ADVERTISEMENT

രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്കിങ് മുദ്ര നിര്‍ബന്ധമാക്കിയത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാണ്. കാരണം ആഭരണങ്ങളുടെ മാറ്റ് സംബന്ധിച്ച് സ്വര്‍ണക്കടക്കാര്‍ പറയുന്നത് വിശ്വസിക്കാനേ തരമുണ്ടായിരുന്നുള്ളു. 916 പരിശുദ്ധി എന്നു രേഖപ്പെടുത്തുമ്പോഴും ഉപഭോക്താക്കള്‍ക്ക് അങ്ങനങ്ങ് വിശ്വസിക്കാനാകില്ലായിരുന്നു. ഇതാണ് ഹാള്‍മാര്‍ക്ക് മുദ്ര നിർബന്ധമാക്കിയതോടെ മാറുന്നത്. അതായത്, 14,18,22 കാരറ്റ് സ്വര്‍ണാഭരണങ്ങളേ കടകളില്‍ വിൽക്കാവൂ.

വാക്കാല്‍ ഉറപ്പല്ല

ഇതൊക്കെയാണെങ്കിലും കബളിപ്പിക്കപ്പെടുന്നില്ല എന്നുറപ്പാക്കാന്‍ ഉപഭോക്താക്കളും ശ്രമിക്കേണ്ടതുണ്ട്. ആദ്യം തന്നെ ആഭരണം വാങ്ങാന്‍ തിരഞ്ഞെടുക്കുന്ന കടകള്‍  ലൈസന്‍സുള്ളവയാണെന്ന് ഉറപ്പ് വരുത്തണം. നിലവില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 50 ശതമാനം വ്യാപാര സ്ഥാപനങ്ങളും റജിസ്‌ട്രേഷന്‍ ഉള്ളവരാണ്. പരമ്പരാഗതമായി ഈ മേഖലയിലുള്ള പല സ്ഥാപനങ്ങളും മാറ്റിന്റെ വിശ്വസ്തത വാക്കാല്‍ ഉറപ്പാക്കുകയായിരുന്നു ഇതുവരെയുള്ള രീതി. ആളുകള്‍ അത് അവിശ്വസിച്ചിരുന്നില്ലെങ്കിലും സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടായിരുന്നു. 

ബില്ല് പരിശോധിക്കുക

ആഭരണം വാങ്ങി ബില്ലും പോക്കറ്റിലിട്ട് പോരുന്നതിന് പകരം അത് പരിശോധിച്ച് ഉറപ്പാക്കേണ്ട ബാധ്യത ഉപഭോക്താവിനുണ്ട്. ഹാള്‍മാര്‍ക്ക് മുദ്രയനുസരിച്ചുളള ശുദ്ധ സ്വര്‍ണമാണോ ലഭ്യമായതെന്ന് ഉറപ്പു വരിത്തിയിട്ടേ ജ്വല്ലറി വിടാവൂ. ആഭരണം വാങ്ങിയതിന് ശേഷം ലഭിക്കുന്ന ബില്ലിലെ വിശദാംശങ്ങൾ നിശ്ചയമായും പരിശോധിക്കണം.ഇതില്‍ ആകെ ഭാരം, പരിശുദ്ധി, കാരറ്റ് തുടങ്ങിയവ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. ആഭരണം ഹാള്‍മാര്‍ക്ക് ചെയ്തതിന്റെ ചാര്‍ജ്, ഇത് പരിശോധിച്ചറിയുന്നതിനുള്ള ബി ഐ എസ് ലബോറട്ടറികളുടെ വിശദവിവരം ലഭ്യമാകുന്ന വെബ്സൈറ്റ് അഡ്രസ് ഇവയും ബില്ലില്‍ ഉണ്ടെന്ന് ഉറപ്പാക്കണം.

ഉപഭോക്താവും ശ്രദ്ധിക്കണം

ഹാള്‍മാര്‍ക്ക് മുദ്രയില്ലാത്ത സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിക്കുന്നത് കുറ്റകരമായതോടെ അത്തരം സ്വര്‍ണം വാങ്ങിയാലും പണി കിട്ടും. ആഭരണങ്ങളിൽ ഹാള്‍മാര്‍ക്ക് മുദ്ര ഉണ്ട് എന്ന് ഉറപ്പാക്കുക. പിന്നീട് സ്വര്‍ണം വില്‍ക്കേണ്ടി വരികയാണെങ്കില്‍ തലവേദന ഒഴിവാക്കാനും ന്യായമായ വിപണി വില ഉറപ്പാക്കാനും ഇതിലൂടെ കഴിയും. പലപ്പോഴും നമ്മള്‍ ആഭരണങ്ങള്‍ മാറ്റി വാങ്ങിക്കാറുണ്ട്. ഇത് പണം പോകുന്ന ഒരു പ്രധാന ഇടപാടാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മൂല്യം സംബന്ധിച്ച് ആശയക്കുഴപ്പമൊഴിവാക്കാന്‍ ഹാള്‍മാര്‍ക്ക് മുദ്ര സഹായിക്കും. എന്നാല്‍ കേരളത്തില്‍ സജീവമായിട്ടുള്ള ജ്വല്ലറികളില്‍ 50 ശതമാനത്തോളമേ റജിസ്ട്രേഷന്‍ എടുത്തിട്ടുള്ളു എന്നാണ് കണക്ക്. അതായത് ആഭരണം വാങ്ങാന്‍ കടകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അംഗീകാര മുദ്രയുള്ളതിന് പ്രാധാന്യം കൊടുക്കണം.  സംസ്ഥാനത്തെ 10,000 തോളം സ്വര്‍ണക്കടകളാണുള്ളത്. പ്രമുഖ ജ്വല്ലറികളെല്ലാം റജിസ്ട്രേഷന്‍ എടുത്തിട്ടുള്ളതാണ്.

നിരീക്ഷിക്കപ്പെടുമോ

 ഉപഭോക്താക്കള്‍ കമ്പളിപ്പിക്കപ്പെടുന്നില്ലെന്നു ഉറപ്പാക്കാനും അവര്‍ വാങ്ങുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധി സംബന്ധിച്ച് ആശയക്കുഴപ്പം ഒഴിവാക്കുവാനുമാണ് പുതിയ ചട്ടം. എന്നാല്‍ ഇതോടൊപ്പം മൊത്തം സ്വര്‍ണാഭരണങ്ങളെ നിരീക്ഷിക്കാനുമാകുമെന്നും വാദമുണ്ട്. ഇത് പിന്നീട് നികുതി വലയുടെ ഭാഗമാക്കുമെന്നും ഉപഭോക്താക്കള്‍ ഭയപ്പെടുന്നു. അതേസമയം ലോക വ്യാപാര സംഘടനയിലെ 164 അംഗരാജ്യങ്ങളും ഈ മാനദണ്ഡത്തിലേക്ക് ഇതിനകം മാറിയിട്ടുണ്ടെന്നും ഇനിയും വൈകിയാൽ ഇന്ത്യന്‍ ആഭരണങ്ങളുടെ അങ്ങോട്ടേയ്ക്കുള്ള ഇറക്കുമതി പ്രതിസന്ധിയിലാകുമെന്നും അത് രാജ്യത്തിന് വലിയ വരുമാന നഷ്ടമുണ്ടാക്കുമെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

English Summary : Know these Things about Hallmarking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com