ADVERTISEMENT

സമ്പന്നരുടെ പറുദീസയാണ് അമേരിക്ക. അതുകൊണ്ട് പണമുണ്ടാക്കണമെങ്കിൽ അമേരിക്കയിൽ പോകണമെന്നാണ് എല്ലാവരുടേയും ധാരണ. അതിന്റെ കാരണം ഈ കണക്കുകൾ പറയും. 2021 ലെ ഫോബ്സ് ഗ്ലോബൽ നിരത്തുന്ന കണക്കു പ്രകാരം ആഗോളതലത്തിൽ 493 പുതിയ ശതകോടീശ്വരൻമാർ ഉണ്ടായി. അമേരിക്കയിൽ ഇപ്പോൾ 724 ശതകോടീശ്വരൻമാർ ഉണ്ട്. രണ്ടാം സ്ഥാനത്ത് 698 ശതകോടീശ്വരൻമാരുമായി ചൈനയും 140 ശതകോടീശ്വരൻമാരുമായി മൂന്നാം സ്ഥാനത്ത് ഇന്ത്യയും നിൽക്കുന്നു

വ്യത്യസ്ത പാത വെട്ടിത്തുറന്നവർ

ഒന്നുമില്ലായ്മയിൽ നിന്നുമായിരുന്നു ഈ ശതകോടീശ്വരന്മാരുടെ എല്ലാം തുടക്കം. മുമ്പിൽ വീണു കിട്ടുന്ന ഒരു അവസരവും അവർ പാഴാക്കില്ല. അല്ലെങ്കിൽ പുതിയത് തേടിപ്പിടിക്കും. റിസ്ക്കെടുക്കാൻ ഒരു മടിയുമില്ല. തോൽക്കുമ്പോഴെല്ലാം വിജയം വരെ പൊരുതി. ആപ്പിളിന്റ സ്റ്റീവ് ജോബ്സ്, മാർക്ക് സക്കർബർഗ്, ബിൽ ഗേറ്റ്സ്  അങ്ങിനെ ഓർക്കാൻ ഇനിയുമുണ്ട് ഏറെ പേർ. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ പാത വെട്ടിയപ്പോഴാണ് ഇവരുടെ വഴിത്തിരിവുണ്ടായത്. ധനവാനാകാൻ കുറുക്കുവഴികളില്ല. ഇന്നു കാണുന്ന കോടീശ്വരന്മാരും ശതകോടീശ്വരന്മാരും വർഷങ്ങളുടെ അധ്വാനം കൊണ്ട് നേടിയെടുത്തതാണ് എല്ലാം. കഠിനാധ്വാനത്തോടൊപ്പം ക്ഷമയും സ്ഥിരതയും അനിവാര്യമാണ് ധനസമ്പാദനത്തിനുള്ള യാത്രയിൽ.

ഡൊമിനോസ് പിസയെ കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല ഇപ്പോൾ. ബിസിനസ് തകർന്നു നിൽക്കുന്ന ഒരു സമയത്ത് പയറ്റിയ ഒരു തന്ത്രമാണ് ഇന്നവരെ ശതകോടികളുടെ വിറ്റുവരവ് നേടുന്നവരാക്കിയത്. കസ്റ്റമർ പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് സാധനം എത്തിക്കുക. ഫോണിൽ ഓർഡർ എടുക്കുന്നു. നൊടിയിടയ്ക്കുള്ളിൽ കസ്റ്റമറിന് ഡോർ ഡെലിവറി ചെയ്യുന്നു. ഇവിടെ വേഗമാണ് തന്ത്രമാക്കിയത്. ഉടൻ കിട്ടുമെന്നുണ്ടെങ്കിൽ വില കൂട്ടിക്കൊടുക്കാനും കസ്റ്റമർ തയ്യാറായപ്പോൾ കമ്പനിയുടെ ലാഭം കൂട്ടാൻ പുതിയൊരു വഴി കൂടി തുറന്നു കിട്ടുകയും ചെയ്തു. 

