കുറഞ്ഞ വരുമാനമുള്ളവർ മക്കളുടെ നല്ല ഭാവിക്കായി എന്താണു ചെയ്യേണ്ടത്?

HIGHLIGHTS
  • മക്കളുടെ ഭാവിക്കു വേണ്ട സാമ്പത്തിക സുരക്ഷയ്ക്കും ശ്രമിക്കുന്ന ഒരു വീട്ടമ്മയുടെ ആശങ്കകള്‍
protection (2)
SHARE

ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വനിത (32)ആണു ഞാൻ. പ്രതിമാസം 22,000 രൂപ ശമ്പളമായി ലഭിക്കുന്നു. ഭർത്താവ് (36) സ്വന്തമായുള്ള ഓട്ടോറിക്ഷ ഓടിക്കുന്നു. അതിൽനിന്നു കിട്ടുന്ന വരുമാനം എത്രയെന്നോ എന്ത് ആവശ്യത്തിനു ചെലവാക്കുന്നുവെന്നോ എനിക്കറിയില്ല. വീട്ടിലേക്കുള്ള ഇറച്ചിയും മീനുമെല്ലാം അദ്ദേഹമാണ് വാങ്ങിക്കൊണ്ടു വരിക.

സ്വന്തമായി 7 സെന്റ് സ്ഥലവും അതിൽ 850 ചതുരശ്രയടി വിസ്തീർണമുള്ള ഒരു ചെറിയ വാർക്ക വീടും (6 വർഷം പഴക്കമുള്ളത്) ഉണ്ട്. ഇത് എന്റെയും ഭർത്താവിന്റെയും പേരിലാണ്. നിലവിൽ ബാധ്യതകൾ കാര്യമായി ഒന്നുമില്ല. എന്റെ അക്കൗണ്ടിൽ 10,000 രൂപയോളം ബാലൻസുണ്ട്. ഞങ്ങൾക്ക് സ്വർണമായി ആകെയുള്ളത് 9 പവനാണ്. 

രണ്ടു പെൺമക്കളുണ്ട്. മൂത്തകുട്ടിക്ക് എട്ടും ഇളയതിന് അഞ്ചും വയസ്സാണു പ്രായം. മക്കൾ വളർന്നു വരുന്ന മുറയ്ക്ക് അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് എങ്ങനെ പണം കണ്ടെത്തും എന്ന ചിന്തയാണ് എന്നെ അലട്ടുന്നത്. സ്കൂളൊക്കെ കഴിഞ്ഞാൽ രണ്ടു പേരെയും പെട്ടെന്ന് ജോലി കിട്ടുന്ന എന്തെങ്കിലും കോഴ്സ് പഠിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു. നഴ്സിങ്ങായിരിക്കും നല്ലത്, അല്ലേ? 

സാമ്പത്തികമായി ഞങ്ങളെ സഹായിക്കാൻ കഴിവുള്ള ബന്ധുക്കൾ ആരുമില്ല. എന്റെ വരുമാനത്തെ മാത്രം ആശ്രയിച്ചാണ് കാര്യങ്ങൾ പ്ലാൻ ചെയ്യുന്നത്. ഇപ്പോഴത്തെ രീതിയിൽ പോയാൽ ചെലവെല്ലാം കഴിഞ്ഞ് മാസം ഒരു 10,000 രൂപയെങ്കിലും മിച്ചം പിടിക്കാനാകും. മക്കളുടെ നല്ല ഭാവിക്കായി ഇതു കൊണ്ട് ഞാനെന്താണ് ചെയ്യേണ്ടത്? ലഭിക്കുന്ന വരുമാനം കൊണ്ട് കുടുംബം ഭംഗിയായി നോക്കുന്നതിനൊപ്പം മക്കളുടെ ഭാവിക്കു വേണ്ട സാമ്പത്തിക സുരക്ഷയ്ക്കും ശ്രമിക്കുന്ന ഒരു വീട്ടമ്മയുടെ ആശങ്കകളാണിത്

ഉത്തരം

കുടുംബത്തിലെ സാമ്പത്തികാസൂത്രണം എന്നത് കുടുംബത്തിലെ എല്ലാവരുടെയും കൂട്ടായ സഹകരണത്തോടെ മാത്രമേ വിജയകരമായി ചെയ്യാനാകൂ. ഇതിനായി കുടുംബത്തിലെ ആരെങ്കിലും മുൻകൈ എടുക്കുകയും വേണം. ഇവിടെ താങ്കൾ മുൻകൈ എടുത്ത് 10,000 രൂപ വീതം പ്രതിമാസം നിക്ഷേപിക്കാൻ തീരുമാനിച്ചിരിക്കുകയാണല്ലോ. ഇതു കൂടാതെ ഭർത്താവിന്റെ കൂടി സഹകരണം ലഭ്യമാക്കാൻ സാധിച്ചാൽ നല്ലൊരു തുക ഭാവിയിേലക്കായി സ്വരുക്കൂട്ടാൻ കഴിയും.

രണ്ടു മക്കളുടെയും ഉന്നതവിദ്യാഭ്യാസം മുന്നിൽ കണ്ടുള്ള നിക്ഷേപമാണല്ലോ ഉദ്ദേശിക്കുന്നത്. ഇതിനായി യഥാക്രമം 9 ഉം 12 ഉം വർഷം ഇനിയും ഉണ്ടല്ലോ. ഇന്നത്തെ സാഹചര്യത്തിൽ 5 ലക്ഷം രൂപ വീതമെങ്കിലും ഇതിനായി വേണ്ടിവരും. ആ കാലത്ത് നല്ലൊരു കോഴ്സിൽ േചരുന്നതിന് 8% പണപ്പെരുപ്പം കണക്കാക്കിയാൽ യഥാക്രമം 10 ലക്ഷവും 13 ലക്ഷവും േവണം. 

ഈ തുക സമാഹരിക്കുന്നതിനായി യഥാക്രമം 5,800, 4,800 രൂപ എന്നിങ്ങനെ ഓഹരിയധിഷ്ഠിത മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കേണ്ടതായി വരും. നിക്ഷേപത്തിന് 10% വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. രണ്ടുപേരും പെൺകുട്ടികളായതുകൊണ്ട് സുകന്യ സമൃദ്ധി നിക്ഷേപപദ്ധതിയും പരിഗണിക്കാം. ഇതിൽ യഥാക്രമം 6,400, 5,500 രൂപ വീതം നിക്ഷേപിക്കണം. ഇതിനു 8% വളർച്ചയാണ് അനുമാനിക്കുന്നത്. 

ഓഹരിയധിഷ്ഠിത മ്യൂച്വൽ ഫണ്ടിനെ അപേക്ഷിച്ച് സുകന്യസമൃദ്ധി നിക്ഷേപങ്ങൾ സുരക്ഷിതവും ഇടയ്ക്കു തുക പിൻവലിക്കുന്നതിന് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ലക്ഷ്യത്തിൽ എത്തുന്നതിനു മുൻപു പിൻവലിക്കാൻ സാധ്യത കുറവുമാണ്. ഈ ഘടകങ്ങൾ പരിഗണിച്ച് ഏതുതരം നിക്ഷേപപദ്ധതിയാണ് താങ്കൾക്ക് അനുയോജ്യം എന്നു മനസ്സിലാക്കി നിക്ഷേപം തുടങ്ങുക. പദ്ധതികൾ തുടങ്ങുന്നതോടൊപ്പം അതു മുടക്കം കൂടാതെ മുന്നോട്ടു കൊണ്ടുപോയി ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ശ്രമിക്കുക കൂടി വേണം

ലേഖകൻ ജിയോജിത് ഫിനാൻഷ്യൽ പ്ലാനിങ് വിഭാഗമായ സ്റ്റെപ്സിലാണ്. 

English Summary : Financial Planning Steps for a Lady with low Income

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA