുംബാംഗങ്ങള്‍ പോലെയുള്ളവരുമായി പങ്കു വയ്‌ക്കേണ്ടത് വളരെ പ്രധാനമാണ്. 

625851522

ഡിജിറ്റലായി സൂക്ഷിക്കാം

എന്നാല്‍ ഈ സമ്പാദ്യ വിവരങ്ങള്‍ ഒരു തുണ്ടു കടലാസില്‍ കുറിച്ചിടുക എന്നത് ഒട്ടും സുരക്ഷിതമല്ല. അതുപോലെ അവശ്യ സമയത്ത് ഇതൊക്കെ കണ്ടെത്തുക എന്നതും പണിയാണ്. അതുകൊണ്ട് ഇത്തരം വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കുകയും ഇതിന്റെ ലിങ്കുകള്‍ നമുക്ക് വേണ്ടപ്പെട്ടവരുമായി പങ്കു വയ്ക്കുകയും ചെയ്യുകയാണ് നല്ലത്. ഇത്തരത്തില്‍ നമ്മുടെ സ്വത്തുവകകളെ സംബന്ധിച്ച വിവരങ്ങള്‍ അടുക്കും ചിട്ടയായും സൂക്ഷിക്കുന്നതിനുള്ള വിവിധ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഇപ്പോള്‍ ലഭ്യമാണ്. 

പങ്കാളിത്തം 

അന്തരിച്ച ആള്‍ കൈകാര്യം ചെയ്തിരുന്ന സമ്പത്തിന്റെ ഉടസ്ഥാവകാശം അയാൾക്കു മാത്രമാണോ അതോ പങ്കാളിത്തമുണ്ടോ എന്നും അതിന്റെ നിയമവശങ്ങള്‍ എന്താണെന്നും മനസിലാക്കുക. പങ്കാളിയുണ്ടെങ്കില്‍ അന്തരിച്ച ആളിനൊപ്പം ഉമസ്ഥാവകാശം ചേര്‍ത്തിരിക്കുന്നവര്‍ക്ക് സമ്പത്തില്‍ അധികാരമുണ്ട്. ഈ സാഹചര്യത്തില്‍ മരണ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ ഹാജരാക്കിയാല്‍ ബാങ്ക് – പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലടക്കമുള്ള നിക്ഷേപങ്ങൾ ജോയിന്റ് അക്കൗണ്ട് ഹോൾഡറുടെ പേരിലേക്ക് മാറ്റാനാകും. 

നോമിനി 

സേവിങ്സ് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട്, ഇന്‍ഷുറന്‍സ് പോളിസികള്‍, എഫ് ഡി തുടങ്ങിയവയ്ക്ക് നോമിനിയായി ആരെയെങ്കിലും നിര്‍ദേശിച്ചിട്ടുണ്ടോ? പലതിനും വെവ്വേറെ നോമിനേഷനുകളാകാനും സാധ്യതയുണ്ട്. ഇങ്ങനെയുള്ളപ്പോള്‍ അര്‍ഹതപ്പെട്ട നോമിനികള്‍ക്ക് ഈ സമ്പാദ്യത്തിന് അര്‍ഹത അവകാശപ്പെടാം.

വില്‍പ്പത്രം 

അന്തരിച്ച ആള്‍ തന്റെ സ്വത്തുക്കള്‍ സ്വമേധയാ ഭാഗം വയ്ക്കുന്നതായി കാണിക്കുന്ന വില്‍പ്പത്രം തയാറാക്കിയിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. വില്‍പ്പത്രത്തില്‍ ഉള്‍പ്പെട്ടവരും അത് നടപ്പാക്കുന്നവരും കോടതിയില്‍ അപേക്ഷ നല്‍കി മരിച്ചു പോയ ആള്‍ തയാറാക്കിയ വില്‍പ്പത്രത്തിന്റെ സാധുത ഉറപ്പിക്കേണ്ടതുണ്ട്. 

ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്

∙മരിച്ചു പോയ ആളിന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാരോ അല്ലെങ്കില്‍ സ്വത്തിന് അര്‍ഹതപ്പെട്ടവരോ വരുന്നതു വരെ നോമിനി ഈ സ്വത്തിന്റെ ഒരു ട്രസ്റ്റി എന്നവണ്ണം പ്രവത്തിക്കണം. 

∙വില്‍പ്പത്രം തയാറാക്കാതെയാണ് ആള്‍ മരിച്ചു പോയതെങ്കില്‍ ഈ സ്വത്തിന്റെ പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ നിന്ന് അര്‍ഹതപ്പെട്ടവര്‍ നേടിയെടുക്കേണ്ടതാണ്.

English Summary : Financial Planning During Covid Times

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com