ADVERTISEMENT

ഇത്തവണത്തെ ആദായ നികുതി റിട്ടേണ്‍ ഓണ്‍ലൈന്‍ ഇഫയലിങില്‍ ഒരു പാട് സവിശേഷതകള്‍ ഉണ്ട്. റിട്ടേണ്‍ ഫയലിങിന്റെ സമയക്രമവും പതിവുകളും ഒക്കെ കോവിഡ് തകര്‍ത്തുകളഞ്ഞതാണല്ലോ. ഈ താളം തെറ്റലിനിടയില്‍ തന്നെയാണ് റിട്ടേണ്‍ ഫയലിങിന് പുതിയ പോര്‍ട്ടല്‍ അവതരിപ്പിച്ചതും. വ്യാപക എതിര്‍പ്പിനെ തുടര്‍ന്ന് അല്ലറചില്ലറ മാറ്റങ്ങളോടെ പോര്‍ട്ടല്‍ ഇപ്പോള്‍ സജീവമായിക്കഴിഞ്ഞു.

മാറ്റങ്ങളേറെ

മുന്‍പ് പിന്തുടര്‍ന്ന രീതികളില്‍ നിന്ന് ഒരുപാട് മാറ്റങ്ങള്‍ ഈ പുതിയ പോര്‍ട്ടലില്‍  ഉണ്ട് . മാറ്റങ്ങളെല്ലാം റിട്ടേണ്‍ ഫയലിങും തുടര്‍ന്നുള്ള നടപടിക്രമങ്ങളും കൂടുതല്‍ എളുപ്പമാക്കാന്‍ വേണ്ടിയാണെന്നാണ്  ഇന്‍കം ടാക്‌സ് വകുപ്പ് പറയുന്നത്. പക്ഷേ നികുതിദായകര്‍ക്ക് അങ്ങനെ തോന്നിതുടങ്ങിയിട്ടില്ല. അത് സ്വാഭാവികവുമാണ്. മാറ്റങ്ങളെ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്യുന്ന ശീലം പണ്ടേ ഇല്ലല്ലോ നമുക്ക്. ഈ പോര്‍ട്ടല്‍ നിലവിലുണ്ടായിരുന്നതിനേക്കാള്‍ മെച്ചമാണോ മോശമാണോ എന്ന് വിലയിരുത്താന്‍ സമയമായിട്ടില്ല. വേഗം, കൃത്യത, സുരക്ഷ, സൗകര്യ പ്രദം, ഉപയോഗ പ്രദം എന്നൊക്കെയാണ് ഇന്‍കം ടാകസ് വകുപ്പ് ഊ പുതിയ പോര്‍ട്ടലിനെ സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്. പുതിയ പോര്‍ട്ടലിലെ പ്രധാന മാറ്റങ്ങളും ലോഗിന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെയാണ് എന്ന നോക്കാം.

incometaxindiaefiling.gov.in  എന്നായിരുന്നു പഴയ പോര്‍ട്ടിലിന്റെ പേര്. പുതിയ പോര്‍ട്ടലിന്റെ പേര് incometax.gov.in എന്നുമാത്രം. പഴയ പേരില്‍ ബ്രൗസ് ചെയ്താലും ഈ പുതിയ പോര്‍ട്ടലില്‍ എത്താം. സുരക്ഷാ ക്രമീകരണങ്ങള്‍ പുതിയ പോര്‍ട്ടലില്‍  കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

സുരക്ഷ ഉറപ്പിക്കുക

ഇതിന്റെ ഭാഗമായി ആദ്യമായി ഈ പോര്‍ട്ടിലില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഒരു സെക്യൂര്‍ യൂസര്‍ മെസേജ് സെറ്റു ചെയ്യണം. ലോഗിന്‍ ചെയ്താല്‍ ഈ മെസേജ് വിന്‍ഡോയില്‍ കാണാം. നിങ്ങളുടെ അക്കൗണ്ട് തന്നെയാണ് ഇതെന്ന് ഉറപ്പിച്ച് മാത്രം ഇതിലൂടെ തുടരാന്‍ സാധിക്കും.നിങ്ങളുടെ പ്രൊഫൈലില്‍ കൂടുതല്‍ കാര്യങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുമുള്ള സൗകര്യവും ഉണ്ട്.

Income-Tax-2

പ്രൊഫൈല്‍  എത്രമാത്രം അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട് എന്ന് ശതമാനക്കണക്കില്‍ നിങ്ങള്‍ക്ക് കാണാം. ഇത് പൂര്‍ത്തിയാക്കാതെ എന്തെല്ലാം സേവനം ഓണ്‍ലൈനായി ലഭിക്കും എന്നും സ്‌ക്രീനില്‍ കാണാം. ഒന്നുകില്‍ മുഴുവനായി പ്രൊഫൈല്‍ അപ്ഡേഷന്‍ പൂര്‍ത്തിയാക്കാം. അല്ലെങ്കില്‍ എന്തിനാണോ ഇപ്പോള്‍ ലോഗിന്‍ ചെയ്തിരിക്കുന്നത് ആ സേവനം പ്രൊഫൈല്‍ അപ്‌ഡേഷന്‍ നടത്താതെ തന്നെ ലഭിക്കുമെങ്കില്‍ അങ്ങനെതന്നെ മുന്നോട്ടുപോകാം.

പാസ് വേർഡ് മറക്കരുത്

ഈ പോര്‍ട്ടിലിലെ ലോഗിന്‍ പാസ് വേര്‍ഡിനു പുറമേ മറ്റ് പാസ് വേര്‍ഡുകള്‍ കൂടി സെറ്റ് ചെയ്ത് പ്രൈഫൈല്‍ സുരക്ഷിതമാക്കണമെങ്കില്‍ അങ്ങനെ ചെയ്യാനും അവസരമുണ്ട്. ആരെങ്കിലും നിങ്ങളുടെ യൂസര്‍ നെയിം ഉപയോഗിച്ച് ലോഗിന്‍ ചെയ്തശേഷം പ്രൈഫൈല്‍ റീസെറ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ അത് തടയാന്‍ അഡീഷണല്‍ പാസ് വേര്‍ഡ് ചോദിക്കുന്നത് സെറ്റ് ചെയ്ത് വെയ്ക്കാം. ഇങ്ങനെ സെറ്റ് ചെയ്താല്‍ അതെല്ലാം പിന്നീട് ഓര്‍മിച്ചിരിക്കണമെന്നു മാത്രം. സാധാരണ വര്‍ഷത്തില്‍ ഒരുതവണ മാത്രമാണ് ഇന്‍കം ടാക്‌സ് സൈറ്റില്‍ ഭൂരിഭാഗം പേരും ലോഗിന്‍ ചെയ്യാറുള്ളത്. ഇ ഫയല്‍ ചെയ്യാന്‍ മാത്രമാണല്ലോ ഇതുപയോഗിക്കാറുള്ളത്. ഒരു പാസ് വേര്‍ഡ് ഉള്ളത് തന്നെ മറന്നുപോകാറാണ് പതിവ്. അതിനാല്‍ അത്യാവശ്യമെങ്കില്‍ മാത്രം ഈ ഓപ്ഷന്‍സ് സ്വീകരിച്ചാല്‍ മതി.

ന്യൂനതകള്‍ പരിഹരിക്കാം

സമര്‍പ്പിച്ച റിട്ടേണുകളുമായി ബന്ധപ്പെട്ട ന്യൂനതകള്‍ പരിഹരിക്കാനുള്ള സൗകര്യവുമുണ്ട്. ബാങ്ക് അക്കൗണ്ട് നല്‍കിയതിലെ പിശകുകള്‍ മൂലം റീ ഫണ്ട് കിട്ടിയിട്ടില്ല എങ്കില്‍ അത് പരിഹരിക്കാം. നിങ്ങളുടെ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ ഏര്‍പ്പെടുത്തണമെങ്കില്‍ അതും ഇതുവഴി നടത്താം. 120 ദിവസത്തിനുള്ളില്‍ ഇവെരിഫൈ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അതും ഇതുവഴി പരിഹരിക്കാം. പുതിയ പോര്‍ട്ടിലിലെ ഓരോ സവിശേഷതകളും എങ്ങനെ പ്രയോജനപ്പെടുത്തി റിട്ടേണ്‍ ഫയല്‍ ചെയ്യാം എന്നത് സംബന്ധിച്ച് തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിശദമാക്കാം

English Summary : How to Do Income Tax Return Filing Through New Portal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com