മനസുണ്ടാകണം

വൻകിട സംരംഭങ്ങൾ തുടങ്ങിയാലെ കോടീശ്വരനാകാൻ പറ്റൂ എന്ന ചിന്തയുണ്ടെങ്കിൽ മാറ്റി വച്ചോളൂ. മനസുണ്ടായാൽ മതി.. അമേരിക്കയിലെ ബ്രൗണിങ് ഫെറിസ് ഇൻഡസ്ട്രീസിന്റെ ഉടമ ടോം ഫാജോ ഒരു അക്കൗണ്ടൻ്റായിരുന്നു. വീട്ടിലെ അടുക്കള മാലിന്യം പുറന്തള്ളാൻ മാർഗമില്ലാതെ വിഷമിക്കുകയായിരുന്നു. അയൽപക്കക്കാർക്കും ഇതു തന്നെ ബുദ്ധിമുട്ട്. ആഴ്ചതോറും ട്രക്ക് വിളിച്ച് വീട്ടിലേയും അയൽക്കാരുടെയും അടുക്കള മാലിന്യങ്ങൾ ശേഖരിച്ച് പുറമ്പോക്കിൽ കൊണ്ടു കളയും. സേവനം തികച്ചും സൗജന്യമായിരുന്നു. കുറെ കഴിഞ്ഞപ്പോൾ നാട്ടുകാർ ഓരോരുത്തരായി വരാൻ തുടങ്ങി. അവർക്കും ഇതേ സേവനം വേണം. അതിനുള്ള സർവീസ് ചാർജും അവർ നൽകി. ദിവസങ്ങൾ പിന്നിട്ടു. അടുത്തുള്ള മുനിസിപ്പാലിറ്റിക്കാരും ടോമിനെ സമീപിച്ചു. ഓർഡറുകൾ കൂടി കൂടി വന്നപ്പോൾ ടോമിന് തോന്നി.. എന്നാൽ പിന്നെ ഇതിനു വേണ്ടി ഒരു കമ്പനി രൂപീകരിക്കാമെന്ന്. അത്യാധുനിക സാങ്കേതിക വിദ്യകൾ നടപ്പാക്കി. മാലിന്യ സംസ്കരണം എളുപ്പമാക്കി. ഇന്ന് അമേരിക്കയിലെ ശതകോടീശ്വരന്മാരിൽ ഒരാളാണ് ടോം. 

കുക്കീസ് ഉണ്ടാക്കിയ കഥ

നാല് കുട്ടികളെ പോറ്റാൻ വഴികാണാതിരുന്നപ്പോഴാണ് വീടിനോട് ചേർന്ന് കൊച്ചുകട തുടങ്ങി കുക്കീസ് ഉണ്ടാക്കി വിറ്റു തുടങ്ങിയ ഡെബ്ബി ഫീൽഡ്സ് ഇന്ന് ശതകോടികൾ വിറ്റുവരവുള്ള കുക്കീസ് ബ്രാൻറിന്റെ ഉടമയാണ്. ഉപയോക്താവിന്റെ ആവശ്യവും നമ്മുടെ അത്യാവശ്യവും കൂടിച്ചേരുമ്പോൾ അവിടെ പുതിയ അവസരം സൃഷ്ടിക്കപ്പെടുന്നു.

വാശിയോടെ നേടിയ വളർച്ച

ഇരുചക്രവാഹന രംഗത്ത് ഒരു ബഹുരാഷ്ട്ര ബ്രാൻറാണ് ഹീറോ ഹോണ്ട. ഒരു മെക്കാനിക്കായിരുന്നു അതിന്റെ ഉടമ. വർക്ക്ഷോപ്പിലെ പണിക്കാരനായിരുന്നു. ഒരു ദിവസം അയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. കൈയ്യും കാലും പിടിച്ച് തിരികെ ചെല്ലാൻ അയാളുടെ അഭിമാനം സമ്മതിച്ചില്ല. ആ വാശിയാണ് ഹീറോ ഹോണ്ടയുടെ ഉൽഭവത്തിനു പിന്നിൽ.

ഡ്രൈ ക്ലീനിംഗ് സെൻറർ, ഇഷ്ടിക നിർമാണം, പലഹാര നിർമാണം, എന്നുതുടങ്ങി എത്രയോ മേഖലകളിൽ കോടികൾ സമ്പാദിക്കുന്നവർ നമുക്കിടയിൽ ഉണ്ട്. വഴിയോരക്കച്ചവടം എന്നു പുച്ഛിക്കുന്നവരുണ്ട്. ഇവരിൽ തന്നെ എത്രയോ കോടീശ്വരന്മാരുണ്ട്.

നിങ്ങളുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി എന്തുമാകട്ടെ,. ശരിയായ കാര്യം ശരിയാംവണ്ണം ശരിയായ സമയത്ത് ചെയ്യുമ്പോൾ തീർച്ചയായും ഫലമുണ്ടാകും.

English Summary : How to become a Billionaire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com