ADVERTISEMENT

വാർത്തയിലെങ്ങും മോൻസൻ മാവുങ്കലും അയാളുടെ തട്ടിപ്പുകളും നിറഞ്ഞു നിൽക്കുകയാണ്. സാധാരണക്കാരെ തന്റെ ‘വിപണിയായി’ മോൻസൻ കാണാത്തതു കൊണ്ടു മാത്രമാണ് തട്ടിപ്പിന്റെ വ്യാപ്തി അൽപം കുറഞ്ഞ് നിൽക്കുന്നത്. ‘മ്യുസിയം’ കെട്ടിപ്പടുക്കാൻ ക്രൗഡ് സോഴ്‌സിങ്ങിലൂടെ പണം കണ്ടെത്താമെന്നെങ്ങാനും മോൻസൻ പദ്ധതിയിട്ടിരുന്നുവെങ്കിൽ കുറെയധികം പ്രവാസികളുൾപ്പെടെയുള്ള സാധാരണക്കാർ വഞ്ചിക്കപ്പെട്ടേനെ. സാമ്പത്തിക തട്ടിപ്പിനിരയാവൽ മലയാളിക്ക് പുതുമയല്ല. പലപ്പോഴും കാലമേറെക്കഴിഞ്ഞാകും താൻ പറ്റിക്കപ്പെട്ടുവെന്നു പോലും ബോധ്യമാകുക. എന്നാൽ സാമ്പത്തിക തട്ടിപ്പുകളിൽ ഇരയാകാതിരിക്കാൻ ചുവടെ ചേർക്കുന്ന മൂന്നേ മൂന്നു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.

1. അറിയാത്തിടത്ത് പണമിറക്കരുത് 

നമ്മുടെ നാട്ടിലെ പ്രബലരായ വ്യവസായികളെ നോക്കൂ…ഒാരോരുത്തരും അവരവർക്ക് നൈപുണ്യമുള്ള മേഖലകളിൽ വ്യവസായികളായി തുടരുകയാണ്. ഇനി വൈവിധ്യവത്കരണത്തിന്റെ ഭാഗമായി പുതിയ മേഖലകളിലേക്ക് ഇറങ്ങിയാൽത്തന്നെ, വ്യക്തമായ മുന്നൊരുക്കങ്ങളോടെയാകും അത്. എന്നാൽ മോൻസൻ മാവുങ്കലുമായി പുരാവസ്തു ഇടപാടുകൾക്കായി ഇറങ്ങിത്തിരിച്ച പലർക്കും അതിനെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ലെന്നു വ്യക്തം. അൽപമെങ്കിലും ധാരണയില്ലാതെ തികച്ചും പുതിയൊരു മേഖലയിൽ നിക്ഷേപം നടത്തിയാൽ പണം പോകുന്ന വഴി അറിയില്ല. 

scam

2. അമിത ലാഭം പെരുംഛേദം 

അമിതലാഭം ആരെങ്കിലും വാഗ്ദാനം ചെയ്താൽ അയാളുമായുള്ള ബന്ധം അപ്പോൾത്തന്നെ ഉപേക്ഷിക്കുക. അതാണ് നിങ്ങളുടെ കീശയ്ക്കു നല്ലത്. വെള്ളിമൂങ്ങ, ഇരുതലമൂരി, ടോട്ടൽ ഫോർ യു തുടങ്ങി ഏറ്റവുമൊടുവിലെ പുരാവസ്തു തട്ടിപ്പ് വരെയും അമിതലാഭം വാഗ്ദാനം ചെയ്ത് കൊണ്ടുള്ളതായിരുന്നു. രണ്ടു ലക്ഷം കോടി രൂപയിലേറെയാണ് നിയമക്കുരുക്കുകളിൽ പെട്ട് കിടക്കുന്നതെന്നാണ് മോൻസൻ തന്റെ ഇടപാടുകാരെ വിശ്വസിപ്പിച്ചത്. അങ്ങനെയൊരു ഇടപാടു തന്നെയില്ലാത്തത് കൊണ്ട് ഈ തുക വീണ്ടെടുക്കാൻ സഹായിക്കുന്നവർക്ക് കണ്ണഞ്ചിപ്പിക്കുന്ന വാഗ്ദാനങ്ങളും മോൻസൻ നല്കിയിട്ടുണ്ടാകണം.  അങ്ങനെ അമിത ലാഭത്തിൽ കണ്ണു വച്ചവർക്ക് മുതൽ ഉൾപ്പെടെ നഷ്ടമായി.

3. ‘ഔദ്യോഗിക രേഖകൾ’ ഔദ്യോഗികമാകണമെന്നില്ല 

തട്ടിപ്പിനിരയായ പലരെയും രണ്ടു ലക്ഷം കോടിയുടെ കഥ മോൻസൻ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉൾപ്പെടെ കാണിച്ചു ബോധ്യപ്പെടുത്തി എന്നാണ് അറിയുന്നത്. ഒരു ലാപ്ടോപ്പും പ്രിന്ററും അല്പം അനുബന്ധ സോഫ്റ്റ്‌വെയർ പരിജ്ഞാനവും ഉണ്ടെങ്കിൽ ഏതു രേഖയും ഇപ്പോൾ വ്യാജമായി ചമയ്ക്കാം. ഏത് ബാങ്കിന്റെയും സ്‌റ്റേറ്റ്മെന്റ്, എത്ര കോടി രൂപയുടേത് വേണമെങ്കിലും മിനിറ്റുകൾ കൊണ്ട് ഉണ്ടാക്കിയെടുക്കാം. അതുകൊണ്ട്  ഇത്തരം ഔദ്യോഗിക രേഖകൾ കണ്ടതു കൊണ്ട് മാത്രം ആരെയും വിശ്വാസത്തിലെടുക്കരുത്. രേഖകളുടെ ആധികാരികത ഉറപ്പിക്കാൻ എല്ലാ മാർഗങ്ങളും സ്വീകരിക്കുക. അത് അപകടസാധ്യത കുറയ്ക്കും. 

(ലേഖിക ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് പിലാനിയിൽ (BITS PILANI) മാനേജ്‌മെന്റ് വിഭാഗം ഗവേഷകയാണ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com