ADVERTISEMENT

കൃത്യമായ ഒരു ലക്ഷ്യം സെറ്റ് ചെയ്യുക. നിങ്ങളുടെ ആഗ്രഹം എന്താണോ എന്തിനെ കുറിച്ചാണോ നിങ്ങൾ എപ്പോഴും സ്വപ്നം കാണുന്നത് അത് നടപ്പിലാക്കുവാനുള്ള ആദ്യ ചുവടാണ് കൃത്യവും സ്പഷ്ടവുമായ ഒരു ലക്ഷ്യം സെറ്റ് ചെയ്യുക എന്നത്. വ്യക്തമായ ഒരു ലക്ഷ്യം ഉള്ള വ്യക്തി മുമ്പിലുള്ള പാത എത്ര കഠിനമാണെങ്കിലും ആ ലക്ഷ്യം നേടുക തന്നെ ചെയ്യും. ഒരു ലക്ഷ്യവുമില്ലാത്തയാൾ എത്ര നല്ല പാതയാണെങ്കിലും ഒരിക്കലും മുമ്പോട്ടു പോവുകയില്ലെന്ന് തോമസ് കാർലൈൻ എന്ന തത്വചിന്തകൻ പറയുന്നത് ശരിയാണ്. കൃത്യമായ ലക്ഷ്യമുണ്ടെങ്കിലേ ആഗ്രഹിച്ചതു നേടാൻ പറ്റൂ എന്നാണ് പറഞ്ഞു വരുന്നത്.

സംഭവിക്കാൻ പോകുന്നത് മുൻകൂട്ടി അറിയാം

നിങ്ങൾ ഏറ്റവും കൂടുതൽ എന്താണ് ചിന്തിക്കുന്നത്? അതേ കുറിച്ച് ഭൂരിഭാഗം സമയവും എപ്രകാരമാണ് നിങ്ങൾ ആലോചിക്കുന്നത്? നിങ്ങളുടെ ജീവിതത്തിൽ എന്തു സംഭവിക്കുമെന്ന് മനസിലാക്കുവാൻ ഈ രണ്ടു കാര്യങ്ങളും പരിശോധിച്ചാൽ മതി. മനുഷ്യമനസ് ചിന്തകളുടെ ഒരു ഖനിയാണ്. നല്ലതോ ചീത്തയോ ഏതുമാകട്ടെ മനസിൽ എപ്പോഴും ചിന്തകളുടെ പ്രവാഹമാണ്. എന്തിനെ കുറിച്ചാണോ ഏറ്റവുമധികം ഏറ്റവും തീവ്രമായി ചിന്തിക്കുന്നത് അതാണ് സംഭവിക്കുക എന്നത് തലച്ചോറിന്റെ തിയറിയാണ്. വിജയികളെ ശ്രദ്ധിച്ചാൽ അറിയാം തങ്ങൾക്കു നേടാനുള്ള ലക്ഷ്യത്തെ കുറിച്ചായിരിക്കും അവർ എപ്പോഴും ചിന്തിയ്ക്കുക. കായിക താരങ്ങളെ കണ്ടിട്ടില്ലേ? അവർ ലക്ഷ്യം സെറ്റ് ചെയ്ത് അതനുസരിച്ച് മനസ് പാകമാക്കി നിരന്തരം അതിനുള്ള പരിശീലനങ്ങളും പരിശ്രമങ്ങളും ചെയ്യുന്നത്. മഴയും വെയിലും ചൂടും തണുപ്പും ഒന്നും അവരെ ലക്ഷ്യത്തിൽ നിന്ന് പിന്തിരിപ്പിക്കില്ല. 

ചിന്തകളുടെ ശക്തി

നിങ്ങൾ അതി തീവ്രമായി ആഗ്രഹിക്കുന്നതും ചിന്തിക്കുന്നതും എന്താണോ അത് നിങ്ങളെ തേടി വരും. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.. നിങ്ങൾക്കു വേണ്ടത് എന്താണോ അതേ കുറിച്ച് വ്യക്തമായ ഒരു ചിത്രം മനസ്സിൽ വരക്കുക. എപ്പോഴും അതേ കുറിച്ച്  ധ്യാനിക്കുക. അത് കിട്ടുമെന്ന് വിശ്വസിക്കുക.. ഇനി അതു കിട്ടുമോ എന്ന് സംശയിച്ചാലോ അതേക്കുറിച്ച് ആകുലപ്പെട്ടാലോ പരാതികളും പരിഭവങ്ങളും പറഞ്ഞാലോ ഓർക്കുക ഒരിക്കലും നിങ്ങൾക്കത് കിട്ടാൻ പോകുന്നില്ല. 

Photo credit : Makostock / Shutterstock.com
Photo credit : Makostock / Shutterstock.com

ചെയ്യാം ഈ വ്യായാമങ്ങൾ

1.ആദ്യമായി നിങ്ങൾ സ്വയം ഒന്നു വിലയിരുത്തുക. ജീവിതത്തിന്റെ സമസ്ത മേഖലകളും പരിശോധിക്കുക. നിങ്ങൾക്കു ഇനി എന്താണ് വേണ്ടത് എന്നു കണ്ടെത്തുക. എത്ര പണം വേണം എന്നതിനെക്കുറിച്ച്  കൃത്യമായ ഒരു കണക്കെടുക്കണം. ഈ പണം ഉണ്ടാക്കാനുള്ള മാർഗങ്ങളെക്കുറിച്ച് ചിന്തിച്ചു തുടങ്ങുക. 

2. ഒരു പേപ്പറോ പുസ്തകമോ എടുത്ത് അതിൽ നിങ്ങളുടെ ആഗ്രഹങ്ങൾ കൃത്യമായും വ്യക്തമായും എഴുതുക. എഴുതുമ്പോൾ അത് മനസ്സിൽ ഒന്ന് കൂടി പതിയും. ഉടൻ തന്നെ തലച്ചോറിലേക്ക് അത് എത്തും. തലയ്ക്കകത്ത് എന്തോ മിന്നി മറയുന്ന അനുഭവം ഉണ്ടാകും.

3. ലക്ഷ്യം വെറുതെയങ്ങ് എഴുതിയാൽ പോര. എന്നത്തേക്കാണ് അത് നിറവേറേണ്ടത് ആ തിയതിയും അതോടൊപ്പം കുറിച്ചിടുക. ശ്രദ്ധിക്കുക ലക്ഷ്യത്തിന്റെ വ്യാപതി കൂടുന്തോറും അത് നടക്കാനുള്ള സമയവും കൂടും. അതു കൊണ്ട് ഘട്ടം ഘട്ടമായി അതു നേടിയെടുക്കാനുള്ള ഉപതിയതികൾ കുറിക്കുക. ഒടുവിൽ അന്തിമ ലക്ഷ്യം എപ്പോൾ നേടണമെന്ന തിയതി കുറിക്കുക .ഉദാഹരണത്തിന് നിങ്ങളുടെ മകൾ ഇപ്പോൾ പത്താം ക്ലാസിൽ പഠിക്കുകയാണ്. അവളെ പഠിപ്പിച്ച് ഡോക്ടറാക്കി അമേരിക്കയിൽ പ്രശസ്തനായ ഒരു ഡോക്ടറെ കൊണ്ട് വിവാഹം കഴിപ്പിക്കണം. ഇതാണ് നിങ്ങളുടെ ലക്ഷ്യം. ഇത്രയും കാര്യങ്ങൾക്ക്  എത്ര പണമാണ് വേണ്ടത് അതും കണക്കാക്കുക. മകൾ പത്താം ക്ലാസ് പാസാകുന്ന തിയതി ഡോക്ടറാവുന്ന തിയതി വിവാഹത്തിന്റെ തിയതി ഇതെല്ലാം ക്രമമായി രേഖപ്പെടുത്തുക. ഇതെല്ലാം ചെയ്തു കഴിയുമ്പോൾ നിങ്ങൾക്ക് ഒരു ആശ്വാസം തോന്നും.. ഇതിനു വേണ്ട പണം സ്വരൂപിക്കുവാൻ നിങ്ങളുടെ ഉള്ളിൽ നിന്നും മാർഗനിർദേശങ്ങൾ വന്നു തുടങ്ങും. കാരണം നിങ്ങൾക്ക് മകൾ അത്രമേൽ പ്രിയപ്പെട്ടവളാണ്.

4. ഓരോ തിയതിയിൽ കുറിച്ചിരിക്കുന്ന ലക്ഷ്യങ്ങൾ നേടുക എന്നത് നിസാര കാര്യമല്ല. താൻ ആഗ്രഹിച്ചതു പോലെ നടക്കണമെങ്കിൽ വേണ്ടത് എന്തെല്ലാമാണ്. ഇനി ഇതേ കുറിച്ചാണ് എഴുതേണ്ടത്. എഴുതുമ്പോൾ തന്നെ മനസിൽ കുറെ ആശയങ്ങൾ വരും. എല്ലാം എഴുതി വയ്ക്കുക.

5. ഈ ലിസ്റ്റ് പ്രകാരമാണ് ലക്ഷ്യപൂർത്തീകരണത്തിനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കേണ്ടത്. ആദ്യം ചെയ്യേണ്ടത് എന്ത് രണ്ടാമതായി എന്താണ് വേണ്ടത് ഒടുവിൽ എന്താ വേണ്ടത് നിങ്ങൾ തന്നെ തീരുമാനിക്കണം. ഓരോന്നിന്റെയും ഗൗരവവും പ്രാധാന്യവും നിങ്ങൾക്കേ അറിയൂ.

6. പ്ലാൻ റെഡിയായി അല്ലേ..എന്തൊരാശ്വാസം. ഇപ്പോൾ ഒരു ആത്മവിശ്വാസം തോന്നുന്നില്ലേ. ഇനി നിങ്ങൾ പ്ലാൻ നടപ്പാക്കാൻ പോവുകയാണ്. അതിനുള്ള ആശയങ്ങളും വഴികളും മനസ് പറഞ്ഞു തരുന്നുണ്ട് അല്ലേ. ഇത് എഴുതുന്നതിനും മുമ്പുണ്ടായിരുന്ന അവസ്ഥയും ഇപ്പോഴത്തെ മനസിന്റെ അവസ്ഥയും ഒന്നു വിശകലനം ചെയ്യൂ.. കൃത്യമായ ലക്ഷ്യവും പ്ലാനും ഇല്ലാതെ വെറുതെ എത്ര സമയമാണ് പോയത് അല്ലേ

7. ലക്ഷ്യം എത്രയും പെട്ടെന്ന് നേടുവാൻ ദിവസവും എന്തെങ്കിലുമൊന്ന് അതിനു വേണ്ടി ചെയ്യണം. ഒരു പ്രതിദിന പരിപാടി ഇതിനായി തയ്യാറാക്കുക. 

ഇനി ലക്ഷ്യം എങ്ങനെയാണ് എഴുതേണ്ടത് നോക്കാം. വർത്തമാനകാലത്തിലാണ് എഴുതിവയ്ക്കേണ്ടത്. 2021 ഡിസംബർ 10-ാം തിയതി ദുബായിലേക്കു പോകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. ഇനി മൂന്നു മാസം കൂടിയുണ്ട്. പക്ഷേ നിങ്ങൾ ഇപ്രകാരമാണ് എഴുതേണ്ടത് " ഞാൻ  2021 ഡിസംബർ 10-ാം തിയതി ദുബായിൽ ആണ് ". എഴുതുമ്പോൾ "ഞാൻ" എന്നു തുടങ്ങിക്കൊണ്ടാണ് എഴുതേണ്ടത്.

എഴുതി വച്ച കാര്യങ്ങൾ ഇടക്കിടെ എടുത്തു വായിക്കുക. അതേ കുറിച്ചു മാത്രം ചിന്തിക്കുക ഓർക്കുക പറയുക (സ്വയം). സ്വപ്നം കാണുക ഭാവന ചെയ്യുക.. നിങ്ങളിൽ ഒരു പ്രത്യേക ഊർജം നിറയുന്നത് അറിയാൻ പറ്റും. നിങ്ങളിലെ ഉറങ്ങിക്കിടക്കുന്ന കഴിവുകൾ ഉണരും.. ലക്ഷ്യം നേടുന്നതു വരെ മനസ് പായും. ഒടുവിൽ അത് നേടിയിട്ടേ നിങ്ങൾ വിശ്രമിക്കു.. ഇവിടത്തെ താരങ്ങൾ പേപ്പറും പേനയുമാണ്. നിങ്ങളെ കോടീശ്വരനാക്കുന്ന ആദ്യ കൂട്ടുകാർ.

English Summary: Do These Exercise to Become a Crorepati

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com