എടിഎം മുതല്‍ ആദായ നികുതി വരെ, ഇന്നു മുതല്‍ നിരവധി മാറ്റങ്ങള്‍

HIGHLIGHTS
  • ഉപഭോക്താക്കള്‍ക്കു നല്‍കുന്ന എസ്എംഎസ് സേവനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കും
Digital-transaction
SHARE

എടിഎമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍ മുതല്‍ ടിഡിഎസ് വരെ നിരവധി കാര്യങ്ങളിലാണ് ജൂലൈ ഒന്നു മുതല്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുള്ളത്. ബേസിക് അക്കൗണ്ടുകളില്‍ ബാങ്ക് കൗണ്ടറില്‍ നിന്നായാലും എടിഎമ്മില്‍ നിന്നായാലും ഒരു മാസം നാലു തവണയിലേറെ പിന്‍വലിച്ചാല്‍ ചാര്‍ജ് നല്‍കേണ്ടി വരും. 

എടിഎം സര്‍വീസ് ചാര്‍ജ് ഉയരും

സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ എന്ന് പരക്കെ അറിയപ്പെടുന്ന ബേസിക് സേവിങ്‌സ് ബാങ്ക് ഡെപോസിറ്റ് വിഭാഗത്തില്‍ പെടുന്ന അക്കൗണ്ടുകളില്‍ ഒരു മാസം നാലു തവണ വരെയേ സൗജന്യ ഇടപാടു സാധ്യമാകൂ. അതിനു ശേഷം പിന്‍വലിക്കല്‍ നടത്തിയാല്‍ ഒരോ തവണയും 15 രൂപയും ജിഎസ്ടിയും നല്‍കേണ്ടി വരും.  എടിഎമ്മില്‍ നിന്നുള്ള പിന്‍വലിക്കലിനും ബാങ്ക് കൗണ്ടറില്‍ നിന്നുള്ള പിന്‍വലിക്കലിനും ഇതു ബാധകമാണെന്ന് പല ബാങ്കുകളും അറിയിച്ചിട്ടുണ്ട്. 

ഇതിനു പുറമെ ചെക് ബുക്കുകള്‍ക്കും ചാര്‍ജ് നല്‍കേണ്ടി വരും. ഒരു വര്‍ഷത്തില്‍ പത്തു ചെക് ലീഫുകള്‍ സൗജന്യമായി ലഭിക്കും. ഇതിനു ശേഷം 40 രൂപയും ജിഎസ്ടിയും നല്‍കണം. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇതില്‍ ഇളവുണ്ട്. 

ഐഎഫ്എസ് കോഡുകള്‍ മാറുന്നു

കാനറാ ബാങ്കില്‍ ലയിച്ച പഴയ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ജൂലൈ ഒന്നു മുതല്‍ പുതിയ ഐഎഫ്എസ് കോഡ് ഉപയോഗിക്കേണ്ടി വരും. സിഎന്‍ആര്‍ബി എന്നു തുടങ്ങുന്ന പുതിയ കോഡ് ഉപയോഗിച്ചാല്‍ മാത്രമേ ഓണ്‍ലൈനായി പണം സ്വീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പഴയ സിന്‍ഡിക്കേറ്റ് ബാങ്ക് ഉപഭോക്താക്കള്‍ക്കു സാധ്യമാകൂ. പെന്‍ഷനോ, ക്ഷേമപദ്ധതികളോ അതു പോലെ സ്ഥിരമായി എന്തെങ്കിലും തുകയോ അക്കൗണ്ടില്‍ ലഭിക്കുന്നവര്‍ അതു നല്‍കുന്ന സ്ഥാപനങ്ങളില്‍ പുതിയ ഐഎഫ്എസ് കോഡ് കൃത്യമായി പുതുക്കി നല്‍കിയില്ലെങ്കില്‍ ഇത്തരത്തിലുള്ള പണം ലഭിക്കുന്നതു മുടങ്ങാനിടയുണ്ട്. 

ചെക് ബുക്കുകള്‍ മാറ്റി വാങ്ങണം

പഴയ ആന്ധ്രാ ബാങ്കിന്റേയും കോര്‍പറേഷന്‍ ബാങ്കിന്റേയും ഉപഭോക്താക്കളുടെ കൈവശമുള്ള പഴയ ചെക് ബുക്കുകള്‍ക്ക് ഇനി സാധുതയുണ്ടാകില്ല. ഇവര്‍ യൂണിയന്‍ ബാങ്കില്‍ നിന്ന് വാങ്ങുന്ന പുതിയ ചെക് ബുക്കുകള്‍ക്കായിരിക്കും ഇനി സാധുത. 

ഒടിപിക്കു പണം നല്‍കേണ്ട

ഉപഭോക്താക്കള്‍ക്കു നല്‍കുന്ന എസ്എംഎസ് സേവനങ്ങള്‍ക്ക് ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കാന്‍ ചില ബാങ്കുകള്‍ തീരുമാനിച്ചിട്ടുണ്ട്. മെസേജ് ഒന്നിന് 25 പൈസ നിരക്കില്‍ പ്രതിമാസം പരമാവധി 25 രൂപയായിരിക്കും ഈടാക്കുക. ഒടിപി അയക്കുന്നതിന് ഇതു ബാധകമാകില്ല. 

ഇന്നു മുതല്‍ പുതിയ ടിഡിഎസ് നിരക്ക്

കഴിഞ്ഞ രണ്ടു വര്‍ഷമായി ആദായ നികുതി റിട്ടേണ്‍ നല്‍കിയിട്ടില്ലാത്തവര്‍ക്ക് ജൂലൈ ഒന്നു മുതല്‍ ഉയര്‍ന്ന ടിഡിഎസ് നിരക്കു ബാധകമാകും. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും 50,000 രൂപയോ അതിലധികമോ ടിഡിഎസ് പിടിക്കപ്പെട്ടവര്‍ക്കാണ് ഇതു ബാധകം. 

സ്വര്‍ണത്തിന്റെ അടിസ്ഥാന ഇറക്കുമതി വില കുറയും

സ്വര്‍ണത്തിന്റേയും വെള്ളിയുടേയും അടിസ്ഥാന ഇറക്കുമതി വിലയില്‍ ഇന്നു മുതല്‍ കുറവു വരും. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവിന്റെ പശ്ചാത്തലത്തിലാണ് ഈ വിജ്ഞാപനം. സ്വര്‍ണം പത്തു ഗ്രാമിന് 566 ഡോളറും വെള്ളി കിലോഗ്രാമിന് 836 ഡോളറുമാണ് ജൂലൈ ഒന്നു മുതലുള്ള അടിസ്ഥാന വില.

English Summary : Latest Changes in Financial Sector

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA