ഇനി ട്രഷറിയിൽ പോയി ക്യൂ നിൽക്കേണ്ട, പണം ഓൺലൈൻ ആയി പിൻവലിക്കാം

HIGHLIGHTS
  • ഒരു ദിവസം 2 ലക്ഷം രൂപ വരെ കൈമാറ്റം ചെയ്യാം
  • ഓൺലൈൻ അക്കൗണ്ട് 24 മണിക്കൂറും പ്രവർത്തനക്ഷമമാണ്
money-count
SHARE

ട്രഷറി അക്കൗണ്ടിൽനിന്നു പണം പിൻവലിക്കാൻ ഇനി ട്രഷറിയിൽ പോയി ക്യൂ നിൽക്കേണ്ട. ഇടാപാട് ഓൺലൈൻ ആയി ചെയ്യാം. സർക്കാർ ജീവനക്കാർ, പെൻഷൻപറ്റിയവർ തുടങ്ങിയവരെല്ലാം ട്രഷറിയെ ആശ്രയിക്കുന്നവരാണ്. സർക്കാറിന്റെ സാമ്പത്തിക ഇടപാടുകൾ ട്രഷറി മുഖേന ആയതുകൊണ്ട് എന്തെങ്കിലും കാര്യത്തിനു ചെന്നാൽ നെടുനീളൻ ക്യൂ കാണാം. ഓണം പോലുള്ള വിശേഷ ദിവസങ്ങളോടനുബന്ധിച്ചു മുൻകൂട്ടി ശമ്പളവിതരണം ചെയ്യുകയാണെങ്കിൽ ചിലപ്പോൾ പൊതു സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാറുണ്ട്. ഇനി ഈ ഘട്ടങ്ങളിലും ട്രഷറിയില്‍ നിന്ന് എളുപ്പത്തിൽ പണം പിൻവലിക്കാം. ഇതിനായി ട്രഷറി സേവിങ്സ് അക്കൗണ്ട് ഉള്ളവർക്ക് ഓൺലൈൻ അക്കൗണ്ട് തുറക്കാം. ഈ ഓൺലൈൻ അക്കൗണ്ട് ബാങ്കുമായി ബന്ധിപ്പിക്കാം. അതുവഴി എതു സമയത്തും ട്രഷറി സേവിങ്സ് അക്കൗണ്ടിലെ പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം.

ഓൺലൈൻ അക്കൗണ്ട് തുറക്കുന്നതെങ്ങനെ?

ഗൂഗിളിൽ ട്രഷറി സേവിങ്സ് ബാങ്ക് (TSB ONLINE) സേർച്ച് ചെയ്യുക. വെബ് സൈറ്റ് ക്ലിക് ചെയ്ത ശേഷം ന്യൂ റജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. സൈറ്റിൽ നിങ്ങളുടെ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ നമ്പർ, ട്രഷറി അക്കൗണ്ട് തുടങ്ങുമ്പോൾ നൽകിയിട്ടുള്ള മൊബൈൽ നമ്പർ, ഇമെയിൽ, വേണ്ട യൂസർ നെയിം എന്നിവ നൽകുക. അതുനു ശേഷം നെക്സ്റ്റ് ബട്ടൻ ക്ലിക്ക് ചെയ്യുക.  

അതിനുശേഷം വൺ ടൈം പാസ് വേഡ് (ഒടിപി) ജനറേറ്റ് ചെയ്യും. ഫോണിൽ വരുന്ന ഒടിപി നമ്പർ നൽകി സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ ടിഎസ്ബി അപ്ലിക്കേഷൻ പാസ്‌വേഡ് ഫോണിൽ മെസേജ് ആയി വരും. ഈ പാസ്‍വേഡ് ഉപയോഗിച്ചു ലോഗിൻ ചെയ്യാം. ലോഗിൻ ചെയ്തശേഷം പുതിയ ലോഗിൻ പാസ്‌വേഡും ട്രാൻസാക്ഷൻ പാസ്‌വേഡും സെറ്റ് ചെയ്യണം. യൂസർ നെയിം പുതിയ പാസ്‌വേഡ് എന്നിവ കൊടുത്താൽ സേവിങ്സ് അക്കൗണ്ട് സന്ദർശിക്കാം. അക്കൗണ്ടിലെ ബാലൻസ് തുക, ഇതുവരെയുള്ള ട്രാൻസാക്‌ഷൻ തുടങ്ങിയവ പരിശോധിക്കാം. സ്ഥിര നിക്ഷേപം ഉണ്ടെങ്കിൽ അതും കാണാവുന്നതാണ്. ട്രഷറിയിൽ സ്ഥിര നിക്ഷേപം നടത്തിയിട്ടുള്ളവരുടെ പലിശ സേവിങ്സ് അക്കൗണ്ടിലാണ് വരുന്നത്. അക്കൗണ്ടിലെ ക്രയവിക്രയങ്ങൾ ഓൺലൈനായി മനസിലാക്കാം. അക്കൗണ്ട് സ്റ്റേറ്റ്മെന്റും ലഭ്യമാകും.

ബാങ്കിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാൻ

ട്രഷറി അക്കൗണ്ടിൽനിന്നു സാധാരണ ബാങ്ക് അക്കൗണ്ടിലേക്കോ മറ്റു ട്രഷറി സേവിങ്സ് അക്കൗണ്ടിലേക്കോ പണം അയക്കാൻ കഴിയും. ആദ്യം ബെനിഫിഷറി അക്കൗണ്ട് നമ്പർ ആഡ് ചെയ്യണം. അക്കൗണ്ട് ഹോൾഡറുടെ പേര്, ഐഎഫ്എസ്‌സി കോഡ് (IFSC), ബാങ്ക് അക്കൗണ്ട് നമ്പർ, ട്രാൻസ്ഫർ ചെയ്യേണ്ട തുകയുടെ പരിധി, നേരത്തെ സെറ്റ് ചെയ്തിട്ടുള്ള ട്രൻസാക്ഷൻ പാസ് വേഡ് എന്നിവ നൽകിയാൽ ബാങ്ക് അക്കൗണ്ട് നമ്പർ ആഡ് ചെയ്യപ്പെടും. ഇതുപോലെ മറ്റു ടിഎസ്ബി നമ്പറും ആഡ് ചെയ്യാം.

ബെനിഫിഷറി അക്കൗണ്ട് നമ്പർ ആഡ് ചെയ്തു കഴിഞ്ഞാൽ ഇടതുവശത്തു കാണുന്ന ഫണ്ട് ട്രാസ്ഫർ ഐക്കൺ ക്ലിക്ക് ചെയ്യുക. അതിൽ അക്കൗണ്ട് തിരഞ്ഞെടുത്ത ശേഷം അയക്കേണ്ട തുക രേഖപ്പെടുത്തുക. ബൈനിഫിഷറി അക്കൗണ്ട് ക്ലിക്ക് ചെയ്യുക. അപ്പോൾ ഫോണിലേക്ക് ഒടിപി വരും. ഇതു നൽകിയാൽ തുക ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടും. ട്രഷറി അക്കൗണ്ടിൽനിന്നു 2 ലക്ഷം രൂപ വരെ ഒരു ദിവസം കൈമാറ്റം ചെയ്യാം. ഓൺലൈൻ അക്കൗണ്ട് 24 മണിക്കൂറും പ്രവർത്തനക്ഷമമാണ്.    

ഓൺലൈൻ റജിസ്റ്റർ ചെയ്യുമ്പോൾ നൽകുന്ന വിവരങ്ങളും ട്രഷറിയിൽ നൽകിയിട്ടുള്ളതും ഒരുപോലെയായിരിക്കണം. ആധാർ നമ്പറും മൊബൈൽ നമ്പറും ട്രഷറിയിൽ റജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഓഫ് ലൈൻ റജിസ്ട്രേഷൻ ഫോം ഡൗൺലോഡ് ചെയ്തു ഉപയോഗിക്കാം. അതിനോടൊപ്പം കെവൈസിയും പൂരിപ്പിച്ചു നൽകുക.

English Summary: How to Do Online Regiistration for Fund Transfer in Treasury

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA