ADVERTISEMENT

സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്ക് ചെയ്തു മാറ്റു രേഖപ്പെടുത്തണമെന്ന നിയമം ഇന്നലെ മുതല്‍ പ്രാബല്യത്തിലായി. ബിഐഎസ് മുദ്ര പതിപ്പിച്ച ഹാള്‍മാര്‍ക്ക് സ്വര്‍ണം മാത്രമേ ജ്വല്ലറികളില്‍ ഇനി വില്‍പ്പന നടത്താനാവൂ.14,18, 22 കാരറ്റുകളിലുളള സ്വര്‍ണം മാത്രമേ ഇനി മുതല്‍ നിർമിക്കാനും വില്‍ക്കാനും കഴിയൂ. 14 കാരറ്റില്‍ 58.5 ശതമാനവും 18 കാരറ്റില്‍ 75 ശതമാനവും 22 ല്‍ 91.6 ശതമാനവും സ്വര്‍ണം വേണം. 24 കാരറ്റെന്നാല്‍ തനി തങ്കമാണ്. ഇതില്‍ 99.5 ശതമാനത്തില്‍ കൂടുതല്‍ സ്വര്‍ണം വേണമെന്നാണ് ചട്ടം. 

ഹാള്‍മാര്‍ക്കില്ലാത്ത സ്വര്‍ണം എന്തു ചെയ്യും ?

കാലാകാലങ്ങളായി സ്വര്‍ണം സൂക്ഷിക്കുന്നവരും വിവാഹങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ആഭരണങ്ങള്‍ വാങ്ങിയവരും തല്‍ക്കാലം പേടിക്കേണ്ട. പഴയ സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്ക് ബാധകമാക്കിയിട്ടില്ല. കടകളില്‍ കൊണ്ടുപോയി മാറ്റിയെടുക്കുന്നതിനും വില്‍ക്കുന്നതിനും യാതൊരു തടസവുമില്ല. പുതിയ രീതിയില്‍ സ്വര്‍ണത്തിന്റെ ശുദ്ധിയും അളവും കണക്കാക്കുന്നതിനാല്‍ ഒരുപക്ഷേ, ഉദ്ദേശിച്ച വില കിട്ടിയില്ലെന്നു വന്നേക്കാം. പഴയ സ്വര്‍ണം കൊടുത്ത് പുതിയത് വാങ്ങിക്കുമ്പോഴും മൂല്യം കണക്കാക്കുന്നതില്‍ കുറവ് സംഭവിക്കാം. എന്നാല്‍ പഴയ സ്വര്‍ണത്തിന് മൂല്യമില്ലാതാകുമെന്നും എത്രയും വേഗം കൈയിലുള്ളതെല്ലാം  വിറ്റൊഴിവാക്കിയേ പറ്റൂയെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. 

ഹാള്‍മാര്‍ക്കിങ് കൊണ്ട് ആര്‍ക്കാണ് ഗുണം ?

സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുന്നതിനുള്ള സംവിധാനമാണ് ഹാള്‍മാര്‍ക്കിങ് അതുകൊണ്ട്  സ്വര്‍ണം വാങ്ങുന്നവര്‍ക്കുള്ള ഉറപ്പുകൂടിയാണിത്.  

മാറ്റ് കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി ഉപയോക്താക്കള്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ ഹാള്‍മാര്‍ക്കിങ് ഗുണം ചെയ്യും. ആഭരണങ്ങളില്‍ അടയാളപ്പെടുത്തിയതുപോലെ പരിശുദ്ധി ലഭിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യാം. 2000 ഏപ്രില്‍ മുതല്‍ ബിഐഎസ് ഹാള്‍മാര്‍ക്കിങ് സംസ്ഥാനത്ത് നിലവിലുണ്ട്. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപന പ്രകാരമാണ് മാറ്റ് വ്യക്തമാക്കുന്ന ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമായത്. 

പുതിയ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ മാറ്റ് (കാരറ്റ്) വ്യക്തമാക്കുന്ന അക്കങ്ങള്‍, ഹാള്‍മാര്‍ക്ക് ലോഗോ, വില്‍ക്കുന്ന ജ്വല്ലറിയുടെ അടയാളം എന്നിങ്ങനെ മൂന്ന് മുദ്രകളും  ഉറപ്പുവരുത്തണം. സംസ്ഥാനത്ത് പൊതുവില്‍ 22 കാരറ്റ് സ്വര്‍ണമാണ് വിറ്റഴിക്കുന്നത്. ബ്രാൻഡഡ് ജ്വല്ലറികളെല്ലാം നേരത്തെ തന്നെ ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണമാണ് വില്‍പ്പന നടത്തിയിരുന്നത്. 

മാറ്റ് എങ്ങനെ അറിയാം 

ഹാള്‍മാര്‍ക്കിങ് കേന്ദ്രങ്ങളില്‍ പഴയ സ്വര്‍ണത്തിന്റെ പരിശുദ്ധി പരിശോധിക്കാന്‍ സൗകര്യമുണ്ട്. ആഭരണം ഉരുക്കാതെയുള്ള എക്‌സ് റേ ഫ്‌ളൂറസെന്‍സ് (എക്‌സ്ആര്‍എഫ്) പരിശോധനയും ആഭരണം ഉരുക്കി മാറ്റ് മുദ്ര ചെയ്തുതരുന്ന സംവിധാനവും ഇപ്പോള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ bis.gov.in  വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി. അപ്പോള്‍ പഴയ സ്വര്‍ണാഭരണങ്ങള്‍ കൈവശമുള്ളവര്‍ തിരക്കിട്ട് വിറ്റൊഴിവാക്കാന്‍ നില്‍ക്കേണ്ട. മാറ്റിയെടുക്കേണ്ട സാഹചര്യങ്ങളില്‍ മാത്രം ജ്വല്ലറികളില്‍ പോയി വില്‍പ്പന നടത്തിയാല്‍ മതി.

English Summary: Is it Necessary to Sell Old Gold Ornaments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com