ADVERTISEMENT

ആദായനികുതി നിയമത്തിൽ പണമായി കൈവശം വയ്ക്കാവുന്ന തുകയെ സംബന്ധിച്ച പരിമിതികൾ നിർദ്ദേശിച്ചിട്ടില്ല. എന്നാൽ പണമായി (ക്യാഷ് ആയി) നടത്താവുന്ന ഇടപാടുകൾക്കു പരിമിതികളും നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്.പ്രധാനമായവ താഴെ പറയുന്നു.വകുപ്പ് 269ST യിലാണ് നികുതിദായകർക്കു പണമായി കൈപ്പറ്റാവുന്ന തുകയെ സംബന്ധിച്ച പരിധി പറഞ്ഞിരിക്കുന്നത്. ഇതനുസരിച്ച് ഒരു ദിവസം മറ്റൊരു വ്യക്തിയിൽ നിന്നോ സ്‌ഥാപനത്തിൽ നിന്നോ 2 ലക്ഷം രൂപയോ അതിനു മേലോ പണമായി സ്വീകരിക്കാവുന്നതല്ല. കൂടാതെ ഒരു ഇടപാടിനോടനുബന്ധിച്ചോ ഒരു വിഷയത്തോടനുബന്ധിച്ചോ 2 ലക്ഷം രൂപയ്ക്കു മുകളിൽ തുക പണമായി കൈപ്പറ്റാനാകില്ല. മേൽപറഞ്ഞ പരിധിയിൽ അധികം തുക ആർക്കെങ്കിലും സ്വീകരിക്കണം എന്നുണ്ടെങ്കിൽ അത് ബാങ്കിലൂടെ അക്കൗണ്ട് പേയീ ചെക്ക് ആയോ അതല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, UPI മുതലായ ഇലക്ട്രോണിക് സംവിധാനങ്ങൾ മുഖേനയോ പാടുള്ളൂ.

വകുപ്പ് 269SS

വകുപ്പ് 269SS പ്രകാരം അക്കൗണ്ട് പേയീ ചെക്ക് ആയോ അതല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, UPI മുതലായ ഇലക്ട്രോണിക് സംവിധാനങ്ങൾ മുഖേനയോ മാത്രമേ ആരിൽ നിന്നും 20,000 രൂപയോ അതിൽ കൂടുതലോ വരുന്ന തുകകൾ വായ്പയായോ നിക്ഷേപമായോ കൈപ്പറ്റാവൂ. സ്‌ഥലത്തിന്‍റെയോ കെട്ടിടത്തിന്‍റെയോ വിൽപന സംബന്ധിച്ച് കൈപ്പറ്റുന്ന തുകകൾക്കും (വിൽപന നടന്നാലും ഇല്ലെങ്കിലും) വകുപ്പ് 269SS പ്രകാരം മേൽപറഞ്ഞ നിബന്ധനയുണ്ട്.

വകുപ്പ് 269T

269T എന്ന വകുപ്പിൽ മറ്റുള്ളവരിൽ നിന്ന് വായ്പയായും നിക്ഷേപമായും കൈപ്പറ്റിയ തുകകളുടെ തിരിച്ചടവിനെ സംബന്ധിച്ച പരിധി പറഞ്ഞിട്ടുണ്ട്. ഈ വകുപ്പ് പ്രകാരം അക്കൗണ്ട് പേയീ ചെക്ക് ആയോ അതല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, UPI മുതലായ മറ്റു പ്രഖ്യാപിതമായ ഇലക്ട്രോണിക് സംവിധാനങ്ങൾ മുഖേനയോ മാത്രമേ 20,000 രൂപയോ അതിൽ കൂടുതലോ തിരിച്ചടയ്ക്കാവൂ. ക്യാഷ് ആയി തിരിച്ചടവ് അനുവദിക്കില്ല. സ്‌ഥലത്തിന്‍റെയോ കെട്ടിടത്തിന്‍റെയോ വിൽപന സംബന്ധിച്ച് കൈപ്പറ്റിയ തുകകളുടെ (വിൽപന നടന്നാലും ഇല്ലെങ്കിലും) തിരിച്ചടവുകൾക്കും മേൽപറഞ്ഞ നിബന്ധന ബാധകമാണ്.

വകുപ്പ് 194N 

മേൽപറഞ്ഞ നിയമങ്ങൾ പാലിക്കാത്ത പക്ഷം എത്ര തുകയാണോ നിയമവിരുദ്ധമായി പണമായി കൈപ്പറ്റിയത്/തിരിച്ചടവ് നടത്തിയത്, അത്രയും തുക പിഴ ചുമത്തപ്പെടാം.ബാങ്കിൽ നിന്നും ക്യാഷ് ആയി ഒരു പരിധിക്കുമേൽ തുകകൾ പിൻവലിച്ചാൽ, പിൻവലിക്കുന്ന തുകയ്ക്കുമേൽ ടിഡിഎസ് കിഴിവ് ബാധകമാണ്. 194N വകുപ്പ് പ്രകാരം ബാങ്കിലോ പോസ്റ്റ് ഓഫീസിലോ അക്കൗണ്ട് ഉള്ള ഒരാൾ തന്‍റെ അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപയ്ക്കുമേൽ ഒരു വർഷം ക്യാഷ് ആയി പിൻവലിച്ചാൽ ആ തുകയ്ക്കുമേൽ 2% ടിഡിഎസ് കിഴിവ് ബാധകമാണ്.

അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്ന വർഷത്തിന് മുൻപുള്ള മൂന്നു വർഷങ്ങളിലും റിട്ടേൺ സമർപ്പിക്കേണ്ട സമയത്തിനുള്ളിൽ സമർപ്പിച്ചയാളാണ് പണം പിൻവലിക്കുന്നതെങ്കിൽ മേൽപറഞ്ഞ ഒരു കോടിക്ക് മുകളിൽ പിൻവലിക്കുന്ന തുകയ്ക്കേ ടിഡിഎസ് കിഴിവ് വരൂ. 

അതേ സമയം ഏതെങ്കിലും വർഷത്തെ റിട്ടേൺ സമർപ്പിച്ചിട്ടില്ലെങ്കിൽ ഒരു കോടിക്ക് പകരം 20 ലക്ഷം രൂപയ്ക്കു മുകളിൽ തുക പിൻവലിച്ചാൽ തന്നെ അധികം പിൻവലിച്ച തുകയ്ക്ക് 2% ടിഡിഎസ് കിഴിവ് ബാധകമാകും.

English Summary : Income Tax Implications of Keeping and Transfering Currency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com