ADVERTISEMENT

ഒരാളുടെ ജീവിതത്തിൽ എന്തെങ്കിലും സംഭവിക്കുന്നുണ്ടെങ്കിൽ അതിന്റെ മുഴുവൻ ഉത്തരവാദിത്വവും അയാൾക്കു തന്നെയാണ്. ഞാൻ ആരാണ്? ഇതുവരെ ഞാൻ ആരായിരുന്നു? ഇനി ആരാകണം? ഇതിനുള്ള മറുപടി ഞാൻ തന്നെയാണ് കണ്ടെത്തേണ്ടത്. 

ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുക, പരാതി പറയുന്ന ശീലം മാറ്റുക

എന്റെ യജമാനൻ ഞാൻ തന്നെയാണ്. ഇതു വരെ എനിക്കു സംഭവിച്ചതിന് പൂർണ ഉത്തരവാദിത്വം എനിക്ക് തന്നെയാണ്. എപ്പോഴും എന്തിനും ഏതിനും പരാതി പറയുന്ന ശീലം ഉണ്ടോ? എങ്കിൽ ഇന്നു തന്നെ അതു മാറ്റുവാൻ തീരുമാനിക്കുക. മറ്റുള്ളവരെ കുറ്റം പറയുകയോ വിമർശിക്കുകയോ ചെയ്യാറുണ്ടോ? ഈ സ്വഭാവവും നല്ലതല്ല. നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നതിന്റെ ഉത്തരവാദിത്വം മറ്റുള്ളവരിൽ കെട്ടിവയ്ക്കാറുണ്ടോ ? സ്വയം പരിശോധിക്കുക. തെറ്റുപറ്റിയാൽ തിരുത്താൻ തയ്യാറാകണം. ആർക്കോ വേണ്ടിയാണ് ജോലി ചെയ്യുന്നത് എന്ന മനോഭാവം മാറ്റുക. സ്വന്തം സ്ഥാപനത്തിലായാലും വേറെ സ്ഥാപനത്തിലായാലും ചെയ്യുന്ന ജോലി ആത്മാർത്ഥമായി ചെയ്യുക. നിങ്ങൾ തന്നെയാണ് നിങ്ങളുടെ മുതലാളി എന്ന ചിന്ത മനസ്സിൽ വരുമ്പോൾ എത്രയും പെട്ടെന്ന് ലക്ഷ്യത്തിലേക്കെത്താനുള്ള ആഗ്രഹം വരും. കാര്യങ്ങൾ സംഭവിക്കുമ്പോൾ സംഭവിക്കട്ടെ എന്ന ചിന്താഗതി മാറ്റണം. 

സ്വന്തമായി ഉത്തരവാദിത്വം ഏറ്റെടുക്കുവാൻ പറ്റുന്നില്ലേ?ഈ എക്സർസൈസ് ചെയ്തു നോക്കു

ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായി ഒരു ദിവസത്തേക്ക് നിങ്ങൾ ചുമതലയേറ്റു എന്നു സങ്കൽപ്പിക്കുക. മാനേജിങ് ഡയറക്ടറുടെ ക്യാബിനിൽ നിങ്ങൾ ഇരിക്കുകയാണിപ്പോൾ. കീഴുദ്യോഗസ്ഥരുടെ മീറ്റിങ് വിളിച്ചിട്ടുണ്ട്. ഉടനടി നിങ്ങൾ കമ്പനിയിൽ നടത്താൻ പോകുന്ന മാറ്റം എന്തായിരിക്കും? ഉത്തരം എന്തുമാകട്ടെ ഒരു പേപ്പർ എടുത്ത് അതിൽ ഇക്കാര്യം എഴുതുക. ഇതു നടപ്പാക്കാനുള്ള പ്ലാനും തയ്യാറാക്കുക. ഇതിനു വേണ്ടി ഇന്നുതന്നെ എന്താണ് ആദ്യമായി ചെയ്യേണ്ടത്? അതും എഴുതുക. ഈ ആക്ഷൻ ഒരു പക്ഷേ വലിയൊരു മാറ്റം നിങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ടാകും. 

ഇനി നിങ്ങൾ സ്വയം ഒന്നു വിശകലനം ചെയ്തു നോക്കു. എവിടെയാണ് പിഴച്ചത്? എന്തുകൊണ്ടാണ് ഉദ്ദേശിച്ച ലക്ഷ്യം നേടാനാകാതെ പോയത്? പല കാരണങ്ങൾ ഉണ്ടാകും. ഏതെങ്കിലും വ്യക്തിയോ പ്രത്യേക സംഭവമോ കാരണങളോ നിങ്ങളെ പുറകോട്ട് വലിക്കുന്നുണ്ടോ? പരിശോധിക്കുക. എന്നിട്ട് സ്വയം ബോധ്യപ്പെടുത്തുക.. വീഴ്ചക്ക് ഞാൻ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഇതു വരെ സംഭവിച്ചതിനും സംഭവിക്കാതിരിക്കുന്നതിനും ഉത്തരവാദി ഞാൻ തന്നെയാണ് എന്ന്.

നിങ്ങൾക്ക് എന്ത് ചെയ്യാനാണ് ഇഷ്ടം അതു ചെയ്യുക

നിങ്ങൾക്ക് ഏറ്റവും ഇഷ്ടം എന്തിനോടാണ്? അതു ചെയ്താൽ സംതൃപ്തി കിട്ടുമോ? ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ള കാര്യം കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ ഹൃദയം പരിപൂർണമായും അതിൽ അർപ്പിക്കാൻ പറ്റും. അത് ഏറ്റവും നന്നായി ചെയ്യാൻ നിങ്ങളിലെ പ്രതിഭ ഉണരും. സ്വതസിദ്ധമായി നിങ്ങൾക്ക് ലഭിച്ചിട്ടുള്ള കഴിവുകൾ കണ്ടെത്തുക. സംഗീതം, നൃത്തം, അഭിനയം, വര, അധ്യാപനം, ഗവേഷണം, കമ്പ്യൂട്ടർ, എഞ്ചിനിയറിംഗ്, മെഡിസിൻ, ബിസിനസ് തുടങ്ങി ഏതു മേഖലയിലാണ് അഭിനിവേശം.. സ്വയം ഉള്ളിലേക്കിറങ്ങി അതു തിരിച്ചറിയുക. ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകൾ കണ്ടെത്തണം. ആരെങ്കിലും നിർബന്ധിച്ച് ഒരു കാര്യം ചെയ്യിക്കുമ്പോൾ അത് ആത്മാർത്ഥമായി ചെയ്യാൻ കഴിയില്ല.എന്നാൽ നിങ്ങൾക്കിഷ്ടപ്പെട്ട ഒരു ജോലി ചെയ്യാൻ തുടങ്ങിയാലോ അതിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കുവാൻ നിങ്ങൾ ശ്രമിക്കും. സകല ഊർജവുംപുറത്തെടുത്തു, അത് ഏറ്റവും നന്നാക്കാൻ വേണ്ടി ഏറ്റവും നല്ല ആശയങ്ങൾ ചികയും. 

ചെയ്യുന്നത് ഏറ്റവും നന്നായി ചെയ്യുക

നിങ്ങൾ ചെയ്യുന്നത് എന്താണോ അതിൽ എത്രമാത്രം ആത്മാർപ്പണം ചെയ്തിട്ടുണ്ട് ഇതിൽ നിന്നും നിങ്ങളുടെ മേന്മ തിരിച്ചറിയാൻ പറ്റും. ജോലിയോ ബിസിനസോ നിങ്ങൾ ചെയ്യുന്നത് എന്തുമാകട്ടെ അതിൽ ഏറ്റവും മികച്ച പത്തുപേരിൽ ഒരാളായി മാറണം എന്നു ഉറപ്പിക്കുക. ഒരു പക്ഷേ ഈ തീരുമാനം ജീവിതത്തിൽ ഒരു വഴിത്തിരിവായി മാറിയേക്കാം. ഒരു കാര്യം പ്രത്യേകം ഓർക്കുക. ആരും നിങ്ങളേക്കാളും മികച്ചതോ മിടുക്കരോ അല്ല. അയാൾക്കു കഴിവുള്ളതുകൊണ്ട് അയാൾക്കത് സാധിച്ചു.. അതുപോലെ എനിക്കു പറ്റില്ല എന്ന തോന്നൽ പാടില്ല. അവർക്കതു പറ്റുമെങ്കിൽ എന്തുകൊണ്ട് എനിക്കത് ആയിക്കൂടാ എന്ന മനോഭാവം വളർത്തുക. നിങ്ങൾ ഉയരുന്തോറും നിങ്ങളുടെ ജീവിത നിലവാരവും ഉയരും. നിങ്ങൾക്ക് സ്വയം ബഹുമാനം തോന്നും. 

ഒരു പക്ഷേ എല്ലാ മേഖലയിലും വിജയിക്കാൻ കഴിഞ്ഞു എന്നു വരില്ല. പക്ഷേ ചെയ്താൽ വിജയിക്കുന്ന ഒരു മേഖല നിങ്ങൾക്ക് കണ്ടെത്തുവാൻ കഴിഞ്ഞേക്കും. അങ്ങനെ കണ്ടെത്തി കഴിഞ്ഞാൽ അതിനു വേണ്ടി പൂർണമായും അർപ്പിക്കുക.

English Summary: Know these Secrets to Become a Crorepati

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com