ക്രിപ്റ്റോ കറൻസി വാങ്ങാം കരുതലോടെ മാത്രം

HIGHLIGHTS
  • ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിക്കും മുമ്പ് ഈ കാര്യങ്ങൾ അറിയുക
what-is-cryptocurrency-career-options-salary-and-demand
Representative Image. Photo Credit : Momentum Fotograh / Shutterstock.com
SHARE

2021ക്രിപ്റ്റോ കറൻസിയുടെ വർഷമോ? നടപ്പുവർഷത്തിന്റെ ആദ്യ പകുതി ക്രിപ്റ്റോ കറൻസി വൻ നേട്ടമുണ്ടാക്കിയതായി കാണാം. മുൻനിരയിലുള്ള ബിറ്റ് കോയിൻ, ഇഥേറിയം, ചെയിൻ ലിങ്ക്, ഡോജ് കോയിൻ ഇവയുടെയെല്ലാം മൂല്യം കുതിച്ചുയർന്നു. 

ആപ്പിൾ, ഗൂഗിൾ, ടെസ് ല, സാംസംഗ്, ഫേസ് ബുക്ക്, പേപാൽ തുടങ്ങി വമ്പൻ കമ്പനികൾ ക്രിപ്റ്റോ കറൻസിക്കു വേണ്ടി തന്ത്രങ്ങളൊരുക്കി തുടങ്ങി. ക്രിപ്റ്റോ കറൻസിയിൽ ഭാഗ്യം പരീക്ഷിച്ചവർ ഇന്ന് കോടീശ്വരന്മാരാണ്. 

ക്രിപ്റ്റോ കറൻസിയോട് മുഖം തിരിച്ചു നിന്നിരുന്ന ഇന്ത്യ ഇപ്പോൾ നയം മാറ്റുകയാണ്. ക്രിപ്റ്റോ കറൻസിയെ കമ്മോഡിറ്റി വിഭാഗത്തിലുള്ള ആസ്തിയാക്കി പരിഗണിച്ചു കൊണ്ട് പുതിയ നിയമനിർമാണത്തിനൊരുങ്ങുകയാണ് ഇന്ത്യ ഇപ്പോൾ. 

ക്രിപ്റ്റോ കറൻസിയുടെ സ്വീകാര്യത കൂടി വരുന്ന ഈ സാഹചര്യത്തിൽ നിക്ഷേപിക്കും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

1. ആഴത്തിൽ ഗവേഷണം, എന്നിട്ടു നിക്ഷേപം

പണമിടപാടു സംബന്ധിച്ച ഏതു കാര്യമാണെങ്കിലും തീരുമാനമെടുക്കുന്നത് വിശദമായി ഗവേഷണം നടത്തിയതിനു ശേഷമാകണം. നിക്ഷേപിക്കുന്നതിനു മുമ്പ് വിപണിയിൽ ലഭ്യമായ എല്ലാ തരം  ക്രിപ്റ്റോ കറൻസികളെ കുറിച്ചും പഠിക്കുക. ബ്ലോക്ക് ചെയിൻ ടെക്നോളജി പ്രകാരമാണല്ലോ ക്രിപ്റ്റോ കറൻസി പ്രവർത്തിക്കുന്നത്. അതുകൊണ്ട് ബ്ലോക്ക് ചെയിൻ ടെക്നോളജി എന്താണെന്ന് ആദ്യമേ അറിയണം. 

2. വൻ നേട്ടം വാഗ്ദാനം ചെയ്യുന്ന പദ്ധതികളിൽ ചേരരുത്

ക്രിപ്റ്റോ കറൻസി വികേന്ദ്രീകൃതമാണ്. നിയന്ത്രിക്കുന്നതിന് പ്രത്യേക റെഗുലേറ്ററി സംവിധാനങ്ങളില്ല. കറൻസിയുടെ ഉറവിടം, ഇഷ്യുവർ, ആധികാരികത എന്നിവയെ കുറിച്ചെല്ലാം അന്വേഷിക്കണം. ചതിയിലും സ്കാമുകളിലും പെടാതെ നോക്കണം. വൻ നേട്ടം വാഗ്ദാനം ചെയ്തു കൊണ്ട് വരുന്ന വ്യാജന്മാരെ തിരിച്ചറിയാൻ ശ്രമിക്കുക.

3. ചെറിയ തുക ഇട്ട് നിക്ഷേപം തുടങ്ങുക

ക്രിപ്റ്റോ കറൻസിയുടെ മൂല്യം അത്യധികം അസ്ഥിരമാണ്. എല്ലാ മുട്ടയും ഒരു കുട്ടയിൽ ഇടരുതെന്നാണല്ലോ ചൊല്ല്. അതുകൊണ്ട് തുടക്കത്തിൽ ഒരു ചെറിയ തുക ഇട്ടുകൊണ്ട് നിക്ഷേപമോ ട്രേഡിങോ തുടങ്ങുക. ആദ്യം ഒരൊറ്റ തരം കറൻസി തെരഞ്ഞെടുക്കുക. ഇതിന്റെ പ്രവണത പഠിക്കുക. ഇതുപയോഗിച്ച് ക്രിപ്‌റ്റോ വിപണിയെ കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടാക്കുക. വിപണിയെ കുറിച്ച് വിശദമായി മനസ്സിലാക്കുന്നതു വരെ ഈ കറൻസിയിൽ മാത്രം തുടരുക.

4. നിക്ഷേപ തന്ത്രം സ്വന്തമായി ഉണ്ടാക്കുക

എല്ലാ മേഖലയിലും വ്യാജന്മാർ ഉണ്ട്. അതുപോലെ ക്രിപ്റ്റോ കറൻസിയിലുമുണ്ട് വ്യാജന്മാർ. ഇല്ലാത്ത കറൻസിയുടെ പേരിൽ പണം പിരിച്ച് വാലറ്റ് ഉണ്ടാക്കി തന്ന് പണവുമായി മുങ്ങുന്ന വിരുതന്മാരെ സൂക്ഷിക്കുക. മറ്റുള്ളവർ പറയുന്നതു മാത്രം വിശ്വസിക്കാതെ, വിപണിയിലുള്ള കറൻസികളെ കുറിച്ചുള്ള വിവരങ്ങൾ മനസിലാക്കണം. വിപണി വിദഗ്ധരുടെ അഭിപ്രായം പരിഗണിക്കാം. സോഷ്യൽ മീഡിയ പറയുന്നത് മുഴുവനും വിശ്വസിക്കരുത്. സ്വന്തമായ നിക്ഷേപ തന്ത്രം ഉണ്ടാക്കുക.

5. ചാഞ്ചാട്ടം രൂക്ഷം, സമനില പാലിക്കുക

ക്രിപ്റ്റോയിൽ നിക്ഷേപിച്ചു കഴിഞ്ഞാൽ പിന്നെ ക്ഷമ അത്യാവശ്യമാണ്. കാരണം കനത്ത ചാഞ്ചാട്ടം ഉള്ള ഒരു വിപണിയാണിത്. ചിലപ്പോൾ വില കുത്തനെ ഉയരും, അതുപോലെ തന്നെ താഴുകയും ചെയ്യും. ഓരോ കയറ്റിറക്കത്തിലും സമനില പാലിക്കുക. വിപണിയെ ശാന്തമായി നിരീക്ഷിക്കുക. 

6.സുരക്ഷിത പാസ് വേർഡ് ഉപയോഗിക്കുക

ക്രിപ്റ്റോ കറൻസി സൂക്ഷിച്ചു വയ്ക്കുന്നത് വാലറ്റുകളിലാണ്. ഓൺലൈൻ വാലറ്റും ഓഫ് ലൈൻ വാലറ്റും ഉണ്ട്. പുതിയ നിക്ഷേപകർക്ക് ഓൺലൈൻ വാലറ്റാണ് നല്ലത്. ഹാക്കിങും മോഷണവും ഒഴിവാക്കാൻ സുരക്ഷിതമായ പാസ് വേർഡ് ഉപയോഗിക്കുക. ക്രിപ്റ്റോ ഇടപാടുകൾക്കു മാത്രമായി പുതിയൊരു ഇമെയിൽ വിലാസം ഉണ്ടാക്കുന്നത് സുരക്ഷിതമാണ്‌. 

7. നികുതി ബാധ്യതകളെ കുറിച്ച് അറിയുക

നിക്ഷേപിക്കും മുമ്പ് അതതു രാജ്യങ്ങളിലെ നികുതി ബാധ്യതകളെ കുറിച്ച് മനസിലാക്കിയതിനു ശേഷം മാത്രം നിക്ഷേപിക്കുക. മിക്ക രാജ്യങ്ങളും ക്രിപ്റ്റോ ഇടപാടുകൾക്ക് വൻ നികുതിയാണ് ചുമത്തുന്നത്.

English Summary : Invest in Crypto Currency with Extra Care

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA