ADVERTISEMENT

കോവിഡ് മൂലം 2020-21 സാമ്പത്തിക വർഷത്തിലെ വ്യക്തിഗത ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31ൽ നിന്ന് സെപ്റ്റംബർ 30ലേക്ക് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്‌ നീട്ടിയിരുന്നു. ടാക്സ് ഓഡിറ്റിന് ബാധ്യതയുള്ള നികുതിദായകർ, റിട്ടേൺ സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ 31ൽ  നിന്ന് നവംബർ 30ലേക്കും നീട്ടിയിട്ടുണ്ട്. എന്നാൽ, റിട്ടേൺ കൊടുക്കുമ്പോൾ അടയ്ക്കാനുള്ള നികുതി ഒരു ലക്ഷം രൂപയിൽ കൂടുതൽ ഉണ്ടെങ്കിൽ, വകുപ്പ്  234 എ പ്രകാരം, നികുതിയിന്മേൽ പ്രതിമാസം 1% പിഴപ്പലിശ ഈടാക്കും. സാധാരണ റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതിക്ക് ശേഷം വരുന്ന മാസം മുതൽ റിട്ടേൺ സമർപ്പിക്കുന്ന കാലയളവാണ് ഇതിനായി കണക്കാക്കുക.

റിട്ടേൺ കൊടുക്കുന്ന മാസം വരെ പലിശ 

അതായത് ഇത്തരത്തിൽ നികുതി കൊടുക്കാനുണ്ടെങ്കിൽ ഓഗസ്റ്റ്  മുതൽ റിട്ടേൺ കൊടുക്കുന്ന മാസം വരെ പലിശ കൊടുക്കണം. കൂടാതെ, ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങളുടെ മൊത്തം നികുതി ബാധ്യത 10,000 രൂപയോ അതിൽ കൂടുതലോ ആണെങ്കിൽ നിങ്ങൾ മുൻകൂർ നികുതി അടയ്ക്കണം. നികുതിദായകൻ മുൻകൂർ നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ അഥവാ നികുതിദായകൻ അടച്ച മുൻകൂർ നികുതി 90% നികുതിയിൽ കുറവാണെങ്കിൽ, വകുപ്പ്  234 ബി പ്രകാരം,സാമ്പത്തിക വർഷം അവസാനത്തിനു ശേഷം വരുന്ന മാസം മുതൽ റിട്ടേൺ സമർപ്പിക്കുന്ന മാസം വരെ പ്രതിമാസം 1% പലിശ  ഈടാക്കും. 

മുതിർന്ന പൗരന്മാർ

ഇതിന് പുറമെ, വകുപ്പ് 234 സി പ്രകാരം, നികുതിയുടെ തവണ വൈകിയതിനുള്ള പലിശയും വരും. 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള, ബിസിനസ് വരുമാനം ഇല്ലാത്ത  മുതിർന്ന പൗരന്മാർക്ക് മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല. എന്നിരുന്നാലും ഈ മാസം മുതൽ റിട്ടേൺ കൊടുക്കുമ്പോൾ അടയ്ക്കാനുള്ള നികുതി ഒരു ലക്ഷം രൂപയിൽ കൂടുതൽ ഉണ്ടെങ്കിൽ, നികുതിയിന്മേൽ പ്രതിമാസം 1% പിഴപ്പലിശ കൊടുക്കണം. ചുരുക്കത്തിൽ, 1  ലക്ഷം രൂപയിൽ കവിഞ്ഞ്  നികുതി ബാധ്യത ഉള്ളവരും, മുൻ‌കൂർ നികുതി അടയ്ക്കേണ്ടവരും, നികുതി അടവിൽ വീഴ്ച വരുത്തിയാൽ, ഈ മാസം മുതൽ റിട്ടേൺ കൊടുക്കുന്ന മാസം വരെ അടയ്ക്കാനുള്ള  നികുതിയിന്മേൽ പ്രതിമാസം കുറഞ്ഞത്  2 % പലിശ അടയ്ക്കേണ്ടി വരും.

(ചാർട്ടേഡ് അക്കൗണ്ടന്റും ആദായനികുതി വിദഗ്ധനുമാണ് ലേഖകൻ)

English Summary : Details of Income Tax Penalty You May Get

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com