ഈ ആർ ഡി അക്കൗണ്ട് അവസാനം പുലിവാലാകുന്നത് ഇങ്ങനെയെല്ലാമാണ്

HIGHLIGHTS
  • ഇത്തരം നൂലാമാലകളിൽ തലവച്ചു കൊടുക്കേണ്ടതുണ്ടോ
pig1
SHARE

സാധാരണക്കാർക്ക് സാമ്പത്തികാസൂത്രണത്തിനുള്ള ഏറ്റവും ലളിത മാർഗമാണ് ആർ ഡി എന്ന ഓമനപ്പേരുള്ള റിക്കറിങ് ഡിപ്പോസിറ്റ്. പോസ്റ്റോഫീസിൽ ആർ ഡി തുടങ്ങാൻ എളുപ്പമാണ്. ഏജന്റുമാരുടെ വാതിൽപ്പടി സേവനവും ലഭിക്കും. പക്ഷേ കാലാവധി പൂർത്തിയാകുമ്പോൾ പണം കൈയിലെത്താൻ നന്നായി വിയർക്കേണ്ടി വരും !

വേണം എസ് ബി അക്കൗണ്ട്

ആർ ഡി കാലാവധി പൂർത്തിയാകുമ്പോൾ കിട്ടുന്ന തുക ക്രെഡിറ്റ് ചെയ്യാനായി തപാലാപ്പീസിൽ എസ് ബി അക്കൗണ്ട് തുടങ്ങണം. ഹെഡ് പോസ്റ്റോഫീസുകളിലും സബ് ഓഫീസുകളിലും തുക ആർടിജിഎസ് വഴി ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനുള്ള സൗകര്യമുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളിലുള്ള പോസ്റ്റോഫീസുകളിൽ ഈ സംവിധാനമില്ല. ഇപ്പോഴാകട്ടെ പോസ്റ്റോഫീസിൽ സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ചുരുങ്ങിയത് 500 രൂപ വേണം. നേരത്തെ 50 രൂപ മതിയായിരുന്നു.

തീർന്നില്ല, പാനും വേണം

ഇരുപതിനായിരത്തിൽ കൂടുതലുള്ള തുക പിൻവലിക്കാൻ പാൻ വേണമെന്നത് മറ്റൊരു ഇരുട്ടടിയാണ്. കൂലിപ്പണിക്കാർ ഉൾപ്പെടെയുള്ള പാവങ്ങളും സാധാരണക്കാരുമാണ് ആർ ഡി അക്കൗണ്ടുകാരിൽ ഭൂരിഭാഗവും. ഇവർ ഈ തുക കൈപ്പറ്റാനായി മാത്രം അവസാനം പാൻ എടുത്ത് പുതിയ എസ് ബി അക്കൗണ്ട് തുറക്കേണ്ടി വരുന്നു. തുടർന്ന് അക്കൗണ്ട് നിലനിർത്തേണ്ടത് ഉപഭോക്താവിന്റെ ബാധ്യതയാകും. 3 വർഷം തുടർച്ചയായി ഇടപാടുകൾ നടക്കാതെ വന്നാൽ അക്കൗണ്ട് തനിയെ മരവിച്ചു പോകും. മിനിമം ബാലൻസ് നിലനിർത്തിയില്ലെങ്കിൽ പിഴയും ഈടാക്കും.

നേരിട്ടെത്തണമെന്ന നിബന്ധന

കാലാവധി പൂർത്തിയാകുമ്പോൾ തുക കൈപ്പറ്റാൻ അക്കൗണ്ട് ഉടമ നേരിട്ട് പോസ്റ്റോഫീസിൽ എത്തണമെന്ന നിബന്ധനയും ഉണ്ട്. വയോധികരെയും കിടപ്പു രോഗികളെയും സംബന്ധിച്ച് ഇതു ദുഷ്കരമാണ്. നേരത്തെ ഏജന്റുമാരുടെ സേവനം ഇക്കാര്യത്തിൽ ലഭ്യമായിരുന്നു .

നൂലാമാലകൾ നൂറു വിധം

സാധാരണക്കാർക്ക് എമർജൻസി ഫണ്ട് സ്വരൂപിക്കാൻ ആർ ഡി പോലെ മെച്ചപ്പെട്ട മറ്റൊരു നിക്ഷേപമില്ല. 5.8 ശതമാനമാണ് തപാലാപ്പീസ് 5 വർഷ ആർ ഡി പലിശ നിരക്ക്. എന്നാൽ സഹകരണ ബാങ്കുകൾ ആർ ഡി നിക്ഷേപങ്ങൾക്ക് 7-8 ശതമാനം പലിശ നൽകുന്നുണ്ട്. ഒരു വർഷം മുതലുള്ള കാലയളവിലേക്കു പോലും ആർ ഡി അക്കൗണ്ട് തുറക്കാമെന്നിരിക്കെ ഇത്തരം നൂലാമാലകളിൽ തലവച്ചു കൊടുക്കേണ്ടതുണ്ടോ എന്ന് പോലും ചിന്തിച്ചു പോകും.

English Summary: It is Very Difficult to Withdraw Money from this RD

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA