വീട്ടമ്മമാരുടെ പിന്‍ മണിക്ക് ആദായ നികുതി കൊടുക്കണോ?

HIGHLIGHTS
  • വീട്ടമ്മമാര്‍ മിച്ചം പിടിക്കുന്ന തുകയാണ് പിന്‍ മണി എന്നറിയപ്പെടുന്നത്
woman-idea
SHARE

രാജ്യത്ത് ഏകദേശം 25 കോടി കുടുംബങ്ങളുള്ളതില്‍ മിക്കതും കൈകാര്യം ചെയ്യുന്നത് സമര്‍ത്ഥരായ സ്ത്രീകളാണ്. കാര്യക്ഷമമായ സാമ്പത്തിക മാനേജ്‌മെന്റിലൂടെ ഓരോ വീട്ടിലേയും ദൈനംദിന കാര്യങ്ങള്‍ നിര്‍വ്വഹിക്കപ്പെടുന്നുണ്ട്. പലചരക്കും പച്ചക്കറികളും വാങ്ങുമ്പോഴും മറ്റു വീട്ടു ചെലവുകള്‍ നടത്തുമ്പോഴും പണം ലാഭിക്കാന്‍ കഴിയുന്നത് അവരുടെ വൈദഗ്ധ്യം കൊണ്ടു മാത്രമാണ്. ഇങ്ങനെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിലൂടെ മാസം തോറും ചെറുതോ വലുതോ ആയ തുക മിച്ചം വെയ്ക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ വീട്ടമ്മമാരുടെ പിന്‍ മണിയായോ പോക്കറ്റ് മണിയായോ കണക്കാക്കുന്നത്. കുടുംബത്തിന്റെ ദൈനംദിന ചെലവുകള്‍ക്കായി ലഭിക്കുന്ന തുകയില്‍ നിന്നും വീട്ടമ്മമാര്‍ മിച്ചം പിടിക്കുന്നതാണിത്. കോവിഡ് മൂലമുണ്ടായ ദുരിത കാലത്ത് നിരവധി കുടുംബങ്ങളെ സംരക്ഷിച്ചു നിര്‍ത്താനായത് വീട്ടമ്മമാരുടെ ഈ പോക്കറ്റ് മണി ഉപയോഗിച്ചു തന്നെയാണ്. ജീവിത പങ്കാളിക്കോ കുടുംബത്തില്‍ ജോലി ചെയ്തിരുന്ന മറ്റുള്ളവര്‍ക്കോ ജോലിയും വരുമാനവുമൊക്കെ നഷ്ടപ്പെടുമ്പോഴൊക്കെ രക്ഷയ്ക്കത്തുന്നത് വീട്ടമ്മമാര്‍ മിച്ചം പിടിക്കുന്ന ഈ പിന്‍ മണി തന്നെയാണ്.

പിന്‍ മണിക്ക് നികുതിയുണ്ടോ 

കുടുംബ ചെലവില്‍ നിന്നും മിച്ചം പിടിക്കുന്നതും കുടുംബാംഗങ്ങളില്‍ നിന്നും സമ്മാനമായി വീട്ടമ്മമാര്‍ക്ക് ലഭിക്കുന്നതുമായ പണത്തിന് ആദായ നികുതി നല്‍കേണ്ടി വരില്ല. എന്നാല്‍ ഇങ്ങനെ ലഭിക്കുന്ന പണം ബാങ്കില്‍ സ്ഥിര നിക്ഷേപമായോ അല്ലെങ്കില്‍ വരുമാനം ലഭിക്കുന്ന മറ്റു സ്രോതസ്സുകളിലോ നിക്ഷേപിച്ചാല്‍ അതിലൂടെ ലഭിക്കുന്ന വരുമാനം ആദായ നികുതിയുടെ പരിധിയില്‍ വരും. പിന്‍ മണി മറ്റു വിധത്തില്‍ നിക്ഷേപിച്ച് വരുമാനമുണ്ടാക്കുന്ന വീട്ടമ്മമാര്‍ക്ക് തന്നെയാണ് നികുതി നല്‍കാനുള്ള ബാദ്ധ്യത. അതല്ലാതെ പങ്കാളിയുടെ ആദായ നികുതി നല്‍കേണ്ട വരുമാനത്തിന്റെ കൂടെ ഈ തുക കൂട്ടിച്ചേര്‍ക്കാറില്ല. വീട്ടമ്മമാര്‍ അവരുടെ വൈദഗ്ധ്യത്തിലൂടെ മിച്ചം പിടിക്കുന്ന പണവും വൈദഗ്ധ്യം ഉപയോഗിക്കാതെ നേടുന്ന പണവും വ്യത്യസ്തമായി തന്നെയാണ് നികുതി വ്യവസ്ഥകളില്‍ കാണുന്നത്. അതുപോലെ തന്നെ പങ്കാളിക്ക് പാര്‍ട്ണര്‍ഷിപ്പുള്ള സ്ഥാപനത്തില്‍ സ്വന്തം സ്‌കില്‍ ഉപയോഗിച്ച് ചെയ്യുന്ന ജോലിക്ക് ലഭിക്കുന്ന വീട്ടമ്മമാരുടെ വരുമാനവും ആദായ നികുതിയുടെ പരിധിയില്‍ വരും. 

പിന്‍ മണിക്ക് പരിധിയുണ്ടോ

money (2)

ഭര്‍ത്താവിന്റെ വരുമാനത്തിന്റെ തോത്, കുടുംബത്തിന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കു വേണ്ടി ചെലവഴിക്കേണ്ടി വരുന്ന തുക, മറ്റു അപ്രതീക്ഷിത ചെലവുകള്‍ എന്നിവയൊക്കെ അടിസ്ഥാനമാക്കിയാണ് വീട്ടമ്മമാര്‍ മാസം തോറും മിച്ചം വെയ്ക്കുന്ന തുക എത്രയെന്ന് കണക്കാക്കുന്നത്. പിന്‍ പണം എന്ന നിര്‍വ്വചനത്തിനു കീഴില്‍ വരണമെങ്കില്‍ ഭര്‍ത്താവിന് ലഭിക്കുന്ന പ്രതിമാസ വരുമാനത്തിന്റെ ആനുപാതികമായ തുകയായിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഈ പണം യാതൊരു ആശങ്കയുമില്ലാതെ സ്വതന്ത്രമായി നിക്ഷേപിക്കുകയും ചെയ്യാം.

വിവാഹ സമയത്ത് വധുവിന് ലഭിക്കുന്ന പണം ഉള്‍പ്പടെ ഏതു സമ്മാനങ്ങളും പിന്‍ മണിയായി തന്നെ പരിഗണിക്കപ്പെടുന്നു. മാതാപിതാക്കളില്‍ നിന്നോ സഹോദരങ്ങളില്‍ നിന്നോ ലഭിച്ചതിനൊന്നും ആദായ നികുതി വ്യവസ്ഥകള്‍ ബാധമാക്കിയിട്ടില്ല. 1961 ലെ ആദായനികുതി നിയമം 64(1)(iv) അനുസരിച്ച് ഒരു വ്യക്തി തന്റെ സ്വത്ത് (പാരമ്പര്യ സ്വത്തല്ല) പങ്കാളിക്ക് കൈമാറുകയാണെങ്കില്‍, അത്തരം ആസ്തിയില്‍ നിന്നും ലഭിക്കുന്ന വരുമാനം കൈമാറുന്നയാളുടെ വരുമാനത്തോടൊപ്പമാണ് ചേര്‍ക്കുക. അതായത് സ്വത്തുക്കള്‍ അടുത്ത ബന്ധുവിന് കൈമാറിയാലും അതില്‍ ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ഒഴിവാകാന്‍ കൈമാറ്റം ചെയ്യുന്നയാള്‍ക്ക് കഴിയില്ലെന്നര്‍ത്ഥം.

English Summary : Is Pin Money of House Wives Taxable?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA