മ്യൂച്വൽ ഫണ്ടുകളെ വിശ്വസിക്കാൻ കൊള്ളില്ലേ?

HIGHLIGHTS
  • മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനും നേട്ടമുണ്ടാക്കാനുംഇക്കാര്യങ്ങളറിയുക
mutual-funds
SHARE

മ്യൂച്വൽ  ഫണ്ട് നിക്ഷേപത്തിനു വലിയ തോതിൽ പ്രിയം ഏറുന്നതായാണു റിപ്പോർട്ടുകൾ. എവിടെയെങ്കിലും വായിച്ചറിഞ്ഞതിന്റെയോ ഏതെങ്കിലും സുഹൃത്തിന്റെ അനുഭവസാക്ഷ്യത്തിന്റെയോ അടിസ്ഥാനത്തിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനു മുതിരുന്നവരാണ് ഏറെയും. ഏകദേശ ധാരണകളുടെയോ തെറ്റിദ്ധാരണകളുടെയോ അടിസ്ഥാനത്തിൽ ഇങ്ങനെ ഫണ്ടുകളെ ആശ്രയിക്കുന്നതിലെ അപകടം ഏറെയാണെന്നതാണു യാഥാർഥ്യം. 

തിരഞ്ഞെടുപ്പ് പ്രധാനം

എന്നുവെച്ചാൽ മ്യൂച്ചൽഫണ്ടുകളെ വിശ്വസിക്കാൻ കൊള്ളില്ലെന്നല്ല. പൂർണമായിത്തന്നെ വിശ്വസിക്കാം. പക്ഷേ നല്ല സുഹൃത്തിനെ തിരഞ്ഞെടുക്കുന്നതുപോലെയോ നല്ല ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതുപോലെയോ വിശദമായ വിലയിരുത്തലുകൾക്കു ശേഷമായിരിക്കണം നിക്ഷേപ തീരുമാനം കൈക്കൊള്ളാനെന്നു മാത്രം. അതായതു പല തരത്തിലും തലത്തിലുമുള്ള മുൻകരുതലുകൾ അത്യാവശ്യമാണ്. എന്താണു മ്യൂച്വൽ ഫണ്ട് എന്നു തുടങ്ങി എന്തൊക്കെ മുൻകരുതലുകൾ എന്നു പൂർണമായും മനസ്സിലാക്കിയിരിക്കണം എന്നു ചുരുക്കം. 

ആശയത്തിന്റെ പ്രസക്തി

ഒറ്റയ്ക്കൊറ്റയ്ക്ക് അസാധ്യമാകുന്ന ആസ്തി സമ്പാദനം അനേകം പേരുടെ ഒത്തുചേരലിലൂടെ സാധ്യമാക്കുക എന്ന ആശയമാണു മ്യൂച്വൽ ഫണ്ട് എന്ന നിക്ഷേപമാർഗത്തിന്റെ അടിസ്ഥാനതത്വം. മുടക്കുന്ന മുതലിന് ആനുപാതികമായിട്ടായിരിക്കും ഓരോ നിക്ഷേപകനും ആസ്തിയുടെ ഉടമസ്ഥത. അപ്പോൾ ആസ്തിയുടെ മൂല്യം (asset value) ക്രമേണ വർധിക്കുമ്പോൾ ആനുപാതിക നേട്ടത്തിലും വർധനയുണ്ടാകുന്നു.

സംഘശക്തിയുടെ നേട്ടം

family

ഒത്തുചേരൽ എങ്ങനെ നേട്ടം കൈവരുത്തുന്നു എന്നു നോക്കാം. ഒരു കോടി രൂപ വില വരുന്ന ആസ്തി ഒറ്റയ്ക്കു സ്വന്തമാക്കാൻ സാധാരണക്കാരായ ആർക്കും കഴിയുന്നതല്ലല്ലോ. ഒരു കോടി രൂപയെ 10 രൂപയുടെ 10 ലക്ഷം യൂണിറ്റുകളായി (unit) കണക്കാക്കി ഒരു കൂട്ടമാളുകൾ നിക്ഷേപം നടത്തി ആ ആസ്തി സ്വന്തമാക്കുന്നുവെന്നു കരുതുക. 1000 രൂപ മുടക്കിയവർ 100 യൂണിറ്റിന്റെ ഉടമകളാകുന്നു. 5000 രൂപ മുടക്കിയവർ 500 യൂണിറ്റിന്റെയും 7500 രൂപ മു‌ടക്കിയവർ 750 യൂണിറ്റിന്റെയും അവകാശികളാകും. അതായത്, നിക്ഷേപത്തിന് ആനുപാതികമായി യൂണിറ്റ് ഉടമസ്ഥത. 

ഭാവിയിൽ ആസ്തി മൂല്യം 50 ശതമാനം വർധിക്കുന്നുവെന്നിരിക്കട്ടെ. അപ്പോൾ ആകെ ആസ്തി മൂല്യം 1.50 കോടി രൂപയാകുന്നു. യൂണിറ്റ് അടിസ്ഥാനത്തിൽ വിഭജിച്ചാൽ മൂല്യം 15 രൂപ. അപ്പോൾ 100 യൂണിറ്റുകാരന്റെ ആസ്തി മൂല്യം 1500 രൂപയായി ഉയരുന്നു. 5000 രൂപ മുടക്കിയ വ്യക്തിയുടെ ആസ്തി മൂല്യം 7,500 രൂപയായും 7,500 രൂപ മുടക്കിയയാളിന്റെ ആസ്തി മൂല്യം 11,250 രൂപയുമായിട്ടാണു വർധിക്കുക. 

ഈ ആശയത്തിന്റെ സാക്ഷാത്കാരമാണു മ്യൂച്വൽ ഫണ്ട് പദ്ധതികൾ വിഭാവനം ചെയ്യുന്നത്. സമാന ലക്ഷ്യമുള്ള അനേകം നിക്ഷേപകരിൽനിന്നു സമാഹരിക്കുന്ന തുകകളുടെ സഞ്ചയമാണു പദ്ധതിക്ക് അടിസ്ഥാനം. ഫണ്ട് മാനേജ്മെന്റ് രംഗത്തെ പ്രഫഷനലുകളുടെ, അതായതു വിദഗ്ധരായ നടത്തിപ്പുകാരുടെ, ചുമതലയിൽ ഈ സഞ്ചയം മുൻകൂർ വാഗ്ദാനം ചെയ്യപ്പെടുന്ന പദ്ധതികളിൽ നിക്ഷേപിക്കപ്പെടുന്നു. പദ്ധതികളിൽ മുടക്കുന്നതു നിക്ഷേപകരുടെ പൊതുവായ മുതലാണ് എന്നതിനാൽ ലാഭം മാത്രമല്ല നഷ്ടവും പൊതുവായി അവകാശപ്പെട്ടതായിരിക്കും. അവ നിക്ഷേപത്തിന് ആനുപാതികമായി പങ്കിടുകയാണു ചെയ്യുക.   

Happy

നിക്ഷേപം യൂണിറ്റുകളിൽ

മ്യൂച്വൽ ഫണ്ടിൽ പണം നിക്ഷേപിക്കുന്നതു യൂണിറ്റ് അടിസ്ഥാനത്തിലാണ്. അതായത്, നിക്ഷേപിക്കുന്ന പണത്തിനു പകരമായി ഫണ്ടിന്റെ യൂണിറ്റുകൾ ലഭിക്കുന്നു. മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കു യൂണിറ്റ് ഉടമകൾ (unit holders) എന്നാണു വിശേഷണം. 

നഷ്ടസാധ്യത യാഥാർഥ്യം

വൻ നിക്ഷേപങ്ങൾക്കു ശേഷിയില്ലാത്തവർ, വിപണി നിരീക്ഷണത്തിനും ഗവേഷണത്തിനും മറ്റും സമയവും സാമർഥ്യവും സാഹചര്യങ്ങളുമില്ലാത്തവർ, വിവിധ നിക്ഷേപമാർഗങ്ങളുമായി പരിചയമില്ലാത്തവർ, ഓഹരികളിലും മറ്റും നേരിട്ടു നിക്ഷേപം നടത്താൻ ഒരുക്കമല്ലാത്തവർ തുടങ്ങിയവർക്കൊക്കെ അഭിലഷണീയം മ്യൂച്വൽ ഫണ്ടുകളാണെന്നു പൊതുവേ പറയാം. എന്നാൽ നഷ്ടസാധ്യത ഇല്ലാത്ത നിക്ഷേപമാർഗമാണു മ്യൂച്വൽ ഫണ്ടുകൾ എന്ന ധാരണ പാടില്ല. മറ്റ് ഏതു നിക്ഷേപമാർഗത്തിലുമെന്നപോലെ മ്യൂച്വൽ ഫണ്ട് പദ്ധതികളിലും നഷ്ടം സംഭവിക്കാം. പദ്ധതി നടത്തിപ്പിലെ പാളിച്ചകൾകൊണ്ടോ സാമ്പത്തിക കാലാവസ്ഥയിലെ മാറ്റംമറിച്ചിലുകൾകൊണ്ടോ ഒക്കെ നഷ്ടം സംഭവിക്കാമെന്ന് ഓർക്കുക. ഓഹരി വിപണിയിലെയും കടപ്പത്ര വിപണിയിലെയും മറ്റും കയറ്റിറക്കങ്ങൾക്കും മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ ഭദ്രതയിൽ നിർണായക സ്വാധീനമാണുള്ളതെന്നു മനസ്സിലാക്കിയിരിക്കുന്നതും നന്ന്.   

മുൻകരുതലുകൾ

പല കാരണങ്ങൾകൊണ്ടും മ്യൂച്വൽ ഫണ്ട് പദ്ധതികൾ പാളിപ്പോകാമെന്നിരിക്കെ നിക്ഷേപകർ ചില മുൻകരുതലുകളെടുക്കേണ്ടതുണ്ടെന്നു നേരത്തെ സൂചിപ്പിച്ചുവല്ലോ. തീർച്ചയായും സ്വീകരിക്കേണ്ട ചില മുൻകരുതലുകൾ എന്തൊക്കെയെന്നു നോക്കാം.

1) ഓഫർ ഡോക്യുമെന്റിന്റെ പഠനം

sigining

മ്യൂച്വൽ ഫണ്ടുകളുടെ ഏതു നിക്ഷേപ പദ്ധതിയും അവതരിപ്പിക്കുന്ന സമയത്തു (New Fund Offer - NFO)  പദ്ധതിയുടെ സ്വഭാവവും ലക്ഷ്യങ്ങളും മറ്റും വ്യക്തമാക്കിക്കൊണ്ട് അസെറ്റ് മാനേജ്‌മെന്റ് കമ്പനി (Asset Management Company - AMC) പ്രസിദ്ധപ്പെടുത്തുന്ന രേഖ ലഭ്യമായിരിക്കും. ഓഫർ ഡോക്യുമെന്റ് (Offer document) എന്നാണ് ഇതിന്റെ പേര്. പദ്ധതിയുമായി ബന്ധപ്പെട്ടു നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ വിവരങ്ങളെല്ലാം ഈ രേഖയിലുണ്ടാകണമെന്നാണു സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (Securities and Exchange Board of India – SEBI) യുടെ വ്യവസ്ഥ. അതിനാൽ ഇതു വിശദമായി പഠിച്ച ശേഷമാവണം നിക്ഷേപസംബന്ധമായ തീരുമാനം കൈക്കൊള്ളേണ്ടത്. 

രേഖയിലെ വിവരങ്ങൾ സ്വയം മനസ്സിലാക്കാൻ കഴിയാത്തവർ അറിവുള്ളവരുടെ സേവനം നേടുന്നതായിരിക്കും ഉചിതം. നിക്ഷേപത്തിനു തിരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ലക്ഷ്യം ഓഫർ ഡോക്യുമെന്റിൽ വ്യക്തമാക്കിയിട്ടുണ്ടാവും. ഈ ലക്ഷ്യം നിക്ഷേപകന്റെ ലക്ഷ്യവുമായി പൊരുത്തപ്പെടുന്നതാണെങ്കിൽ മാത്രമേ അനുകൂല തീരുമാനത്തിനു തയാറാകാവൂ. ഫണ്ടിന്റെ നിക്ഷേപ തന്ത്രം എങ്ങനെയായിരിക്കുമെന്നും ഓഫർ ഡോക്യുമെന്റിൽ വ്യക്തമാക്കിയിരിക്കും. ആ തന്ത്രത്തിനു പിന്നിലെ യുക്തിയും വിശദീകരിച്ചിട്ടുണ്ടാവും. ഇക്കാര്യങ്ങൾ തൃപ്തികരമാണോ എന്നും നിക്ഷേപകൻ തീരുമാനിക്കണം. തൃപ്തികരമല്ലെങ്കിൽ നിക്ഷേപത്തിനു തുനിയാതിരിക്കുന്നതാണു നല്ലത്.

ഒരു ഗാരന്റിയുമില്ല

ഫണ്ടിന്റെ പ്രവർത്തന ചരിത്രം, മുൻകാല തന്ത്രങ്ങളുടെ ഫലം എന്നിവ സംബന്ധിച്ച് ഓഫർ ഡോക്യുമെന്റിൽനിന്നു ലഭിക്കുന്ന ചിത്രം വളരെ പ്രധാനമാണെന്ന് അറിയുക. അത്യന്തം മികച്ച പ്രവർത്തനമാണു ഫണ്ട് മുൻപു കാഴ്ചവച്ചിട്ടുള്ളതെങ്കിൽപ്പോലും അതു ഭാവിയിൽ ആവർത്തിക്കപ്പെടണമെന്നില്ല. അതായതു മുൻകാല മികവു തുടർന്നും പാലിക്കുമെന്നതിന് ഒരു ഉറപ്പുമില്ല. ഭാവി പ്രവർത്തനത്തെപ്പറ്റി ഏകദേശമായ മുൻവിധിക്കു സഹായിക്കുന്ന വെറും സൂചനയായി മാത്രമേ അതിനെ കാണാവൂ എന്നു ചുരുക്കം.

നഷ്ടസാധ്യതകൾ

mutual fund

നഷ്ടസാധ്യതകൾ (Risk factors) എന്തൊക്കെയെന്ന് ഓഫർ ഡോക്യുമെന്റിൽ പ്രതിപാദിച്ചിരിക്കും. ഇതു നന്നായി മനസ്സിലാക്കുകയും ഈ നഷ്ടസാധ്യതകൾ സഹിക്കാനുള്ള ശേഷി (risk appetite) നിക്ഷേപകനുണ്ടോ എന്നു സ്വയം വിലയിരുത്തുകയും വേണം.

ഒരു കുട്ടയിൽ വേണ്ട

എല്ലാ മുട്ടയും ഒരു കുട്ടയിൽ സൂക്ഷിക്കരുതെന്നു പറയുന്നതുപോലെയാണു സമ്പാദ്യത്തിന്റെ കാര്യത്തിലും വേണ്ടത്. സമ്പാദിക്കുന്ന പണം മുഴുവനും ഒരേയൊരു ഫണ്ടിൽ നിക്ഷേപിക്കരുതെന്നു സാരം. നിക്ഷേപത്തിൽ വൈവിധ്യമുണ്ടാകുമ്പോൾ മാത്രമേ നഷ്ടസാധ്യതയും കുറയുകയുള്ളൂ. അതിനാൽ പല ഫണ്ടുകളിൽ പണം നിക്ഷേപിക്കുന്നതാണു ബുദ്ധി. മറ്റു മ്യൂച്വൽ ഫണ്ടുകളുടെ സമാന പദ്ധതികളുമായി താരതമ്യം സാധ്യമാകുമെങ്കിൽ ആ അവസരം പ്രയോജനപ്പെടുത്തുന്നതും വളരെ നല്ലത്.

മ്യൂച്വൽ ഫണ്ട് പ്രായോജകന്റെ(Sponsor) അറ്റ മൂല്യം (net worth) സംബന്ധിച്ച കണക്ക് ഓഫർ ഡോക്യുമെന്റിൽ കാണാം. ഫണ്ടിന്റെ അറ്റ ആസ്തി മൂല്യത്തിൽ (Net Asset Value – NAV) ഇടിവുണ്ടായാൽ അതു പരിഹരിക്കാൻ പ്രായോജകൻ തയാറാകുമെന്ന് ഈ കണക്ക് ഒരു സൂചനയും നൽകുന്നില്ല. ഫണ്ട് മാനേജർ (Fund Manager) ഉൾപ്പെടെയുള്ള പ്രഫഷനലുകളുടെ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയെപ്പറ്റിയുള്ള വിവരങ്ങൾ തൃപ്തികരമാണെന്ന് ഉറപ്പാക്കണം. ഫണ്ടുമായി ബന്ധപ്പെട്ട് എന്തെങ്കിലും കേസുകൾ നിലവിലുണ്ടോ, പിഴ നൽകാൻ എപ്പോഴെങ്കിലും വിധിക്കപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുന്നതും നിക്ഷേപ തീരുമാനം കൈക്കൊള്ളുന്നതിനു മുമ്പ് അനുപേക്ഷണീയമാണ്.

English Summary: How to Invest in Mutual Funds; Simple Investment Guide, All You Need to Know

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA